പോസ്റ്റ് ഓഫ് ദി വീക്ക് – പറവകൾ ഗ്രൂപ്പ്.. വിവരണം – Sumod O G Shuttermate.
ബാംഗ്ലൂർ നിന്നും ബിജാപുർ ലേക്ക് 530 കിലോമീറ്ററോളം ദൂരം ഉണ്ട്. ഹൈവേ ആയത് കൊണ്ട് രാത്രി ആണ് യാത്ര ചെയ്യാൻ തിരഞ്ഞെടുത്തത്. ഒരു പകൽ ലാഭിക്കാം, ഞങ്ങൾ 3 പേർ ഡ്രൈവിംഗ് അറിയാവുന്നവർ ഉണ്ട്. മാറി മാറി ഓടിക്കാം. ബാംഗ്ലൂർ നിന്നും അഷ്ബിനും ചേർന്നപ്പോൾ 6 പേരാണ് ഡസ്റ്ററിൽ ഉള്ളത്രാ. പിറകിൽ ഇരിക്കുന്നവർ അത്ര വലിപ്പമുള്ളവർ അല്ലാത്തതുകൊണ്ട് തന്നെ ഒട്ടും സൗകര്യക്കുറവ് ഫീൽ ചെയ്തില്ല. രാത്രി 11 മണിവരെ കിടന്നുറങ്ങി തലേ ദിവസത്തെ യാത്രയുടെ ക്ഷീണം ഒകെ മാറ്റി. കൂടെ കൊണ്ടുപോയ കെറ്റിൽ വെച്ച് കട്ടൻചായ ഉണ്ടാക്കി ഫ്ലാസ്കിൽ ശേഖരിച്ചു വെച്ചു.
വേൾഡ് കപ്പിൽ ബ്രസീൽ ബെൽജിയം മാച്ച് നടന്ന ദിവസം ആയിരുന്നു. ഇന്റർവെൽ വരെ റൂമിൽ ഇരുന്നു കളി കണ്ടു. ബാക്കി യാത്രക്കിടക്ക്. രാവിലെ 10 മണിക്കെങ്കിലും ബിജാപുർ എത്തണം എന്നാണ് ലക്ഷ്യം. റോഡ് ഒക്കെ നല്ലതു തന്നെ. കൂടെ കൂടെ ടോൾ ബൂത്തുകൾ ഉണ്ട്, പിന്നെ ട്രക്കുകളും. ബ്രസീലിന്റെ പരാജയത്തിൽ ഉണ്ടായ ആഹ്ലാദ പ്രകടനങ്ങളും സങ്കടങ്ങൾക്കും ഒടുക്കം ബാക് സീറ്റിൽ ഉള്ളവർ ഉറക്കത്തിലേക്കു വീണു. ഗൂഗിൾ മാപ് കാണിച്ച വഴിയിലൂടെ വണ്ടി ഓടിച്ചു. ഹൈ വെയിൽ നിന്ന് മാറി ആളനക്കം പോലും ഇല്ലാത്ത വഴിയിലൂടെ രാത്രി സഞ്ചരിക്കേണ്ടി വന്നെങ്കിലും ഗൂഗിൾ വഴി തെറ്റിച്ചില്ല.
നേരം വെളുത്തു തുടങ്ങിയപ്പോൾ എവിടെയെങ്കിലും ഒന്ന് നിർത്തി അല്പം വിശ്രമിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കിയിരുന്ന ഞങ്ങൾ എത്തിപ്പെട്ടത് തങ്കഭദ്ര ഡാമിന് അടുത്ത് . വണ്ടി അവിടെ ഒതുക്കി. ബാക് സീറ്റിൽ ഉള്ളവർ കൺതുറന്ന് നോക്കിയപ്പോൾ അവർക്കു നല്ലൊരു കണി തന്നെയായിരുന്നു ഡാം സൈറ്റ്. നല്ല കാറ്റ്. ഏത് ഡാം ആണെന്ന് ആദ്യം ആർക്കും അറിയില്ലറയിരുന്നു. നെറ്റിൽ അത് തപ്പാൻ നോക്കിയപ്പോഴേക്കും റൂബെൻസെ സർന്റെ വാട്സപ്പ് മെസ്സേജ് വന്നു. നിങ്ങൾ ഈ സ്ഥലത്താണ് നിൽക്കുന്നതെന്ന് പറഞ്ഞു. വണ്ടിയിലെ ലൊക്കേഷൻ ട്രാക്കർ വെച്ച് സർ ഏതു സമയവും ഞങ്ങളുടെ യാത്ര നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, കൂടെ വരാൻ കഴിയാത്ത വിഷമത്തോടെ….സർ ന്റെ വണ്ടിയിലാണ് ഞങ്ങളുടെ യാത്ര.
തുങ്കഭദ്ര ഡാം : കൃഷ്ണ നദിയുടെ പോഷക നദിയായ തുങ്കഭദ്ര നദിക്കു കുറുകെയാണ് തുങ്കഭദ്ര ഡാം നിർമിച്ചിട്ടുള്ളത്. പമ്പ സാഗർ എന്ന പേരിൽ കൂടെ അറിയപ്പെടുന്നു. കർണാടകയിലെ ബെല്ലാരി ഡിസ്ട്രിക്ടിൽ , ഹോസ്പിറ്റിനു അടുത്താണ് ഈ ഡാം. എലെക്ട്രിസിറ്റിക്കും ജലസേചനത്തിനും വെള്ളപ്പൊക്കം നിയത്രിക്കാനും മറ്റും ഉപകരിക്കുന്നതാണ് ഇത്. 1953 ഇൽ പണി പൂർത്തിയായി.മദ്രാസ്സിൽ നിന്നുള്ള എഞ്ചിനീയർ ആയ തിരുമല അയ്യങ്കാർ ആണ് ഡാമിന്റെ ആർക്കിടെക്ട. 498 മീറ്റർ ആണ് ഫുൾ കപ്പാസിറ്റി .378 squre കിലോമീറ്ററോളം ജലം നിറഞ്ഞു കിടക്കുന്നു. 32 ഷട്ടറുകൾ ഉള്ള ഡാം തുറന്നു വിടുന്ന കാഴ്ചയുടെ ഭംഗി അവര്ണനീയമാണെന്നു കേട്ടു. ഡാമിനോട് ചേർന്ന് ഒരു പാർക്ക് ഒകെ ഉണ്ട്. രാവിലെ ആയതിനാൽ തുറന്നിട്ടില്ല.
അല്പം നേരം അവിടെ വിശ്രമിച്ചു ഒരു ചെറിയ തുരങ്കവും കടന്നു യാത്ര തുടർന്ന്. ചെറുതായാലും ഹൈവേ യാത്രയിൽ ഇങ്ങനെ ഒരുപാടു കാഴ്ചകൾ കാണാനുണ്ട്. നമ്മൾ സ്ഥിരം കാണുന്നവയല്ലാതെ. നീണ്ടു നിവർന്നു കിടക്കുന്ന നല്ല വീതിയുള്ള ട്രാഫിക് തീരെ കുറഞ്ഞ റോഡ്. ഇരു വശങ്ങളിലുമായി പലതരം കൃഷിയിടങ്ങളും തരിശു ഭൂമികളും. പലതരം ഫ്രെയിമുകൾ കണ്ണിനു മുന്നിലൂടെ കടന്നു പോയി. എല്ലായിടത്തും നിർത്തി ഫോട്ടോ എടുക്കാൻ കഴിയില്ലല്ലോ. എങ്കിലും പലയിടങ്ങളിലും വണ്ടി നിർത്തി ചിത്രങ്ങൾ എടുത്തു. കാറിൽ ആയതുകൊണ്ട് ചൂട് അത്ര അഫക്ട് ചെയ്തില്ല. പലതരം ചരക്കുകളുമായി പോകുന്ന വാഹനങ്ങൾ തന്നെയാണ് റോഡിൽ അധികവും. നോക്കാത്ത ദൂരം നീണ്ടു കിടക്കുന്ന റോഡിൽ നിന്നും ചൂട് പൊങ്ങി തുടങ്ങി.
ഹൈവേ യാത്രകൾ തരുന്ന രസം മറ്റൊന്നാണ്. സമയം ഞങ്ങൾ വിചാരിച്ചിരുന്നതിലും കൂടി. 11 മണി ആകും ബിജാപുർ എത്തുമ്പോൾ . അതിനിടക്ക് ഭക്ഷണം കഴിക്കാനും ഒകെ ടൈം കണ്ടെത്തുകയും വേണം. വഴിടങ്ങളിൽ സ്വച്ച് ഭാരത്തിന്റെ പേരിൽ കംഫർട് സ്റ്റേഷനുകൾ കാണാം. ഒരെണ്ണം പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം വൃത്തിഹീനമായി കിടക്കുന്നു. പലതിനും അടുത്തേക്ക് വരെ പോകാൻ കഴിയില്ല . ചുറ്റുമാടുകളിൽ വരെ കാര്യം സാധിച്ചു പോകുന്ന ആളുകൾ. രാവിലെ ആയതു കൊണ്ട് ദാബകൾ ഒന്നും തുറന്നിട്ടുമില്ല. ഒടുവിൽ ഒരു പെട്രോൾ പമ്പ് കണ്ടു.അത്യാവശ്യം കുഴപ്പമില്ല. അവിടെ എല്ലാരും പോയി പ്രഭാതകൃത്യങ്ങൾ നടത്തി. പുറത്തിറങ്ങി പല്ലു തേച്ചു കയ്യിൽ കരുതിയ ബ്രെഡും ജാമും കഴിച്ചു. 11.40 ആയപ്പോഴേക്കും ബിജാപുർ ഗോൾ ഗുമ്പസ്സിന് മുമ്പിൽ എത്തി.