രണ്ട് പകലും , മൂന്ന് രാത്രിയും …. എത്ര എത്ര കാഴ്ചകൾ , എത്ര എത്ര വനമേഖലകൾ , മൂന്ന് സംസ്ഥാനങ്ങൾ …. ഒരു കിടിലൻ യാത്ര….
അഗളി, അട്ടപ്പാടി, മുള്ളി, ഊട്ടി , മാസനഗുഡി, മോയാർ, മുതുമല, ബന്ദിപ്പൂർ, ഗുണ്ടൽപേട്ട്, മുത്തങ്ങ, വയനാട്. ഞങ്ങളുടെ സ്ഥിരം ജീപ്പിൽ 6 പേർ ഓണം കഴിഞ്ഞുള്ള വെള്ളിയാഴ്ച രാത്രി യാത്ര തിരിച്ചു.
മഞ്ഞിൽ കുളിച്ചു നിന്ന അഗളി അട്ടപ്പാടി റൂട്ടിലൂടെ ഫോഗ് ലാമ്പുകളുടെ വെളിച്ചത്തിൽ രാത്രിയിലുള്ള യാത്ര സാഹസികമായിരുന്നു. അതിരാവിലെ ഫോറെസ്റ് ചെക്കിങ് കഴിഞ്ഞു വീണ്ടും കാട്ടിലൂടെ യാത്ര തുടർന്നു. എല്ലവരുടെയും കണ്ണുകൾ നാല് വശത്തേക്കുമായി തിരിച്ചു പിടിച്ചിരുന്നു. ഒരിലയനക്കത്തിനായി കാതോർത്തു. കുറച്ചു പക്ഷികളും കാട്ടുപോത്തുകളും അല്ലാതെ മറ്റൊരു മൃഗങ്ങളും അവിടെ ഞങ്ങൾക്ക് ദർശനം നൽകിയില്ല.

കാട്ടിൽ നിന്ന് മാറി കടകളും വീടുകളും ഉള്ള ഒരു പ്രേദേശത്തു രാവിലത്തെ പല്ലുതേപ്പും ചായകുടിയും ഒക്കെ കഴിഞ്ഞു. രാവിലത്തേക്കുള്ള ഭക്ഷണം നേരത്തെ കരുതിയിരുന്നു. വീണ്ടും യാത്ര തുടർന്നു 12 മണിയോടുകൂടി ഊട്ടിയിലെത്തി.
ഊട്ടിയിൽ ഒരു ഹോട്ടെലിൽ മുറിയെടുത്തു കുളിയും തേവാരവും ഉച്ചക്കത്തെ ഫുഡും കഴിച്ചു മാസനഗുഡി റൂട്ടിൽ വെച്ച് പിടിച്ചു. കാടിനുള്ളിൽ കയറുവാനുള്ള സമയവും അനുവാദവും ഇല്ലാത്തതിനാൽ റോഡ് മാർഗം തന്നെ ചുറ്റുമുള്ള വനത്തിലേക്ക് ഇമവെട്ടാതെ നോക്കി ഇരുന്നു. ജീപ്പ് സാവധാനം ആണ് നീങ്ങുന്നത്.

വൈകുന്നേരത്തോടു കൂടി മാസനഗുഡി ടൗണിൽ എത്തി. അവിടെ അന്വേഷങ്ങൾ നടത്തി കിട്ടിയ വിവരം വെച്ച് മൊയാർ ഡാം വഴിക്കു ജീപ്പ് ഓടിച്ചു. ആ യാത്ര ഞങ്ങളെ ശെരിക്കും ത്രിൽ അടിപ്പിച്ചു. പലതരം പക്ഷികളെ കൂടാതെ കാട്ടു പന്നികളും മാൻ കൂട്ടങ്ങളും ആണ് ആദ്യമായി ദർശനം നൽകിയത്. മാനുകളുടെ ഫോട്ടോകൾ എടുത്തു കൊണ്ടിരുന്നപ്പോൾ അവ സ്വല്പം ഭയന്ന പോലെ ഓടി. ആന കൂട്ടത്തിന്റെ എൻട്രി. ഒരു കുട്ടിയാനയും കൊമ്പനാനയും അടക്കം മരച്ചില്ലകൾ വകഞ്ഞു മാറ്റി കടന്നു വന്നു. വാഹനം അനക്കാതെ ആ കാഴ്ച കണ്ടു നിന്ന്.

പിന്നിൽ വേറെയും വണ്ടികൾ വന്നു നിരന്നു. ഞങ്ങൾക്ക് മുന്നിലൂടെ അവ റോഡ് ക്രോസ്സ് ചെയ്തു രാജകീയമായി കടന്നു പോയി. യാത്ര തുടർന്ന് വീണ്ടും ഒന്ന് രണ്ടിടത്തു കൂടി ആനയെ കണ്ടു. ഒരു ലോഡ് മയിലുകൾ അങ്ങിങ്ങായി നടന്നു നീങ്ങുന്നു. വണ്ടിയുടെ ശബ്ദം കേൾക്കുമ്പോഴേ അവ കാടിനുള്ളിലേക്ക് വലിയും.വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചില്ല.
നേരം സന്ധ്യയായി. തിരിച്ചു മാസനഗുഡി ടൗണിലേക്കുള്ള യാത്രയിൽ രണ്ടാനകൾ പെട്ടെന്ന് റോഡിനു കുറുകെ വട്ടം ചാടി. വണ്ടി സഡൻ ബ്രേക്കിട്ടു നിർത്തി. അവ ഞങ്ങളെ കൂടുതൽ പേടിപ്പിക്കാതെ കാടിനുളിലേക്കു തന്നെ കടന്നു പോയി. വെളിച്ചം കുറവായതിനാൽ ഫോട്ടോ കിട്ടിയില്ല. കൂടുതൽ ഇരുട്ടി. ഹെഡ്ലൈറ് ഓണാക്കി കുറച്ചു നേരം കൂടി കാടിനുള്ളിലൂടെ കറങ്ങി. ഹെഡ്ലൈറ്റിംഗ് വെളിച്ചത്തിൽ കുറച്ചു മാന് കൂട്ടങ്ങളെ കൂടി കണ്ടു.
മസനഗുഡിയിൽ റൂം എടുത്തു പിറ്റേ ദിവസം അതിരാവിലെ എഴുന്നേറ്റു വൈകിട്ട് പോയ അതെ വഴിയിൽ വീണ്ടും ഒരിക്കൽ കൂടി സഞ്ചരിച്ചു. കാട്ടുപോത്തുകളുടെ ഫോട്ടോ എടുക്കാൻ പറ്റാത്ത വിഷമത്തെ കുറച്ചു പറഞ്ഞു നാക് വായിലേക്കിട്ടില്ല അതിനു മൂന്നാം തന്നെ ഒരു കൂട്ടം കാട്ടുപോത്തുകൾ റോഡിനു കുറുകെ ചാടി ഓടി. പെട്ടെന്നുള്ള എൻട്രിയായതിനാൽ ആ ഫോട്ടോയും കിട്ടിയില്ല.

പ്രഭാത ഭക്ഷണം കഴിച്ചു കുളിച്ചു ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തു മുതുമല കാടുകയറി കർണാടകം ചെക്ക് പോസ്റ്റ് കടന്നു ഇറങ്ങി ബന്ദിപ്പൂർ റൂട്ടിൽ. അവിടെയും ആനകളെയും മാനുകളെയും ആവോളം കണ്ടു. ഗുണ്ടൽപേട്ട് എത്തി ചെണ്ടുമല്ലി തോട്ടങ്ങളും മറ്റും കണ്ടു ചിത്രങ്ങൾ എടുത്തു യാത്ര തുടർന്നു മുത്തങ്ങ കടന്നു വയനാടെത്തി ഉച്ചയൂണും കഴിച്ചു ഇടക്കാൽ ഗുഹ കയറി ഇറങ്ങി.

സന്ധ്യയോടു കൂടി താമരശ്ശേരി ചുരം എത്തി. നല്ല തിരക്കും മഴയും. ബ്ലോക്കിൽ പെട്ട് കുറച്ചധികം സമയം പോയി. രാത്രി മുഴുവൻ വണ്ടി ഓടിച്ചു പുലർച്ചെ 4 മാണിയോട് കൂടി മുവാറ്റുപുഴ എത്തി.
Source – http://trip2nature.com/travel-agali-attappadi/
clicks: Sumod O G Shuttermate
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog