അപകടകരമായ ചുരങ്ങളിൽ ഒന്നായ “കൊല്ലിമല അഥവാ മരണമല”

വിവരണം -Savin Sajeev.

ഇന്ത്യയിലെ ഏറ്റവും അപകടകരമായ 10 ചുരങ്ങളിൽ ഒന്നായ “കൊല്ലിമല അഥവാ മരണമല” തേടിയൊരു യാത്ര, 70 ഹെയർ ബെൻഡുകൾ ഉള്ള വളരെ അപകടം പിടിച്ച ചുരങ്ങളിലൊന്ന്, തേക്കടിയും തമിഴ്നാട് പെരിയാറ്റിലെ വെള്ളം കൊണ്ടുപോകുന്ന ഇറച്ചിപ്പാലും മുന്തിരിപ്പാടങ്ങൾക്ക് പേരുകേട്ട കമ്പവും പച്ചക്കറികൾ വിളയുന്ന തേനിയും കടന്ന് ഡിണ്ടിഗല്ലും കാരൂറും പിന്നിട്ട് നാമക്കൽ വഴി മലനിരകൾ കടന്ന് പൂർത്തീകരിച്ചത് സ്വപ്ന തുല്യമായ മറ്റൊരു യാത്രയാണ്. വെളുപ്പിനെ 4 മണിയോടെയാണ് യാത്രയുടെ തുടക്കം, ആദ്യം ഏറ്റുമാനൂരിലെത്തി കൂട്ടുകാരനേയും കൂട്ടിയാണ് യാത്ര. നല്ല തണുപ്പും കോടമഞ്ഞും പ്രതീക്ഷിച്ചാണ് യാത്ര തുടങ്ങിയത്. പാലയിലും പൊൻകുന്നത്തും അത്യാവശ്യം മഞ്ഞുണ്ടായിരുന്നു .ഇരുട്ടിനേയും മഞ്ഞിനേയും വകഞ്ഞ് മാറ്റിക്കൊണ്ട് വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

വളഞ്ഞങ്ങാനം എത്തിയപ്പോഴേക്കും സൂര്യഭഗവാൻ പതിയെ ഉദിച്ചുയരാൻ തുടങ്ങിയിരുന്നു. ഒരു മനോഹര കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനായി അവിടെ കുറച്ചു നേരം ചിലവഴിച്ചു. മഞ്ഞിൻ കണങ്ങളിൽ തട്ടി ഉദിച്ചുയരുന്ന സൂര്യനെ ഭഗവാനെ കാണാൻഒരു വല്ലാത്ത ഭംഗി തന്നെയാണ്, ഒരു പാട് ദൂരം താണ്ടേണ്ടതിനാൽ യാത്ര തുടർന്നു, കുട്ടിക്കാനവും പീരുമേടും പാമ്പനാറും വണ്ടിപ്പെരിയാറും പിന്നിട്ട് ഞങ്ങൾ കുമളിയിലെത്തി.ചെക്ക് പോസ്റ്റിലൊന്നും വല്യ സീൻ ഇല്ലാത്തതു കൊണ്ട് വണ്ടി തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു, നല്ല പച്ചപ്പ് നിറഞ്ഞ കാടും 20 അധികം കൊടുംവളവുകളുമുള്ള കാട്, നല്ല ധാരാളം വ്യൂ പോയിന്റുകളുo ഉണ്ട്.തമിഴ്നാട് പെരിയാറ്റിലെ വെള്ളം കൊണ്ടുപോകുന്ന പെൻസ്റ്റോക്ക് പൈപ്പ് സ്ഥിതി ചെയ്യുന്ന ഇറച്ചി പാലം എന്ന സ്ഥലം ഇവിടെയാണ്. കാട് കഴിഞ്ഞതോടെ അംബാനി അണ്ണൻ തമിഴ്നാട്ടിലേക്ക് സ്വാഗതം എന്ന മെസേജ് ഇങ്ങ് അയച്ചു തന്നു.

തമിഴ് ഗ്രാമങ്ങളെല്ലാം ഉണർന്നു വരുന്നതേയുള്ളൂ, റോഡുകളിൽ അധികം തിരക്കും ഇല്ല. അത്യാവശ്യം നല്ല സ്പീഡിൽ ബൈക്ക് പോയിക്കൊണ്ടിരുന്നു. കമ്പം ആയതോടെ പൂപ്പാടങ്ങും കൃഷിതോട്ടങ്ങളും കണ്ട് തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക് ഒന്നു രണ്ടു കരിമ്പിൻ പാടങ്ങളും കാണാനിടയായി.ഗ്രാമത്തിന്റെ മുഴുവൻ ഭംഗിയും കമ്പത്തും തേനിയിലും കാണാനിടയായി. ഇതിനിടയിൽ മുന്തിരപ്പാടത്തിറങ്ങി ഒരു ഫോട്ടോഷൂട്ടും കഴിഞ്ഞാണ് യാത്ര തുടർന്നത്. മുന്തിരി പാകമായി വരുന്നതേയുള്ളൂ എന്തായാലും കാണാൻ നല്ല ഭംഗിയുണ്ട്. പിന്നീടുള്ള കാഴ്ചകളിൽ മുഴുവൻ ചോളവും നെല്ല് പാടങ്ങളും ചെറിയ ചെറിയ പൂപ്പാടങ്ങളും കിലോമീറ്ററുകളോളും നീണ്ട നിവർന്നു കിടക്കുന്ന ഹൈവേ റോഡും മാത്രമായിരുന്നു. ഏകദേശം 2 മണിയോട് കൂടി ഡിൻഡിഗല്ലൂം കാരൂറും പിന്നിട്ട് നാമക്കൽ എത്തി.

 

ഹൈവേയോടും പൊരിഞ്ഞ വെയിലിനോടും വിടപറഞ്ഞ് ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചു. പ്രശാന്ത സുന്ദരമായ ഗ്രാമം കരിമ്പനകൾ ധാരാളമായി തല ഉയർത്തി നില്ക്കുന്നു, അതിൽ ധാരാളം നൊങ്ങും [ പനം കരിക്ക് ] ഉണ്ടായിരുന്നു. കൃഷിത്തോട്ടങ്ങളാണ് അധികവും. ചോളവും നെല്ലും ഉരുളക്കിഴങ്ങും പട്ടുനൂലു കൃഷിയും മാവിൻ തോട്ടങ്ങളും കടന്ന് കൊല്ലിമലയുടെ അടിവാരത്ത് എത്തി. ചുരത്തിന്റെ തുടക്കത്തിൽ ചെറിയൊരു ചെക്ക് പോസ്റ്റ് ഉണ്ട്. കൊല്ലിമലയുടെ താഴ്വാരമാണ് കരവല്ലി.അവിടെ നിന്നും മലകയറി സെമ്മട് എത്താൻ 20 -25 KM വേണം. ഇവിടെയാണ് കൊല്ലിമലയിലേക്കുള്ള 70 ഹെയർ പിൻ ഉളള റോഡിന്റെ തുടക്കം. ഇനി 70 ഹെയർ പിൻ ഉള്ള ചുരം കയറുക എന്ന ദൗത്യത്തിലേക്കാണ് പോകുന്നത്. റോഡിന്റെ കാര്യത്തിൽ തമിഴ്നാട് സർക്കാരിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. കുമളി മുതൽ കൊല്ലി മലവരെ യാത്ര ചെയ്ത റോഡുകളെല്ലാം ഏറ്റവും മികച്ചതായിരുന്നു.

ആദ്യ വളവിൽ നിർത്തി ഫോട്ടോ സെഷനും നടത്തിയാണ് യാത്ര തുടർന്നത്. വല്യ കഷ്ടപ്പാടൊന്നും കൂടാതെ ചുരം താണ്ടാൻ പറ്റി. അമിതാവേശം ഇല്ലാതെ ശ്രദ്ധയോടെ വണ്ടി ഓടിക്കേണ്ട ഒരു ചുരം കൂടിയാണ് കൊല്ലി. ചൂടിന്റെ കാഠിന്യം കൊണ്ടാവാം തണുപ്പ് കൂടുതലായി തോന്നിയില്ല. ചുരം കയറി മുകളിൽ ചെല്ലുമ്പോൾ കേരളത്തിലെ മറയൂരിനെ അനുസ്മരിക്കുന്ന പഴം പച്ചക്കറി മാർക്കറ്റും ചെറിയ കടകളും. ഇനി യാത്ര ആഗായഗംഗയിലേക്കാണ്. മലയാളത്തിൽ പറഞ്ഞാൽ ആകാശഗംഗ.  കൊല്ലിമലയിൽ 16 Km ദൂരെയാണ് ആഗായഗംഗ വെള്ളച്ചാട്ടം. പോകുന്ന വഴിയിൽ സെമ്മഡു എന്ന സ്ഥലത്ത് താമസ സൗകര്യം റെഡിയാക്കിയിട്ടു വേണം വെള്ളച്ചാട്ടം കാണാൻ പോകാൻ. ഞങ്ങൾ പോയ സമയത്ത് വെള്ളം കുറവായ അവസ്ഥയിലായിരുന്നു വെളളച്ചാട്ടം. 1200 പടികൾ ഇറങ്ങി വേണം വെള്ളച്ചാട്ടം കാണാൻ.  ഇനി മഴ മാറിമാനം തെളിഞ്ഞ് കാടു പച്ചപ്പണിഞ്ഞ് കുത്തിയൊലിച്ചൊഴുകുന്ന കാട്ടാറും ആഗായഗംഗവെള്ളച്ചാട്ടും കാണാൻ ഒരിക്കൽ കൂടെ കൊല്ലിമലകയറും എന്ന് മനസ്സിലുറപ്പിച്ചു. അങ്ങനെ ഒരു സ്വപ്ന യാത്ര പൂർത്തികരിച്ച ചാരുദാർത്യത്തോടെ മലയിറങ്ങി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply