എഴുത്ത് – Shabna Naseer.
ഞാൻ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ഉള്ള ആളാണ്. ഒരു സാദാരണ ചെറിയ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ പെട്ടത്. എന്റെ മാതാപിതാക്കൾക്കു ഞങ്ങൾ 5 മക്കൾ, 4പെണ്ണും, 1ആണും. 4 പെണ്മക്കൾ ആയതു കൊണ്ട് ഞങ്ങൾ കുടുമ്പത്തിൽ നിന്നും ഒരു പാട് പരിഹാസം കേട്ടിട്ടുണ്ട്. 4 പേരെയും എങ്ങനെ കെട്ടിച്ചു വിടുമെന്ന് ചോദിച്ചു എന്റെ ഉമ്മയെ ബന്ധുക്കൾ പരിഹസിച്ചിട്ടുണ്ട്. ഒന്നിനോടും ഒരു പരാതിയും പരിഭവവും ഇല്ലാത്ത ഉമ്മ ഉള്ളിൽ കരയും. ചിലപ്പോൾ കണ്ണ് നീർ പുറത്തു വരും. ഞങ്ങൾ സമാധാനിപ്പിക്കും.
ഒരുപാട് ഭൂസ്വത്തുള്ള വീട്ടിൽ നിന്നുള്ള, എന്റെ വെളുത്ത നല്ല റോസ് കളറുള്ള ഉമ്മയെ, കറുത്തിരുണ്ട വാപ്പ (പക്ഷേ ഒരു ദുസ്വഭാവം പോലും ഇല്ല കേട്ടോ. ഒരു സിഗരറ്റ് പോലും വലിക്കാറില്ല) എങ്ങനെ കല്യാണം കഴിച്ചെന്നു ഞാൻ പലപ്പോഴും ആലോചിക്കും. എന്റെ അപ്പൂപ്പൻ നല്ല സ്വത്ത് കാരൻ ആയിരുന്നെങ്കിലും കള്ള് കുടി കാരണം എല്ലാം നശിച്ചു. മൂത്ത മകൻ ആയ വാപ്പയ്ക്ക് ആയി പിന്നെ എല്ലാ ഉത്തരവാദിത്വവും. 15 വയസ്സിൽ തുടങ്ങിയ ജോലി ഭാരം തീർന്നത് 5 വർഷം മുന്നേ എന്റെ ഉമ്മയുടെ മരണത്തോട് കൂടിയാണ് (ഇപ്പോൾ വാപ്പാക്ക് 70വയസ്സ് ആയി).
വാപ്പ ഒരു നല്ല ഡ്രൈവർ ആയിരുന്നു. എന്റെ ചെറുപ്പത്തിൽ കാറും ജീപ്പും ഒക്കെ സ്വന്തമായി ഉണ്ടായിരുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒരു പാട് പേരെ ഫ്രീ ആയി ഡ്രൈവിംഗ് പഠിപ്പിച്ചിട്ടുണ്ട്. വാഹനം ഒരു crase ആയിരുന്ന വാപ്പച്ചി വിറ്റും വാങ്ങിയും എല്ലാം ഇല്ലാതായി. പിന്നെ ബോംബെയിലും ഗോവയിലും ബാബാ suit, ഫാക്ടറികളിൽ നിന്നും എടുത്തു, വഴി കച്ചവടം നടത്തി അങ്ങനെ ഞങ്ങൾ ജീവിച്ചു. പക്ഷേ ഞങ്ങളെ പട്ടിണിക്കിട്ടില്ല. ആരുടെയും മുന്നിൽ കൈ നീട്ടിയതുമില്ല.
ഏറ്റവും ഇളയ അനിയത്തി ജനിച്ചതിന് ശേഷം ഗൾഫിൽ പോകാൻ നോക്കി ആദ്യത്തെ പ്രാവശ്യം പറ്റിക്കപ്പെട്ടു. വിസ നൽകാമെന്ന് പറഞ്ഞു അയാൾ ക്യാഷ് വാങ്ങി വാപ്പച്ചി യെ ബോംബെ യിൽ കൊണ്ട് പോയി എവിടെയോ പൂട്ടിയിട്ടു.കുറെ നാൾ കഴിഞ്ഞു ആരോ രക്ഷപ്പെടുത്തി , എങ്ങനെ യോ വീട്ടിൽ എത്തി. പിന്നീട് ഗൾഫിൽ പോകാൻ പറ്റി. ഗൾഫിൽ അറബിയുടെ വീട്ടിൽ ഡ്രൈവർ ആയാണ് പോകുന്നത്. അവിടെ നിന്ന് ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു ഞങ്ങൾക്ക് ആഹാരം തരാൻ, ഞങ്ങളെ പഠിപ്പിക്കാൻ.
പീഡനം സഹിക്കാൻ കഴിയാതാകുമ്പോൾ അറബിയുടെ വീട്ടിൽ നിന്നും ചാടും. പിന്നെ പിടിച്ചു ജയിലിൽ കിടത്തും, പിന്നെ നാട്ടിൽ വരും. മൊട്ട അടിച്ചു വരുന്ന വാപ്പച്ചിയെ കണ്ട് ഞങ്ങൾ അമ്പരന്നു നിൽക്കുമ്പോൾ ഉമ്മാ പറയും ഗൾഫിൽ ചൂട് ആയതു കൊണ്ട് മൊട്ട അടിച്ചതാ എന്ന്. ഞങ്ങൾക്ക് അതിന്റെ സത്യാവസ്ഥ ഒന്നും അറിയില്ലലോ. പിന്നെ ഒരു പ്രാവശ്യം വന്നപ്പോൾ മുതുകു മുഴുവൻ തൊലി പോയി വെള്ള കളർ. അറബി മുതുകിൽ ചൂട് വെള്ളം ഒഴിച്ചത് ആണെത്രേ. അത് കണ്ടു ഒരു പാട് ദിവസം കരഞ്ഞു. അതോർക്കുമ്പോൾ ഇപ്പോഴും കരച്ചിൽ വരും.
10 ആം ക്ലാസിനു മുകളിൽ ആരും (പെൺകുട്ടികൾ ) പഠിച്ചിട്ടില്ലാത്ത കുടുംബത്തിൽ നിന്ന് ആദ്യമായി എന്റെ മൂത്ത സഹോദരിയെ, ബന്ധുക്കളുടെ എതിർപ്പൊന്നും വക വയ്ക്കാതെ പ്രീഡിഗ്രിക്കു കോളേജിൽ അയച്ചു.ഡിഗ്രി കഴിഞ്ഞപ്പോൾ ഇത്താക്ക് ഒരു പാട് കല്യാണ ആലോചന കൾ വന്നു. അവൾ കാണാൻ നല്ല സുന്ദരി ആണ്. ഞാൻ മാത്രമേ കറുത്തു മുരിങ്ങാക്കോല് പോലേയുള്ളു. ബാക്കി എല്ലാരും ഒന്നിനൊന്നിന് മെച്ചം. അത് കൊണ്ട് വാപ്പച്ചിക്ക് എന്നോട് ഒത്തിരി ഇഷ്ടം കൂടുതൽ ആണ്. അത് കൊണ്ട് അന്നേ ഞാൻ കുറച്ചു തന്റേടിയാ.
ചെറിയ വീട്, സ്ത്രീധന പ്രശ്നം. ആലോചനകൾ ഒന്നും മുന്നോട്ട് നീങ്ങില്ല. വാപ്പച്ചിയുടെ കഷ്ടപ്പാട് അറിയാവുന്നതു കൊണ്ട്, ഗൾഫ് കാരെ കൊണ്ട് കെട്ടിക്കില്ല എന്ന് നിശ്ചയിച്ചിട്ടുണ്ട്. ബന്ധുക്കൾ ശകാരിക്കും, 4 പെണ്ണിനേം വച്ചു കൊണ്ട് നീ എന്താ കാണിക്കുന്നത്. നിന്റെ മോൾക്ക് സർക്കാർ ജോലിക്കാരൻ വരുമോ എന്ന്. ഇത് കുറേ കേട്ടപ്പോൾ വാശിയായി, അതെ എന്റെ മോളെ ഉദ്യോഗസ്ഥനെ കൊണ്ടേ കെട്ടിക്കു എന്ന് വാപ്പ പറഞ്ഞു.
പിന്നെയും ഒരു പ്രാവശ്യം കൂടി ഗൾഫിൽ പോയി. ഇപ്രാവശ്യം കുറച്ചു രക്ഷപെട്ടു വന്നു. അതേ ആ നിശ്ചയ ദാർഢ്യം കൊണ്ട് ഇത്താക്ക് ഒരു പാട് കഷ്ടപ്പെട്ട് ഒരു സർക്കാർ ഉദ്യോഗസ്ഥനെ തന്നെ കൊണ്ട് വന്നു വരനായി(2003). തന്നെ പരിഹസിച്ചവരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു തന്നെ നിന്നു. വേണമെങ്കിൽ എല്ലാവരെയും പോലെ ഒന്നും നോക്കാതെ ഇനി കഷ്ടപെടാൻ വയ്യാ എന്ന് വിചാരിച്ചു ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാമായിരുന്നു. പക്ഷേ മക്കൾ നല്ല നിലയിൽ ജീവിക്കണം എന്ന വാശി, എന്റെ കഷ്ടപ്പാട് മക്കൾ അറിയരുത് എന്ന എന്റെ പിതാവിന്റെ ആഗ്രഹം.
എന്റെ സഹോദരൻ ഞങ്ങളുടെ പ്രിയപ്പെട്ട വൻ, ഒരു ആക്സിഡന്റിൽ(2004) ഞങ്ങളെ വിട്ടു പോയി. ഞങ്ങളുടെ ജീവിതം അവിടെ അസ്തമിക്കുമായിരുന്നു ഈ വാപ്പ ഞങ്ങളുടെ കൂടെ ഇല്ലായിരുന്നെങ്കിൽ. വേറെ ആരെങ്കിലും ആയിരുന്നു വെങ്കിൽ വാടി കുഴഞ്ഞു പോയേനെ. പക്ഷേ വാപ്പച്ചി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു. പിന്നെയും ഗൾഫിൽ. ഞങ്ങൾ 3 പേരെയും നല്ല കുടുംബങ്ങളിൽ കെട്ടിച്ചു വിട്ടു. എന്റെ തൊട്ട് ഇളയവൾ വരെ കുട്ടികളും ഭർത്താവുമായി സുഖം ആയി കഴിയുന്നു.
2014 ഇൽ ഞങ്ങടെ സ്നേഹ നിധിയായ ഉമ്മച്ചി ഞങ്ങളെ വിട്ടു പോയി. ആകെയുള്ള മോനും, പിന്നെ ഭാര്യയും വിട്ടു പോയിട്ടും ആ മനുഷ്യൻ തളർന്നു വീണില്ല. ആ മനുഷ്യൻറെ നിശ്ചയ ദാർഢ്യവും, ഉമ്മച്ചിയുടെ പ്രാർത്ഥനയും കൊണ്ട് ഞങ്ങൾ 3 പേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു. ഇനി ഇളയ അനിയത്തി മാത്രം അവൾ ഇപ്പോൾ എംഡി ക്കു പഠിക്കുന്നു. നല്ലൊരു ഡ്രൈവർ ആകാൻ സ്വപ്നം കണ്ടു നടന്ന ഞാൻ, കെട്ടിയോൻ വിടാത്തത് കൊണ്ടും, തല വര നന്നായതു കൊണ്ടും, ഇപ്പോൾ സർക്കാരിന്റെ സേവക ആണ്.
ഞാൻ പറയാൻ വന്നത് എന്റെ റിയൽ ഹീറോ സിനിമാ നടന്മാരോ, രാഷ്ട്രീയ ക്കാരോ, ക്രിക്കറ്റ് കളിക്കാരോ അല്ല എന്റെ പിതാവ് തന്നെയാണ്. നമുക്ക് ഒരു ഉപകാരവും ചെയ്യാത്ത ഇവരെയൊക്കെ നമ്മൾ എന്തിന് ഹീറോ ആക്കണം. നമ്മുടെ പിതാവ് തന്നെയാണ് നമ്മുടെ യഥാർത്ഥ ഹീറോ ആകേണ്ടത്. എന്റെ വാപ്പ തന്നെയാണ് എന്റെ റോൾ മോഡൽ, എന്റെ ഹീറോ… A big salute for you vappachi..