വിവരണം – Nishad Hasan.
6000 കിലോമീറ്റർ കാറിൽ ഒരു യാത്ര. തൃശൂരിൽ നിന്ന് വാരണാസിയിലേക്ക് – പ്ലാൻ തയ്യാറാക്കി കാത്തിരുന്ന യാത്രകളെല്ലാം പൊട്ടി പോയത് കൊണ്ട് തന്നെ മുൻവിധികളൊന്നുമില്ലാത്ത ഒരു യാത്ര. പെട്ടെന്ന് തോന്നി പുറപ്പെട്ടു. പുറപ്പെടുന്നതിന് മുൻപ് തന്നെ ഒരു ലോട്ടറി കൂടി. ….. ആ ലോട്ടറി അടിക്കോന്ന് അറിയാൻ ഹൈദ്രാബാദ് വരെ കാത്തിരിക്കേണ്ടി വന്നു…… ആ വിശേഷങ്ങൾ പിന്നീട്.. തമിഴ്നാടും, ബാംഗ്ലൂരും ,കടന്ന് 60,70, കിലോമീറ്റർ സ്പീഡിൽ കാറ് സഞ്ചരിച്ച് കൊണ്ടിരുന്നു. oyo ആപ്പിൽ ബുക്ക് ചെയ്ത റൂമിൽ ഹൈദ്രാബാദിൽ ഒരു ദിവസം സ്റ്റേ.
കൂടെയുള്ളത് കട്ടപ്പയും, ബീഡി കുറ്റിയും, ആക്രുവും, ( കൂട്ടുകാരാണ്) അവിടെ വെച്ച് മറ്റൊരു തീരുമാനം വാരണാസി വരെ പോകുന്നതല്ലെ ഒരു ട്രാവൽ വീഡിയോ ചെയ്താലോ …? കട്ടപ്പ റെഡി. നേരം വെളുത്തു ഷൂട്ട് തുടങ്ങി.
പ്ലാനിങ്ങില്ലാത്ത ഷൂട്ടിംഗ് കിലോമീറ്ററുകൾ താണ്ടി മുന്നേറി കൊണ്ടിരിക്കേ ,ഒരു ആശയം മനസ്സിൽ വന്നു .നുണ കലർത്താത്ത ഒരു നുണക്കഥ … അതു വരെ കട്ടപ്പ പകർത്തിയ മ്യാരക ഫ്രെയിമുകൾക്ക് വിട. വീട്ടിൽ അറിയിക്കാത്ത യാത്ര ആയതോണ്ട് പെറ്റ് വീണ കുട്ടിയ പോലെ മൊബൈൽ കരഞ്ഞ് കൊണ്ടേയിരുന്നു… കുട്ട്യോളെ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല, ഇത് കെട്ട്യോളല്ലെ…. ഒടുവിൽ മൊബൈൽ സ്വിച്ച് ഓഫാക്കി യാത്ര തുടർന്നു.
എന്ത് കാര്യം കുടെയുള്ളവൻമാരുടെ മൊബൈലിൽ വിളി തുടർന്ന് കൊണ്ട് കെട്ട്യോനോടുള്ള സ്നേഹം പ്രകടമാക്കി സ്വന്തം ഭാര്യയുടെ കോൾ പ്രകടനം. മറുവശത്തെ അവളുടെ മുഖഭാവം കറക്ടായി എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് കൊണ്ട് എന്റെ മൊബൈൽ ഞാൻ ഓണാക്കി. ഒരു കണക്കിന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സംഭവം കോംപ്രമൈസാക്കി യാത്ര തുടർന്നു. നർമ്മദാ നദിയിലും വേണാ നദി യിലും കുളി പാസ്സാക്കി.
നദിയോരത്ത് ഭക്ഷണം പാകം ചെയ്തു. രാത്രിയാത്ര ഒഴിവാക്കാൻ ഒരു ലോറിക്കാരൻ.! മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടത്രെ. വരുന്നോട്ത്ത് വെച്ച് കാണാംന്ന് പറഞ്ഞ് ഞങ്ങൾ യാത്ര തുടർന്നു.
ഇരുവശത്തും കാട് ഒറ്റ റോഡ്. ഉള്ളിലെ ഭയം പുറത്ത് കാണിക്കാതെ യാത്ര തുടർന്നു. മുന്നിലും പിറകിലും ഒരൊറ്റ വാഹനം പോലുമില്ല. … എനിക്കാണെങ്കിൽ നല്ല ഉറക്കക്ഷീണവും.. 80,90 സ്പീഡിൽ ആക്രു വണ്ടി ഓടിച്ച് കൊണ്ടിരുന്നു. ആരും പരസ്പരം സംസാരിക്കുന്നില്ല, വഴിതെറ്റിയിരിക്കുന്നു. വളരെ മോശം റോഡിലേക്ക് ഞങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. ഗൂഗിളേട്ടൻ 20 കിലോമീറ്റർ മുന്നിലേക്ക് പോയി യൂട്ടേണടിക്കാനാണ് പറയുന്നത്. …… പെട്ടെന്ന് ഇരുട്ടിൽ നിന്ന് 5,6 പന്തങ്ങൾ തെളിഞ്ഞ് വന്നു. പതിയെ പന്തമേന്തിയ രൂപങ്ങൾ ഞങ്ങളുടെ കാറിനെ വളഞ്ഞു. പന്തത്തിന്റെ വെളിച്ചത്തിൽ തെളിഞ്ഞ രണ്ട് കണ്ണുകൾ ആ ലോറികാരന്റെതായിരുന്നു.
നാഷണൽ പെർമിറ്റ് ലോറിയുടെ ഹോണടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്, പന്തത്തിൽ തെളിഞ്ഞ കണ്ണുകൾ Np ലോറിയുടെ ഹെഡ് ലൈറ്റുകളായി എന്റെ മുൻപിലൂടെ കടന്ന് പോയി. എന്റെ അലർച്ച കേട്ട് ഞെട്ടി കട്ടപ്പ കൂർക്കം വലിക്ക് തിരശ്ശീലയിട്ടു. അപ്പോഴേക്കും ഞങ്ങൾ വാരണാസി മണ്ണിലേക്ക് എത്താറായിരുന്നു. അവിടെ നിന്നാണ് ശരിക്കും ഒരു യാത്രാ അനുഭവം ആരംഭിക്കുന്നത്…..
ഒട്ടും പരിചിതമല്ലാത്ത വഴികൾ ,ചുട്ടുപൊള്ളുന്ന വെയിൽ ,തിരക്കേറിയ റോഡ്, പ്രത്യേകതരം ഷേപ്പുള്ള റിക്ഷാ വണ്ടികൾ, ട്രാഫിക്കിനിടയിലൂടെ സഞ്ചരിക്കുമ്പോൾ മറ്റുള്ള വാഹനങ്ങൾ പരസ്പരം ചുംബന സമരം നടത്തുന്നത് കണ്ട നമ്മുടെ കാറിന്റെ നെഞ്ചകമൊന്നു പിടഞ്ഞിട്ടുണ്ടാവും, ചുംബന സമര വിരോധിയായ ആക്രുവിന്റെ ഡ്രൈവിംഗിൽ നമ്മുടെ കാർ സുരക്ഷിതമായി ഞങ്ങൾക്ക് താമസിക്കാൻ oyo ഏർപ്പാടാക്കിയ പഞ്ച ശീലിന്റെ മുൻപിലെത്തി, കുളിയും, തേവാരവും ഭക്ഷണവും കഴിഞ്ഞ് കുറച്ച് സമയത്തെ വിശ്രമത്തിന് ശേഷം ലൊക്കേഷൻ പഠിക്കാൻ ഇറങ്ങാം എന്ന തീരുമാനത്തിലെത്തി.രണ്ട് ടീമായി രണ്ട് വഴിയെ പോയി സ്ഥലമെല്ലാം പഠിച്ച് നാളെ വാരണാസിയിലെ ഷൂട്ടിംഗ് ആരംഭിക്കണം.
അതിനിടയിൽ ഇക്കണ്ട കാല ജീവിതത്തിനിടയിൽ കാട്ടി കൂട്ടിയ പാപങ്ങൾ ഗംഗയിൽ മുങ്ങി തീർത്ത് ഗംഗയെ ഒരു പരുവമാക്കണമെന്ന രീതിയിൽ കട്ട താടിയിൽ വട്ട ചീർപ്പിട്ട് ഓടിച്ച് കളിച്ച് കൊണ്ടിരിക്കുന്ന കട്ടപ്പ. തല്ലി കൊന്നാലും കുളിക്കില്ലെന്ന വാശിപ്പുറത്ത് ബീഡി കുറ്റി. എന്തോ ചിന്തിച്ച്കൊണ്ട് ആക്രു, ആർട്ടിസ്റ്റില്ലാത്ത ആകുലതയിലിരിക്കുന്ന ഞാൻ. അപ്പോഴാണ് ഞങ്ങൾക്കുള്ള ചായയുമായി അവൻ വരുന്നത്, ഞങ്ങളുടെ കഥാനായകൻ, നാട്ടിൽ ഒരു പാട് ഹിന്ദി സുഹൃത്തുക്കൾ ഉള്ളത് കൊണ്ട് ഭാഷ ഒരു പ്രശ്നമായില്ല. ചെക്കനോട് കാര്യം പറഞ്ഞതും കണ്ണ് നിറച്ച് ചെക്കൻ കാലിൽ വീണു. അയ്യേ! ഹമാരാ തുമാരാ ഇടപാട് നഹീഹെ…. ഭായ് ,,ഈ പരിപാടി ഇവിടെനടക്കില്ലെന്ന് പറഞ്ഞ് നിധീഷ് പാണ്ഡ്യയെ കൊണ്ട് ഞങ്ങൾ ഒരു വഴിക്ക്, കട്ടപ്പയും അധിനും മറ്റൊരു വഴിക്കും യാത്രയായി.
വാരണാസി ഗളളി. അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ പേടി തോന്നും .കഷ്ടിച്ച് ഒരാൾക്ക് നടക്കാൻ പറ്റുന്ന വഴികളിലൂടെ അകത്തേക്ക് . കയ്യിലുള്ള ഓപ്പോ f5 എല്ലാ ദിക്കിലേക്കും സഞ്ചരിച്ച് കൊണ്ടിരുന്നു. സ്ഥലത്തെ കുറിച്ച് നിധീഷിന് വല്യ ധാരണയൊന്നും ഇല്ല, കാരണം 200 കിലോമീറ്റർ അപ്പുറത്താണ് ഗഡിയുടെ വീട്. എതിരേ നിന്ന് നടന്ന് വന്ന രണ്ട് സുന്ദരികളോട് വഴിയേ കുറിച്ച് ഞാൻ തിരക്കി. അവർ ഒരു മടിയും കൂടാതെ ആ വഴിയെ കുറിച്ച് കൃത്യമായി പറഞ്ഞ് തന്നു. അതിലൊരു സുന്ദരിയുടെ കണ്ണുകൾ പൂച്ച കണ്ണായിരുന്നു.
ആക്രുവിനെയും നിധീഷിനെയും മുൻനിർത്തി ചില ഷോട്ടുകൾ എന്റെ മൊബൈലിൽ ഞാൻ പകർത്തി. നടന്ന് തീരാത്ത ഇടുങ്ങിയ വഴികൾ മന കോട്ടയിലെ ഹെലി ക്യാം ഫ്രെയിമുകളിൽ പാമ്പും കോണിയുമായി തെളിഞ്ഞു. ഒരു പാട് ദൂരം ആ വഴിയിലൂടെ സഞ്ചരിച്ചു. ഒടുവിൽ ഒരു വഴിയുടെ അവസാനത്തിൽ ഇരുമ്പ് അഴികൾക്കുള്ളിൽ ചങ്ങലക്കിട്ട ഒരു സ്ത്രീയെ കണ്ടു. എനിക്ക് പെട്ടെന്ന് പേടി തോന്നി. ഞാൻ മൊബൈൽ ഓഫ് ചെയ്ത് പോക്കറ്റിലിട്ടു, തിരിച്ച് നടന്നു. നടന്ന് നീങ്ങുമ്പോൾ ഞാനറിയാതെ വീണ്ടും ആ സ്ത്രീയെ ഒന്ന് നോക്കി, നേരത്തെ എന്നോട് സംസാരിച്ച ആ സുന്ദരിയുടെ പൂച്ച കണ്ണുകൾ തന്നെയായിരുന്നു ആ സ്ത്രീക്കും. പിന്നീട് വാരണാസി വഴിയിൽ ആ കണ്ണുകൾ തേടി ഒരു പാട് ദൂരം നടന്നു. ….. പെട്ടെന്ന് കെട്ട്യോളെ ഓർമ്മ വന്നതോണ്ട് തിരച്ചിൽ നിർത്തി.
ഗംഗയെ അശുദ്ധമാക്കി കഴിവ് തെളിയിച്ച് തിരിച്ചെത്തിയ കട്ടപ്പയും, കൈയ്യും കാലും കഴുകി അതിനുള്ള പാപമേ ഞാൻ ചെയ്തിട്ടുള്ളൂ എന്ന് പറഞ്ഞ് ബീഡി കുറ്റിയും തന്റെ ക്യാരക്ടർ കാത്ത് സൂക്ഷിച്ചു. നേരം പര പരാ വെളത്തെന്നു തോന്നുന്നു. ജനലഴികൾക്കിടയിലൂടെ പതിച്ച സൂര്യകിരണങ്ങൾക്ക് മനസ്സിനെ തണുപ്പിക്കാനുള്ള കഴിവുണ്ടെന്ന് ചിന്തിച്ചോണ്ടിരിക്കെ വാരണാസി പയ്യൻ നിധീഷ് പാണ്ഡ്യ ഭയങ്കര വിഷമത്തിൽ മുന്നിലെത്തി. കാര്യം മറ്റൊന്നുമല്ല ഹോട്ടൽ മാനേജർ ഷൂട്ടിന് അനുമതി നൽകിയില്ല. പിന്നെ മാനേജരുമായി ദീർഘനേരസംഭാഷണം, കട്ടപ്പ എന്നെ മലയാളത്തിലെ രാജമൗലി ആക്കി വരെ തള്ളി നോക്കി ,( സംഭവം വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന മൂവിയുടെ സംവിധായകനാണ് ഞാൻ 🙈)മൂപ്പർക്ക് കുലുക്കമില്ല. ഒടുവിൽ നിധീഷിനെ ഒഴിവാക്കേണ്ടി വന്നു. …….
അടുത്തത് ആര്? രണ്ട് ദിവസമായി തേക്കാത്ത മഞ്ഞപല്ലിൽ നഖവും കഠിച്ച് കുളിക്കാതെ നിക്കുന്ന ബീഡി കുറ്റിയിലെത്തി എന്റെ അന്വേഷണം. അങ്ങനെ നായകനായുള്ള ബീഡി കുറ്റിയുടെ പരിവർത്തനം, രണ്ട് മണിക്കുർ നേരത്തേക്ക് ഷവർ കരഞ്ഞ് കൊണ്ടിരുന്നു. കോർപ്പറേഷൻ കനാലുകൾ വരെ കരഞ്ഞ ദിവസം. ഒടുവിൽ അവൻ തന്നെ വാരണാസി മണ്ണിലിറങ്ങി.
പൊള്ളുന്ന വെയിലിൽ കിലോമീറ്ററുകൾ നടന്ന് വാരണാസിയിലെ ഗള്ളിയിലെത്തി. നാട്ടുകാർ പഞ്ഞികിടാത്തവർ ആയതോണ്ട് ചിത്രീകരണം ത്രിപ്തികരമായി. രാത്രി വാരണാസിയിൽ നിന്ന് യാത്ര തിരിച്ചു. ചിത്രീകരണ ക്ഷീണത്തിൽ പാതിമയക്കത്തിലായ ഞാനും, പൂർണ്ണമായും ഉറങ്ങിയ മൊബൈലുകളും. ഗൂഗിളേട്ടൻ പണിമുടക്കിയപ്പോൾ ചേട്ടനെ വെല്ലുവിളിച്ച് ആക്രുവിന്റെ ഡ്രൈവിംഗും. കണ്ണ് തുറന്നപ്പോൾ സംഘം എന്ന സ്ഥലം.
ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വഴി തെറ്റി. എല്ലാർക്കും സന്തോഷം കാരണം സംഘം എന്ന സ്ഥലം അത്ര മനോഹരമായിരുന്നു. വീണിടം വിഷ്ണു ലോകമാക്കി വഴിയോര വിപണിയിൽ നിന്ന് വാങ്ങിയ പാചക സാമഗ്രികൾ ഡീസൽ സ്റ്റൗവിൽ കിടന്ന് തിളച്ചു. തക്കാളി റൈസും കോഴിമുട്ട കൊത്തി പൊരിച്ചതും റെഡി.
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കേ ഒരാൾവന്നു ഞങ്ങളോട് കുറേ നേരം സംസാരിച്ചു. എന്റെ ചോദ്യത്തിന് മറുപടിയായി ഒന്നര കിലോമീറ്റർ ഉള്ളിലായി ബാംഗ്ലാവ് ഉണ്ടെന്നയാൾ പറഞ്ഞു. എന്നാ പിന്നെ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.. ബംഗ്ലാവിലേക്കുള്ള വഴി…മരങ്ങളാൽ മൂടപ്പെട്ട ടാറിടാത്ത റോഡ്. വിജനമായ പ്രദേശം. നട്ടുച്ച നേരത്ത് നട്ട പാതിരയാവുന്ന സ്ഥലം കണ്ടിട്ടുണ്ടോ… ഇതത് തന്നെ സംഘം.
ആ വഴിയിൽ ഒരു ഹനുമാൻ പ്രതിമ ഉണ്ടായിരുന്നു. ….അതിനെയും ഇരുട്ട് മൂടിയിരുന്നു. അപ്പോഴാണ് ഞാൻ ആലോചിച്ചത് ജയ്ഹനുമാൻ മാത്രം കണ്ട് ആരാധാനപാത്രമായിരുന്ന ഹനുമാൻജിയുടെ കലിപൂണ്ട ചിത്രങ്ങളായിരുന്നു ( പല വണ്ടികളുടെ പിറകിലും) എല്ലായിടത്തും ,മൊത്തത്തിൽ കൂട്ടിവായിച്ചപ്പോൾ ഒരു പന്തികേട് ,ഉള്ളിലൊരു ഭയം. പെട്ടെന്നാണ് ഓർത്തത് അന്ന് ബ്രസീൽ ബെൽജിയം മത്സരം …. ദൈവമെ ബ്രസീലിനെ കളി ജയിപ്പിച്ച് അർജൻറീനൻ കൂട്ടുകാരെ വിളിച്ച് കുറച്ച് മലയാളക്ഷരങ്ങൾ പഠിപ്പിക്കണം … കളി തുടങ്ങാൻ ഇനിയും മണിക്കൂറുകൾ ബാക്കി.
എനിക്കാരെയും പേടിയില്ല എന്ന ഭാവത്തിൽ ‘ നീ വണ്ടിയെടുക്കടാ വരുന്നിടത്ത് വച്ച് കാണാംന്ന് ഞാൻ. അങ്ങനെ ഞങ്ങൾ ബംഗ്ലാവിലെത്തി. ബാഹുബലി കൊട്ടാരം പ്ലീസ് സ്റ്റപ്പ് ബാക്ക്….., അതായിരുന്നു ചിന്തയിലെങ്കിലും നമ്മടെ നാട്ടിലെ രണ്ട് നില വീടാണ് അവരുടെ ബംഗ്ലാ എന്നറിഞ്ഞപ്പോൾ ആ ഫ്ലോ അങ്ങട് പോയി. അധികം താമസിയാതെ ഞങ്ങൾ വീണ്ടും ത്രില്ലർ മൂടിലായി. രണ്ട് നദികൾ ചേരുന്നതാണ് സംഘം ആ സംഘത്തിന്റെ തീരത്താണ് ഈ ബ്ലം…. അല്ല വീട്. വീട്ടിലൊരു കാവൽകാരനുണ്ട്. ഞങ്ങൾ അദ്ദേഹവുമായി സംസരിച്ചു. തിരുവനന്തപുരത്തെ ഒരു മലയാളിയുടെതാണ് ആ ഇടമെന്നറിഞ്ഞപ്പോൾ ആകാംഷയായി ‘ വീടോണറുമായി ഫോണിൽ സംസാരിച്ചതിൽ
ഏക്കർ കണക്കിന് നടുവിൽ കിടക്കുന്ന പ്രകൃതി സൗന്ദര്യവും, ഇടയ്ക്ക് ഭയാനകവുമായി നിലകൊള്ളുന്ന ആ വീട് ഒന്നര കോടിക്കാണത്രെ വില്പനക്ക് വെച്ചിരിക്കുന്നത്. ഞങ്ങളോട് വേണമെങ്കിൽ അവിടെ താമസിച്ചോളാൻ കാവൽക്കാരൻ പറഞ്ഞെങ്കിലും സ്നേഹത്തോടെ അതിന് നന്ദി പറഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി.
നേരം ഇരുട്ടി കളിതുടങ്ങി ബ്രസീല് പൊട്ടി ഞാൻ ധർമ്മ സങ്കടത്തിലായി. അർജൻറീനൻ ആരാധകനായ കട്ടപ്പ എന്നെ പിന്നിൽ നിന്ന് കുത്താഞ്ഞതിന് കാരണമുണ്ടായിരുന്നു, ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകർ പടക്കം പൊട്ടിച്ച് ബ്രസീല് പൊട്ടിയത് ആഘോഷിക്കുമ്പോൾ കട്ടപ്പ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു. ബീഡിക്കുറ്റി ഇടയ്ക്ക് എവിടെ എത്തി എന്ന് ചോദിക്കും. … അതെന്തിനാണെന്ന് എനിക്കിത് വരെ മനസ്സിലായില്ല. 3 മണി സമയം നാഗ്പൂരിലെ വിജനമായ റോഡ് .. അവിടെ വണ്ടി നിർത്തി റോട്ടിലിറങ്ങി ഒരു സിഗരറ്റ് വലിക്കണം എന്നൊരാഗ്രഹം .എന്താഗ്രഹം പറഞ്ഞാലും അതിനെ പൂർണ്ണമായി പിന്തുണ നൽകുന്ന ആക്രു. കട്ടപ്പയും, ബീഡി കുറ്റിയും ഉറക്കത്തിലേക്ക് വീണിരിക്കുന്നു.
ഞങ്ങൾ പുറത്തിറങ്ങി സിഗരറ്റിന് തിരികൊളുത്തി. നീണ്ട ഇടവേളകളിൽ NP ലോറികൾ ഓരോന്നായി ചീറി പാഞ്ഞ് കൊണ്ടിരുന്നു… ദൂരെ ഒരു ജീപ്പിന്റെ ലൈറ്റ് കാണാം… ഞങ്ങൾ വണ്ടിയെടുത്തു. ചിലപ്പോൾ പോലീസാണെങ്കിലോ വെറുതെ പത്ത് രൂപ കളയണ്ടാലോ … നാഗ്പൂർ റോഡ് പണി നടന്ന് കൊണ്ടിരിക്കുന്നതിനാൽ ഞങ്ങൾക്ക് പണിയായി. നാല്പതിന്റെ മേളിലോട്ട് എടുത്താൽ വണ്ടീടെ പതിനാറ് അവിടെ വച്ച് നടത്തേണ്ടിവരും.. ആ ജീപ്പ് ഞങ്ങൾക്ക് പിറകിലായി വന്ന് കൊണ്ടിരുന്നു. എനിക്ക് നല്ല പേടി തോന്നി.
ഞങ്ങൾ നിർത്തിയാൽ അവരും നിർത്തും, ഞങ്ങൾ എടുത്താൽ അവരും എടുക്കും …… കൊള്ളാലോ കളി……… അവരും ഞങ്ങളെ പോലെ കിളി പോയ ടാക്കളാണെന്ന് റോഡരികിലെ ചായകടയിലെ അവരുമായുള്ള സൗഹൃദ സംഭാഷണത്തിലാണ് മനസ്സിലായത്. അവർ 400 കിലോമീറ്റർ ദൂരെയുള്ളവരാണ്. അവർക്കും ആ വഴി യാത്ര ചെയ്യാൻ പേടിയാണ്. ആ വഴിയിൽ മറ്റേ സംഭവം ഉണ്ടത്രേ. പ്രേതം!! സംഭവം ഗൂഗിളിലടിച്ച് നോക്കിയപ്പോ സത്യാണ്. Haunted activities in Nagpur highways എന്ന് സെർച്ചിയാൽ മതി.
വീട്ടിലെത്തിയതിന് ശേഷമാണ് അമരാവതിയെ കുറിച്ച് അന്വേഷിച്ചത് അത് കൊണ്ട് ആ സമയത്ത് വല്യ പേടി തോന്നിയില്ല – നേരം വെളുക്കാറയപ്പോൾ നാഗ്പൂര് വിടുന്ന നേരം വളവിൽ രണ്ട് ലോറികൾ അപകടത്തിൽ പെട്ട് കിടക്കുന്നുണ്ട്- ഞാൻ കട്ടപ്പയോട് പറഞ്ഞു._ – പ്രേതമാണ് മോനേ… അവിടുന്ന് കട്ടപ്പ ചവിട്ടിയ ചവിട്ടി പിടുത്തം ഞങ്ങളെ തെലുങ്കാനയിലെത്തിച്ചു. ഷൂട്ടിന് പറ്റിയ ഇടം കണ്ടപ്പോൾ വണ്ടി നിർത്തി. ആ നാട്ടുകാര് എന്തോ പറഞ്ഞു. ഞാൻ തിരിച്ച് എന്തോ പറഞ്ഞു. പരസ്പരം ഒന്നും മനസ്സിലായില്ലാ എന്ന് ഞങ്ങൾക്ക് മനസ്സിലായി – പഞ്ചാബി ഹൗസ് പത്ത് തവണ കണ്ട എന്റെയടുത്താ തെലങ്കാന ….
ജബ ജബ യിൽ കാര്യം പറഞ്ഞു.. ഞാറിടാത്തോട്ത്ത് ചവിട്ടി ഷൂട്ട് ചെയ്തോളൻ ജബയിൽ മൂപ്പര് പറഞ്ഞു. ഞങ്ങള് ഹാപ്പി. മണിക്കൂറുകൾ നീണ്ട ഷൂട്ടിംഗ്….. നേരം ഇരുട്ടി. ഇന്ന് തെലുങ്കാനയിൽ തങ്ങണം അടുത്തൊന്നും റൂമിന് സാധ്യതയില്ല – ഓക്കെ ഭക്ഷണം കഴിച്ച് അവിടെ തങ്ങാമെന്നുള്ള തീരുമാനത്തിലെത്തി. ടാറ്റാ സുമോയിൽ വടിവാളുകളുമായി പറപ്പിച്ച് വരുന്ന തെലുങ്കാനൻ ഗുണ്ടകളുടെ ചിന്തകളെ ഒരു സൈഡിലിട്ട്,ബസ്സ്റ്റോപ്പിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങി… സമയം രാത്രി 11:30 ആയി കാണും. ആ സമയം ഒരു പോലീസ് ജീപ്പ് വന്ന് അവിടെ ചവിട്ടി നിർത്തി. ദൈവമെ ഇവന്മാരെ ഇനി എങ്ങനെ പറഞ്ഞ് മനസ്സിലാക്കും… (തുടരും…).