അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ബസ്സില്ലെന്ന് ആക്ഷേപം…

മണ്ഡലക്കാലത്തേ ഏറ്റവും തിരക്കേറിയ ദിവസങ്ങളയായിട്ടും കെഎസ്ആര്‍ടിസിക്ക് സ്‌പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ കഴിയുന്നില്ല. ബസ്സുകളുടെ കുറവാണ് ഇതിന് കാരണം. കോട്ടയത്ത് മാത്രമല്ല എരുമേലിയിലും ബസ്സുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അന്യ സംസ്ഥാനത്ത് നിന്ന് തീര്‍ത്ഥാടകരുടെ പ്രവാഹം വര്‍ദ്ധിച്ചതാണ് തിരക്ക് കൂടാന്‍ കാരണം. തീര്‍ത്ഥാടകരുമായി വരുന്ന ട്രെയിനുകള്‍ വരുമ്പോള്‍ എട്ടും പത്തും ബസ്സുകള്‍ ഒരുമിച്ച് വിടേണ്ടി വരും. ഈ ബസ്സുകള്‍ പമ്പയില്‍ അയ്യപ്പ ഭക്തന്മാരെ ഇറക്കി മടങ്ങി വരാന്‍ മണിക്കൂറുകള്‍ എടുക്കും. ഈ സമയമത്രയും അയ്യപ്പ ഭക്തര്‍ക്ക് ബസ്സിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

കോട്ടയത്ത് നിന്ന് സ്‌പെഷ്യല്‍ സര്‍വീസ് നടത്താന്‍ 30 ബസ്സാണുള്ളത്. എരുമേലിയില്‍ നിന്നും 15 ബസ്സും. എന്നാല്‍ മണ്ഡലക്കാലത്ത് തിരക്ക് വര്‍ദ്ധിച്ചതോടെ ഇത് തികയാതെ വന്നിരിക്കുകയാണ്. നിറഞ്ഞാണ് ഇപ്പോള്‍ എല്ലാ ബസ്സുകളും വിടുന്നത്. ശരാശരി 60 -63 സര്‍വീസാണ് കോട്ടയത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.

മണ്ഡലക്കാലത്ത് തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ബസ്സുകള്‍ വിടുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ ബസ്സുകള്‍ എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം എരുമേലിയില്‍ നിന്ന് ബസ്സ് കിട്ടാതെ അയ്യപ്പഭക്തന്‍മാര്‍ പൊരി വെയിലില്‍ വലഞ്ഞു. പമ്പയില്‍ നിന്ന് ബസ്സുകള്‍ മടങ്ങി വരാന്‍ സമയമെടുത്തതാണ് സര്‍വീസ് താളം തെറ്റാന്‍ കാരണം.
ശബരിമല സീസണ് മുന്നോടിയായി കെഎസ്ആര്‍ടിസി എല്ലാ വര്‍ഷവും പുതിയതായി 50 മുതല്‍ 100 ബസ്സുകള്‍ വരെ ഇറക്കിയിരുന്നു. ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി മൂലം ബസ്സുകള്‍ ഇറങ്ങിയില്ല.

അഞ്ച് വര്‍ഷം വരെ പഴക്കമുള്ള ബസ്സുകള്‍ നന്നാക്കി സ്‌പെഷ്യല്‍ സര്‍വീസിനായി വിടുകയായിരുന്നു. കോട്ടയത്ത് നിന്നുള്ള ബസ്സുകള്‍ പമ്പയിലെത്തിയാല്‍ ഉടന്‍ മടങ്ങാന്‍ അനുവദിക്കാറില്ല. ബസ്സില്‍ 50 പേര്‍ കയറുന്ന മുറയ്ക്കാണ് തിരിച്ച് വിടുന്നത്. അതുവരെ ബസ്സിന് കാത്ത് കിടക്കേണ്ടി വരും. തിരക്ക് വര്‍ദ്ധിച്ചാല്‍ കോട്ടയത്ത് നിന്ന് പമ്പയ്ക്ക് വന്ന ബസ്സുകള്‍ നിലയ്ക്കല്‍ സര്‍വീസയായിട്ടും ഓടേണ്ടി വരും. ഇങ്ങനെ വരുമ്പോള്‍ പമ്പയില്‍ നിന്ന് മടങ്ങിയെത്താന്‍ സമയമെടുക്കും. ഈ സാഹചര്യത്തില്‍ മറ്റ് റൂട്ടുകളില്‍ നിന്ന് ബസ്സ് പിന്‍വലിച്ച് പമ്പയ്ക്ക് സ്‌പെഷ്യല്‍ സര്‍വീസായി വിടേണ്ട അവസ്ഥയിലാണ് ഓപ്പറേറ്റിങ് വിഭാഗം.

Source – http://www.janmabhumidaily.com/news750746

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply