കുതിരപ്പൊലീസ് : ഇന്നും കേരള പോലീസിൻ്റെ പ്രൗഢിയുടെ മുദ്ര

കടപ്പാട് – കേരളപോലീസ് ഫേസ്‌ബുക്ക് പേജ്.

തിരുവിതാംകൂറിൻ്റെ പ്രൗഢിയേറിയ പാരമ്പര്യത്തിൻ്റെ അറ്റുപോകാത്ത കണ്ണിയാണ് കുതിരപ്പോലീസ്. ഗതകാല സ്മരണകളിൽ അനന്തപുരിയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന കുതിരപ്പട്ടാളം ഇന്ന് കേരള പോലീസിന് രാജകീയ പ്രൗഢി ചാർത്തുന്ന സേനാഘടകമാണ്. ആകർഷകത്വവും ഗാംഭീര്യവും കൊണ്ട് ജനശ്രദ്ധ നേടിയതാണ് അശ്വാരൂഢസേനയെന്ന കുതിരപ്പൊലീസ്. വിശിഷ്ട ചടങ്ങുകൾക്ക് പ്രൗഢിയേകുന്നതിന് കുതിരപ്പോലീസ് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.

1880 കളിൽ ‘രാജപ്രമുഖന്മാരുടെ അംഗരക്ഷകരെ’ന്ന പേരിലാണ് കുതിരപ്പോലീസ് ആദ്യമായി രംഗത്തു വരുന്നത്. ‘പാലസ് ഗാർഡ്’ എന്നാണ് കുതിരപ്പൊലീസ് അറിയപ്പെട്ടത്. ബ്രിഗേഡിയർ W.D.കേച്ചൻ അന്നത്തെ കുതിരപ്പൊലീസിന് വേണ്ടി തിരുവനന്തപുരത്ത് പാളയം കന്റോൺമെന്റ് പോലീസ് ക്യാമ്പ് സ്ഥാപിച്ചത് ആ കാലഘട്ടത്തിലാണ്. 1961ലാണ് ‘മൗണ്ടഡ് പോലീസ്’ എന്ന പേരിൽ ഇന്നു കാണുന്ന അശ്വാരൂഢസേനയുടെ രൂപമാറ്റമുണ്ടായത്. കന്റോൺമെന്റ് സ്‌ക്വയറിൽ പ്രവർത്തിച്ചിരുന്ന കുതിരപ്പൊലീസ് ആസ്ഥാനം 1981ൽ ജഗതി കണ്ണേറ്റുമുക്കിലേക്ക് മാറ്റുകയായിരുന്നു.

കുതിരപ്പട്ടാളത്തെ സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രത്യേക ചടങ്ങുകൾക്കായി കുതിരപ്പട്ടാളത്തിന്റെ സാന്നിധ്യവും സേവനവും ഉപയോഗപ്പെടുത്തി തുടങ്ങിയത്. ഈ സേനയിൽ 24 കുതിരകളാണ് ഇപ്പോഴുള്ളത്, 18 ആൺകുതിരകളും 6 പെൺകുതിരകളും. രാജഭരണകാലത്ത് തുർക്കിയിൽ നിന്നും മറ്റുമാണ് കുതിരകളെ എത്തിച്ചിരുന്നത്. ഇന്ന് ജയ്‌പൂർ, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്നു. കുതിരകളുടെ ആരോഗ്യപരിരക്ഷണത്തിനു മൃഗഡോക്ടറും പരിപാലിക്കുന്നത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ലായങ്ങളും കുതിരകൾക്കാവശ്യമായ ലാടങ്ങൾ നിർമ്മിക്കാൻ പ്രത്യേക ആലയും അതിനു വേണ്ട ജീവനക്കാരും ഇവിടെയുണ്ട്.

സ്വാതന്ത്ര്യദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ്, ശ്രീപദ്മനാഭസ്വാമിക്ഷേത്രം ആറാട്ട്, നവരാത്രി ഘോഷയാത്രകളിലും ബീമാപ്പള്ളി ഉറൂസിനും മറ്റു പ്രത്യേക സർക്കാർ പരിപാടികൾക്കും കുതിരപ്പൊലീസിൻ്റെ സാന്നിധ്യം പ്രകടമാണ്. കുതിരപ്പൊലീസിൻ്റെ പ്രവർത്തനങ്ങൾ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണരുടെ നിയന്ത്രണത്തിലാണ്.

തിരുവനന്തപുരം നഗരത്തിന്റെ രാത്രികാലസുരക്ഷയ്ക്ക് കുതിരപ്പോലീസിന്റെ സേവനം ഉപയോഗിക്കുന്നു.. ചെറിയ ഊടുവഴികളിലൂടെപ്പോലും ചുറ്റിക്കറങ്ങി പരിസരം നിരീക്ഷിച്ച് പട്രോളിങ് നടത്തി നഗരവാസികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നു. പുലർച്ചെ മൂന്നുമണി വരെ നഗരത്തിന്റെ മുക്കിലുംമൂലയിലും എത്തിച്ചേരാവുന്ന ദൂരത്ത് ഇവർ റോന്ത് ചുറ്റുന്നു.

ജനങ്ങൾക്ക് പോലീസിനെക്കുറിച്ചും വിവിധ നിയമവശങ്ങളെക്കുറിച്ചുമുള്ള വിജ്ഞാനങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ സിംപിളായും ട്രോളായും ഒക്കെ അറിയുവാൻ കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജ് ഒന്നു തുറന്നു നോക്കിയാൽ മതി. കുതിരപ്പൊലീസിനെക്കുറിച്ചുള്ള ഈ വിവരങ്ങളും കേരളപോലീസ് ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതാണ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply