എടത്വാ – വീയപുരം റോഡ് അപകടാവസ്ഥയില്‍

എടത്വാ: റോഡിലെ കുഴിമൂടി അപകടരഹിതമാക്കുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുല്ലുവില. മഴ ശക്തിപ്രാപിച്ചതോടെ എടത്വാ – വീയപുരം റോഡ് അപകടാവസ്ഥയില്‍. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൈപ്പിടീലിനെത്തുടര്‍ന്ന് കുണ്ടും കുഴിയുമായ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന മന്ത്രി ജി. സുധാകരന്റെ ഉത്തരവാണ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നത്.


പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റോഡ് നിര്‍മ്മാണത്തെ ബാധിച്ചത്. വെട്ടിപ്പൊളിച്ച റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ജലഅതോറിറ്റി മുന്‍കൂര്‍ പണമടച്ചിരുന്നു. എന്നാല്‍ പിഡബ്ല്യുഡി റോഡ് നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിക്കാനോ താത്കാലികമായി കുഴിയടക്കാനോ നടപടി സ്വീകരിച്ചില്ല.
റോഡിലെ ഗട്ടറില്‍ മഴവെള്ളം നിറഞ്ഞ് കുളമായതുകൂടാതെ നദി കരകവിഞ്ഞ് റോഡില്‍ വെള്ളവും കയറിത്തുടങ്ങി.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരന്‍ കുഴിവെട്ടിച്ച് മാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് പരിക്കേറ്റതുള്‍പ്പെടെ ഒരുവര്‍ഷത്തിനുള്ളില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കെഎസ്ആര്‍ടിസി ബസ്സുകളുള്‍പ്പെടെ ഹെവി വാഹനങ്ങള്‍ റോഡില്‍ താഴ്ന്ന് ഗതാഗതം സ്തംഭിക്കുന്നതും നിത്യസംഭവമായി. ചക്കുളത്തുകാവ്, മണ്ണാറശാല എന്നീ സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് രണ്ടുവര്‍ഷമായി തകര്‍ന്നുകിടക്കുന്നത്. തീര്‍ത്ഥാടകരും നിരവധി വിദ്യാര്‍ത്ഥികളും മറ്റും ആശ്രയിക്കുന്ന എടത്വാ-വീയപുരം-ഹരിപ്പാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.

News : Janmabhoomi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply