എന്റെ വൈകുന്നേരങ്ങളിലെ യാത്രയ്ക്കിടയിലെ വായന അവസാനിച്ചിരിക്കുന്നു

എന്റെ വൈകുന്നേരങ്ങളിലെ യാത്രയ്ക്കിടയിലെ വായന അവസാനിച്ചിരിക്കുന്നു . വയ്കുന്നേരം ആറ് പത്തിന് തെവരയിൽ നിന്നും പുറപ്പെടുന്ന പരവൂരിലെക്കുള്ള ലോ ഫ്ലോർ ബസ്സിന്റെ ഓട്ടം നിലച്ചിട്ട് മൂന്നാഴ്ചയായി .ദർബാർ ഹാൾ റോഡിൻറെ എൻഡിൽ BTH നു അടുത്തുള്ള ഗാന്ധി പ്രതിമയുടെ അടുത്തുള്ള സ്റ്റോപ്പിൽ നിന്നും ആ ബസ്സിനായി എത്ര ഓടിയിരിക്കുന്നു .ബസ്സിലേറിയാൽ സ്വസ്ഥമായ ഒരു സീറ്റ് പിടിച്ചിട്ടു ചുറ്റും നോക്കി അറ്റെൻറ്റസ് വെച്ചുള്ള ഒരു ചിരി…..മുരളി ചേട്ടൻ , ശശി ചേട്ടൻ , ഗോകുൽ , ശ്രീ കുമാർ പിന്നെ പേരറിയാത്ത ചിരപരിചിതരായ പലരും …ഒരാളെ ഒന്നിൽ കൂടുതൽ ദിവസം കണ്ടില്ലെങ്കിൽ എല്ലാവര്ക്കും എന്തൊരു ജിജ്ഞാസയാണ് ..KSRTC ജെട്ടി ബസ്‌ സ്റ്റാന്റ് ന്റെ പരിസരത്ത് കൂടി ഞങ്ങളുടെ ബസ് അതിനകത്ത് കയറാതെ കടന്നു പോകുമ്പോൾ നിരത്തിയിട്ട കുറെ മടിയൻ ബസ്സുകൾ പേര് വെയ്ക്കുന്നതും കാത്ത് ഒത്തിരിപ്പേർ അവിടെ കൂടി നില്ക്കുന്നത് കാണാം .

തുടർന്ന് ഹൈകോര്ട്ട് കവല ആകുമ്പോഴേക്കും ബസ്സിൽ ഒരു കൊതുകിനു പോലും കയറാനാകാത്ത വിധം ആളുകള് കയറിക്കഴിഞ്ഞിരിക്കും. തുടർന്ന് ഗോശ്രീ പാലം കടന്നു മുളവുകാട് , മൂലംപിളി മേഖലകളിലെ ചതുപ്പിനപ്പുറം സൂര്യാസ്തമയത്ത്തിന്റെ എന്നും വ്യത്യസ്തമായ കാഴ്ചകളും കണ്ടു യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഞാനെത്ര ഭാഗ്യവാനാണ് , എന്നെപ്പോലെ ഇത്ര മനോഹരമായ സായാഹ്ന ദൃശ്യങ്ങൾ ആസ്വദിച്ചു യാത്ര ചെയ്യാൻ എത്ര ആളുകൾക്കാകുന്നുണ്ടാകും എന്നൊക്കെ ചിന്തിച്ചു ഞാൻ അഹങ്കരിചിട്ടുണ്ട് . തുടര്ന്നാണ് വായന. ഏതാണ്ട് വരാപ്പുഴ വരെ പ്രകൃതി വെളിച്ചത്തിലും അത് കഴിഞ്ഞു ബസ്സിലെ വെളിച്ചത്തിലും വായന . എത്ര ആസ്വാദ്യകരമായിരുന്നു ആ യാത്ര .

kurtc-non-ac-low-floor-bus

ഇപ്പോഴത്തെ അവസ്ഥയോ…

ഓഫീസിൽ നിന്നിറങ്ങുമ്പോൾ തുടങ്ങും ടെൻഷൻ …ഇന്നേതു സമയം വീടണയും എന്നറിയാനാകാതെ മുഷിഞ്ഞ മനസ്സോടെ KSRTC ജെട്ടി ബസ്‌ സ്ടാന്റിലെക്ക് ..

ഏതാണ്ട് നിലാവത്തഴിച്ചു വിട്ട കോഴികളുടെ അവസ്ഥയാണ് അവിടെ കാത്തു നില്ക്കുന്നവര്ക്ക് ..സ്ഥിരമായ ഒന്നോ രണ്ടോ അല്ലാതെ എതു ബസ്‌ എപ്പോൾ പുറപ്പെടും എന്നറിയാതെ വലയുന്ന യാത്രികർ. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് കഴിയുന്നതും മറുപടി പറയാതിരിക്കുകയും ഇനി പറയുകയാണെങ്കിൽ തന്നെ അവനവനു കേള്ക്കാൻ പോലും പാകത്തിന് ശബ്ദമില്ലാതെ പിറുപിറുക്കുകയും ചെയ്യുന്ന സ്റേഷൻ മാസ്റെർ …ബസ് എപ്പോഴാണ് എന്ന ചോദ്യത്തിനു ബസ്‌ വന്നാൽ പോകും എന്നല്ലാതെ അദ്ദേഹം ഒന്നും പറയാറില്ല എന്നതാണ് സത്യം . ഇനി സ്ടാണ്ടിൽ ഓടിക്കിതച്ചെത്തി വന്നു നില്ക്കുന്ന ബസ്സിൽ നിനും ചാടി ഇറങ്ങി ഓഫീസിലേക്ക് ഓടിക്കയറുന്ന ഡ്രൈവെരെയോ കണ്ടക്ടരെയോ തടഞ്ഞു നിർത്തി ചോദിക്കാമെന്ന് വെച്ചാൽ മിക്കവാറും മുഷിപ്പോടെയുള്ള ഒരു നോട്ടമാകും ഉത്തരം . ഇവരുടെ ഓട്ടം കാണുമ്പോൾ ഉടൻ തിരികെ വരും എന്ന പ്രതീക്ഷയിൽ യാത്രക്കാർ അത്രയും നേരം കാത്തുനിന്നപ്പോഴുള്ള സൗഹൃദം ഏതുമില്ലാതെ അല്പം മുൻപ് ലോഹ്യം പങ്കു വെച്ചവനെ വരെ ഇടിച്ചു വീഴ്ത്തി ആ ബസ്സില്‍ കയറുന്നു . ഇനി പടിഞ്ഞാട്ടു നോക്കുമ്പോൾ കാണാം, തിരക്കിട്ട് പോയ ആ സാറന്മാർ ഷർട്ട്‌ ന്റെ മുകളിലെ കുടുക്കൂരി ബനിയനും കാട്ടി , കയ്യിലൊരു എരിയുന്ന സിഗരെട്ടുമായി , മറ്റേ കയ്യ് കൊണ്ട് പാന്റിന്റെ സിബ്ബു വലിച്ചു കയറ്റിക്കൊണ്ടു നമ്മളെ അലസമായി നോക്കി നില്ക്കുന്ന കാഴ്ച. ഇനിയാണ് ശരിയായ ട്വിസ്റ്റ്‌ .

നമ്മുടെ ബസ്സിൽ ഡ്രൈവർ കയറുന്നു. മണിമുഴക്കി സാർ ബെല്ലടിക്കുന്നു. നമ്മൾ ആഹ്ലാദ ഭരിതരാകുന്നു. ബസ് അല്പം മുന്നില് , പത്തടി ദൂരത്തിൽ കയറ്റി ഇട്ടു ബോര്ട് മാറ്റി , വണ്ടി ഓഫ്‌ ചെയ്ത് രണ്ടു സാറന്മാരും കൂസലെന്യേ ഇറങ്ങിപ്പോകുന്നു . ഇതിനു ശേഷം സ്റ്റാന്റ് പിടിച്ച മറ്റൊരു ബസ് അപ്പുറത്ത് ഇതേ ഗോഷ്ടികൾ ആവര്ത്തിക്കുന്നു . അതിലും കയറിക്കൂടുന്നു കുറെ യാത്രക്കാർ. ഇനി നമ്മുടെ ക്ഷമ ആവോളം പരീക്ഷിച്ചു നമ്മൾ ആ യാത്രയ്ക്ക് ഫിറ്റ്‌ ആണെന് ബോധ്യമായ ശേഷം കണ്ടക്റെർ സാർ കടന്നു വന്നു ടിക്കറ്റ്‌ തരുന്നു . ഇതിനിടയിൽ നമ്മളെ പരിഹസിച്ചു ഇതിനു ശേഷം വന്ന ഒന്നോ രണ്ടോ വണ്ടികൾ നമ്മളെ പരിഹസിച്ചു ഇളിച്ചു കാട്ടി നമുക്ക് പോകേണ്ടിടത്തെയ്ക്ക് തന്നെ പായുന്നു .

പ്രസ്തുത ലോ ഫ്ലോര് ബസ്‌ ഉണ്ടോ എന്ന് കഴിഞ്ഞ ആഴ്ച പലവട്ടം പറവൂര് സ്ടാണ്ടിൽ വിളിച്ചു സംശയ നിവര്ത്തി വരുത്തി ബസ്‌ സ്റ്റോപ്പിൽ പോയി അര മണിക്കൂറോളം കാത്തു നിന്ന് കിട്ടാതെ വന്നു ഒന്ന് കൂടി വിളിച്ചപ്പോൾ വണ്ടി ക്യാൻസൽ ചെയ്തു എന്നറിയിപ്പു കിട്ടി .
കഴിഞ്ഞ ദിവസം ബസ്സ്‌ കാത്തു നിന്ന് മടുത്ത് അരിശം സഹിക്കാനാകാതെ പറവൂര് സ്റ്റേഷൻ മാസ്റെരെ ഫോണിൽ വിളിച്ചു .

നമസ്കാരം KSRTC

ഹലോ ..സ്റ്റേഷൻ മാസ്റ്റർ അല്ലെ ?

അതെ ?

വ്യ്കുനേരം തെവരയിൽ നിന്നും 6.10 നു പുറപ്പെടുന്ന ലോ ഫ്ലോർ വണ്ടി എന്ത് കാരണം കൊണ്ടാണ് കുറെ ദിവസമായി ഓടാത്തത്. എത്രമാത്രം ദുരിതങ്ങൾ ആണ് അതിന്റെ പേരില് മാത്ര കുറെയേറെ യാത്രക്കാർ …

ഹെലോ..ഹെലോ..ഹെലോ…സ്റ്റേഷൻ മാസ്റ്റർ പോയി. നാളെ പകൽ നേരം വിളിക്കൂ .

ഉത്തരം മുട്ടിച്ച ചോദ്യത്തിനു സത്യം പറഞ്ഞു അദ്ദേഹം .

ഇന്നറിഞ്ഞു. മൂവായിരത്തോളം വണ്ടികൾ കട്ടപ്പുറത്താണ്. സ്പെയർ പാര്ട്സ് കിട്ടാനില്ല .

വയ്കുന്നേരം 7.10 നു വീട്ടിലെത്തിയിരുന്ന അച്ഛനെ ദേവു ഇപ്പോൾ എഴരയ്ക്കും എട്ടിനുമൊക്കെ എന്താ വരാത്തെ എന്ന് ചോദിച്ചു വിളിക്കാൻ തുടങ്ങിയിരിക്കുന്നു . വീട്ടിൽ വന്നാലോ, യാത്ര സമ്മാനിച്ച ഇടിയുടെയും കുത്തിന്റെയും ഒരു മണിക്കൂറോളം നില്പിന്റെയും അസ്വാസ്ഥ്യങ്ങൾ എണ്ണിപ്പെറുക്കി ചാരുകസേരയിൽ കിടപ്പ് തന്നെ .

അല്ലെങ്കിലും സർക്കാർ തരുന്ന ഔദാര്യങ്ങൾ ശാശ്വതം എന്ന് ഞാൻ അല്ലാതെ ആരെങ്കിലും വിശ്വസിക്കുമോ ?

അവിടുത്തെ കാരുണ്യത്തിനു വേണ്ടി കൈ കൂപ്പുന്നു.

അവശന്മാർ , ആർത്തന്മാർ, ആലംബ ഹീനന്മാർ അവരുടെ സങ്കടം ആരറിയാൻ

Written by: Ajith Neelanjanam

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply