ബസ് യാത്രയില്‍ മാത്രമെന്തിന് സ്ത്രീകള്‍ക്കീ വേര്‍തിരിവ്?

ബസ്സുകളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ ഭയക്കുന്നവരാണ് ഇവിടുത്തുകാര്‍. ബസ്സുകളില്‍ പെണ്ണുങ്ങള്‍ക്കായി സീറ്റ് റിസര്‍വ്വ് ചെയ്ത് വെച്ചിട്ടുണ്ട്. സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നു യാത്രചെയ്താല്‍ എന്തോ തെറ്റുണ്ട് എന്നു തോന്നും ബസ്സുകളിലെ സീറ്റ് വിഭജനം കണ്ടാല്‍. മുന്നിലൂടെ സ്ത്രീകള്‍ കയറണം. പിന്‍വാതിലിലൂടെ പുരുഷന്മാര്‍ കയറണം. ഇതും എഴുതിവെക്കപ്പെടാത്ത നിയമമാണ്. സ്ത്രീകള്‍ മുന്‍വശത്ത് മാത്രമെ കൂടി നില്‍ക്കാവൂ. പിറകുഭാഗത്തേക്ക് അവര്‍ക്ക് പ്രവേശനമില്ല.

ഇന്ത്യയിലെ ഇതര-സംസ്ഥാനങ്ങളേക്കാള്‍ ബസ്സുകളിലെ ഈ വേര്‍തിരിവ് കര്‍ശനമായി നടപ്പാക്കുന്ന സ്ഥലം കേരളം മാത്രമാണെന്ന് കാണാം. മറ്റ് സംസ്ഥാനങ്ങളില്‍ ആണും പെണ്ണും ഒന്നിച്ചിരുന്നാണ് യാത്ര ചെയ്യുന്നത്. കര്‍ണ്ണാടകത്തിലും, തമിഴ് നാട്ടിലും മറ്റും ബസ്സ് യാത്ര ചെയ്തപ്പോള്‍ അവിടങ്ങളിലൊന്നും സീറ്റിന് ആണ്‍ – പെണ്‍ വേര്‍തിരിവുകള്‍ അനുഭവപ്പെട്ടിട്ടില്ല.

വിമാനത്തിലും ട്രെയിനിലും ഒന്നും ആളുടെ ലിംഗവ്യത്യാസം അടുത്തിരിക്കുന്ന മറ്റേയാളെ ബാധിക്കാറില്ല. ഓട്ടോ റിക്ഷയിലും, ടാക്‌സിയിലും യാത്ര ചെയ്യുമ്പോള്‍ ആണ്‍ – പെണ്‍ വേര്‍തിരിവില്ല. അവര്‍ ഒന്നിച്ചിരുന്നു യാത്ര ചെയ്യുന്നു. പ്രശ്‌നങ്ങളൊന്നും ഉണ്ടാവാറുമില്ല. പെണ്ണുങ്ങളുടെ എല്ലാത്തരം ഇടപെടലുകളെയും പൊതുസമൂഹം കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്. പെണ്ണിന്റെ സഞ്ചാരം, പെണ്ണിന്റെ വിദ്യാഭ്യാസം. പെണ്ണിന്റെ തൊഴില്‍ ഇക്കാര്യങ്ങളിലൊക്കെ പൊതുസമൂഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഇന്നും നിലനില്‍ക്കുന്നത്. ഇതിലൊക്കെ വിമര്‍ശനങ്ങള്‍ പതിവാണ്. ആക്ഷേപങ്ങള്‍ക്കും പഞ്ഞമുണ്ടാവാറില്ല.

കേരളത്തില്‍ ബസ്സുകളിലെ സീറ്റില്‍ അടുത്തിരിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. ചില പുരുഷന്മാര്‍ സ്ത്രീകളുടെ അടുത്തിരിക്കാന്‍ ഇടകിട്ടിയാല്‍ ലൈംഗിക ഉദ്ദേശത്തോടെ തന്നെ അങ്ങ് ദേഹത്ത് ചാരിയിരിക്കും. ഉറക്കം നടിച്ച് വിടര്‍ന്നിരുന്ന് അടുത്തിരിക്കുന്ന ആളുടെ ശരീരത്തെ തലയിണയാക്കി മാറ്റുന്നവരുണ്ട്. ഇതു തന്നെ പറ്റിയ സന്ദര്‍ഭം എന്ന മട്ടില്‍ പെണ്ണിന്റെ മാറത്തും ചന്തിക്കുമൊക്കെ സ്പര്‍ശിക്കുന്നവരും ഇല്ലാതില്ല. നോട്ടം കൊണ്ട് ലൈംഗികാക്രമണം നടത്തുന്നവരുണ്ട്. മോഷണം നടത്തുന്നവരേയും കണ്ടേക്കാം. ഇത്തരം ഇടപെടലുകളെ ഭയന്നാണ് സ്ത്രീകള്‍ ജനറല്‍ സീറ്റുകളില്‍ പുരുഷന്മാരോടൊപ്പം ഇരിക്കാത്തത്.

കെ എസ് ആര്‍ ടി സി ബസ്സിലെ ഒരു വനിതാ കണ്ടക്ടര്‍ സംസാര മധ്യേ പറഞ്ഞതു കൂടി ഓര്‍ക്കുന്നു. ‘കണ്ടക്ടറുടെ സീറ്റില്‍ വന്നിരിക്കുന്ന ചില പുരുഷന്മാരുടെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ദേഷ്യം തോന്നും അത്തരക്കാര്‍ കൃതൃമമായി ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ചില കാര്യങ്ങള്‍ ഒപ്പിക്കും. അത്തരം ആണുങ്ങള്‍ അടുത്തുവന്നിരിക്കുമ്പോള്‍ തന്നെ അവരുടെ മുഖഭാവവും ശരീരചലനങ്ങളും ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് തിരിച്ചറിയാന്‍ പറ്റും. അവരെ മാറ്റിയിരുത്തുകയോ, ഞാന്‍ മാറിയിരിക്കുകയോ ആണ് ചെയ്യാറ്’.

സ്ത്രീകളെ കാണുമ്പോഴും, അടുത്തിരിക്കുമ്പോഴും ലൈംഗികാതിക്രമം കാട്ടാന്‍ ഒരുമ്പെടുന്ന പുരുഷനെ അങ്ങിനെ ചെയ്യാന്‍ ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഒരു വിഭാഗം പുരുഷന്മാരെ ഞരമ്പ് രോഗികളില്‍ പെടുത്താം. അത് ചികിത്സ കൊണ്ടേ മാറ്റിയെടുക്കാന്‍ പറ്റൂ. മറ്റൊരുവിഭാഗം പുരുഷന്മാര്‍ അമിതമായ ലൈംഗിക അച്ചടക്കത്തിനും, കപട സദാചാര ചിന്തമൂലം ലൈംഗിക വികാരങ്ങള്‍ കെട്ടിനിര്‍ത്തപ്പെട്ടവരുമാണ്. അത്തരം പുരുഷന്മാര്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തും.

എല്ലാ സീറ്റുകളും എല്ലാവര്‍ക്കും തുല്യമാണെന്ന ധാരണ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കണം. കാമ്പസുകളിലും ക്ലസുമുറികളിലും ഇടകലര്‍ന്നിരിക്കണം. പൊതു ഇടങ്ങളെല്ലാം പെണ്ണുങ്ങളുടേതു കൂടിയാണെന്ന ചിന്ത പൊതുജനത്തിനുണ്ടാകണം. പ്രൈവറ്റ്, കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇത്തരത്തിലുള്ള വേര്‍തിരിവ് വേണ്ട, എന്ന തീരുമാനം പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന ഈ സാഹചര്യത്തില്‍ ഉണ്ടായാല്‍ നന്ന്. ഇങ്ങിനെ ഒരു തീരുമാനം ഉണ്ടായാല്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുക തന്നെ ചെയ്യും.

ചില ബസ്സ് സ്റ്റോപ്പുകളില്‍ കാണുന്ന കാഴ്ചയുണ്ട്. പിന്നിലൂടെ കയറാന്‍ പുരുഷന്മാര്‍ക്ക് സൗകര്യമുണ്ടായിട്ടു കൂടി മുന്‍ഭാഗത്തെ വാതിലിലൂടെ തിക്കിത്തിരക്കി കയറാനാണ് അവര്‍ക്ക് താല്‍പര്യം. ലക്ഷ്യം ആദ്യം സൂചിപ്പിച്ചതുതന്നെ. അത്ര സമയമെങ്കിലും സ്ത്രീകളുടെ ശരീര സ്പര്‍ശ സുഖം അനുഭവിക്കാമല്ലോ എന്ന ചിന്ത. സംവരണ സീറ്റുകള്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ ഇത്തരം ഞരമ്പ് രോഗത്തിനും അറുതി വരുത്താനാവും. യാത്രാസമയത്ത് ലൈംഗിക തൃഷ്ണയ്ക്ക് അറുതി വരുത്താന്‍ മാര്‍ഗ്ഗങ്ങളുണ്ട്. യാത്ര ചെയ്യുന്ന സ്ത്രീശരീരം യാത്ര ചെയ്യുന്ന പുരുഷശരീരത്തിന് തുല്യമാണെന്നും, യാത്ര ചെയ്യുന്ന സ്ത്രീ ശരീരത്തിനുമേല്‍ കടന്നു കയറാനുള്ള അവകാശം ഒരാള്‍ക്കുമില്ലെന്നും ഉള്ള ബോധം സമൂഹത്തിനുണ്ടാകണം. സമൂഹ നന്മയ്ക്ക് സഹായകരമാകുന്നതും ആര്‍ക്കും ഉപദ്രവകരമല്ലാത്തതുമായ ലൈംഗിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ സമൂഹം തയ്യാറാവണം.

മാറ്റിയിരുത്തി, വേര്‍പെടുത്തിയാലൊന്നും സദാചാര ബോധം ഉണ്ടാവില്ല. അടുത്തടുത്ത് ബഹുമാനത്തോടെയും, സൗഹൃദത്തോടെയും ഇരുന്നാലെ മനസ്സ് തെറ്റായവഴിക്ക് നീങ്ങാതിരിക്കൂ. അടുത്തിരിക്കുന്ന ആളോട് ബഹുമാനത്തോടെ ഇടപെടുക എന്നത് ഓരോവ്യക്തിയുടേയും ഉത്തരവാദിത്തമായി മാറണം. ഇത്തരം സദാചാര ചിന്തകള്‍ കുഞ്ഞുന്നാളിലേ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കാന്‍ കുടുംബവും, വിദ്യാലയങ്ങളും സജ്ജമാവണം.

പിന്‍കുറിപ്പ്: ഇക്കഴിഞ്ഞ ദിവസം കൗമാരക്കാര്‍ക്കുവേണ്ടി നടത്തിയ ലൈംഗിക വിദ്യാഭ്യാസത്തില്‍ മംഗാലാപുരം ഭാഗങ്ങളിലെ കോളജില്‍ പഠിക്കുന്ന കേരളത്തിലെ ചില പെണ്‍കുട്ടികളും ആണ്‍കുട്ടികളും പങ്കെടുത്തിരുന്നു. അവര്‍ പറഞ്ഞകാര്യം ശ്രദ്ധിക്കൂ… ‘ഇവിടുത്തെ കോളജ് കാമ്പസുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം കൈപിടിച്ച് ഒപ്പം നടക്കും. ഒപ്പം ഹോട്ടലില്‍ ചെന്ന് ഭക്ഷിക്കും, ട്രയിനില്‍ തൊട്ടടുത്തിരുന്ന് കളിയും ചിരിയും തമാശയും പറഞ്ഞ് യാത്രചെയ്യൂം. പക്ഷേ, കേരളാതിര്‍ത്തി കടന്നാല്‍ ഇതൊന്നും ഞങ്ങള്‍ ചെയ്യില്ല. ഞങ്ങള്‍ക്ക് ഭയമാണ് ഇങ്ങിനെയൊക്കെ ഇവിടെ ചെയ്യാന്‍. ഇത്തരം ഫ്രീയായിട്ടുള്ള ഇടപെടലുകള്‍ സംശയ ദൃഷ്ടിയോടെയാണ് കേരളീയര്‍ കാണുന്നത്.

കടപ്പാട്  : കൂക്കാനം റഹ്മാന്‍

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply