ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതിനു ദൈവത്തിന് സ്തുതി.
ഇന്ന് ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ അങ്കമാലി ഡീപോള്‍ കോളേജ് എത്തുന്നതിന് മുന്‍പ് ഒരു KSRTCയുടെ നിര്‍ത്താതെയുള്ള ഹോണ്‍ അടി കേട്ടാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. തൊട്ടുമുന്നില്‍ പെട്രോള്‍ കയറ്റിയ ലോറി സൈഡ് കൊടുക്കാത്തതാണ് കാരണം. ലോറിയുടെ ഇടതു വശത്തു രണ്ടു ബൈക്ക് ഉള്ളതുകൊണ്ടാണ് ഡ്രൈവര്‍ സൈഡ് കൊടുക്കാത്തതെന്നു ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. ഞാനും ബസിനോട് ചേര്‍ന്ന് ബൈക്കില്‍ ഉണ്ട്.
ഏകദേശം ഒരു മിനുട്ടിനടുത്തായപ്പോള് ആ ലോറിക്ക് സൈഡ് കൊടുക്കാന്‍ പറ്റി. ആ തക്കത്തിന് ബസ് മുന്നിലേക്ക് കയറ്റി വച്ചിട്ട് ലോറിയുമായി ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍, ബസ് ഡ്രൈവര്‍ തൊട്ടടുത്ത നിമിഷം ആ തിങ്ങി നിറഞ്ഞ യാത്രക്കാരെയും വെച്ചുകൊണ്ട് തനിക്ക് സൈഡ് തരാതിരുന്ന ആ ലോറിയുടെ നേരെ ബസ് ഒരു വെട്ടിക്കല്‍. ലോറി ഡ്രൈവര്‍ ഇടതു വശത്തേക്ക് വെട്ടിച്ചത്കൊണ്ട് മാത്രം അവിടെ വലിയൊരു ദുരന്തം ഒഴിവായി എന്ന് തന്നെ പറയാം. ലോറി നിയന്ത്രിക്കാന്‍ ഡ്രൈവര്‍ കുറച്ചു പാട് പെട്ടു. ടാങ്കര്‍ നിറയെ പെട്രോള്‍ ആണെന്ന് ഓര്‍ക്കണം.
ഞാനും പുറകെ വന്ന വണ്ടികളും പെട്ടെന്ന് തന്നെ ബ്രേക്ക് ഇട്ടു നിര്‍ത്തി. പതിയെ ലോറി വീണ്ടും നേരെ ആയി. ഞാന്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്തു കേറിയപ്പോള്‍ ആ ഡ്രൈവറെ ഒന്ന് നോക്കി. പേടിച്ചരണ്ട് ഇരിക്കുന്നുണ്ടായിരുന്നു ആ പാവം. അപ്പോഴും ഇനി ആരെ പേടിപ്പിക്കണം എന്നുള്ള വിചാരത്തോടെ ആ KSRTC സൂപ്പര്‍ഫാസ്റ്റ് കുതിക്കുന്നുണ്ടായിരുന്നു.
ഞാന്‍ പുറകെയെത്തി ആ ബസ് നമ്പര്‍ നോട്ട് ചെയ്തു. തിരുവില്ലാമല പോകുന്ന ബസ് ആണ്. RSC298 ആണ് ബസ് നമ്പര്‍. KSRTC കണ്ട്രോള് റൂമില്‍ (9447071021) വിളിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. എന്താകും എന്നറിയില്ല.
എന്റെ മനസ്സില്‍ ഇപ്പോഴും പേടിച്ചരണ്ട ആ ലോറി ഡ്രൈവറുടെ മുഖമാണ്.
By: Manuel Francis
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog