ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെ ‘ന്യൂബ്രാ വാലി’യിലേക്ക്..

വിവരണം – Biju Kumar.

യാത്രയുടെ മൂന്നാം ദിവസം ന്യൂബ്രാ വാലിയിലേയ്ക്കാണെന്നു മുൻപേ തീരുമാനിച്ചിരുന്നു. നേരെത്തെതന്നെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഇറങ്ങി. ലേയിൽ നിന്നും 150 കി. മീ. യാത്ര ചെയ്തു വേണം അവിടെയെത്താൻ. Diskit, Hunder, Tartuk, Summor, Panamik എന്നീ ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് Nubra valley. താരതമ്യേന തണുപ്പു കറുഞ്ഞ നല്ല കാലാവസ്ഥയാണിവിടെ. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൃഷിയിടങ്ങളും പച്ചപ്പും കൂടതലുള്ളത് ഇവിടെയാണ്. ന്യൂബ്ര നദിയും Shyok നദിയും ഈ താഴ്വരയിലൂടെയാണ് ഒഴുകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാതയിലൂടെയാണ് ഈ യാത്ര. (സമുദ്രനിരപ്പിൽ നിന്ന് 18379 അടി )

ശാന്തിസ്തൂപത്തിനു സമീപത്തു കൂടി യാത്രയാരംഭിച്ച് ഏകദേശം 24 KM ദൂരം പിന്നിട്ടപ്പോൾ South Pullu ചെക്ക് പോസ്റ്റിലെത്തി. ഇവിടെ നിന്നും അനുവാദം വാങ്ങിയിട്ടേ യാത്ര തുടരാനാവൂ. ഇവിടെ നിന്നങ്ങോട്ട് യാത്ര ദുർഘടമാണ്. ഇപ്പോൾ മറിഞ്ഞു വിഴുമെന്നു തോന്നിപ്പിച്ച വലിയ കല്ലുകൾ ഒരു വശത്തും അഗാധമായ താഴ്‌വര മറുവശത്തും. 18379 അടി, (റോഡു മാർഗ്ഗം എത്താൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയസ്ഥലം KHARDUNG LA PASS), ഉയർത്തിൽ നിൽക്കുമ്പോൾ, ലക്ഷദ്വീപ് യാത്രയിൽ 21000 അടി ഉയരത്തിൽ പറന്ന കാര്യം പെട്ടെന്ന് ഓർമ്മയിലെത്തി.

അന്തരീക്ഷത്തിനു പെട്ടെന്നു മാറ്റം വന്നു. ഉച്ചവെയിൽ മറഞ്ഞ് മഞ്ഞ് പൊഴിയാൻ തുടങ്ങി. താപനില താഴ്ന്നു, തണുപ്പു വല്ലാതെ കൂടി. വാഹനത്തിൽ അഭയം തേടാതെ മറ്റു നിവ്യത്തിയില്ല എന്നായി. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട പലരും ഓക്സിജൻ സിലിണ്ടറിന്റെ സാഹായം തേടുന്നുണ്ടായിരുന്നു. യാത്ര തുടരുമ്പോൾ റോഡിൽ മഞ്ഞുരുകിയ വെള്ളം ഒഴുകിപ്പോകുന്നതു കണ്ടു. ഇരുവശത്തും മഞ്ഞുപാളികളാണ്. Border Road Organisation ആണ് ഇവിടെയും റോഡിന്റെ സംരക്ഷണം നടത്തുന്നത്. യാത്രയിൽ കാണാവുന്ന Karakoram ഭാഗത്തെ മഞ്ഞുമൂടിയ കൊടുമുടികളുടെയും താഴ്‌വരകളുടെയും ദ്യശ്യങ്ങൾ അതീവഹൃദ്യമാണ്.

വീണ്ടും 15 km സഞ്ചരിച്ച് North Pullu വിൽ എത്തുമ്പോൾ യാത്രാരേഖകളുടെ പരിശേധനയുണ്ട്. ഇവിടെ നിന്നും മുന്നോട്ടുള്ള യാത്ര താരതമ്യേന നല്ലെതെന്നു പറയാവുന്ന പാതയിലൂടെയാണ്. Khardung ഗ്രാമം പിന്നിട്ട് Khalsar എന്ന ചെറിയ പട്ടണത്തിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു. പലയിടത്തും പട്ടാളക്യാമ്പുകൾ കണ്ടു. സിയാച്ചിൻ പോലുള്ള തന്ത്രപ്രധാന മേഖലകളിലേയ്ക്ക് തെരെഞ്ഞെടുക്കുന്ന സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്ന ക്യാമ്പ് Khalsar ഗ്രാമത്തിൽ കണ്ടു. ഇവിടെത്തെ കഠിനപരിശീലനം ത്യപ്തികരമായ രീതിയിൽ പൂർത്തിയാക്കുന്നവരെയാണ് ഇവിടേയ്ക്ക് നിയമിക്കുന്നത്. താഴ്‌വരയിലെത്തുമ്പോൾ റോഡ് രണ്ടായി പിരിയുന്നു. ഞങ്ങൾ വലത്തോട്ട് തിരിഞ്ഞ് Summor ഗ്രാമത്തിലെത്തി. Numbra നദിക്കരയിലാണ് ഈ ഗ്രാമം.

Summor ഗ്രാമത്തിൽ സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഉണ്ട്. ഹോട്ടലുകളോ ഹോംസ്റ്റേയോ കോട്ടേജുകളോ ടെൻറുകളോ സൗകര്യം പോലെ തെരെഞ്ഞെടുക്കാം. പച്ചപ്പുനിറഞ്ഞ വിശാലമായ തേട്ടത്തിനു നടുവിലുള്ള Silk Route Cottage ആണ് ഞങ്ങൾക്കു വേണ്ടി ഏർപ്പാടാക്കിയിരുന്നത്. മുളകൊണ്ട് തീർത്ത വ്യത്തിയുള്ള കോട്ടേജ്. കായ്ച്ചുനിൽക്കുന്ന ആപ്രിക്കോട്ട് മരങ്ങളും പൂവും കായും നിറഞ്ഞ ആപ്പിൾ ചെടികളും, കാബേജ്, കോളിഫ്ലവർ, കടുക്, ബാർലി, ചോളം, ചെറുപയർ തുടങ്ങിയ കൃഷികളും പേരറിയാത്ത ഒട്ടനവധി പൂച്ചെടികളും ഈ കോട്ടേജിനെ അതീവ സുന്ദരമാക്കുന്നു.

വൈകിട്ട് ഏതാണ്ട് 2 മണിക്കൂറോളം ആ ഗ്രാമത്തിൽ ചുറ്റിക്കറങ്ങി. ലേ യെ അപേക്ഷിച്ച് വളരെ നല്ല കാലാവസ്ഥയാണിവിടെ. ഈ നടത്തം ശരിരത്തിനും മനസിനും ഉന്മേഷം നിറച്ചു. ആബാലവൃദ്ധം ജനങ്ങൾ ഒരു ചെറുപുഞ്ചിരിയോടെ Julley എന്ന് അഭിവാദ്യം ചെയ്തു. പിന്നെപ്പിന്നെ ഞങ്ങളും Julley എന്ന് തിരിച്ചും പറയാൻ തുടങ്ങി. നമസ്തേ എന്നാണ് ഈ വാക്കിനർത്ഥം. ഗ്രാമവാസികളുടെ ആതിഥ്യമര്യാദയും സ്നേഹപ്രകടനങ്ങളും ഇപ്പോഴും മനസിൽ മായാതെ തങ്ങി നിൽക്കുന്നു. നടത്തത്തിന്റെ ഉല്ലാസവും നല്ല കാലവസ്ഥയും ഞങ്ങൾക്ക് സുന്ദരമായ ഉറക്കം സമ്മാനിച്ചു.

Summor ഗ്രാമത്തിൽ നിന്നും 24 Km അകലെയാണ് ഈ ഭാഗത്തെ അവസാനത്തെ ഗ്രാമമായ Panamik ഗ്രാമം. റോഡ് ഈ ഗ്രാമവും കഴിഞ്ഞ് NUBRA നദിയുടെ ഉത്ഭവസ്ഥാനത്തിനുമപ്പുറത്തേയക്ക് നീണ്ട് പോകുന്നുണ്ട്. സിയാച്ചിന്റെ ബേസ് ക്യാമ്പ് ഈ വഴിയിലാണ്. പക്ഷേ പട്ടാളവാഹനങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ.

പിറ്റേന്നു രാവിലെ പ്രഭാതകർമ്മങ്ങൾക്കും ഭക്ഷണത്തിനു ശേഷം Diskit ഗ്രാമത്തിലേയക്ക് യാത്ര തിരിച്ചു. ന്യൂബ്ര താഴ്‌വരയുടെ ആസ്ഥാനമാണ് Disikit. Karakoram മലനിരകളിൽ നിന്നുദ്ഭവിക്കുന്ന Nubra നദിയും Karakoram rangeൽ പെട്ട സിയാച്ചിൻ ഗ്രേസിയറി(ഹിമാനി) ൽ നിന്നും പിറക്കുന്ന Shyok നദിയും കൂടിച്ചേരുന്നതിന്റെ ഹൃദ്യമായ കാഴ്ച Diskit ലെ ബുദ്ധവിഹാരത്തിൽ നിന്നും കാണാം. ഈ നദികളുടെ താഴ്‌വരയാണ് Karakoram മലനിരകളെയും ലഡാക്ക് മലനിരകകളെയും വേർതിരിക്കുന്നത്. മൈത്രേയ ബുദ്ധന്റെ പ്രതിമയുള്ള Diskit ബുദ്ധവിഹാരമാണ് ഇവിടെത്തെ മറ്റൊരാകാർഷണം. ഇതിന് 32 മീറ്റർ (108 അടി) ഉയരമുണ്ട്. ഇത് 1420 AD ൽ Shereb Zangpo എന്ന ലാമ സ്ഥാപിച്ചതാണ്. പാക്കിസ്ഥാനു അഭിമുഖമായി ഇരിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.

ഇവിടെ നിന്നുമുള്ള താഴ്‌വരയുടെ ദൃശ്യം വാക്കുകൾക്കപ്പുറമാണ്. Shyok നദിയിൽ Nubra നദി ഒഴികിച്ചേർന്ന് ഒന്നാവുന്ന കാഴ്ചയാണ് ഇതിലേറ്റവും മനോഹരം. ഒറ്റത്തടിയായി വളരുന്ന ഒരു തരം വൃക്ഷം ഇവിടെ ധാരാളമായി കാണുന്നുണ്ട്. മര ഉരുപ്പടികളും വേലികളും വീടിന്റെ മേൽക്കൂരയും ഈ മരം കൊണ്ട് നിർമ്മിക്കുന്നുണ്ട്. Diskit ലേയക്കുള്ള യാത്രാമദ്ധ്യേ കാണുന്ന മണൽക്കൂനകൾ (Sand dunes) ഇവിടെത്തെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തെ മണൽക്കൂനകൾ ഇവിടെയാണുള്ളത്( 10500 അടി). ഇവിടെ ATV (All Terrain Vehicle) ride നുള്ള സൗകര്യമുണ്ട്.

ഇവിടെ നിന്നും ഏതാണ്ട് 7 Km മുന്നോട്ട് പോയാൽ Hunder ഗ്രാമത്തിൽ എത്താം. Shyok നദിക്കരയിലാണ് ഈ ഗ്രാമം. ഇവിടെയും Sand Dunes കാണുന്നുണ്ട്. Double-Humped Bactrian ഒട്ടകങ്ങളും അതിന്റെ പുറത്തെ സവാരിയുമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. 2010 വരെ സഞ്ചാരികൾക്ക് ഇതുവരെ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. 2010 മുതൽ അടുത്ത ഗ്രാമമായ Turtuk വരെ സഞ്ചാരികൾക്ക് പോകാൻ കഴിയും. ഇന്ത്യൻ പട്ടാളത്തിന്റെ അവസാനത്തെ outpost ഇവിടെയാണ്. ഇവിടെ നിന്നും സിയാച്ചിനിലേയ്ക്ക് യാത്രാമാർഗ്ഗമുണ്ട്.

പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവുമാണ് Nubra Valley. ധാരാളം ഫലവ്യക്ഷങ്ങളും കൃഷിയിടങ്ങളും ഈ താഴ്‌വരയെ പച്ചപ്പണിയിക്കുന്നു. Nubra നദിയുടെയും Shyok നദിയുടെയും ജലസമ്പന്നതയാണ് ഇതിനു കാരണം. ഇവയിൽ നിന്നുമുള്ള കനാലുകൾ എല്ലാ ഗ്രാമത്തിലും ജലമെത്തിയ്ക്കുന്നു. ബുദ്ധമത വിശ്വാസികളാണ് ഇവിടെത്തെ താമസക്കാരിലേറെയും. Nubra താഴ്‌വരയുടെ പടിഞ്ഞാറു ഭാഗം പാക്കിസ്ഥാൻ വരെ വ്യാപിച്ചു കിടക്കുന്നു. നടന്നു മതിയാകാതെ, കണ്ടു കൊതി തീരാതെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഞങ്ങൾ ആ ഹിമാലയൻ താഴ്‌വരയോടു വിട പറഞ്ഞു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply