ജീവിതയാത്രയില്‍ വാസന്തിക്ക് ഡബിള്‍ബെല്‍ മാത്രം; കുടുംബം പോറ്റാന്‍ വര്‍ഷത്തില്‍ 360 ദിവസം ജോലി

കണ്ടക്ടര്‍ വാസന്തിയുടെ ജോലിസമയം ഇങ്ങനെ കണക്കാക്കാം-360*16. വര്‍ഷത്തില്‍ 360 ദിവസവും 16 മണിക്കൂര്‍ ജോലിചെയ്യുന്ന വാസന്തിക്ക് അവധികളില്ല. ആരും നല്‍കാത്തതുകൊണ്ടല്ല; വിശപ്പിന് അവധി കൊടുക്കാനാവില്ലല്ലോ. തൊടുപുഴ ഡിപ്പോയിലെ കണ്ടക്ടറായ കരിമണ്ണൂര്‍ പള്ളിക്കാമുറി തെക്കേക്കര വാസന്തി എട്ടുവര്‍ഷമായി ഈ കുപ്പായം അണിഞ്ഞിട്ട്. ദിവസക്കൂലിയായതിനാല്‍ അവധിയെടുത്താല്‍ കാശുകിട്ടില്ല.

ഓണം, വിഷു തുടങ്ങിയ പ്രധാന ദിവസങ്ങളില്‍ മാത്രമാണ് അവധിയെടുക്കുന്നത്. മകളുടെ പഠനം, വീട്ടുചെലവുകള്‍… ജീവിതവഞ്ചി ഒറ്റയ്ക്കു തുഴയുന്ന വാസന്തിക്ക്്്് ചുമതലകളേറെയുണ്ട്. പൊരുതി ജീവിക്കാനുറച്ച വാസന്തിക്ക് ഈ ഇരട്ടഡ്യൂട്ടി അധികഭാരമല്ല. പുലര്‍ച്ചെ നാലിനുണരും. പാചകവും വീട്ടുജോലികളും കഴിഞ്ഞ് കൃത്യം ആറിന് ഡിപ്പോയിലെത്തണം. ഡിപ്പോയിലേക്ക് ഒരുമണിക്കൂര്‍ യാത്രയുണ്ട്. കട്ടപ്പനയ്‌ക്കോ എറണാകുളത്തിനോ ആയിരിക്കും മിക്കപ്പോഴും ഡ്യൂട്ടി. ഉച്ചകഴിഞ്ഞ്്് തിരിച്ചെത്തി അടുത്ത ഡ്യൂട്ടിക്ക് ടിക്കറ്റ്് നല്‍കും. രാത്രി ഒന്‍പതു മണിക്കുള്ള ബസ്സില്‍ വീട്ടിലേക്ക്്്്്്.

ksrtc-lady-conductor

72 വയസ്സുള്ള അമ്മയും ബി.ബി.എ. വിദ്യാര്‍ഥിനിയായ മകളും വാസന്തിയെ കാത്തിരിപ്പുണ്ടാകും. പിന്നെ കണ്ടക്ടര്‍കുപ്പായം അഴിച്ചുവെച്ച്്് വീട്ടമ്മയുടെ റോളിലേക്ക്്്. മകള്‍ക്ക്്് ഏഴുമാസം പ്രായമുള്ളപ്പോള്‍ വാസന്തിയെ ഭര്‍ത്താവ് ഇട്ടിട്ടുപോയതാണ്. ചെറിയൊരു വീടുകെട്ടിയതിന്റെ കടം വീട്ടാനുണ്ട്. മകളെ പഠിപ്പിക്കണം. ഇനിയുമേറെ ടിക്കറ്റ്് നല്‍കിയാലേ ജീവിതം ഒരു കരയ്‌ക്കെത്തൂ. മുമ്പ് പ്രീപ്രൈമറി ടീച്ചറായി ജോലിചെയ്തിരുന്ന ഇവര്‍ക്ക്്് 750 രൂപയായിരുന്നു ശമ്പളം. അതുകൊണ്ടാണ് എട്ടുവര്‍ഷം മുന്‍പ്, സ്ത്രീകളാരും കടന്നുവരാത്ത മേഖലയായിരുന്നിട്ടും വാസന്തി കണ്ടക്ടര്‍ജോലി ഏറ്റെടുത്തത്. ഒരുദിവസം രണ്ടു ഡ്യൂട്ടിയെടുത്താല്‍ 720 രൂപ കിട്ടും.

കണ്ടക്ടര്‍മാരുടെ കുറവുകാരണം എപ്പോഴും ജോലിയുണ്ടാകും. വാസന്തിയെപ്പോലുള്ളവര്‍ അധികജോലി ചെയ്യുന്നതിനാല്‍ കുറെയൊക്കെ സര്‍വീസുകള്‍ മുടക്കംകൂടാതെ ഓടിക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് ഉദ്യോഗസ്ഥര്‍. എങ്കിലും എംപാനല്‍ ജീവനക്കാരിയായ വാസന്തി, ജോലി സ്ഥിരമായി കിട്ടിയിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയിലാണ്. യാത്രക്കാര്‍ക്കു പ്രിയങ്കരിയാണ് വാസന്തി. ഒരിക്കല്‍ ടിക്കറ്റ് റാക്ക് മോഷണംപോയതാണ്, ഇത്രകാലത്തെ സര്‍വീസിനുള്ളില്‍ വാസന്തിയെ അലട്ടുന്ന സങ്കടം. മോഷ്ടാവിന് ഉപകാരമില്ലാഞ്ഞിട്ടും അറുപതിനായിരത്തോളം രൂപ വിലയുള്ള ഈ റാക്ക് തിരികെ കിട്ടിയില്ല.

News: Mathrubhumi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply