തിരുവനന്തപുരം: പുരാവസ്തു വകുപ്പിന്റെ മെല്ലെപ്പോക്ക് നയത്തെതുടര്ന്ന് കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിലെ മതില് തകര്‍ന്ന് മലിന ജലം റോഡിലേക്ക്. മലിന ജലത്തില്‍ വാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടാകുന്നത് പതിവാകുന്നു.

പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള വെട്ടിമുറിച്ച കോട്ടയുടെ അനുബന്ധമതിലിന്റെ ഒരു ഭാഗം നിലം പതിച്ചിട്ട് ദിവസങ്ങളായി. മതിലിനുള്ളിലാണ് കെഎസ്ആര്‍ടിസി സിറ്റിവിഭാഗത്തിന്റെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. വര്‍ക്ക് ഷോപ്പിന്റെ സര്‍വ്വീസ് സെന്റര്‍ വിഭാഗം പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മതില് പൂര്‍ണ്ണമായും നിലം പതിച്ചു. ഇതോടെ ഇഷ്ടിക കഷണങ്ങളും കരിങ്കല്ലും മതിലിനു സമീപത്തെ ഓടയിലേക്ക് വീണ് മലിന ജലം ഒഴുകിപോകുന്നതിന് തടസ്സം നേരിട്ടു.
കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍നിന്നുള്ള ഓയില്‍ കലര്‍ന്ന വെള്ളവും ബസ്സുകള്‍ വൃത്തിയാക്കുന്ന വെള്ളവുമായി കൂടിക്കലര്‍ന്ന് മലിന ജലം പുറത്തേക്ക് ഒഴുകി തുടങ്ങി. ഇടിഞ്ഞു വീണ മതിലിന്റെ കരിങ്കല്ലുകള്‍ മാറ്റി ചെറിയ കുഴിയെടുത്ത് വെള്ളം റോഡിലേക്ക് പോകാതെ തടഞ്ഞു നിറുത്തിയെങ്കിലും മഴസമയങ്ങളില്‍ കുഴിനിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാകുന്നു. അതോടൊപ്പം മഴയത്ത് മണ്ണ് അടിഞ്ഞ് കുഴിയും നികന്നു. റോഡിലേക്ക് ഒഴുകുന്ന മലിനജലം ഓയില്‍ കലര്‍ന്നതായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീഴുന്നത് പതിവാകുന്നുണ്ട്.
വെട്ടിമുറിച്ച കോട്ടയും അനുബന്ധ സ്ഥാപനങ്ങളും പുരാവസ്തു വകുപ്പിന്റെ അധീനതയിലായതിനാല്‍ മതില് പുനര്‍നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിക്ക് അധികാരമില്ല. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടതിനുസരിച്ച് മതില്‍നിര്‍മ്മാണത്തിന് പുരാവസ്തു വകുപ്പ് എസ്റ്റിമേറ്റ് എടുത്ത് പോയതല്ലാതെ തുടര്‍നടപടികള്‍ ഒന്നും കൈക്കൊണ്ടിട്ടില്ല. മതില് ഇടിഞ്ഞതോടെ വര്‍ക്ക്ഷോപ്പിന്റെ സുരക്ഷിതത്വവും പ്രശ്നമായി.
ഒരു ഭാഗം തുറന്ന് കിടക്കുന്നതിനാല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ളവ കടത്തികൊണ്ടു പോകാന്‍ സാധ്യതയുണ്ട്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രത്യേക സെക്യൂരിറ്റിയെ നിയമിക്കേണ്ടതായി വരുന്നു. തകര്‍ന്നു വീണ മതിലിന്റെ അവശിഷ്ടങ്ങള്‍ കാല്‍നടപ്പാതയും കടന്ന് റോഡിലേക്കാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
News : Janmabhoomi Daily
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog