തിരുവണ്ണാമലൈ യാത്രയിൽ കണ്ടുമുട്ടിയ തമിഴ് അഴകികള്‍…

വിവരണം – എച്ച്മു കുട്ടി. (പ്രസിദ്ധ എഴുത്തുകാരി).

അതിരാവിലെ ചെന്നൈയിലെ കോയംമേട് ബസ് സ്റ്റാന്‍ഡില്‍ ചെന്ന് എണ്‍പത്തേഴു രൂപയുടെ ടിക്കറ്റുമെടുത്ത് ഒരു സാധാരണ സ്റ്റേറ്റ് ട്രാന്‍ സ്‌പോര്‍ട്ട് ബസ്സിലാണ് തിരുവണ്ണാമലൈക്കു പോയത്. പൊടിയും അഴുക്കും ചെളിയും നിറഞ്ഞ ആ ബസ്സില്‍ നിറച്ചും യാത്രക്കാരുണ്ടായിരുന്നു. സ്‌പോഞ്ചെല്ലാം ചപ്പിപ്പോയ പഴയ സീറ്റുകളില്‍ അവര്‍ ഒതുങ്ങി ഞെരുങ്ങിയിരുന്നു. അഞ്ചുമണിക്കൂര്‍ തീര്‍ത്തും ഓടിയാലേ തിരുവണ്ണാമലൈയിലെത്തൂ എന്നാണ് കണ്ടക്ടര്‍ അറിയിച്ചത് . അതു കഴിഞ്ഞ് അദ്ദേഹം തമിഴ് സിനിമാഗാനങ്ങള്‍ പാടിക്കാന്‍ തുടങ്ങി.. അമൈതിയാന നദിയിനിലേ ഓളമെന്നും രാജാവിന്‍ പാര്‍വൈ റാണിയിന്‍ പക്കമെന്നും ആരംഭിച്ച് മച്ചാനെ പാത്തിങ്കളാ എന്ന് ചോദിച്ച് എന്‍ വീട്ടുത്തോട്ടത്തിന്‍ പൂവെല്ലാം കേട്ടുപ്പാര്‍ എന്നറിയിച്ച് … അങ്ങനെ അങ്ങനെ.. എല്ലാം അതി മനോഹരമായ ഗാനങ്ങള്‍ തന്നെയായിരുന്നു.

ബസ് പുറപ്പെടുന്നതിനു തൊട്ടു മുന്‍പാണ് നാലഞ്ചു സ്ത്രീകള്‍ വന്നു കയറിയത്. അവര്‍ കറുപ്പഴകികള്‍ .. മെഴുക്ക് നിറഞ്ഞ മുടിയില്‍ ധാരാളമായി മുല്ലപ്പൂവും ജാതിമല്ലിയും കനകാംബരവും ചൂടിയ തമിഴത്തികള്‍. കിലുകിലാരവം പൊഴിക്കുന്ന കുപ്പിവളകളും തമിഴ് സിനിമകളില്‍ കാണാറുള്ള ഗ്രാമീണ യുവതികളുടെ ച്ഛായയും നിലയ്ക്കാത്ത സംസാരവും ആഹ്ലാദം കലര്‍ന്ന പൊട്ടിച്ചിരിയും അവരെ ബസ്സിലെ കൌതുകമാക്കി. കാരണം അതിരാവിലെ പുറപ്പെടുന്ന ആ ബസ്സില്‍ അധികവും പുരുഷന്മാരായിരുന്നു യാത്രക്കാര്‍. അവര്‍ വളരെ ഗൌരവപൂര്‍ണമായ മുഖത്തോടെ ഉറക്കം തൂങ്ങിക്കൊണ്ടിരുന്നു.

ഹൈവേയില്‍ ഭയങ്കരമായ തിരക്ക് ആരംഭിച്ചിരുന്നില്ല. തമിഴത്തി സ്ത്രീകള്‍ തുറന്നു വെച്ച ജനലിലൂടെ അകത്തു കയറിയ കുളിരുള്ള കാറ്റ് ബസ്സിനെ ശരിക്കും തണുപ്പിച്ചു. ഹൈവേയ്ക്കപ്പുറം തഴച്ചു വളരുന്ന കാറ്റാടികളും കരിമ്പനകളും കാറ്റില്‍ ആടിയുലയുന്നതു കാണാമായിരുന്നു. റോഡിന്റെ വശങ്ങളിലായി പലയിടത്തും ധാരാളം ഗ്രൌണ്ടുകള്‍ അടയാളപ്പെടുത്തി ഹൌസ് പ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. അവയില്‍ നല്ല വ്യാപാരവും കൊഴുക്കുന്നുണ്ടാവണം. വ്യവസായം (കൃഷി) ചെയ്യുന്നതല്ല വയല്‍ മുറിച്ച് ഹൌസ് പ്ലോട്ടുകളായി വില്‍ക്കുന്നതാണ് ലാഭമെന്ന് തമിഴനും മനസ്സിലാക്കിക്കഴിഞ്ഞു.

തമിഴനും തെലുങ്കനും കൃഷി ചെയ്യുന്നത് നിറുത്തിയാല്‍ ദക്ഷിണേന്ത്യയുടെ ധാന്യപ്പുരകള്‍ ശൂന്യമാവുമല്ലോ. അപ്പോള്‍ ഗോതമ്പ് മുഖവും വീര്‍പ്പിച്ച് പിറുപിറുത്തുകൊണ്ട് അരിയുടെ സ്ഥാനം ഏറ്റെടുക്കുമായിരിക്കുമെന്ന് ഞാന്‍ കരുതി. ‘അക്കാ അക്കാ പാരുങ്കളേ… ‘ എന്ന ഉച്ചത്തിലൂള്ള വിളിച്ചു കൂവലും അതിനു കേട്ട മറുപടിയുമാണ് എന്റെ കാടുകയറിത്തുടങ്ങിയിരുന്ന ധാന്യചിന്തകളെ ഉലച്ചത്. അതിരുകളിലെ കടും പച്ച നിറത്തിലുള്ള സസ്യഭംഗിയെ ചൂണ്ടിക്കാട്ടി… വയലുകളുടുത്ത ഇളം പച്ചപ്പാവാടയില്‍ കാറ്റ് ഓളം മെനയുന്നതും ഉദയശോഭ കസവുടുപ്പിക്കുന്നതും നോക്കി … വെളുത്ത കൊക്കുകള്‍ തൂവല്‍ കുടയുന്നത് കണ്ട് … അതിന്റെ സൌന്ദര്യത്തെ തന്റെ കൂട്ടുകാരിക്ക് പരിചയപ്പെടുത്തുന്ന തമിഴ് മൊഴിയായിരുന്നു അത്… അതില്‍ നിഷ്‌ക്കളങ്കമായ ആഹ്ലാദം തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു.

അതെല്ലാം കാണാന്‍ നിര്‍ബന്ധിക്കല്ലേയെന്നും ഇപ്പോഴത്തെ ജീവിതം മാറ്റിവെച്ച് ആ സൌന്ദര്യക്കാഴ്ചകളിലേക്ക് കൂപ്പുകുത്തുമെന്നും അവരുടെ കൂട്ടത്തിലെ അക്കാ മറുപടി പറഞ്ഞപ്പോള്‍ ഞാന്‍ സ്തബ്ധയായിരുന്നു പോയി…തികച്ചും ആത്മാര്‍ഥതയോടെ ഉച്ചരിക്കപ്പെട്ട ആ ലാവണ്യദര്‍ശനം എന്നെ അമ്പരപ്പിച്ചു. അവര്‍ അരുണാചലേശ്വരനെ കാണാന്‍ പോവുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും മക്കളില്‍ നിന്നും അവധി എടുത്ത് തിരുവണ്ണാമലൈക്കു പുറപ്പെട്ടിരിക്കുകയാണ്.

വൈകുന്നേരമേ ചെന്നൈയിലേക്ക് മടങ്ങി വരൂ. തീര്‍ഥയാത്രയായതുകൊണ്ടാണ് അഞ്ചാറു സ്ത്രീകള്‍ ഒന്നിച്ചായതുകൊണ്ടാണ് അനുവാദം കിട്ടിയെതന്നും ഇടയ്ക്കിടെ മൊബൈല്‍ ഫോണില്‍ വിളിച്ച് വിവരമറിയിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യാത്ര നിറുത്തി മടങ്ങി വരാന്‍ ആവശ്യപ്പെട്ടാല്‍ ഏതു നിമിഷവും തിരിച്ചെത്തണമെന്നു കൂടി ഭര്‍ത്താക്കന്മാര്‍ കട്ടായപ്പെടുത്തീട്ടുണ്ടത്രേ. ‘അവങ്ക സീട്ടാട പോകുമ്പോഴുത് കൂടെ ഇപ്പടി കട്ടായപ്പെടുത്ത മുടിയുമാ?’ (അവര്‍ ചീട്ടുകളിക്കാന്‍ പോകുമ്പോള്‍ പോലും ഇങ്ങനെയൊക്കെ നിര്‍ബന്ധിക്കാനാവുമോ?) എന്ന ഒരുവളുടെ ചോദ്യത്തിനു അക്കാ പറഞ്ഞ മറുപടി ഇതായിരുന്നു.

ഭാര്യ വീട് വിട്ടിറങ്ങിയാല്‍ ഉടനെ ഭര്‍ത്താക്കന്മാര്‍ക്ക് ഉള്ളില്‍ പേടി ആരംഭിക്കും. അതു ഭാര്യയെ ആരെങ്കിലും ഉപദ്രവിക്കുമോ എന്നാലോചിച്ചിട്ടൊന്നുമല്ല. ആ പേടിയാണെങ്കില്‍ ഏതു പെണ്ണ് ഉപദ്രവിക്കപ്പെട്ടാലും കുറ്റം പെണ്ണിന്റെയാണെന്ന് സ്ഥാപിക്കാന്‍ ആണുങ്ങള്‍ ഇത്ര വ്യഗ്രതപ്പെടുമായിരുന്നില്ലല്ലോ. ഉപദ്രവിച്ച ആണിനെ പല തരത്തില്‍ ന്യായീകരിക്കുകയില്ലല്ലോ. ആ സാമൂഹ്യ പരിതസ്ഥിതി മാറ്റാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയല്ലേ ചെയ്യുക? പുറത്തിറങ്ങിയാല്‍ ഭാര്യ സ്വാതന്ത്ര്യം തേടുകയാണോ എന്നാണവരുടെ പേടി. അതുകൊണ്ടാണ് അധികാരി ഭാവത്തിന്റെ പുതിയ ആയുധമായി ഇപ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കയറ്.

പഠിച്ചവളായതുകൊണ്ടാണ് എനിക്കിങ്ങനെ തനിച്ച് യാത്ര ചെയ്യാന്‍ പറ്റുന്നതെന്ന് മറ്റൊരുവള്‍ പറഞ്ഞപ്പോള്‍ അക്കാ പുഞ്ചിരിയോടെ തിരുത്തി… യാത്രയുടെ വിത്തുകള്‍ കൂടി ഉള്ളിലുണ്ടെങ്കിലേ അതു പറ്റൂ. അല്ലെങ്കില്‍ എത്ര സൌകര്യം കിട്ടിയാലും നൂറായിരം തടസ്സം കണ്ടുപിടിക്കാന്‍ കഴിയും… പുരുഷന്മാര്‍ക്ക് യാത്രകള്‍ നമ്മേക്കാള്‍ എളുപ്പമാണ് … എന്നിട്ടും അവരില്‍ എത്രപേര്‍ അങ്ങനെ യാത്രകള്‍ ചെയ്യുന്നുണ്ട്? ‘ആമാം. അവങ്ക ഇടിച്ച പുളിയാട്ടം വീട്ട്ക്കുള്ളേ പട്ക്ക്‌റതും നറ്യെ പാത്ത് രുക്കീങ്കളേ'(അവര്‍ ഇടിച്ചു വെച്ച പുളി പോലെ വീട്ടിനുള്ളില്‍ കിടക്കുന്നതും ധാരാളം കണ്ടിട്ടുണ്ടല്ലോ ) എന്ന് എല്ലാ സ്ത്രീകളും ഒന്നിച്ച് കുലുങ്ങിച്ചിരിച്ചപ്പോള്‍ ഉറക്കം തൂങ്ങിയിരുന്ന പുരുഷന്മാരില്‍ച്ചിലര്‍ ഞെട്ടിയുണര്‍ന്ന് മിഴിച്ചു നോക്കി..

ബസ്സില്‍ പെണ്‍മണം നിറഞ്ഞു തൂവുകയായിരുന്നു.. സ്വാതന്ത്ര്യത്തിന്റെ കുറച്ചു യാത്രാ മണിക്കൂറുകള്‍ അഴകോടെ പീലി വിടര്‍ത്തുകയായിരുന്നു.. ആഹ്ലാദവും പൊട്ടിച്ചിരിയുമായി…കുപ്പിവളക്കിലുക്കവും പൂമണവുമായി…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply