വിവരണം – ജിംസൺ ജോൺ.
കല്ല്യാണിയുടെ നാട്ടിലേക്ക്… വേണുമാഷിന്റെയും ഭദ്രന്റെയും അന്നയുടെയും നാട്ടിലേക്ക്… ഒരു ഓർഡിനറി യാത്ര… അതേ ഇവരെയൊക്കെ പരിചയപ്പെട്ട നാൾ മുതൽ തുടങ്ങിയതാണ് അവളോടുള്ള പ്രണയം, അതായത് ഓർഡിനറി സിനിമ കണ്ട നാൾ മുതൽ. ആ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന പല ഭാഗങ്ങളും അവൾക്കു സ്വന്തമല്ലെന്നറിഞ്ഞിട്ടും അവളോടുള്ള എന്റെ പ്രണയത്തിനു തെല്ലും കുറവുണ്ടായിരുന്നില്ല. മനസ്സിൽ അതങ്ങനെ മായാതെ കിടന്നിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഗവിക്ക് പോയാലോ എന്നുള്ള സജ്ജഷനുമായി യാത്രകളെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകാരൻ സമീപിച്ചത്. ഗവി എന്ന് കേട്ടതും പിന്നെ വേറെയൊന്നും ആലോചിച്ചില്ല. ചൊവ്വാഴ്ചത്തെ ഓഫും ബുധനാഴ്ച വീണുകിട്ടിയ കോമ്പെൻസെറ്ററി ഓഫും കയ്യിലിരിക്കുമ്പോൾ വേറേ എന്തു ചിന്തിക്കാൻ… പിന്നെ എല്ലാം പെട്ടെന്നായിരുന്നു… അധികമാരോടും പറയാതെ മുങ്ങാമെന്നായിരുന്നു ആദ്യ പ്ലാൻ..
ഡ്യൂട്ടിയും കഴിഞ്ഞ് കൊരട്ടിയിൽ നിന്നും വന്ന വഴി ജെട്ടിയിൽ ഇറങ്ങി അവിടെ വെച്ചൊരു ചെറിയ രൂപരേഖ തയ്യാറാക്കൽ.. ഗവിക്കുള്ള ആദ്യ യാത്ര ആയതിനാൽ സംശയങ്ങൾ ഏറെ.. ബൈക്ക് തരപ്പെട്ടാൽ, കാലാവസ്ഥയും ഒക്കെ ഓക്കേ ആണെങ്കിൽ പത്തനംതിട്ട വരെ ബൈക്ക്, പിന്നങ്ങോട്ട് ബസ് അങ്ങനെ ആയിരുന്നു പ്ലാനിംഗ്. പിന്നെ പോകാനിറങ്ങിയപ്പോൾ പ്ലാനാകെ മാറി.. കയ്യിൽ കിട്ടിയവരെ എല്ലാം വിളിച്ചു കൂട്ടി അവസാനം ഞങ്ങൾ ഏഴംഗ സംഘം വൈകിട്ടു 6.30 ന് യാത്ര പുറപ്പെട്ടു. യാത്രകളെ പ്രണയിക്കാനും പ്രകൃതിയെ താലോലിക്കാനും ആഗ്രഹിക്കുന്നവർ.. ബൈക്ക്, എണ്ണത്തിൽ ഒന്നു കുറവായിരുന്നതിനാൽ കുറച്ചു ദൂരം (പൂപ്പള്ളി വരെ) ഒരു വണ്ടി ട്രിപ്ൾസ് വെക്കേണ്ടി വന്നു. മുൻപേ പോയവരുടെ അപായ സൂചനാ ഫോൺ വിളി ഞങ്ങളുടെ ചെവികളിൽ എത്തുന്നത്തിനു മുൻപേ ഞങ്ങളും ചെന്ന് കേറിക്കൊടുത്തു പോലീസിന്റെ വായിലേക്ക്..
ട്രിപ്ൾസ് വെച്ച ഞങ്ങളെ തടഞ്ഞു നിർത്തുന്നത് സ്വാഭാവികം, എന്നാൽ ഞങ്ങൾക്ക് മുൻപേ പോയ ഞങ്ങളുടെ അകമ്പടി വാഹനത്തിനെ എന്തിനാണ് പോലീസ് തടഞ്ഞു നിർത്തി വിരട്ടുന്നതെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല. ഒരുത്തനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോളാണ് കാര്യം മനസ്സിലായത്.. ഞങ്ങളുടെ യാത്രയിൽ അവസാനം ജോയിൻ ചെയ്ത ആളാണ് കക്ഷി.. പാവം പണി കഴിഞ്ഞു വരുന്ന വഴി ഒരു ബിയർ അകത്താക്കിയായിരുന്നത്രെ.. കൂടെ പുറകിൽ ഇരുന്നവൻ പോലും ഊതിക്കുന്ന മെഷീന്റെ ചൂളം വിളി കേട്ടപ്പോളാണ് സംഭവം അറിയുന്നത്.. പിന്നെ, ആനവണ്ടിയിൽ ഗവി കാണാൻ ഒരുങ്ങിപ്പുറപ്പെട്ട ഞങ്ങൾ പോലീസ് വണ്ടിയുടെ അകമ്പടിയോടെ നേരെ നെടുമുടി പോലീസ് സ്റ്റേഷനിലേക്ക്… ട്രിപ്ൾസ് വെച്ച ഞങ്ങൾക്ക് പിഴയും, മുൻപ് പറഞ്ഞ വിരുതന്റെ പേരിൽ ഒരു കേസും.. അറസ്റ്റ്, മഹസർ, സീഷർ… അങ്ങനെ ആകെ മൊത്തം ഒരു ആക്ഷൻ ഹീറോ ബിജു ബാക്ക്ഗ്രൗണ്ട്.. പണ്ട് അവിടുണ്ടായിരുന്ന ഒരു സി ഐ യുടെ പരിചയപ്പുറത്ത് വണ്ടി തിരിച്ചു തന്ന് ഗവി യാത്രക്ക് എല്ലാവിധ ആശംസകളും ഒപ്പം “സൂക്ഷിച്ചൊക്കെ പോയിട്ട് വാ” എന്നൊരു ഉപദേശവും നൽകി ജനകീയ പോലീസ്.. ശേഷം നാല് വണ്ടികളിലായി ഞങ്ങൾ ഏഴംഗ സംഘം യാത്ര തുടർന്നു..
തിരുവല്ല വഴി നേരെ പത്തനംതിട്ട.. അവിടെ എത്തിയപ്പോൾ സമയം രാത്രി 10.00 മണി. അല്ലറ ചില്ലറ കലാപരിപാടികൾക്ക് ശേഷം ബസ്റ്റാന്റിനടുത്ത് ഒരു തട്ടുകടയിൽ കയറി തട്ട് ദോശയും ഓംലെറ്റും തട്ടി അടുത്തൊരു ലോഡ്ജിൽ റൂമുമെടുത്ത് അവിടെ കൂടി. പുലർച്ചെ 6.30_നാണു ഗവിക്കുള്ള ബസ്.. പത്തനംതിട്ടയിൽ നിന്നും കുമിളിയിൽ നിന്നും ദിവസത്തിൽ ഈരണ്ട് സർവീസ് മാത്രമാണ് ഇവിടെക്കുള്ളത്.. തിരക്കാണെങ്കിലോ..?, ആദ്യം ചെല്ലണം, വിൻഡോ സീറ്റുകൾ പിടിക്കണം. ആദ്യ യാത്രയായതിനാൽ തിരക്കിനെക്കുറിച്ചൊന്നും ഒരു പിടിയുമില്ലല്ലോ. ബൈക്കും ഹെൽമെറ്റുമൊക്കെ ലോഡ്ജിൽ പറഞ്ഞ് ഏല്പിച്ചിട്ട് 6 മണിക്ക് ബസ് സ്റാൻഡിലേക്കിറങ്ങി.. 6.15_നേ ബസ് സ്റ്റാൻഡിൽ പിടിക്കൂ എന്ന് അന്വേഷണത്തിൽ നിന്നും മനസ്സിലായി.. ഇടദിവസങ്ങളിൽ തിരക്ക് കുറവായിരിക്കുമത്രേ.. ആശ്വാസം..
നമ്മുടെ K.S.R.T.C_യുടെ പഴയ ചുവന്ന പെയിന്റ് അടിച്ച ആനവണ്ടി “ഗവി” എന്ന ബോർഡും വെച്ച്, വണ്ടിനിറയെ സാധനങ്ങളുമൊക്കെയായി സിനിമയിൽ കണ്ടതുപോലെ ഒരു സീനായിരുന്നു മനസിൽ… എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ഒരു ചെറിയ വേനാട് മോഡൽ വണ്ടി.. കുമളി ബോർഡും വെച്ചു ചിഹ്നം വിളിച്ചു ഗജരാജ പ്രൗഢിയോടെ അതാ കടന്നു വരുന്നു…RAC 497, PTA, KL15 7654… ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഇടക്ക് എവിടെയോ നിർത്തിത്തരുമെന്ന് അറിഞ്ഞിരുന്നാൽ ബസ്റ്റാന്ഡിലെ ചായക്കടയിൽ നിന്നും ഓരോ ചൂട് ചായ മാത്രം വേഗത്തിൽ കുടിച്ച് നല്ല സീറ്റുകൾ തിരഞ്ഞെടുത്ത് ഞങ്ങൾ കാത്തിരുന്നു.. “ഇരവിക്കുട്ടൻപിള്ള”യുടെയും “സുകു ഡ്രൈവറി”ന്റെയും കിടിലൻ എൻട്രിക്കുവേണ്ടി..
കൃത്യം 6.30 ന് തന്നെ വണ്ടി സ്റ്റാൻഡിൽ നിന്നെടുത്തു. തിരക്ക് നന്നേ കുറവായിരുന്നു. ശനി, ഞായർ ദിവസങ്ങളിലേ തിരക്കുണ്ടാവാറുള്ളത്രെ. ഗവി കാണാൻ ഇറങ്ങിപ്പുറപ്പെട്ടവരായി അതിൽ ഉണ്ടായിരുന്നത് ഞങ്ങൾ ഏഴു പേരും പിന്നെ ചെങ്ങന്നൂർകാരായ രണ്ടു ചങ്ങായിമാരും പിന്നെ വിനയ് എന്ന് പേരുള്ള ഒരു പത്തനംതിട്ടക്കാരനും. പത്തനംതിട്ടക്കാരൻ ആയിരുന്നിട്ടുപോലും കക്ഷി ഇതുവരെ ഗവി കണ്ടിട്ടില്ലത്രേ… (ആലപ്പുഴക്കാരനായിരുന്നിട്ടും വള്ളംകളി കണ്ടിട്ടില്ലെന്നു പറയുന്നവരെ ആണെനിക്ക് ഓർമ വന്നത്.. ). ചെങ്ങന്നൂർകാരിൽ ഒരുവൻ ഫോട്ടോഗ്രാഫർ ആണെന്ന് തോന്നുന്നു.. ക്യാമറ കയ്യിൽ കരുതിയിരുന്നു… പിന്നെ ആ ബസിൽ മുഴുനീള യാത്രക്കാരായി ഉണ്ടായിരുന്നത് കറുത്ത പർദ്ദയിട്ട ഒരു മുസ്ലിം സ്ത്രീയും, മേലപ്ര സ്റ്റോപ്പിൽ നിന്നും കയറിയ മൂന്ന് കന്യസ്ത്രീകളും.. ടിക്കറ്റ്, ആളൊന്നിന് 94 രൂപാ.. ടിക്കറ്റിന്റെ പടമെടുത്ത് വാട്സപ്പ് സ്റ്റാറ്റസ് ആക്കി പുറത്തെ സൗന്ദര്യം ആസ്വദിക്കാൻ തീരുമാനിച്ചു. ആങ്ങമൂഴി വരെ കണ്ണുകളെ തൃപ്തിപ്പെടുത്താനുതകുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടെ ഉണ്ടായിരുന്ന ഓരോരുത്തരും ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയിരിക്കുന്നു.. തന്റെ കാമറ കണ്ണുകളിലൂടെ ഗവിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ സ്വന്തം ഫോട്ടോഗ്രാഫറാണ് മുൻപിലത്തെ സീറ്റിലിരുന്ന് ഉറക്കത്തിനു തുടക്കമിട്ടത്. 8.00 മണിയോടുകൂടി ആങ്ങമൂഴിയിലെത്തി. ബ്രേക്ഫാസ്റ് കഴിക്കാനായി വണ്ടി അവിടെ നിർത്തി.. നമ്മുടെ കോംബോ ഡ്രൈവറും കണ്ടക്ടർ സാറും കയറിയ അതേ ഹോട്ടലിൽ തന്നെ ഞങ്ങളും കയറി.. ഗവിയിൽ ചെന്നാൽ കഴിക്കാനും കുടിക്കാനും കിട്ടാൻ ഒരു വഴിയുമില്ലെന്ന മുന്നറിയിപ്പ് കണ്ടക്ടർ നല്കിയിരുന്നതിനാൽ അത്യാവശ്യം ഫുഡ് ഐറ്റംസ് ഒക്കെ അവിടെ നിന്നും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.
കുറച്ചുകൂടെ മുൻപോട്ട് ചെന്ന ശേഷം നമ്മുടെ ആനവണ്ടി ഒരു വളവു വീശിയെടുത്ത് ഒറ്റപ്പെട്ട വഴിയിലേക്ക് കയറുകയായി… അവിടെ തുടങ്ങുന്നു കാഴ്ചയുടെ മാസ്മരികത… എന്റെ സാറേ, ഒരു രക്ഷയുമില്ല, ഹെവി… കൊടും വനത്തിലൂടെ ഒരു സാഹസിക യാത്ര എന്ന് തന്നെ പറയണം, മുൻപിലുള്ള വഴി പോലും എവിടേക്കാണെന്ന് മനസ്സിലാവാത്ത വിധം വളവുകളും തിരിവുകളും തിങ്ങി നിറഞ്ഞ മരങ്ങളും.. ഡ്രൈവർക്ക് നന്നേ പണിയുണ്ട്, കഷ്ടിച്ചു ഒരു വണ്ടിക്ക് കടന്നുപോകാനുള്ള വീതിയെ ഉള്ളൂ.. മുൻപോട്ട് പോകും തോറും ഉള്ള വീതിയും കുറഞ്ഞു വരുന്നു… കല്ലുകളും കുഴികളും നിറഞ്ഞ ഒരു ഓഫ്റോഡ് യാത്രാ അനുഭവം. മരച്ചില്ലകൾ വകഞ്ഞുമാറ്റി നമ്മുടെ വണ്ടി അങ്ങനെ മുൻപോട്ട് നീങ്ങുന്നു.. കയ്യും തലയും പുറത്തിട്ടാൽ അപകടം ഉറപ്പ്.. സൂക്ഷിച്ചിരുന്നില്ലെങ്കിൽ ചില്ലകൾ മുഖത്തടിക്കും, തീർച്ച.. ഏതു സമയത്തും കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടേക്കാവുന്ന വന്യമൃഗ സാന്നിധ്യം യാത്രയിലുടനീളം ഞങ്ങളുടെ ആകാംഷ കൂട്ടിക്കൊണ്ടേയിരുന്നു. പെട്ടെന്നാണ് ഒരു കാട്ടുപോത്തിന്റെ കൂട്ടത്തെ കണ്ടുവെന്ന് പറഞ്ഞു കണ്ടക്ടർ സിംഗിൾ ബെല്ലടിച്ചു വണ്ടി നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങി പുള്ളി സഞ്ചരിച്ച വഴികളിലൂടെ ഞങ്ങളും സഞ്ചരിച്ചു.. “പുഴുവുണ്ട് സൂക്ഷിക്കണം” എന്നുള്ള മുന്നറിപ്പ് വന്നു.. (പുഴു എന്നാൽ അട്ടയെ ആണ് ഉദ്ദേശിച്ചിരിക്കുന്നത്). അതാ അങ്ങകലെയായി ഒരു കാട്ടുപോത്ത്… പുള്ളി, ഒരു കൂട്ടത്തിനെ കണ്ടുവത്രെ.. ഞങ്ങൾക്ക് അതിലൊന്നിനേ കാണാൻ സാധിച്ചുള്ളൂ. അവിടെ തുടങ്ങി പുതിയൊരു കഥാപാത്രം കൂടി രംഗപ്രവേശം ചെയ്യുകയായി.. അതേ.. നമ്മുടെ അട്ട തന്നെ.. ഇനിയങ്ങോട്ട് പലയിടങ്ങളിലായി പലരും ഇവന്റെ രക്തദാഹത്തിനു പാത്രങ്ങളായിട്ടുണ്ട്.. കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഡബിൾ ബെല്ലടിച്ചു വണ്ടി വീണ്ടും മുന്നോട്ട്…
കണ്ണെത്താ ദൂരത്തു പടർന്നു കിടക്കുന്ന പച്ചപ്പട്ടു വിരിച്ച വിശാലമായ മലനിരകൾ.. അതിനെ വാരിപ്പുണർന്ന മൂടൽമഞ്ഞും, മലനിരകൾക്കു മീതെയായി കോടമഞ്ഞു താലോലിച്ചു നിൽക്കുന്ന മേഘങ്ങൾ, മേഘങ്ങൾക്കിടയിൽ ഏഴുവർണങ്ങൾ ചാലിച്ചെഴുതിയ ഒരുഗ്രൻ മഴവില്ല്.. അത് ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ഇത്രയും ഭംഗിയുള്ള മഴവില്ല് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ എന്ന് സംശയം. എവിടെയോ നിന്നും ഉത്ഭവിച്ച് എങ്ങോട്ടോ മലയിട്ക്കുകളിലൂടെ അപ്രത്യക്ഷമാകുന്ന നീർച്ചോലകൾ കണ്ണിനെയെന്നപോലെ മനസ്സിനെയും കുളിരണിയിപ്പിക്കുന്നതാണ്… ഇളം താളത്തിലുള്ള ചീവീടുകളുടെ കൂട്ടായ ശബ്ദവും കിളികളുടെ കളകളാരവവും ആസ്വദിക്കാതെ ഹെഡ്സെറ്റും വെച്ചു പാട്ട് കേട്ടുകൊണ്ടിരുന്ന, ഞങ്ങളുടെ കൂട്ടത്തിലെ “ഗവി ബോയ്” എന്ന് ഞങ്ങൾ വിശേഷണം ചാർത്തിക്കൊടുത്ത കൂട്ടുകാരനോട് (പോലീസ് സ്റ്റേഷനിൽ പോസ്റ്റാക്കിയവൻ തന്നെ.. ) എനിക്ക് എന്തെന്നില്ലാത്ത അമർഷം തോന്നി.. (ചുമ്മാ പറഞ്ഞതാട്ടോ.. )
സിനിമയിൽ കാണുന്നത്രയ്ക്കില്ലെങ്കിലും ഗവി എന്ന കൊച്ചു സുന്ദര ഗ്രാമത്തിന്റെ പല ദൈനംദിന കാര്യങ്ങളും ഈ ആനവണ്ടിയെ ആശ്രയിച്ചിരിക്കുന്നു… കൊച്ചാണ്ടി ചെക്പോസ്റ്റിൽ എൻട്രി ഡീറ്റൈൽസും രേഖപ്പെടുത്തി അവർക്കുള്ള ദിനപത്രവും കൈമാറി ഓർഡിനറി യാത്ര തുടർന്നു.. ആങ്ങമൂഴി കഴിഞ്ഞാൽ പിന്നെ സ്റ്റോപ്പുകൾ നന്നേ കുറവാണ്.. ആകെയുള്ളത് ശബരിഗിരി ജലവൈദ്യുത പദ്ധതിയെ ചുറ്റിപ്പറ്റി അവിടിവിടായി ചിതറിക്കിടക്കുന്ന ചില K S E B ഓഫിസുകളും ഒരു B S N L ഓഫിസും മൂഴിയാർ തപാലാപ്പീസുമൊക്കെയാണ്.. B S N L ഓഫിസിനോട് ചേർന്ന് ഒരു കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. കാന്റീനുള്ളിലേക്ക് എത്തി നോക്കിയപ്പോൾ കാണാൻ സാധിച്ചത് ശൂന്യമായ ചില്ലലമാരയും.. അതിനോട് ചേർന്ന് തന്നെ നിലംപൊത്തിക്കിടക്കുന്ന ചില പഴയ ബിൽഡിങ്ങുകളും കാണാം.. ബി സ് എൻ എല്ലിന്റെ തന്നെ പഴയ കെട്ടിടമോ കടകളോ മറ്റോ ആയിരിക്കണം.. നിശ്ചിത അകലത്തിൽ യാത്രയുടെ സൗന്ദര്യം പതിന്മടങ്ങു വർധിപ്പിക്കുമാറ് അതി സുന്ദരങ്ങളായ ഡാമുകൾ… മൂഴിയാർ ഡാം, കക്കി ഡാം, ആനത്തോട് ടാം, പിന്നെ നമ്മുടെ ഗവിയാർ ഡാമും. മൂഴിയാർ ഡാം കഴിഞ്ഞു പോകുന്ന വഴി കക്കി ഡാമിന് മുൻപായി ഭീമൻ പെൻസ്റ്റോക്ക് പൈപ്പുകൾ… കക്കി ഡാമിൽ നിന്നും മൂഴിയാർ ഡാമിലേക്ക് വെള്ളം പമ്പ് ചെയുന്നവയാണവ. 25 കിലോമീറ്ററോളം നീളമുള്ള പൈപ്പുകളുടെ 5 മീറ്ററോളം ഭൂഗർഭ ടണലിലൂടെയാണത്രെ..
മൂന്നാമത്തേതാണ് ആനത്തോട് ഡാം. 1964 ൽ പണി തുടങ്ങി 1967 ൽ നിർമ്മാണം പൂർത്തിയായാക്കിയതാണിതെന്ന് പറയപ്പെടുന്നു. യാത്ര ഗവിയോടടുക്കുന്നു. “അയ്യപ്പൻ എവിടെക്കാ വണ്ടിപ്പെരിയാറിനാണോ.. ?”. പല യാത്രക്കാരുടെയും പേരെടുത്ത് വിളിച്ചു ടിക്കറ്റ് നൽകുമ്പോൾ അത്ഭുതം തോന്നി.. അത്രക്ക് പരിചിതമായിരുന്നു നമ്മുടെ ഡ്രൈവർ_കണ്ടക്ടർ ടീമിന് ഓരോ മുഖങ്ങളും.. മുൻപ് പരിചയപ്പെടുത്തിയ കറുത്ത പർദ്ദയിട്ട സ്ത്രീയും കന്യാസ്ത്രീകളും ഞങ്ങളോടൊപ്പമുണ്ട്. കറുത്തകുപ്പായക്കാരി ഗവിക്കപ്പുറം ഏതോ സ്കൂളിലെ അധ്യാപികയാണെന്നു തോന്നുന്നു. സ്റ്റോപ്പുകളിൽ നിന്നും കുട്ടികളെ അകത്തേക്ക് കയറ്റുന്നതും സീറ്റുകളിൽ സുരക്ഷിതരായി ഇരുത്തുന്നതും കാണാം. നീലക്കുപ്പായമണിഞ്ഞ അമ്മമാർ ഗവി പള്ളിയിലേക്കുള്ളവരാണോ (അങ്ങനെ ഒരു പള്ളി തന്നെ ഉണ്ടോന്ന് അറിയില്ല ട്ടോ..) അതോ നാടുകാണാനിറങ്ങിയവരോ.. നോ ഐഡിയ..
യാത്ര പുരോഗമിക്കുമ്പോൾ നല്ല ചെങ്കൽ നിറമുള്ള മണൽത്തിട്ടകളും അതിനിടയിലായി ചെറിയ വെള്ളക്കെട്ടുകളും കാണാം. ദൂരെ നിന്നും നോക്കിയാൽ തൊഴിലുറപ്പുകാർ കയർപായ വിരിച്ചതാണെന്നേ പറയൂ.. ഞങ്ങളുടെ കമന്റ് കേട്ട് ഡ്രൈവർ ചേട്ടൻ തിരിഞ്ഞു നോക്കി ഒരു സ്മൈലി പാസ്സാക്കി.. കണ്ടക്ടറുമായുള്ള കുശലാന്വേഷണത്തിനിടയിൽ പേര് ചോദിച്ചപ്പോൾ ഉടൻ മറുപടി വന്നു “കുഞ്ചാക്കോ ബോബൻ”.. അപ്പൊ പിന്നെ ഡ്രൈവർ ചേട്ടന്റെ പേര് “ബിജു മേനോൻ” എന്നായിരിക്കുമല്ലോ എന്നായി ഞങ്ങൾ.. ബാനർജിയെന്നോ മറ്റോ പറഞ്ഞു.. പേര് വെളിപ്പെടുത്താൻ അത്ര താല്പര്യമുള്ള കൂട്ടത്തിലല്ല എന്ന് മനസ്സിലാക്കി കൂടുതൽ നിർബന്ധിക്കാൻ നിന്നില്ല. ഞങ്ങൾ ആലപ്പുഴക്കാരാണെന്ന് പറഞ്ഞപ്പോൾ തോമസ് ചാണ്ടിയുടെ നാട്ടുകാരാണല്ലേ എന്ന് മറുചോദ്യം.. കൂടെ ഒരു ചെറു പുഞ്ചിരിയും..
വഴിനീളെ നല്ല ഫ്രഷ് ആനപ്പിണ്ടം കണ്ടിട്ടും ഒരൊറ്റ ആനയെപ്പോലെ കാണാൻ കിട്ടാഞ്ഞതിന്റെ ഒരു സങ്കടം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു.. അധികം കാത്തിരിക്കേണ്ടി വന്നില്ല. അതാ റോഡിനരുകിൽ മരങ്ങൾക്കിടയിലായി തവിട്ടു നിറമുള്ള നല്ല ലക്ഷണമൊത്ത ഒരു അടാറു ഒറ്റയാൻ.. രാവിലെ അവരുടെ കുടിലുകളിൽ ഒന്ന് ആശാൻ തരിപ്പണമാക്കിയത്രേ… ശബ്ദമുണ്ടാക്കിയ ആളുകളെ നമ്മുടെ കുഞ്ചാക്കോ ബോബൻ ശാസിച്ചു… അടുത്ത സ്റ്റോപ്പിൽ കലപില ബഹളം വെച്ചിരുന്ന കുട്ടികൾ ഇറങ്ങുകയാണ്… Govt. L P സ്കൂൾ, ഗവി… ഈ അധ്യയന വർഷം പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളവത്രെ… അതായാത് ഏതാനും കുറച്ചു ദിവസങ്ങൾക്കു മുൻപ് മാത്രം. അഞ്ചാറു കിലോമീറ്ററുകൾക്കപ്പുറം ഗവിയായി. കൊച്ചുപമ്പയും പാസ്സ് ചെയ്ത് 11.30 ആയപ്പോഴേക്കും ഞങ്ങൾ 7 അംഗ സംഘവും മുൻപ് പറഞ്ഞ 3 പേരും ഗവിയിൽ കാലുകുത്തി. റ്റാറ്റ പറഞ്ഞ് ആനവണ്ടി വണ്ടിപ്പെരിയാർ വഴി കുമിളിക്കും..
അവിടെ അങ്ങനെ പ്രത്യേകിച്ച് കാണാൻ ഒന്നുമില്ല. ഓർഡിനറി സിനിമയുടെ ക്ലൈമാക്സിൽ നമ്മുടെ ഭദ്രൻ ചാടിയ ഗവിയാർ ഡാമും (1990 ൽ പണി കഴിപ്പിച്ചതാണിത്.. ) ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഒരു ഹോംസ്റ്റേ സെറ്റപ്പും.. അവിടെ പ്രത്യേക പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്ത് ചെല്ലുന്നവർക്കുള്ള സൗകര്യങ്ങൾ മാത്രമേ ഉള്ളൂ. ജംഗിൾ സഫാരിയും, കാടിനുള്ളിൽ nyt സ്റ്റേയും ട്രക്കിങ്ങും ഒക്കെ പാക്കേജിന്റെ ഭാഗമാണ്.. അവരുടെ കെട്ടിടത്തിനു മുറ്റത്തായി ഒരു പന്തൽ പോലെ പടർന്നു നിൽക്കുന്ന ചുവന്നു നിറമുള്ള പൂവുകൾ.. “ഗുംബർ ജിയാ” എന്നോ മറ്റോ പേരുള്ള ഓർക്കിഡ് വിഭാഗത്തിൽ പെടുന്ന ഒരു വള്ളിച്ചെടി. അതിലെ മനോഹരമായ പൂക്കൾ.. വഴിനീളെ പല കെട്ടിടങ്ങൾക്കു മുകളിലും ഈ പൂക്കൾ ഞാൻ ശ്രദ്ധിച്ചിരുന്നു… അവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ ഫോട്ടോ സെഷനും കഴിഞ്ഞ് വെറുതേ കാനന പാതയിലൂടെ നടക്കാമെന്നു കരുതിയപ്പോൾ ആ മോഹത്തിന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ കടിഞ്ഞാണിട്ടു. റിസേർവ്ഡ് ഫോറെസ്റ്റ് ഏരിയ ആണ്, ഉള്ളിലേക്ക് പോകാൻ പാടില്ല. അവിടെ പോസ്റ്റടിച്ചു നിൽക്കവേ പാക്കേജിന്റെ ഭാഗമായുള്ള ജീപ്പുകളിൽ കൊച്ചുപമ്പയിലേക്ക് പോകാനുള്ള വഴി തിരഞ്ഞു.. അവിടെയെത്തിയാൽ ബോട്ടിങ്ങിനും ഭക്ഷണത്തിനുമൊക്കെയുള്ള സൗകര്യമുണ്ട്. ഗവിയിൽ നിന്നും പുറകിലേക്ക് ഒരു 6 km യാത്ര. വേറേ വഴിയൊന്നുമില്ലാതിരുന്നതിനാൽ 500 രൂപയും കൊടുത്തു ജീപ്പിൽ ഞങ്ങൾ 10 പേരും കൂടി കൊച്ചുപമ്പയിലെത്തി…
വൃത്തിയായി രൂപകൽപ്പന ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ഒരു റെസ്ററൗറെന്റും പരിസരവും.. പച്ച വസ്ത്ര ധാരികളായ 4 ചെറുപ്പക്കാർ… റിസപ്ഷൻ കൈകാര്യം ചെയ്യുന്നതും ഭക്ഷണം വിളമ്പുന്നതും വൃത്തിയാക്കുന്നതും ബോട്ടിങ്ങിനു കൂടെ വരുന്നതും ഒക്കെ ഇവർ തന്നെ.. ഒരു ഓൾ ഇൻ ഓൾ സെറ്റപ്പ്… എൻട്രി ഫീസ് ആളൊന്നിന് ഇരുപതുരൂപ, ബോട്ടിങ്ങിനു 100 രൂപയും.. ബോട്ടുകളുടെയും വള്ളങ്ങളുടെയും നാട്ടിൽ ജീവിക്കുന്നവർക്ക് എന്തിനു വേറൊരു ബോട്ടിങ് എന്നാലോചിച്ചു ആദ്യം ഒന്നു മടിച്ചു.. ചെങ്ങന്നൂർ ചെങ്ങായിമാർ ഈ നേരം ബോട്ടിങ്ങിനായി പുറപ്പെട്ടിരുന്നു.. കയ്യിൽ കരുതിയിരുന്ന മലയാളീസിന്റെ ദേശീയ ഭക്ഷണമായ പൊറോട്ടയും ബീഫും അകത്താക്കി അങ്ങനെ ഇരിക്കവെ ഓരോ കഥകൾ പറഞ്ഞ് അവർ ഞങ്ങളെ പ്രലോഭിപ്പിച്ചു കൂടെ തന്റെ വശ്യമായ സൗന്ദര്യത്താൽ ആ നീർപൊയ്ക ഞങ്ങളെ മാടിവിളിച്ചു. അവസാനം ചുറ്റും വനങ്ങളാൽ സമ്പുഷ്ടമായ കാടിന് നടുവിൽ ആകാശം നോക്കി കിടക്കുന്ന നീർപൊയ്കയിലൂടെ രണ്ടു വഞ്ചികളിലായി ഞങ്ങൾ ഏഴുപേർ…
ആനയും മാനും പുലിയുമൊക്കെ വെള്ളംകുടിക്കാൻ ഇറങ്ങുന്ന നീർപ്പൊയ്കയാണത്രെ.. കുറച്ചകലെ മാറിയതായി ഒരു ഒറ്റയാൻ നിൽപ്പുണ്ടെന്ന് ചെങ്ങന്നൂർ ചെങ്ങായിമാരുടെ കയ്യിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് ഞങ്ങളും അവിടം ലക്ഷ്യമാക്കി വഞ്ചി തുഴഞ്ഞു. അവിടെ മരങ്ങൾക്കിടയിലായി പതുങ്ങി നിൽക്കുന്നു നമ്മുടെ ഗജവീരൻ.. മുൻപ് വഴിയരികിൽ കണ്ട കക്ഷി തന്നെ.. രാവിലെ അവരുടെ ‘ലൈൻസി’ന്റെ (വീടുകൾ നിൽക്കുന്ന സ്ഥലത്തിന് വഞ്ചി ഡ്രൈവർ പറഞ്ഞ പേരാണ്.. അർത്ഥം കോളനി എന്നോ മറ്റോ ആയിരിക്കും എന്ന് തോന്നുന്നു..) സമീപത്തായി കണ്ടിരുന്നെന്നും അവൻ അവിടെ ഒരു വീട് തകർത്തിരുന്നെന്നും ഒക്കെ ഡ്രൈവർ ചേട്ടായി പറഞ്ഞു. അവരുടെ അയൽക്കാരി കറി വെക്കാനായി തോട്ടത്തിൽ നിന്ന് ബീൻസ് പറിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ നിന്നും തലക്ക് മുകളിലൂടെ തന്റെ തുമ്പിക്കൈ നീട്ടി ബീൻസ് പറിക്കാൻ സഹായിക്കാൻ എത്തിയിരുന്നെന്ന്.. ആദ്യമൊന്നു പകച്ചെങ്കിലും പുള്ളിക്കാരി തന്ത്രപൂർവം അവിടെ നിന്ന് സ്കൂട്ടായി അത്രേ.. പിന്നീടങ്ങോട്ട് ഒരു സംഹാര താണ്ഡവമാടി ഒരു കുടിലും തകർത്തിട്ട് തിരിച്ച് എവിടേക്കോ മറഞ്ഞവനാണ് ഞങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ തടാകത്തിൽ അങ്ങിങ്ങായി നീന്തിതുടിക്കുന്ന നീർകാക്കകൾ.. മരകുറ്റിയിൽ ഇരിക്കുന്ന പൊന്മാൻ.. ചില്ലകളിൽ തൂങ്ങിയാടുന്ന കുരങ്ങച്ചൻ.. അങ്ങനെ കൗതുകമുണർത്തുന്ന അല്ലറ ചില്ലറ കാഴ്ചകൾ… ആ തടാകത്തിൽ നിറയെ മീനുകളുണ്ട്. അനുവാദമില്ലെങ്കിലും അത്യാവശ്യത്തിനുള്ളത് അവർ ചൂണ്ടയിട്ട് പിടിക്കാറുമുണ്ട്. സിലോപ്പിയ നല്ല വിറ്റാമിൻ അടങ്ങിയിട്ടുള്ളതാണെന്നും ഗർഭിണികൾക്ക് നല്ലതാണെന്നും അങ്ങനെ അങ്ങനെ ഓരോ വിശേഷങ്ങൾ.. അവര് കാടിനുള്ളിൽ റെയ്ഡിന് പോകാറുള്ള കഥകൾ.. സർവെയ്ക്കുറിച്ചുള്ള കഥകൾ.. അങ്ങനെ അങ്ങനെ കഥകൾ കേട്ട് വഞ്ചി മുൻപോട്ട് നീങ്ങവേ ഞങ്ങൾക്ക് അനുവദിച്ചിട്ടുണ്ടായിരുന്ന സമയം അതിക്രമിച്ചിരുന്നു…
ഉച്ചയൂണിനും അൽപ്പ വിശ്രമത്തിനും ശേഷം അവളുടെ വശ്യ സൗന്ദര്യവും ആസ്വദിച്ചു ആ കാനന പാതയിലൂടെ അങ്ങനെ നടക്കാനിറങ്ങി… മാഞ്ചിയത്തിനോട് സാധൃശ്യമുള്ള നല്ല പടുകൂറ്റൻ മരങ്ങൾ വഴിയരികുകളുടെ ഭംഗി ഇരട്ടിയാക്കുന്നു… ചൂഷണം ചെയ്യപ്പെടാത്ത പ്രകൃതി.. വികസനം തൊട്ടുതീണ്ടാത്ത സ്ഥലമായതിനാലും, സഞ്ചാരികൾക്ക് നിയന്ത്രണം ഉള്ളതിനാലുമാവണം കാനന സുന്ദരിയുടെ സൗന്ദര്യത്തിൽ തെല്ലൊരു പോറല് പോലുമേറ്റിട്ടില്ല എന്നുള്ളത് ഓരോ പുൽനാമ്പിലും പ്രതിഭലിക്കുന്നുണ്ടായിരുന്നു… തൊട്ടും തലോടിയും അനുഭവിച്ച ആ നീർപൊയ്കയിലെ വെള്ളത്തിന്റെ തണുപ്പ് അതിലൊന്നിറങ്ങി കുളിക്കുവാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നു… സത്യത്തിൽ ഈ നടപ്പ് അതിനായിട്ടാണ്.. മറ്റാരും അറിയാതെ.. അതിന് സൗകര്യമുള്ള സ്ഥലവും വഴിയും വഞ്ചിയാത്രക്കിടയിൽ ചോദിച്ച് മനസ്സിലാക്കിവെച്ചിരുന്നു… അതിലിറങ്ങി നീന്തിത്തുടിക്കുമ്പോൾ മറുകരയിൽ കണ്ട ഒറ്റയാനെക്കുറിച്ചുള്ള ഓർമ മനസ്സിനെ തെല്ലൊന്നുലച്ചിരുന്നു. സമയം 3 മണി, ബസ് മിസ്സായാൽ അവിടെ പെട്ടുപോകുമെന്നോർത്തപ്പോൾ നീരാട്ട് വേഗം മതിയാക്കി കയ്യിലുണ്ടായിരുന്ന ചുവന്ന പഞ്ചാര മുട്ടായിയും നുണഞ്ഞ് ബസ് സ്റ്റോപ്പിലേക്ക്.. അതിന്റെ കവറും കാലിയായ വെള്ളക്കുപ്പിയും വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല, ബാഗിൽ തന്നെ കരുതി.. ബസിൽ പ്രതീക്ഷിച്ചത്ര തിരക്കുണ്ടായിരുന്നില്ല. തിരികെയുള്ള യാത്രയിലും കറുത്ത പർദ്ദാ ധരിച്ച ആ സ്ത്രീ ബസ്സിലുണ്ടായിരുന്നു.. കാലത്തേ ഇറങ്ങിപ്പോയ ഒരുപറ്റം വിദ്ധാർത്ഥികളെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, “ബസ്, സ്കൂൾ കടന്നുവന്ന സമയം അവിടെ ഉപ്പുമാവ് വിതരണം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു” എന്ന് വഴിവക്കിൽ കാത്ത് നിന്നിരുന്ന മാതാപിതാക്കളോടായി കണ്ടക്ടർ പറയുന്നത് കേട്ടപ്പോളാണ് അവരുടെ അസാന്നിധ്യത്തിന്റെ കാരണം ഞങ്ങൾക്ക് പിടികിട്ടിയത്.. ബസ്സ് പോന്നു കഴിഞ്ഞാൽ ഫോറെസ്റ്റുകാരുടെ വണ്ടിയിലാണ് കുട്ടികളെ അവരുടെ കോളനികളിൽ എത്തിക്കുക..
നാട്ടിൽ നിന്ന് പുറപ്പെടാൻ തുടങ്ങുമ്പോൾ ഒന്നു പേടിപ്പിച്ചതൊഴിച്ചാൽ യാത്രയിലുടനീളം മഴ ഞങ്ങളെ ഒട്ടും ശല്യപ്പെടുത്താതെ അനുസരണയോടെ മാറി നിന്നിരുന്നു… എന്നിരുന്നാലും അട്ടകളുടെ ആക്രമത്തിൽ രക്തം ചിന്തിയവരേറെ… മരച്ചില്ലകളെ വകഞ്ഞുമാറ്റി കോടമഞ്ഞിനെ തഴുകി നമ്മുടെ ആനവണ്ടി മുൻപോട്ട് നീങ്ങുമ്പോൾ ഞാനും തെല്ലൊന്നു മയങ്ങിപ്പോയിരുന്നു… ആഞ്ഞു വീശുന്ന കാറ്റിൽ മഞ്ഞുതുള്ളികളിലൊരെണ്ണം ജനലഴികൾക്കിടയിലൂടെ മുഖത്തു പതിച്ചപ്പോഴാണ് മയക്കത്തിൽ നിന്നുണർന്നത്… ഒരു പിടി യാത്രാ അനുഭവങ്ങളും അതിലുപരി നല്ല ഓർമകളും സമ്മാനിച്ച ഗവിയെന്ന കോടമഞ്ഞു പുതച്ച സുന്ദരിയെ തൊട്ടറിഞ്ഞ് ആ സൗന്ദര്യത്തെ ഹൃദയത്തോട് ചേർത്ത് വെച്ച്, വീണ്ടും വരുമെന്ന ഉറപ്പും നൽകി യാത്ര ചൊല്ലി ഞങ്ങൾ മടങ്ങുമ്പോൾ മഴത്തുള്ളിക്കിലുക്കങ്ങളാൽ അവൾ ചിണുങ്ങിക്കരയാൻ തുടങ്ങിയിരുന്നു…