ആനവണ്ടി എന്നത് നമ്മൾ മലയാളികളുടെ ഒരു നൊസ്റ്റാൾജിയയാണ്. ആ നൊസ്റ്റാൾജിക് ഓർമ്മകളുടെ കൈപിടിച്ച് കോഴിക്കോട് സ്വദേശിയും സഞ്ചാരിയുമായ ഷിജു കെ.ലാൽ എഴുതിയ ലേഖനം ഒന്നു വായിക്കാം.
‘ആനവണ്ടി’ എന്ന പേരു മനസ്സിൽ പതിയുന്നത് കുട്ടിക്കാലത്തെ വയനാടൻ യാത്രകളിലൂടെ ആണ് ..!! അന്ന് കോഴിക്കോട് നിന്നും ബത്തേരിക്കു പോകാൻ ഏക ആശ്രയം ആനവണ്ടി ആയിരുന്നു എന്നാണ് എന്റെ ഓർമ്മ. കോഴിക്കോട്ടെ ആ പഴയ KSRTC സ്റ്റാണ്ടിന്റെ ചിത്രം അറിയാതെ മനസ്സിൽ നിറയുന്നുണ്ട് ഇപ്പോൾ. സ്റ്റാണ്ടിനോട് ചേർന്നു കോണ്ക്രീറ്റ് സീറ്റുകൾ ഉള്ള വെയ്റ്റിങ് മറയും, അലുവാ സ്റ്റേഷനറി സ്റ്റാളുകളും, കേറാൻ അറപ്പു തോന്നുന്ന ബാത്രൂമും, വിവരങ്ങൾ ചോദിക്കേണ്ട നീല നിറം ഉള്ള ചെറിയ ജനൽ പാളികളും, സധാ തിരക്കുള്ള മുഖഭാവത്തിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരും, വന്നു പോകുന്ന ബസ്സുകളുടെ അന്നൗൻസ്മെന്റും, മഴ പെയ്താൽ ചളി പിളി ആകുന്ന സ്റ്റാന്റും എല്ലാം ഓർമ്മകൾ. ഇന്ന് ആർക്കും ഇതുവരെ ഉപകാരം വരാത്ത മുറികൾ നിറഞ്ഞ ആകാശ ഗോപുരം ആണ് കോഴിക്കോട് സ്റ്റാൻഡ്. ബസ്സുകളും സ്റ്റാന്റും ആധുനികതയുടെ മുഖംമൂടി അണിഞ്ഞത് ആശ്വാസം.
അന്ന് അച്ഛന്റെ കൈ പിടിച്ചു വയനാട് ബസ്സ് കയറുമ്പോൾ മുന്നിലെ സീറ്റ് കിട്ടാൻ കൊറേ അടി ഉണ്ടാക്കണം.. അപകടം കൂടുതൽ ആണെന്നു പറഞ്ഞു മിക്കാവാറും ആ അടിപിടിയിൽ ഞാൻ ദയനീയമായി പരാജയപ്പെടും. എങ്കിലും നോട്ടം എപ്പോഴും ആ വലിയ ബസ്സിനെ ഒരു മൂലയിലെ ചെറിയ ഒറ്റയാൾ സീറ്റിൽ ഇരുന്നു നിയന്ത്രിക്കുന്ന ഡ്രൈവറുടെ മേൽ ആയിരിക്കും..! അന്നൊന്നും ഇന്നത്തെ പോലെ പവർ സ്റ്റിയറിങ് ഒന്നും ഇല്ലല്ലോ. രണ്ടു കൈ കൊണ്ടും തിരിച്ചു തിരിച്ചു ചുരം കയറ്റുന്ന ഡ്രൈവർ എനിക്ക് സൂപ്പർമാനേക്കാളും മുകളിൽ ആയിരുന്നു..!!
ഡ്രൈവിങ്ങിൽ ഏറെ കൗതുകം അന്നത്തെ ഗിയർ മാറ്റുന്ന സീൻ ആണ്.. ചുരം വളവിൽ ഒക്കെ രണ്ടു കൈ കൊണ്ട് ഗിയർ പിടിച്ചു ചെറുതായി മേലേക്ക് ഉയർത്തി എടുത്തു അടുത്ത ഗിയറിലേക്ക് വലിച്ചു ഇടുന്ന ഒരു സീൻ ഉണ്ട്.. എന്നിട്ടു പിറകോട്ട് ഒരു നോട്ടവും ഉണ്ട് ഡ്രൈവർക്ക്. ഹോ… അതൊക്കെ ഒരു കാലം. കോഴിക്കോട് നിന്നും ബസ്സ് എടുത്താൽ അടിവാരത്ത് അന്ന് എല്ലാ ബസ്സും നിർത്തുമായിരുന്നു, എല്ലാവരും ഇറങ്ങി ഒരു ചായ കുടിയും, ഭക്ഷണം കഴിക്കലും (സമയത്തിന് അനുസരിച്ചു) കഴിഞ്ഞേ ബസ്സ് ചുരം കയറൂ. ഏതു സമയത്തുള്ള ബസ്സ് ആണെന്നാലും അടിവാരത്ത് നിർത്തി വിശ്രമിക്കാതെ ചുരം കേറുന്ന പരിപാടി ഇല്ലായിരുന്നു എന്നാണ് എന്റെ ഓർമ്മകൾ.
തണുത്തു വിറക്കാതെ വേനൽ, മഴ, മഞ്ഞുകാല വ്യത്യാസം ഇല്ലാതെ ഒരിക്കൽ പോലും അന്നൊക്കെ ഞാൻ ചുരം കയറിയിട്ടില്ല.ചുരം കയറി തുടങ്ങുമ്പോൾ തന്നെ കോടമഞ്ഞും, മഴയും, കാടുനിറക്കും. ഡ്രൈവർ വളവുകൾ ഒക്കെ തിരിച്ചെടുക്കുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു, പ്രത്യേകിച്ചും മുകളിലെ വ്യൂ പോയിന്റിലെ വളവു. ഇന്ന് കാണും പോലെ വല്ല്യ ഇരുമ്പു പാളികളുടെ സുരക്ഷാ ഭിത്തികൾ ഒന്നും അന്ന് ഇല്ല. മിക്കപ്പോഴും ആ ഭിത്തിയിൽ ഒരു പൊട്ടൽ ഉണ്ടാകും. ചുരം കേറി കഴിഞ്ഞാൽ മിക്കപ്പോഴും ഞാൻ ഉറക്കത്തിലേക്ക് വീഴും. പിന്നെ മഞ്ഞിൽ മൂടിയ ബത്തേരി സ്റ്റാൻഡ് ആണ് തെളിഞ്ഞു വരിക.
ഇപ്പോൾ അതുവഴി പോകുമ്പോൾ ഞാൻ ഓർക്കാറുണ്ട് സധാ മഞ്ഞു മൂടിയ ആ വയനാടിനെ.. ബത്തേരിയെ…!!!
ഇനി ആനവണ്ടിയുടെ ചരിത്രം ഒന്നറിഞ്ഞാലോ?
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം – കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു.നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന്[2] ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. മുകളിൽ പറഞ്ഞിട്ടുള്ള ചരിത്ര വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നും പകർത്തിയതാണ്.