എറണാകുളം ജില്ല – കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. എറണാകുളത്തിന് ആ പേര് വന്നത് എങ്ങനെയെന്ന് എറണാകുളത്തുകാർക്ക് പോലും അധികം അറിവുണ്ടാകില്ല. ‘എറണാകുളം’ എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ഏറെ നാൾ കുളം’ ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജലത്തിലായിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, ‘ഇറയനാർകുളം’ ആണ് എറണാകുളമായതെന്നാണ്.
സത്യത്തിൽ അന്ന് എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട് ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. ഋഷിനാഗക്കുളം എന്നായിരുന്നത്രേ അന്ന് ഈ സ്ഥലത്തിൻ്റെ പേര്. എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. എറണാകുളം എന്ന പേരുണ്ടാകുവാൻ കാരണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ് എന്ന് പുരാവൃത്തം. തമിഴില്‍ ശിവന് ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ് എറണാകുളം എന്ന പേരുണ്ടായതെന്ന് ഐതിഹ്യം. ക്ഷേത്രത്തിന് പടിഞ്ഞാറ് കൊച്ചിക്കായല്‍. അടുത്ത് നാഗക്കുളം ബോട്ട് ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ മനോഹരമായ ഒരു പാര്‍ക്ക്. ഈ പാർക്ക് ആണ് ഇന്ന് നാം കാണുന്ന സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനിയും ഒക്കെ.
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന (എറണാകുളം) ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക് ദൃഷ്ടാന്തങ്ങളാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി, ഡച്ചുകാര്‍ നിര്‍മ്മിച്ച ബോള്‍ഗാട്ടി പാലസ്, കേരള ഹൈക്കോടതിയുടെ ആസ്ഥാനം, പുരാവസ്തുക്കളുടെ കലവറയായ ഹില്‍പാലസ്, നാവിക സൈന്യകേന്ദ്രം, കപ്പല്‍നിര്‍മാണ കേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്തുണ്ട്. “അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി സര്. റോബര്‍ട്ട് ബ്രിസ്റ്റോ ആണ്.
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് 1958 ഏപ്രിൽ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്… തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത് . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ് തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു. പടിഞ്ഞാറ് അറബിക്കടൽ, വടക്ക് തൃശൂർ ജില്ല, കിഴക്ക് ഇടുക്കി ജില്ല, തെക്ക് കോട്ടയം, ആലപ്പുഴ ജില്ലകൾ എന്നിവയാണ് എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്.
എറണാകുളം എന്നാണ് ഈ ജില്ലയുടെയും നാമം എങ്കിലും കൊച്ചി എന്ന മഹാനഗരത്തിന്റെ അപരനാമധേയമായാണ് ഇന്ന് ഇവിടം ലോകം മുഴുവന്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വ്യാവസായിക-വിനോദസഞ്ചാര തലസ്ഥാനം എന്നും കൊച്ചി അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന കൊച്ചിയില്‍ അന്താരാഷ്ട്ര തുറമുഖവും, അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി തുറമുഖം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്.
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതകളായ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നീ സുപ്രധാന ഗതാഗതപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും എറണാകുളത്തിനുണ്ട്. ആലപ്പുഴ വഴിയുള്ള തീരദേശറെയില്‍വേയും മധ്യ-തിരുവിതാംകൂറിലൂടെയുള്ള റെയില്‍ പാതയും കൂടിച്ചേരുന്നതും എറണാകുളത്തു വച്ചാണ്. കേരളത്തിലുള്ള ഏറ്റവും പ്രമുഖമായ വ്യവസായശാലകളില്‍ പലതും സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ ഈ ജില്ലയ്ക്കുണ്ട്. കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരമ്പാവൂർ, കാലടി വഴി അങ്കമാലിവരെ എത്തുന്ന എം.സി. റോഡ് 1877-78-ലാണ് പൂർത്തിയായത്. ഇടക്കൊച്ചി-എറണാകുളം-കറുകുറ്റി റോഡ് നാഷണൽ ഹൈവേ 47-ന്റെ ഭാഗമാണ്. ഇതിനുപുറമേ പെരുമ്പാവൂർ-ആലുവ-വൈപ്പിന്‍-പള്ളിപ്പുറം, ആലുവ, പറവൂർ, എറണാകുളം-വൈക്കം, ഇടപ്പള്ളി-ചേർത്തല ബൈപ്പാസ് എന്നീ റോഡുകളും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.
ഇതിനെല്ലാം പുറമേ എറണാകുളം ജലഗതാഗതത്തിന്റെ സിരാകേന്ദ്രമാണ്. ആലപ്പുഴ, കോട്ടയം, വേമ്പനാട് കായലിന്റെ പ്രധാനതീരപ്രദേശങ്ങള്‍ എന്നിവയുമായി ബോട്ട് മാർഗമുള്ള യാത്ര ചെലവ് ചുരുങ്ങിയതും വിനോദകരവുമാണ്. ഇന്നിപ്പോൾ ലുലു മാളും കൊച്ചി മെട്രോയും ഒക്കെ എറണാകുളത്തെ വൻകിട നഗരങ്ങളോടൊപ്പം നിൽക്കുവാൻ പര്യാപ്തമാക്കി.
ഈ ലേഖനം തയ്യാറാക്കുവാൻ സഹായകമായത് വിക്കിപീഡിയയും വിവിധ ഓൺലൈൻ മാധ്യമങ്ങളുമാണ്.