കോഴിക്കോടൻ ഹൽവയുടെ പ്രത്യേകതകൾ എന്തൊക്കെ? ഇത് വീട്ടിൽ ഉണ്ടാക്കിയാലോ?

കോഴിക്കോടെന്നാൽ മിഠായിത്തെരുവ്, അതാണ് അതിന്റെ ശരി.ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ കോഴിക്കോടൻ തെരുവിന് ആ പേര് നൽകിയത് യൂറോപ്പുകാരാണ്. കോഴിക്കോടൻ തെരുവിലെത്തി ഹൽവമധുരം ശരിക്ക് ബോധിച്ച യൂറോപ്പുകാർ വ്യത്യസ്തങ്ങളായ നിറങ്ങളിൽ ഹൽവകൾ ഒരുങ്ങുന്ന ആ തെരുവിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്ന് വിളിച്ചു. ഹൽവയെ യൂറോപ്പുകാർ വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു സ്വീറ്റ് മീറ്റ് എന്നത്. പിന്നീട് ആ പേര് മലയാളീകരിക്കപ്പെട്ടാണ് മിഠായിത്തെരുവായത്.

മൈദയും പഞ്ചസാരയുമാണ് പരമ്പരാഗതമായി കോഴിക്കോടൻ ഹൽവയുടെ പ്രധാന ചേരുവകൾ. ഇപ്പോൾ അരിമാവ്, ശർക്കര തുടങ്ങിയവ ചേര്ത്തും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിവിള്ള ഹൽവ വേഗം കേടുവരുമെന്നതിനാൽ മൈദ ചേര്ത്തു തന്നെയാണ് കൂടുതലും ഹൽവ തയ്യാറാക്കാറുള്ളത്. കൊപ്ര, കശുവണ്ടി, ബദാം തുടങ്ങിയവ ചേര്ത്തും ഇളനീർ തുടങ്ങിയ രുചികളും വിവിധ നിറങ്ങളും ചേര്ത്തും ഹൽവയ്ക്ക് വ്യത്യസ്തത വരുത്താറുണ്ട്. കോഴിക്കോട് കൂടുതലായി ഉണ്ടാക്കിയിരുന്നത് കൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചത്.

കോഴിക്കോടിന് പ്രശസ്തി നേടിക്കൊടുത്തതില്‍ ഹല്‍വയുടെ സ്ഥാനം വലുതാണ്. വളരെ സ്വാദേറിയ ഈ വിഭവം വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ… അതിനായി വേണ്ട ചേരുവകൾ ഇവയാണ് : മൈദ- 1 കിലോ, വെള്ളം- 3 കപ്പ്, നെയ്യ്- 100 ഗ്രാം, പഞ്ചസാര- 1 1/4 കിലോ, വെളിച്ചെണ്ണ- 1 1/2 ലിറ്റര്‍, കളര്‍- 1 നുള്ള്, അണ്ടിപ്പരിപ്പ്- 1/2 കപ്പ്.

തയ്യാറാക്കുന്ന വിധം : മൈദ കുഴച്ച് വെള്ളം നിറച്ച ഒരു പാത്രത്തില്‍ കുറച്ചു സമയം ഇട്ടുവെയ്ക്കുക അതിനു ശേഷം നന്നായി കലക്കുക. കലക്കിയ മൈദ ഒരു പാത്രത്തിലേയ്ക്ക് തുണി ഉപയോഗിച്ച് അരിച്ചെടുക്കുക, മൈദയുടെ പാല്‍ ശേഖരിച്ചു വെയ്ക്കുക, വേസ്റ്റ് ഒഴിവാക്കുക. ഈ പാല്‍ 3 ദിവസം സൂക്ഷിക്കുക. ദിവസവും ഇതിന്റെ മേലെ തെളിഞ്ഞു വരുന്ന വെള്ളം ഒഴിവാക്കി പുതിയത് ചേര്‍ക്കുക (പുളിച്ചു പോകാതെ സൂക്ഷിയ്ക്കുക)

മൂന്ന് ദിവസത്തിന് ശേഷം, ഒരു അടി കട്ടിയുള്ള ചെമ്പ് പാത്രത്തില്‍ 2 ഗ്ലാസ് വെള്ളവും 1 കിലോ പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക, അടുപ്പില്‍ തീ കത്തിക്കുക (നല്ല ചൂട് വേണം) അതേടൊപ്പം തുടര്‍ച്ചയായി ഇളക്കുക. ഇതിലേക്ക് കളര്‍ ചേര്‍ക്കുക പിന്നെ 500 ML മൈദ പാലും ചേര്‍ക്കുക അതിലേയ്ക്ക് ഒരു 5 മിനുറ്റിന് ശേഷം 1 1/2 ലിറ്റര്‍ വെളിച്ചെണ്ണ നന്നായി തിളപ്പിച്ച് ഒഴിയ്ക്കുക.

1/4 കിലോ പഞ്ചസാര കൂടി ചേര്‍ക്കുക, വെളിച്ചെണ്ണ ഒഴിയ്ക്കുമ്പോള്‍ മൈദാ പിരിഞ്ഞു വന്നു നന്നായി ഒട്ടിപിടിയ്ക്കാന്‍ തുടങ്ങും. അതില്‍ നെയ്യ് ചേര്‍ത്ത് ഇളക്കുക കൂടാതെ കശു അണ്ടിപ്പരിപ്പ് വിതറുക, തുടര്‍ച്ചയായി ഇളക്കുക. 20 മിനുട്ട് കഴിഞ്ഞാല്‍ തീയില്‍ നിന്നും മാറ്റാം. അത് കട്ടിയാകുന്നതിനു മുമ്പ് തന്നെ ഒരു നല്ല പാത്രത്തിലേക്ക് മാറ്റി നന്നായി കുത്തിയമര്‍ത്തുക, തണുത്ത ശേഷം മുറിച്ചെടുക്കുക . മുന്തിരി, കൈതച്ചക്ക, സ്‌ട്രോബെറി, ഇളനീര്‍ എല്ലാം ഇതില്‍ ഉപയോഗിച്ച് രുചി മാറ്റാവുന്നതാണ് .

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply