ഓപറേഷൻ ബ്ലൂസ്റ്റാർ; ഇന്ത്യൻ ചരിത്രത്തിലെ കെടാത്ത കനൽ…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – ബിജുകുമാർ ആലക്കോട്.

ബിജുകുമാർ ആലക്കോട്

1984 ഏപ്രിൽ മാസത്തിലെ ഒരു സായാഹ്നം. ന്യൂ ഡൽഹിയിലെ 1, സഫ്ദർജങ് റോഡിലെ പ്രധാനമന്ത്രിയുടെ ബംഗ്ലാവിലേയ്ക്ക് ചുവന്ന ബീക്കൺ ലൈറ്റ് വെച്ച ഒരു വെളുത്ത അംബാസഡർ കാർ ഓടിച്ചു വന്നു. ദീർഘകായനായ, കറുത്ത ഗ്ലാസ് ധരിച്ച ഒരാൾ കാറിൽ നിന്നും ഇറങ്ങി. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു. ചെറുതായൊന്നു മന്ദഹസിച്ച് അയാൾ അകത്തേയ്ക്കു പോയി. ഡയറക്ടർ ജനറൽ സെക്യൂരിറ്റി (DGS) എന്നറിയപ്പെടുന്ന അയാൾ ഇന്ത്യൻ ചാരസംഘടനയായ RAW യുടെ വളരെ പ്രധാനപ്പെട്ട ഒരുദ്യോഗസ്ഥനാണ്. എയർഫോഴ്സിന്റെ ചെറിയൊരു യൂണിറ്റും, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, സ്പെഷ്യൽ സർവീസസ് ബ്യൂറോ എന്നീ കവേർട്ട് പാരാമിലിട്ടറി യൂണിറ്റുകളും അയാളുടെ നിയന്ത്രണത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. മൂന്നുവർഷം മുൻപ്, ഇന്ത്യയുടെ ആദ്യത്തെ ആന്റി ടെററിസ്റ്റ് ഫോഴ്സായ “സ്പെഷ്യൽ ഗ്രൂപ്പ് (SG)” എന്നൊരു വിഭാഗം രൂപീകരിച്ചത് ഇദ്ദേഹമായിരുന്നു. ഡൽഹിയ്ക്കു സമീപമുള്ള ഒരു രഹസ്യ മിലിട്ടറി ബേസിൽ അപ്പോൾ SG യുടെ ഒരു പ്രത്യേക പരിശീലനം നടന്നു കൊണ്ടിരിയ്ക്കുകയായിരുന്നു. അവിടെ നിന്നുമാണു DGS പ്രധാനമന്ത്രിയുടെ വസതിയിലെയ്ക്ക് എത്തിയത്.

ബംഗ്ലാവിലെ ലിവിംഗ് റൂമിൽ അദ്ദേഹമെത്തുമ്പോൾ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ഒപ്പം വാർധക്യത്തിലേയ്ക്ക് പ്രവേശിച്ച, കട്ടിഗ്ലാസ് ധരിച്ച ഒരാളും കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. RAW യുടെ സൃഷ്ടാവും ഇന്ത്യൻ ചാരപ്രവർത്തനങ്ങളുടെ തലതൊട്ടപ്പനുമായ രാമേശ്വർ നാഥ് കാവോ ആയിരുന്നു അത്. ബംഗ്ലാദേശ് വിമോചന സമരകാലത്ത്, മുക്തിബാഹിനി എന്ന് സംഘടന രൂപീകരിച്ചതും പരിശീലനം നൽകിയതും RAW ആയിരുന്നു. മുക്തിബാഹിനിയാണു പിന്നീട് ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനെ തുരത്താനുള്ള സമരങ്ങൾ നയിച്ചത്. പിന്നീട് സർവീസിൽ നിന്നും പിരിഞ്ഞ കാവോ, ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരം ദേശീയ സുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിയ്ക്കുകയാണ്. പഞ്ചാബ് പ്രശ്നം കത്തിക്കാളുന്ന കാലം. പഞ്ച്ബ് പ്രശ്നത്തിൽ പ്രധാനമന്ത്രിയ്ക്കു ഉപദേശം നൽകുന്നത് കാവോയാണ്.

DGS പ്രധാനമന്ത്രിയ്ക്കു മുൻപിൽ ഒരു രഹസ്യദൌത്യത്തെ പറ്റി ചെറുവിവരണം നൽകി. പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ ക്ഷേത്ര സമുച്ചയത്തിൽ ആസ്ഥാനമുറപ്പിച്ചിരിയ്ക്കുന്ന, സിക്കുമത പുരോഹിതൻ സന്ത് ജർണയിൽ സിംഗ് ഭിന്ദ്രൻ വാല(37 വയസ്സ്) തട്ടിക്കൊണ്ടു വരുന്നതിനെ പറ്റിയായിരുന്നു അത്. “ഓപറേഷൻ സൺ ഡൌൺ“ എന്നു പേരിട്ട ആ സീക്രട്ട് മിഷൻ ഇങ്ങനെയായിരുന്നു:

വിശാലമായ സുവർണക്ഷേത്ര സമുച്ചയത്തിലെ ഗുരുനാനാക് നിവാസ് ഗസ്റ്റ് ഹൌസിന്റെ ഒന്നാം നിലയിലാണു ഭിന്ദ്രൻ വാല താമസിയ്ക്കുന്നത്. ഗസ്റ്റ് ഹൌസിലും, സുവർണക്ഷേത്ര സമുച്ചയത്തിലെ ഇതര കെട്ടിടങ്ങളിലുമായി ആയുധധാരികളായ നൂറുകണക്കിനു അനുയായികൾ തമ്പടിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുൻപേതന്നെ RAWയുടെ ചാരന്മാർ സിക്കുകാരുടെ വേഷത്തിലും പത്രപ്രവർത്തകരുടെ വേഷത്തിലും സുവർണക്ഷേത്രത്തിൽ കയറിയിറങ്ങി അവിടുത്തെ എല്ലാവിവരങ്ങളും ശേഖരിച്ചിരുന്നു. അതിനു ശേഷം, ഉത്തരപ്രദേശിലെ സർസവാ എന്ന സ്ഥലത്ത്, ഗുരുനാനാക്ക് ഗസ്റ്റ് ഹൌസിന്റെ മാതൃക ഉണ്ടാക്കി SG കമാണ്ടോകൾ പലതവണ ഓപ്പറേഷൻ റിഹേഴ്സൽ ചെയ്തു.

ഒരു അർദ്ധരാത്രി നേരം എയർഫോഴ്സിന്റെ രണ്ടു MI-4 ഹെലികോപ്ടറുകൾ ഗുരുനാനാക് ഗസ്റ്റ് ഹൌസിനു മുന്നിൽ കമാണ്ടോകളെ എയർ ഡ്രോപ്പ് ചെയ്യും. ഇതേ സമയം കവചിതവാഹനത്തിൽ മറ്റൊരു സംഘം, കെട്ടിട സമുച്ചയത്തിന്റെ പ്രധാന കവാടം വഴി അങ്ങോട്ടേയ്ക്കു നീങ്ങും. എയർ ഡ്രോപ്പ് ചെയ്ത കമാണ്ടോകൾ മിന്നൽ വേഗത്തിൽ ഉള്ളികടന്ന് ഭിന്ദ്രൻ വാലയെ ബന്ധിയ്ക്കും. ഉടൻ തന്നെ കവചിത വാഹനത്തിലേയ്ക്കു കയറ്റി പാഞ്ഞു പോകും. അപ്രതീക്ഷിതമായ ആക്രമണമായതിനാൽ കാര്യമായൊരു തിരിച്ചടിയ്ക്കു സാധ്യതയില്ല.

മിഷനെക്കുറിച്ച് ശ്രദ്ധിച്ചു കേട്ട പ്രധാനമന്ത്രി ശ്രീമതി ഗാന്ധി ഒറ്റച്ചോദ്യമേ ചോദിച്ചുള്ളു. “ആൾ നഷ്ടം എത്രയാണു പ്രതീക്ഷിയ്ക്കുന്നത്?” “20% കമാൻഡോകളും രണ്ടു ഹെലികോപ്ടറുകളും..” DGS പറഞ്ഞു. “എത്ര സിവിലിയൻ കാഷ്വാലിറ്റി ഉണ്ടാവും?” പ്രധാനമന്ത്രിയുടെ അടുത്ത ചൊദ്യം. DGS ന് അതിനു കൃത്യമായൊരു ഉത്തരം പറയാൻ പറ്റിയില്ല. ശ്രീമതി ഗാന്ധി, കാവോയെ നോക്കി. അദ്ദേഹവും ഒന്നും പറഞ്ഞില്ല. “നോ.. ഈ മിഷൻ നമ്മൾ ചെയ്യുന്നില്ല..!“ പ്രധാനമന്ത്രിയുടെ വാക്കുകൾ ഉറച്ചതായിരുന്നു. അതിനു മറുവാദമുന്നയിയ്ക്കാൻ അവിടെയിരുന്ന മറ്റു രണ്ടുപേർക്കും ധൈര്യമുണ്ടായില്ല. ഓപറേഷൻ സൺ ഡൌൺ അവിടെ അകാല ചരമമടഞ്ഞു.

ഈ കൂടിക്കഴ്ചയ്ക്കു ശേഷം ഏകദേശം രണ്ടു മാസങ്ങൾക്കപ്പുറം, ഇന്ത്യൻ സൈന്യം സുവർണ ക്ഷേത്ര സമുച്ചയത്തിൽ അതിവിപുലവും രക്തരൂഷിതവുമായ ഒരു ആക്രമണം നടത്തി. ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ഏകദേശം നൂറിനടുത്ത് സൈനികർ, തീവ്രവാദികളും സിവിലിയന്മാരുമായി ആയിരത്തി അഞ്ഞൂറിലധികം പേർ; ഇത്രയും ജീവനുകൾ അവിടെ പൊലിഞ്ഞു. തുടർന്ന് നാലുമാസത്തിനു ശേഷം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും വധിയ്ക്കപ്പെട്ടു.

1947 ജൂൺ 2 നു, പഞ്ചാബിലെ റോഡേ ഗ്രാമത്തിൽ ജൊഗീന്ദർ സിംഗ് ബ്രാർ എന്നയാളുടെ മകനായിട്ടാണു ജർണയിൽ സിംഗ് ഭിന്ദ്രൻവാലെ ജനിച്ചത്. ചെറുപ്പത്തിലേ മതകാര്യങ്ങളിൽ അതീവ് തല്പരനായിരുന്നു ജർണയിൽ സിംഗ്. അച്ഛൻ ജൊഗീന്ദർ സിംഗ് സിക്കുകാരുടെ ഒരു പ്രാദേശിക നേതാവായിരുന്നു. സിക്കുകാരുടെ മതപഠന സ്കൂളാണ് “ദംദാമി തക്സൽ”. ഗുർബച്ചൻ സിംഗ് ഖത്സാ എന്നയാളാണു ദംദാമി തക്സലിന്റെ തലവൻ. ഭിന്ദ്രൻവാലെ, ദംദമി തക്സലിൽ ചേർന്നു പഠനം ആരംഭിച്ചു. ഗുർബച്ചനു ശേഷം മേധാവിയായ കർത്താർ സിംഗ് ഒരു അപകടത്തിൽ പെട്ടു മരിച്ചതിനെ തുടർന്നു, അദ്ദേഹത്തിന്റെ ഇഷ്ടശിഷ്യനായിരുന്ന ഭിന്ദ്രൻവാലെ ദംദമി തക്സലിന്റെ നേതൃസ്ഥാനത്തേക്ക്  നിർദ്ദേശിയ്ക്കപ്പെട്ടു.

കടുത്ത മതനിഷ്ഠ പുലർത്തിയിരുന്ന ഭിന്ദ്രൻ വാലെ പഞ്ചാബിലെ ഗ്രാമങ്ങൾ തോറും നടന്ന്, മിഷണറി പ്രവർത്തനം ആരംഭിച്ചു. യുവാക്കളോട് മദ്യപാനം, പുകവലി, മയക്കുമരുന്ന്, അസന്മാർഗിക പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ അദ്ദേഹം ഉപദേശിച്ചു. ധാരാളം പേർ ഭിന്ദ്രൻ വാലയിൽ ആകൃഷ്ടരായി അദ്ദേഹത്തിന്റെ അനുയായികളായി. 1977 ഓഗസ്റ്റ് 25 നു ഭിന്ദ്രൻ വാലെ, ദംദമി തക്സലിന്റെ മേധാവിയായി ചുമതലയേറ്റു. “സിക്കിസം വ്യതിരിക്തമായൊരു മതമാണ്. അതിനു ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല”. ഭിന്ദ്രൻവാല പ്രഖ്യാപിച്ചു. മതപഠനശാലയുടെ മേധാവി എന്ന നിലയിൽ സിക്കുസമൂഹത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചു.

സിക്കുമതത്തിലെ മറ്റൊരു ശാഖയാണു “നിരങ്കാരികൾ” (ഇസ്ലാം മതത്തിലെ ഷിയാക്കൾ പോലെ). എന്നാൽ സിക്കുകാർ അവരെ തങ്ങളുടെ മതത്തിൽ പെട്ടവരായി കണക്കാക്കിയിരുന്നില്ല. നിരങ്കാരികളുടെ നേതാവായിരുന്നു ഗുരുബച്ചൻ സിംഗ്. 1978 സെപ്തംബർ 25 നു, കാൺപൂരിൽ നിരങ്കാരികളുടെ ഒരു സമ്മേളനം വിളിച്ചിരുന്നു. ഗുർബച്ചൻ സിംഗ് അതിൽ പങ്കെടുക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി “അഖണ്ഡ് കിർത്തനി ജാഥ” എന്ന പേരിൽ ഒരു പ്രകടനമായി കോൺപൂരിലേയ്ക്കു പോകുവാൻ സിക്കുകാരിൽ ഒരു വിഭാഗം തീരുമാനിച്ചു.

നിരങ്കാരി സമ്മേളനത്തിനു പോലീസ് സംരക്ഷണം പ്രഖ്യാപിച്ചു. സമ്മേളന സ്ഥലത്ത് എത്തിയ സിക്കുകാരുടെ പ്രതിഷേധ ജാഥയും നിരങ്കാരികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പോലീസ് വെടിവെച്ചു. അക്രമത്തിനും വെടിവെയ്പ്പിലുമായി 13 സിക്കുകാർ കൊല്ലപ്പെട്ടു. ഇതിനെതിരെ പ്രക്ഷോഭവുമായി ഭിന്ദ്രൻവാല രംഗത്തെത്തി..
നിരങ്കാരി നേതാവ് ഗുർബച്ചൻ സിംഗ് അറസ്റ്റു ചെയ്യപ്പെട്ടു. പഞ്ചാബിനു വെളിയിൽ ഹരിയാനയിലാണു വിചാരണ നടന്നത്. അവിടെ കോടതി ഗുർബച്ചൻ സിംഗിനെയും അനുയായികളെയും വെറുതെ വിടുകയാണുണ്ടായത്. ഇതും സിക്കുകാരുടെ ക്രോധം വർധിപ്പിച്ചു. കൂടാതെ, ഹരിയാന – പഞ്ചാബ് നദീജല തർക്കവും വലിയൊരു വിഷയമായി ഉയർന്നു വന്നു. ഭിന്ദ്രൻ വാലയുടെ ഉയർച്ചയുടെ നാളൂകളായിരുന്നു അത്.

1950 കളിലും 60കളിലുമായി ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സ്റ്റേറ്റുകൾ രൂപീകരിയ്ക്കപ്പെട്ടു. സിക്കുകാർക്കു മാത്രമായി ഒരു സംസ്ഥാനം എന്നൊരു വികാരം അക്കാലം മുതലേ ഉണ്ടായിരുന്നു. എന്നാൽ പഞ്ചാബി ഭാഷാടിസ്ഥാനത്തിൽ രൂപീകരിയ്ക്കപ്പെട്ട സംസ്ഥാനത്ത് സിക്കുകാരോടൊപ്പം ഹിന്ദുക്കളുമുണ്ടായിരുന്നു. ഇത്, സിക്കുകാർക്കിടയിലെ തീവ്രവിഭാഗക്കാർക്ക് അതൃപ്തിയുണ്ടാക്കി. സിക്കുകാരുടേതായ രാഷ്ട്രീയ പാർടിയായിരുന്നു ശിരോമണി അകാലിദൾ. അകാലിദളിന്റെ വളർച്ച പഞ്ചാബിൽ കോൺഗ്രസിന്റെ അടിത്തറ ക്രമേണ കുറച്ചുകൊണ്ടുവന്നു.

1975-77 ലെ അടിയന്തിരാവസ്ഥയെ തുടർന്ന് ഇന്ദിരാ ഗാന്ധി അധികാരത്തിൽ നിന്നും തൂത്തെറിയപ്പെട്ടു. തുടർന്നു വന്ന ജനതാ പാർടിയുമായി അകാലിദൾ സഖ്യമായിരുന്നു. അകാലിദളിന്റെ വർധിച്ചു വരുന്ന പിന്തുണ തകർക്കാൻ സിക്കുകാർക്കിടയിൽ പിന്തുണയുള്ള ഒരു മതനേതാവിനെ വളർത്തിയെടുക്കുവാൻ, അക്കാലത്തെ കോൺഗ്രസ് ശക്തികേന്ദ്രമായിരുന്ന സജ്ഞയ് ഗാന്ധിയും സെയിൽ സിംഗും കൂടി പ്ലാനിട്ടു. അവർ കണ്ടെത്തിയത് ഭിന്ദ്രൻ വാലയെ ആണ്. ഇന്ദിരാ ഗാന്ധി അതിനു സമ്മതം മൂളി. താരതമ്യേന മിതവാദികളായിരുന്ന അകാലിദളിനെ പിന്തള്ളി തീവ്ര നിലപാടുകളുമായി ഭിന്ദ്രൻവാലെ വളർന്നു. അയാൾക്കു വേണ്ട പിന്തുണ കോൺഗ്രസ് നൽകി. 1980 ൽ നിരങ്കാരി നേതാവ് ബാബാ ഗുർബച്ചൻ സിംഗ് കൊല്ലപ്പെട്ടു. അതിനു പിന്നിൽ ഭിന്ദ്രൻ വാലെയുടെ കൈകളാണെന്നു ആരോപിയ്ക്കപ്പെട്ടു.

ശിരോമണി അകാലിദളിന്റെ നേതാവായിരുന്ന ഹർചരൻ സിംഗ് ലോംഗോവാൾ 1982 ൽ “ധർമയുദ്ധ് മോർച്ച“ എന്നൊരു പ്രക്ഷോഭപരിപാടിയ്ക്ക് തുടക്കം കുറിച്ചു. ഭിന്ദ്രൻ വാലെയുടെ സഹകരണവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. പഞ്ചാബിൽ എമ്പാടും ഏറ്റുമുട്ടലുകൾ പതിവായി. ഭിന്ദ്രൻ വാലെയുടെ അനുയായികൾ പോലീസിനെയും സിക്കുകാരല്ലാത്തവരെയും ആക്രമിയ്ക്കാൻ തുടങ്ങി. ഭിന്ദ്രൻ വാലെയുടെ കടുത്ത വിമർശകനായിരുന്ന ആര്യസമാജം നേതാവും പത്രമുടമയുമായിരുന്ന ലാലാ ജഗത് നാരായൻ അജ്ഞാതരായ തോക്കുധാരികളാൽ കൊല്ലപ്പെട്ടു. ആ സംഭവത്തിൽ ഭിന്ദ്രൻ വാലെയെ അറസ്റ്റു ചെയ്തെങ്കിലും രണ്ടു ദിവസത്തിനകം മോചിപ്പിച്ചു. അതോടെ വീരപരിവേഷം ലഭിച്ച അയാൾതന്റെ വലിയൊരു അനുയായി വൃന്ദവുമായി ഭിന്ദ്രൻ വാലെ സുവർണക്ഷേത്ര സമുച്ചയത്തിൽ കുടിയേറി. ധർമയുദ്ധ് മോർച്ചയുടെ നേതൃത്വം ഏറ്റെടുത്ത ഭിന്ദ്രവാലെ, തനിയ്ക്കാവശ്യം സിക്കുകാരുടേതായ പരമാധികാര സ്റ്റേറ്റ് – ഖലിസ്ഥാൻ – ആണെന്ന് പ്രഖ്യാപിച്ചു. സിക്കുകാരല്ലാത്തവർ പഞ്ച്ബിൽ നിന്നു പുറത്തു പോകണമെന്നും അയാൾ ആവശ്യപെട്ടു. ഇതോടെയാണു, താൻ വളർത്തിയത് ഭസ്മാസുരനെ ആണെന്ന് ഇന്ദിരാ ഗാന്ധിയ്ക്ക് ബോധ്യമായത്.

സുവർണക്ഷേത്രത്തിൽ താവളമുറപ്പിച്ച ഭിന്ദ്രൻ വാലെ വലിയ തോതിൽ ആയുധ ശേഖരണം നടത്തി. അയാളുടെ അനുയായിൽ ആയുധ ധാരികളായി സുവർണ ക്ഷേത്ര സമുച്ചയത്തിലെ നീണ്ട ഇടനാഴികളിലും ഹാളുകളിലും സദാ റോന്തു ചുറ്റി.. അയൽ രാജ്യമായ പാകിസ്ഥാൻ, ഖാലിസ്ഥാൻ പ്രക്ഷോഭത്തെ എല്ലാരീതിയിലും സഹായിച്ചു. ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയം ഉണങ്ങാത്തൊരു മുറിവായി പാകിസ്ഥാന്റെ ഹൃദയത്തിൽ കിടക്കുകയാണല്ലോ. കൂടാതെ വിദേശ രാജ്യങ്ങളിലുള്ള സിക്കുകാരും ഭിന്ദ്രൻ വാലെയ്ക്കു സാമ്പത്തികമായും അല്ലാതെയുമുള്ള പിന്തുണ നൽകി.

ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയുടെ ഹീറോകളിൽ ഒരാളായിരുന്നു മേജർ ജനറൽ ഷാബേഗ് സിംഗ്. യുദ്ധത്തിനു ശേഷമുള്ള കാലത്ത് അദ്ദേഹം ചില അഴിമതികേസുകളിൽ പെടുകയും റിട്ടയർമെന്റിനു തൊട്ടുമുൻപ് പിരിച്ചു വിടപ്പെടുകയും ചെയ്തു. പ്രതികാര ദാഹിയായ ഷാബേഗ് സിംഗ് ഭിന്ദ്രൻ വാലെയുടെ അനുയായി ആയിമാറി. സുവർണ ക്ഷേത്രത്തിലെ തന്റെ സൈന്യത്തിന്റെ ചുമതല ഭിന്ദ്രൻ വാലെ മേജർ ജനറൽ ഷാബേഗ് സിംഗിനെ ഏൽപ്പിച്ചു. അങ്ങനെ ഇന്ത്യൻ സൈന്യത്തിലെ വിദഗ്ധനായ യുദ്ധവീരനെ തന്നെ ഭിന്ദ്രൻ വാലെയ്ക്ക് സൈന്യത്തലവനായി ലഭിച്ചു.

സിക്കുകാരുടെ ആത്മീയ കേന്ദ്രമായ സുവർണ ക്ഷേത്രത്തിൽ പോലീസോ സൈന്യമോ പ്രവേശിയ്ക്കുകയില്ലെന്ന ധൈര്യത്താൽ അവിടെയിരുന്ന് ഭിന്ദ്രൻ വാലെ ഗവണ്മെന്റിനെ വെല്ലു വിളിയ്ക്കാൻ തുടങ്ങി. ഇന്ത്യയിലെ നിയമങ്ങൾ തനിയ്ക്ക് ബാധകമല്ലെന്ന് അയാൾ പ്രഖ്യാപിച്ചു. അയാളുടെ അനുയായികൾ പഞ്ചാബിൽ അഴിഞ്ഞാടി. 1983 ഏപ്രിലിൽ, പോലീസ് DIG എ എസ് അത്വാൽ സുവർണ ക്ഷേത്രത്തിൽ വെച്ച് പട്ടാപ്പകൽ കൊലചെയ്യപ്പെട്ടു. ആയിരക്കണക്കിനു അർദ്ധസൈനികരെ പഞ്ചാബിലുടനീളം വിന്യസിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു.

1984 മെയ് മാസത്തിൽ, ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ഥൻ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ അനുനയനീക്കവും ഭിന്ദ്രൻ വാലെ തള്ളിക്കളഞ്ഞു. അതിശക്തയെന്നു പേരുകേട്ട പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം പഞ്ചാബും ഭിന്ദ്രൻ വാലെയും വലിയ തലവേദനയായി. അധികം വൈകാതെ, കരസേനാ മേധാവി ജനറൽ എ എസ് വൈദ്യ പ്രധാനമന്ത്രിയെ സന്ദർശിച്ചു. അവരുടെ കൂടിക്കാഴ്ചകൾ നീണ്ടു. “സൈനിക പരിഹാരമല്ലാതെ മറ്റൊരു മാർഗവുമില്ല”. ജനറൽ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ പ്രധാനമന്ത്രി സമ്മതം മൂളി. വെസ്റ്റേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജെനറൽ കെ. സുന്ദർജി ഓപ്പറേഷനുള്ള ആർമി തലവനായി നിയമിയ്ക്കപ്പെട്ടു.

ഓപറേഷൻ ബ്ലൂസ്റ്റാർ – 2: സൈനികനടപടി വഴി സുവർണക്ഷേത്രത്തിൽ നിന്നും ഭിന്ദ്രൻ വാലെയെ തുരത്തുന്നതിനെപറ്റി ഇന്ദിരാ ഗാന്ധി ആദ്യം ചർച്ച ചെയ്യത്, അപ്പോഴത്തെ കരസേനാ ഉപമേധാവി ലെഫ്റ്റ്.ജന. എസ് കെ സിൻഹയോടായിരുന്നു. ടെമ്പിൾ ആക്രമണത്തിനുള്ള ഒരു ബ്ലൂപ്രിന്റ് തയ്യാറാക്കാൻ തയ്യാറാക്കാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ സിൻഹ ഈ നീക്കത്തോടു വിയോജിയ്ക്കുകയാണുണ്ടായത്. സിക്കുകാരുടെ ആത്മീയ കേന്ദ്രമായ സുവർണക്ഷേത്രം ആക്രമിയ്ക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ദിരാ ഗാന്ധിയ്ക്ക് ആ ഉപദേശം ഇഷ്ടമായില്ല. അടുത്ത കരസേനാ മേധാവിയാകേണ്ടിരുന്ന സിൻഹയെ ഉടനടി തൽസ്ഥാനത്തു നിന്നും നീക്കം ചെയ്ത് ജനറൽ എ എസ് വൈദ്യയെ നിയമിച്ചു. അങ്ങനെയാണു ഓപറേഷൻ ബ്ലൂസ്റ്റാറിനു അരങ്ങൊരുങ്ങിയത്.

(ഓപറേഷനു തിരഞ്ഞെടുത്ത സമയം, വലിയൊരു പിശകായിരുന്നു എന്നാണു ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ജൂൺ -3, സിക്കുകാരുടെ 10 ആത്മീയഗുരുക്കളിൽ ഒരാളുടെ രക്തസാക്ഷി ദിനമാണ്. ആ സമയത്ത് പതിനായിരക്കണക്കിനു സിക്കുകാർ സുവർണ ക്ഷേത്രം സന്ദർശിയ്ക്കും. ധാരാളം സിവിലിയന്മാർ എത്തുന്ന ആ സമയം തന്നെ ഓപറേഷനു തിരഞ്ഞെടുത്തതിലെ യുക്തി അറിയില്ല. ഒരു പക്ഷെ ഭക്തജനങ്ങൾ കൂടുതലുള്ള സമയമായതിനാൽ ഭീകരർ വലിയ തോതിലുള്ള ഒരേറ്റുമുട്ടലിൽ നിന്നു ഒഴിഞ്ഞു നിന്നേക്കുമെന്ന് അവർ ചിന്തിച്ചിരിയ്ക്കാം)

ജനറൽ സുന്ദർജി, ഓപ്പറേഷനുള്ള പ്ലാൻ തയ്യാറാക്കി. ക്ഷേത്ര സമുച്ചയത്തിലെ നടപടികളുടെ കമാൻഡ് ലെഫ്.ജനറൽ കുൽദീപ് സിംഗ് ബ്രാറിനെ ഏല്പിച്ചു. ജനറൽ സുന്ദർജിയുടെ മേൽനോട്ടത്തിൽ ലെഫ്.ജന. ബ്രാർ ആയിരിയ്ക്കും സൈന്യത്തെ നയിയ്ക്കുക. ആദ്യപടിയായി പാകിസ്ഥാനുമായുള്ള അതിർത്തി പങ്കിടുന്ന കാശ്മീർ, പഞ്ചാബ് പ്രദേശങ്ങൾ മുഴുവൻ സൈന്യം സീൽ ചെയ്തു. എഴു ഡിവിഷൻ സൈന്യം പഞ്ചാബിലെ ഗ്രാമ പ്രദേശങ്ങളിലടക്കം വിന്യസിയ്ക്കപ്പെട്ടു. പഞ്ചാബിലേയ്ക്ക് വിദേശികളുടെയും വിദേശ ഇന്ത്യക്കാരുടെയും പ്രവേശനം തടഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർശന പരിശോധനകൾക്കു ശേഷം മാത്രമേ ആൾക്കാരെ പഞ്ചാബിലേയ്ക്കു കടത്തി വിട്ടുള്ളു. റോഡ്, റെയിൽ , വിമാന യാത്രകൾ താൽക്കാലികമായി മരവിപ്പിച്ചു. ജനറൽ ഗൌരി ശങ്കർ, പഞ്ചാബ് ഗവർണറുടെ സെക്യൂരിറ്റി അഡ്വൈസറായി നിയമിയ്ക്കപ്പെട്ടു.

ഇതേ സമയം, സുവർണ ക്ഷേത്രസമുച്ചയത്തിൽ ഭിന്ദ്രൻ വാലെയുടെ സൈന്യവും തന്ത്രപരമായി വിന്യസിയ്ക്കപ്പെട്ടു. ഇന്ത്യൻ സൈന്യത്തിൽ ദീർഘകാല യുദ്ധപരിചയമുള്ള ഷാബെഗ് സിംഗിനറിയാം ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധ തന്ത്രങ്ങൾ. തന്ത്രപ്രധാന പോയിന്റുകളിൽ ആയുധങ്ങളും പോരാളികളും നിലയുറപ്പിച്ചു മണൽ ചാക്കുകൾ അട്ടിയിടപ്പെട്ടു. അകാൽ തക്തിലെ ഓരോ പ്രവേശനദ്വാരവും മണൽ ചാക്കുകളാൽ മറയ്ക്കപ്പെട്ടു. അവയ്ക്കിടയിലൂടെ സബ്മെഷീൻ ഗണ്ണുകളുടെയും AK 47 നുകളുടെയും ബാരലുകൾ മാത്രം പുറത്തേയ്ക്കു കണ്ണുതുറന്നിരുന്നു.. പുറത്ത്, CRPF ന്റെയും BSF ന്റെയും ബറ്റാലിയനുകൾ ക്ഷേത്ര സമുച്ചയത്തിനു വെളിയിൽ മണൽ ചാക്കുകൾ അട്ടിയിട്ട്, അവയ്ക്കു പിന്നിൽ തോക്കുകളുമായി നിലയുറപ്പിച്ചു. സൈനിക വിഭാഗങ്ങൾ അവർക്കു പിറകിലായി തമ്പടിച്ചു.

സുവർണക്ഷേത്ര സമുച്ചയത്തിന്റെ രൂപ രേഖ ഇങ്ങനെയാണ്: ഏകദേശം 150 മീറ്റർ നീളവും അത്രയും തന്നെ വീതിയുമുള്ള സമചതുരാകൃതിയിൽ “അമൃത് സരോവർ” എന്ന തടാകം. തടാകത്തിന്റെ മധ്യത്തിൽ “ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ സുവർണ ക്ഷേത്രം എന്നു വിളിയ്ക്കുന്ന ഗുരുദ്വാര. 6 മീറ്റർ നീളവും 6 മീറ്റർ വീതിയുമുണ്ട് ഇതിന്. (ആകെ 40 ചതുരശ്രമീറ്റർ ഉണ്ടാകും). തടാകത്തിനു ചുറ്റുമതിൽ എന്നോണം നാലുവശവും നീണ്ടുകിടക്കുന്ന കെട്ടിട സമുച്ചയം. തടാകത്തിനു ചുറ്റും മാർബിൾ വിരിച്ച നടപ്പാതയുണ്ട്, പരികർമ എന്നാണിതിനു പേര്. ആകെ നാലു പ്രവേശനകവാടങ്ങളാണു കെട്ടിട സമുച്ചയത്തിനുള്ളത്. വടക്കു വശത്താണു മുഖ്യ കവാടം. പടിഞ്ഞാറു വശത്ത് വലിയൊരു മൂന്നു നില കെട്ടിടമുണ്ട്, അകാൽ തക്ത്. അവിടെയാണു ഭിന്ദ്രൻ വാല താമസിയ്ക്കുന്നത്. അകാൽ തക്തിനു മുൻപിൽ തടാകതീരത്ത് “ദർശനി ദേവരി” എന്നൊരു വലിയ കവാടം (ആർച്ച്). കവാടത്തിൽ കൂടി തടാക മധ്യത്തിലെ സുവർണ ക്ഷേത്രത്തിലേയ്ക്ക് 13 അടി വീതിയിൽ നടപ്പാത. ഇങ്ങനെയാണു ക്ഷേത്ര സമുച്ചയത്തിന്റെ ഘടന. കിഴക്കേ കവാടത്തിനു മുന്നിലായി ഹോസ്റ്റലുകളും അതിഥിമന്ദിരവും പാചകപ്പുരയും. ഏതു കവാടത്തിൽ കൂടി കടന്നാലും തുറസായ “പരികർമ്മ” വഴി മാത്രമേ അകാൽ തക്തിൽ എത്താനാവൂ.

പരികർമ്മയ്ക്കു ചുറ്റുമുള്ള കെട്ടിട സമുച്ചയത്തിൽ ഒട്ടാകെ ആയുധ ധാരികളായ ഭീകരർ ഒളിഞ്ഞിരിയ്ക്കുകയാണ്. അവരെ പിന്നിട്ട് അകാൽ തക്തിൽ എത്തിയാൽ മാത്രമേ ഭിന്ദ്രൻ വാലെയെ പിടികൂടാനാവൂ. അതിനിടയിൽ അബദ്ധത്തിൽ പോലും തടാകമധ്യത്തെ സുവർണ ക്ഷേത്രത്തിനു നേരെ വെടിവെയ്ക്കാൻ പാടില്ല.

1984 ജൂൺ 1 സമയം പകൽ 12.40. CRPF-ന്റെയും BSF-ന്റെയും പോസ്റ്റുകളിൽ നിന്നും കെട്ടിട സമുച്ചയത്തിലേയ്ക്ക് വെടി പൊട്ടി. അവിടെ നിന്നും തിരികെയും വെടിയുണ്ടകൾ വന്നു. ഒരു ദിവസം മുഴുവൻ നീണ്ട വെടിവയ്പിനൊടുവിൽ കെട്ടിട സമുച്ചയത്തിൽ ചുരുങ്ങിയത് എട്ടോളം പേർ മരിച്ചു.

ജൂൺ 2 : വെടിവെയ്പ് തുടരുന്നു. അതിർത്തിയിലെ സന്നാഹങ്ങൾ ശക്തിപ്പെടുത്തി. കെട്ടിട സമുച്ചയത്തിലേയ്ക്കുള്ള വൈദ്യുതി- ജല കണക്ഷനുകൾ വിച്ഛേദിച്ചു.

ജൂൺ-3 : പഞ്ചാബിലുടനീളം കർഫ്യൂ പ്രഖ്യാപിച്ചു. ആളുകൾക്ക് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്. പത്രലേഖകരെയും മാധ്യമപ്രവർത്തകരെയും പഞ്ചാബിൽ നിന്നു വെളിയിലാക്കി. സുവർണക്ഷേത്ര സമുച്ചയത്തിലേയ്ക്കു എത്തുന്ന എല്ലാ റോഡുകളും സൈന്യം സീൽ ചെയ്തു. വെടിവെയ്പ് തുടരുന്നു.

ജൂൺ -4 : സൈനിക നീക്കം ആരംഭിച്ചു. ഹോവിറ്റ്സർ പീരങ്കികൾ വിന്യസിയ്ക്കപ്പെട്ടു. കരസേനാ ടാങ്കുകളും കവചിത വാഹനങ്ങളും കിഴക്കേ കവാടത്തിലേയ്ക്കു നീങ്ങി. ഹെലികോപ്ടറുകളിൽ കമാൻഡോകൾ എത്തി. കിഴക്കേ കവാടത്തിലെ ഗസ്റ്റ് ഹൌസുകളിലും ഹോസ്റ്റലുകളിലും ധാരാളം ഭീകരർ നിലയുറപ്പിച്ചിരുന്നു. അവരുടെ നിലകൾക്കു നേരെ ഹോവിറ്റ്സറുകൾ വെടിയുതിർത്തു. ഭീമാകാരമായ വാട്ടർ ടാങ്ക് തകർക്കപ്പെട്ടു. സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിൽ നൂറുകണക്കിനു (അതോ ആയിരക്കാണക്കിനോ) ആളുകൾ മരണപ്പെട്ടു എന്നാണു കണക്കാക്കപ്പെടുന്നത്.

ഇതോടെ ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ ജനറൽ സുന്ദർജി ഉത്തരവിട്ടു. സിക്കുകാരുടെ ഒരു ആത്മീയ നേതാവായ ഗുർചരൺ സിംഗ് തോറയെ, സന്ധി സംഭാഷണങ്ങൾക്കായി ഭിന്ദ്രൻ വാലെയുടെ അടുത്തേയ്ക്ക് അയച്ചു. എന്നാൽ ഭിന്ദ്രൻവാലെ സന്ധിയ്ക്കു തയ്യാറായിരുന്നില്ല. ആക്രമണം പുനരാരംഭിച്ചു.

ജൂൺ 5 : ആക്രമണത്തിന്റെ അടുത്ത പടിയായി സൈന്യം ക്ഷേത്ര സമുച്ചയത്തിന്റെ നേർക്കു പീരങ്കി പ്രയോഗം നടത്തി. ഇതേ സമയം 9ആം ഡിവിഷൻ അകാൽ തക്തിനെ പുറത്തു നിന്നും ആക്രമിച്ചു. എന്നാൽ അവർക്കു മുന്നോട്ടു നീങ്ങാനായില്ല. ആക്രമണം ലക്ഷ്യം തെറ്റിയാൽ ഹർമന്ദിർ സാഹിബ് തകരും..

രാത്രി 7.00 മണി : BSF ന്റെയും CRPF ന്റെയും സംയുക്താക്രമണത്തിൽ, സമുച്ചയത്തിനു വെളിയിലെ ഹോട്ടൽ ടെമ്പിൾ വ്യൂവിനും ബ്രഹ്ം ബൂട്ടാ അഖാറയ്ക്കും നേരെ ആക്രമണം നടത്തി. 10 മണിയോടെ അവയുടെ നിയന്ത്രണം പിടിച്ചെടുത്തു.

ഇത്രയും ദിവസത്തെ ആക്രമണത്തിനൊടുവിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്നു ജനറൽ സുന്ദർജിയ്ക്കു മനസ്സിലായി. അദ്ദേഹവും മേജർ ജനറൽ ബ്രാറും കൂടി യുദ്ധതന്ത്രം മാറ്റുവാൻ തീരുമാനിച്ചു. കെട്ടിട സമുച്ചയത്തിന്റെ മൂന്നുകവാടങ്ങളിൽ കൂടിയും ഒരേ സമയം ആക്രമിച്ചു മുന്നേറുക. ഒരേ സമയത്ത് അകാൽ തക്തിലെത്തി ആക്രമിക്കുക. ഇതായിരുന്നു പുതിയ തന്ത്രം. 10 ഗാർഡ്സ് , 1 പാരാ കമാൻഡോസും, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സും (SFF) ഉം വടക്കുവശത്തെ പ്രധാന കവാടം ആക്രമിയ്ക്കും. 9 ഗഡ്വാൾ റൈഫിൾസ്, 15 കുമാവോൺ ബറ്റാലിയൻ എന്നിവ തെക്കുവശത്തെ കവാടം ആക്രമിയ്ക്കും. 26 മദ്രാസ് ബറ്റാലിയൻ കിഴക്കു വശത്തെ കവാടം ആക്രമിയ്ക്കും. മൂന്നു കവാടങ്ങളിൽ നിന്നും ഉള്ളിൽ കടക്കുന്ന സൈന്യം പരികർമ വഴി അകാൽ തക്തിലെത്തും. പാരാ കമാൻഡോസ് ഭിന്ദ്രൻ വാലയെ പിടികൂടും. 12 ബിഹാർ ബറ്റാലിയൻ, ക്ഷേത്ര സമുച്ചയത്തിനു വെളിയിൽ വലയം തീർത്ത് സപ്പോർട്ട് ഫോഴ്സായി നിന്നു.

സമയം രാത്രി 10.30. വടക്കേ കവാടത്തിൽ കൂടി പാരാട്രൂപ്പ് കമാൻഡോകൾ ക്ഷേത്ര സമുച്ചയത്തിലേയ്ക്കു കടന്നു. പടികളിൽ ചവിട്ടിയ നിമിഷം ഇരുവശത്തു നിന്നുമായി വെടിയുണ്ടകൾ ചീറിവന്നു. കമാൻഡോകളിൽ ഭൂരിഭാഗവും വെടിയേറ്റു വീണു. ഏതാനും ചിലർക്കു മാത്രമാണു പടികടന്ന് ഉള്ളിൽ കാലുകുത്താനായത്. എന്നാൽ ഇടതടവില്ലാത്ത ബുള്ളറ്റ് വർഷത്തിൽ ഒരിഞ്ചു നീങ്ങാനാവാതെ അവർ പിൻവാങ്ങി. ആദ്യ പരാജയത്തിനുശേഷം വീണ്ടും ശ്രമിച്ചെങ്കിലും പരികർമ്മയിൽ സ്പർശിയ്ക്കുവാൻ പോലും കമാൻഡോകൾക്കായില്ല. ഇതേ സമയം തെക്കേ കവാടം വഴി ഉള്ളിൽ കടക്കാൻ ശ്രമിച്ചവർക്കും കനത്ത വെടിവെയ്പ് നേരിടെണ്ടി വന്നു. തൂണുകളുടെ മറവിൽ നിന്നു അവർ പ്രതിരോധിയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. സൈന്യത്തിനു ആൾ നാശം സംഭവിച്ചു കൊണ്ടിരുന്നു. പരിചയ സമ്പന്നനായ മേജർ ജനറൽ ഷാബെഗ് സിംഗിന്റെ പ്രതിരോധ സന്നാഹം ശക്തമായിരുന്നു.. നിലത്തു കൂടി ഇഴഞ്ഞു നീങ്ങുവാൻ ശ്രമിച്ച കമാൻഡോകളും വെടിയേറ്റു വീണു. നിലത്തു നിന്ന് അരയടി പൊക്കത്തിലായി സബ്മെഷീൻ ഗണ്ണുകൾ ഷാബേഗ് സിംഗ് ഉറപ്പിച്ചിരുന്നു.

കിഴക്കു നിന്നു പ്രവേശിയ്ക്കേണ്ട മദ്രാസ് ബറ്റാലിയനു കൃത്യസമയത്ത് അതു സാധ്യമായില്ല. ഗേറ്റ് തുറക്കുവാൻ അവർക്കായില്ല. അവരുടെ പിന്തുണ ലഭിയ്ക്കാതെ, തെക്കുനിന്നും വടക്കു നിന്നും പ്രവേശിച്ച കമാൻഡോകൾ ഈയാം പാറ്റകളെ പോലെ വീഴുകയായിരുന്നു. തടാകത്തിന്റെ മറുകരയിൽ നിന്നും വെടികളുതിർന്നപ്പോൾ തിരിച്ചു വെടിവെക്കാൻ കമാൻഡോകൾക്കു സാധ്യമല്ലായിരുന്നു, കാരണം ഹർമന്ദിർ സാഹിബിനു നേർക്ക് വെടിവെക്കരുതെന്നാണ് അവർക്കുള്ള ഉത്തരവ്..

കിഴക്കേ കവാടത്തിലേയ്ക്കു നീങ്ങുവാൻ ടാങ്കുകൾക്ക് മേജർ ജനറൽ ബ്രാർ ഉത്തരവു നൽകി. കനത്ത ഗേറ്റു തുറക്കാനാകാതെ നിന്ന മദ്രാസ് ബറ്റാലിയനിടയിലൂടെ ടാങ്ക് മുന്നോട്ട് നീങ്ങി. ഒറ്റവെടിയ്ക്ക് ഗേറ്റ് തകർന്നു.. രാത്രി 11.30 ഓടെ വടക്കേ കവാടം വഴി കടന്ന കമാൻഡോകൾക്ക് അല്പം മുന്നോട്ടു നീങ്ങാനായി. 12.00 മണിയോടെ തെക്കേ കവാടം വഴി കടന്ന ഗഡ്വാൾ റൈഫിൾസും അല്പം മുന്നോട്ടു നീങ്ങി. ഇടതടവില്ലാതെ വെടിയുണ്ടകൾ പാഞ്ഞുകൊണ്ടിരുന്നു. രാത്രി 12.30 പാരാട്രൂപ് കമാൻഡോകൾ വടക്കേ പാർശ്വഭാഗം പിന്നിട്ട് പടിഞ്ഞാറേ ഭാഗത്തെത്തി. ഇതേ സമയം കിഴക്കു നിന്നും ഒരു കവചിത വാഹനം പരികർമ്മ വഴി നീങ്ങി വന്നു. എന്നാൽ ചീറി വന്ന ഒരു റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡേറ്റ് അതു തകർന്നു..

ഏറേ ആൾനാശം സഹിച്ച് കമാൻഡോകളുടെ ഒരു ടീം അകാൽ തക്തിനു മുന്നിലെത്തി. ആ മൂന്നു നില കെട്ടിടത്തിൽ നിന്നും സബ് മെഷീൻ ഗണ്ണുകളിൽ നിന്നും തുരുതുരെ വെടിപൊട്ടിക്കൊണ്ടേയിരുന്നു.
അകാൽ തക്തിനു മുന്നിലെത്തിയ കമാൻഡോകൾ ഗ്യാസ് കാനിസ്റ്ററുകൾ പ്രയോഗിച്ചു. എന്നാൽ എല്ലാ കവാടങ്ങളും സീൽ ചെയ്തു സുരക്ഷിതമാക്കിയ അകാൽ തക്തിനു നേരെ പ്രയോഗിയ്ക്കപ്പെട്ട അവ നേരെ തിരിച്ച് കമാൻഡോകൾക്കിടയിലാണു പതിച്ചത്. വീണ്ടും ആൾ നാശം..

മരണപ്പെട്ടതും പരിക്കേറ്റതുമായ നൂറുകണക്കിനു കമാൻഡോകൾ പരികർമ്മയിൽ രക്തം ചിതറി കിടന്നു.. മേജർ ജനറൽ ബ്രാർ, ടാങ്കുകൾ ക്ഷേത്ര സമുച്ചയത്തിൽ പ്രവേശിപ്പിയ്ക്കാനുള്ള അനുമതിയ്ക്കായി അപേക്ഷിച്ചു.. വെളുപ്പിനു നാലുമണിയ്ക്കാണു അതിനുള്ള ക്ലിയറൻസ് ലഭിച്ചത്.. വൈജയന്ത ടാങ്കുകൾ കിഴക്കേ കവാടം വഴി ഇരമ്പിക്കയറി. പരികർമ്മ വഴി മുന്നോട്ടു നീങ്ങിയ അവ അകാൽ തക്തിനു മുന്നിലായി വന്നു നിന്നു. അവയുടെ 105 MM ബാരലുകളിൽ നിന്നു ഹൈ എക്സ്പ്ലോസീവ് ഷെല്ലുകൾ വർഷിയ്ക്കപ്പെട്ടു.. അകാൽ തക്തിന്റെ മുൻഭാഗം തകർന്നു തരിപ്പണമായി..നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു.. എന്നിട്ടും ചുറ്റുപാടുമുള്ള കെട്ടിടങ്ങളിൽ നിന്നും വെടിയുതിർന്നു കൊണ്ടിരുന്നു.. നീണ്ടു നിന്ന വെടിവെയ്പ്പുകൾക്കൊടുവിൽ ഭീകരരുടെ പ്രതിരോധം തകർന്നു തുടങ്ങി. കമാൻഡോകൾ മേൽക്കൈ നേടി.. അവർ ഓരോരോ കെട്ടിടങ്ങൾ ക്ലീയർ ചെയ്തു തുടങ്ങി.

ജൂൺ 7. സുവർണക്ഷേത്ര സമുച്ചയം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഭിന്ദ്രൻ വാലെയുടെയും മേജർ ജനറൻ ഷാബേഗിന്റെയും ജഡങ്ങൾ കണ്ടെടുത്തു.. അകാൽ തക്തിന്റെയും മറ്റു കെട്ടിടങ്ങളുടെയും ഉള്ളിൽ അനേകം ഭീകരരുടെ ജഡങ്ങൾ ചിതറിക്കിടന്നു.. ജൂൺ 10 നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ പൂർത്തീകരിച്ചു. കമാൻഡോകൾ ബാരക്കിലേയ്ക്കു മടങ്ങി.

ഔദ്യോഗിക കണക്കു പ്രകാരം മരണ സംഖ്യ: സിവിലിയൻ – 493, സൈനികർ : 83 പേർ (220 പേർക്കു പരിക്ക്), തീവ്രവാദികൾ : 230 ൽ അധികം (400 പേരെ ജീവനോടെ പിടികൂടി). അനൌദ്യോഗിക കണക്കു പ്രകാരം 1500 ൽ അധികം പേർ മരിച്ചിട്ടുണ്ട്. ഭിന്ദ്രൻ വാലെയെ ജീവനോടെ പിടികൂടി വെടി വെച്ചു കൊന്നതാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.

ഓപ്പറേഷൻ വിജയകരമായി പര്യവസാനിച്ച വിവരം പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ചു. അവരുടെ ആദ്യ ചോദ്യം എത്ര പേർ മരണപ്പെട്ടു എന്നായിരുന്നു. സൈനികരും സിവിലിയന്മാരുമായി നൂറുകണക്കിനു പേർ മരിച്ചു എന്നറിയിച്ചപ്പോൾ അവർ “എന്റെ ദൈവമേ” എന്ന വിളിയോടെ തലയ്ക്കു കൈകൊടുത്തു കുനിഞ്ഞിരുന്നു..”ഒരാൾ പോലും മരണപ്പെടില്ല എന്നായിരുന്നല്ലോ അവരെന്നോടു പറഞ്ഞത്..!“

സുവർണക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണം സിക്കുകാരെ വല്ലാതെ ക്ഷോഭിപ്പിച്ചു. സൈന്യത്തിലെ ചില സിക്കു ഭടന്മാർ ലഹളയ്ക്കൊരുങ്ങിയെങ്കിലും അടിച്ചമർത്തപ്പെട്ടു. ഭിന്ദ്രൻ വാലെയുടെ മരണ ശേഷവും പഞ്ചാബ് ശാന്തമായില്ല. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ജനറൽ എ എസ് വൈദ്യ തുടങ്ങി പലരും കൊല്ല്പപെട്ടു. പിൽക്കാലത്ത് ഖലിസ്ഥാൻ പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു, പഞ്ചാബ് ക്രമേണ ശാന്തതയിലേയ്ക്കു നീങ്ങി. എങ്കിലും ഇന്നും ചിലരിലെങ്കിലും ഖലിസ്ഥാൻ അണയാത്ത കനലായി ചാരം മൂടിക്കിടപ്പുണ്ട്. സിക്കു ചരിത്രത്തിൽ ഭിന്ദ്രൻ വാലെ ധീരരക്തസാക്ഷിയായും വാഴ്ത്തപ്പെടുന്നു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ പേരിൽ സൈന്യത്തിനു കനത്ത വിമർശനം നേരിടേണ്ടി വന്നു. അവരോട് ജനറൽ സുന്ദർജി പറഞ്ഞിത് ഇങ്ങനെ: “Answered the call of duty as disciplined, loyal and dedicated members of the Armed Forces of India. Our loyalties are to the nation, the armed forces to which we belong, the uniform we wear and to the troops we command.”

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply