ഡെത്ത് ഇൻ പാരിസ് – ഡയാനാ രാജകുമാരിയുടെ മരണം.

ഈ ലേഖനം എഴുതി തയ്യാറാക്കിയത് : ബിജുകുമാർ ആലക്കോട്.

Biju Kumar

1997 ഓഗസ്റ്റ് 30. സമയം വൈകുന്നേരം 4.00 മണി. അന്നു പാരിസിൽ നല്ല ചൂടായിരുന്നു. വേനലിന്റെ മൂർധന്യം. നഗരത്തിന്റെ ഹൃദയഭാഗത്താണ് ഹോട്ടൽ റിറ്റ്സ്. ആഡംബരത്തിന്റെ കാര്യത്തിൽ ലോകത്തെ തന്നെ ഏറ്റവും മുൻപിൽ നിൽക്കുന്നവയിൽ ഒന്നാണു ആ ഹോട്ടൽ. അതിസമ്പന്നരും ലോകത്തെ എണ്ണം പറഞ്ഞ നേതാക്കളും മാത്രം താമസിയ്ക്കുന്ന സ്ഥലം. ഈജിപ്ഷ്യൻ അറബ് വംശജനായ മുഹമ്മദ് അൽ ഫയാദ് ആണു അതിന്റെ ഉടമസ്ഥൻ. ഹോട്ടലിന്റെ വിശാലമായ ഫ്രണ്ട് യാർഡിന്റെ പുറത്തെ അതിരിൽ നീളൻ ടെലിസ്കോപ്പിക് ലെൻസുകൾ പിടിപ്പിച്ച ക്യാമറകളുമായി പതിനഞ്ചോളം പേർ അവിടവിടെയായി നിൽക്കുന്നുണ്ട്. അവരിൽ ചിലർ ചെടികളുടെ മറവ് പറ്റി കഴിയാവുന്നിടത്തോളം മുന്നോട്ട് നീങ്ങാൻ ശ്രമിയ്ക്കുന്നു. ഹോട്ടലിലെ സെക്യൂറിറ്റി ജീവനക്കാർ പക്ഷെ ആരെയും മുന്നോട്ട് വിടാതെ തടയുന്നുണ്ട്. വിവിധ പത്രസ്ഥാപനങ്ങളുടെ ഫോട്ടോ ജേർണലിസ്റ്റുകളാണു ക്യാമറകളുമേന്തി അക്ഷമരായി നിൽക്കുന്ന ആ കൂട്ടർ. പാപ്പരാസികൾ എന്ന അപരനാമത്തിലാണു ഇവർ അറിയപ്പെടുന്നത്. ഹോട്ടലിലേയ്ക്കു വരാനുള്ള ചില വിശിഷ്ടാതിഥികളെ ക്യാമറയിലൊപ്പിയെടുക്കാനാണു അവരിങ്ങനെ കാത്തു നിൽക്കുന്നത്.

നാലരയായപ്പോൾ റിറ്റ്സിന്റെ ഗേറ്റിലൂടെ ഒരു മെർസിഡസ് കാർ കയറിവന്നു. അതു ഹോട്ടലിന്റെ എൻട്രൻസിലെത്തി നിന്നു. കാത്തു നിന്നിരുന്ന പാപ്പരാസികൾ ലെൻസ് സൂം ചെയ്ത് കിട്ടാവുന്നിടത്തോളം ദൃശ്യങ്ങൾ പകർത്തി തുടങ്ങി. മെർസിഡസിൽ നിന്നും പുറത്തിറങ്ങിയത്, സ്വർണമുടിയുള്ള, വെള്ളാരം കണ്ണുകളുള്ള സുന്ദരിയായ ഒരു യുവതിയായിരുന്നു. പ്രിൻസസ് ഓഫ് വെയിൽസ് ഡയാന. ബ്രിട്ടീഷ് രാജകുടുംബത്തിലെ അടുത്ത അവകാശിയായ ചാൾസ് രാജകുമാരന്റെ മുൻ ഭാര്യ. സെക്യൂരിറ്റി ഗാർഡുമാരുടെ അകമ്പടിയോടെ അവർ അതിവേഗം ഉള്ളിലേയ്ക്കു നടന്നു. മെർസിഡസിൽ നിന്നും പിന്നീട് ഇറങ്ങിയത് മധ്യവയസ്സുള്ള ഒരാൾ. ദോദി അൽ ഫയാദ്. റിറ്റ്സ് ഹോട്ടൽ ഉടമയുടെ മൂത്ത മകൻ. അയാളും അതിവേഗം ഉള്ളിലേയ്ക്കു പോയി. പാപ്പരാസികളെ സംബന്ധിച്ചിടത്തോളം ഇനി അവർ പുറത്തേയ്ക്കിറങ്ങിയാലേ ജോലിയുള്ളു. അതു വരെ കാത്തിരിയ്ക്കുക തന്നെ.

ലോകത്ത് ഏറ്റവും ഡിമാൻഡുള്ള മുഖങ്ങളിലൊന്നാണു ഡയാന രാജകുമാരിയുടേത്. അപൂർവമായൊരു നിമിഷം ക്യാമറയിൽ പതിഞ്ഞു കിട്ടുന്ന ഫോട്ടോഗ്രാഫർ ഭാഗ്യവാനാണ്, ലക്ഷങ്ങൾ വിലകൊടുത്തു വാങ്ങാൻ പ്രസിദ്ധീകരണങ്ങളുണ്ട്. അതു തന്നെയാണു അവരുടെ ഈ കാത്തിരിപ്പിന്റെ കാരണവും.

6.00 മണിയായപ്പോൾ ദോദി അൽഫയാദും അയാളുടെ ബോഡിഗാർഡുകളും വെളിയിലേയ്ക്കു വന്നു. പാപ്പരാസി ക്യാമറകൾ ചലിച്ചു. പക്ഷേ അവർ പ്രതീക്ഷിച്ചിരുന്ന മുഖം പിന്നാലെയുണ്ടായിരുന്നില്ല. പുറത്തിറങ്ങിയ ദോദി, ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള റിപ്പൊസ്സി ജൂവലറിയിലേയ്ക്കാണു പോയത്. അവിടെ അയാളൊരു മോതിരത്തിനു ഓർഡർ കൊടുത്തിരുന്നു. അതു വാങ്ങുകയായിരുന്നു ഉദ്ദേശം. അധികം വൈകാതെ ദൊദി ഹോട്ടലിലേയ്ക്കു തിരികെ പോയി.

ഹോട്ടലിന്റെ ഇമ്പീരിയൽ സ്യൂട്ടിലായിരുന്നു ഡയാന ഉണ്ടായിരുന്നത്. ഇറ്റലിയിലെ സാർഡിനിയ ദ്വീപിൽ നിന്നും അന്നുച്ചയ്ക്കാണു അവരും ദോദിയും പാരിസിലേയ്ക്കു ദൊദിയുടെ സ്വകാര്യ വിമാനത്തിൽ പറന്നത്. കുറെ ദിവസങ്ങളായി അവർ അവിടെ ഒന്നിച്ചു ചിലവഴിയ്ക്കുകയായിരുന്നു. ഈ രാത്രി ദോദിയോടൊപ്പം പാരിസിൽ കഴിഞ്ഞ ശേഷം രാവിലെ ലണ്ടനിലേയ്ക്കു തിരികെ പോകാനാണു ഡയാനയുടെ പ്ലാൻ. അവിടെ തന്നെ കാത്ത് രണ്ട് കുട്ടികൾ ഇരിപ്പുണ്ടെന്ന് അവർക്കറിയാം.

ഭക്ഷണത്തിനു സമയമായിരുന്നു. ദൊദി ഡയാനയുടെ കൈപിടിച്ച് ഗ്രൗണ്ട് ഫ്ലോറിലുള്ള റസ്റ്റാറന്റിലേയ്ക്കു നടന്നു. അവരോടൊപ്പം, റിറ്റ്സ് ഹോട്ടൽ സെക്യൂരിറ്റി അസി. മാനേജർ ഹെൻട്രി പോൾ, ദോദിയുടെ ബോഡി ഗാർഡുകളായ കെസ് വിങ്ഫീൽഡ്, ട്രെവർ റീസ് ജോൺസ് എന്നിവരുമുണ്ട്. ഭക്ഷണ ശേഷം ഡയാനയും ദോദിയും, ചാംസ് എലിസീസിലുള്ള അയാളുടെ അപാർട്ട്മെന്റിലേക്കു പോകും. രാത്രി അവിടെ കഴിയും. വിടാതെ പിന്തുടരുന്ന പാപ്പരാസികളുടെ ശല്യം ദോദിയേയും ഡയാനയേയും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സാർഡിനിയയിൽ സ്വന്തം ആഡംബര നൗകയിലായിരുന്നു പ്രണയ ജോഡികൾ കഴിഞ്ഞത്. എന്നിട്ടും കടലിൽ പോലും പാപ്പരാസികൾ പിന്തുടർന്നിരുന്നു. തങ്ങളുടെ അപാർട്ട്മെന്റിലേയ്ക്കുള്ള യാത്ര പാപ്പരാസികളുടെ കണ്ണിൽ പെടാതെ രഹസ്യമായിരിയ്ക്കണമെന്ന് ദോദി ഹെൻട്രി പോളിനോട് ആവശ്യപ്പെട്ടു.

റസ്റ്റാറന്റിലെത്തിയ ദോദിയ്ക്കും ഡയാനയ്ക്കും അവിടെ സ്വൈര്യമായിരുന്നു ഭക്ഷണം കഴിയ്ക്കാനായില്ല. ടെലിസ്കോപ്പിക് ക്യാമറകൾ അവരുടെ ഓരോ ചലനവും പുറത്തു നിന്നു പകർത്തിക്കൊണ്ടിരുന്നു. അസ്വസ്ഥയായ ഡയാന ഭക്ഷണം കഴിയ്ക്കാതെ എഴുനേറ്റു. അവർ സ്യൂട്ടിലേയ്ക്കു തന്നെ പോയി, ഒപ്പം ദോദിയും. സ്യൂട്ടിലിരുന്നാണവർ ഭക്ഷണം കഴിച്ചത്. പിന്നീട് രണ്ടു മണിക്കൂറോളം അവർ സ്വകാര്യമായി കഴിച്ചു കൂട്ടി.

പാപ്പരാസികളുടെ കണ്ണിൽ പെടാതെ എങ്ങനെ ഡയാനയെയും ദോദിയേയും പുറത്തു കടത്തും? പോളും ബോഡി ഗാർഡുകളും കൂടി ആലോചിച്ചു. ഒരു മെർസിഡസും ഒരു റേഞ്ച് റോവറുമാണു അവരുടെ യാത്രയ്ക്ക് ഒരുക്കിയിരുന്നത്. മുൻ വശത്തു നിന്നു പോളും ബോഡി ഗാർഡുകളും ഇരു വാഹനങ്ങളിലുമായി കയറി ഓടിച്ചു പോകുക, അതേ സമയം പിൻ വശത്തെ ഗേറ്റ് വഴി ദൊദിയും ഡയാനയും വെളിയിൽ ഇറങ്ങുക, പോൾ ഓടിയ്ക്കുന്ന മെർസിഡസ് പിന്നിലെത്തി അവരെ കയറ്റി ഉടൻ സ്ഥലം വിടുക. ഇതായിരുന്നു അവരുടെ പ്ലാൻ.

റൊമോൾഡ് രാറ്റ്, ഒരു പാരീസ് പത്രത്തിന്റെ ഫോട്ടോ ഗ്രാഫറാണ്, റിറ്റ്സ് ഹോട്ടലിനു മുന്നിൽ കാത്തുകെട്ടി കിടക്കുന്ന പാപ്പരാസിക്കൂട്ടത്തോടൊപ്പം അയാളുമൂണ്ട് ഉച്ച മുതൽ. സാർഡിനിയയിൽ നിന്നും ഡയാന പുറപ്പെട്ട ഉടൻ തന്നെ ഫോൺ എത്തിയിരുന്നു, പ്രണയ ജോഡികൾ റിറ്റ്സ് ഹോട്ടലിലേയ്ക്കു വരുന്നുണ്ട് എന്ന്.

റിറ്റ്സ് ഹോട്ടലിനു, പിൻ ഭാഗത്ത് ഒരു ഗേറ്റുള്ള കാര്യം പാപ്പരാസികൾക്കുമറിയാം. ചിലപ്പോൾ മുൻഭാഗം ഒഴിവാക്കി അവർ പിന്നിലൂടെ പോകാനുള്ള സാധ്യതയുണ്ടെന്ന് അവരിൽ ചിലർ കണക്കു കൂട്ടി. അതിൻ പ്രകാരം, മൂന്നു പേർ പിൻ ഗേറ്റിനു സമീപത്തായി സ്ഥാനം പിടിച്ചു. റൊമോൾഡ് രാറ്റ് ഹോട്ടലിന്റെ മുൻ വശത്താണുണ്ടായിരുന്നത്.
സമയം രാത്രി 11.00 മണിയായി. ഹെൻട്രി പോൾ ഹോട്ടലിനു വെളിയിൽ വന്നു. പുറത്തുള്ള ആരെയോ നോക്കി കൈ വീശി. പിന്നീട് ദോദിയുടെ ബോഡി ഗാർഡുകളും ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരുമായി സംസാരിച്ചു കൊണ്ട് അകത്തേയ്ക്കു പോയി.

രാത്രി 12.19 ആയപ്പോൾ ഡയാനയും ദോദിയും ഹോട്ടലിന്റെ അടുക്കള ഭാഗത്തു കൂടി പുറകുവശത്തെ ഗേറ്റിലേയ്ക്കു നടന്നു. അതേ സമയം തന്നെ മുൻ വശത്തു കിടന്ന മെർസിഡസ് കാറിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക് ഹെൻട്രി പോൾ കടന്നു. തൊട്ടടുത്ത സീറ്റിൽ ബോഡി ഗാർഡ് ട്രെവർ റീസ് ജോൺസും ഇരുന്നു. പാപ്പരാസികൾക്ക് പിടികൊടുക്കാതെ കാർ അതിവേഗം പുറത്തേയ്ക്കു പോയി.

ഡയാനയുടെ ഒരു സ്നാപ് പോലും കിട്ടാത്തതിൽ രാറ്റിനും കൂട്ടർക്കും നിരാശ തോന്നി. പിൻ വശത്തെ ഗേറ്റിൽ ഒന്നു പോയി നോക്കാമെന്ന് രാറ്റിനു തോന്നി. അയാൾ അങ്ങോട്ട് ഓടിച്ചെന്നു. അവിടെ ഉണ്ടായിരുന്ന മൂന്നു പാപ്പരാസികളെയും കാണാനില്ല. ദോദിയും ഡയാനയും ഇതു വഴി പൊയ്ക്കഴിഞ്ഞു എന്നയാൾക്ക് മനസ്സിലായി. ഉടൻ തന്നെ തന്റെ ബൈക്ക് സ്റ്റാർട്ടാക്കി അവർ പോയ വഴിയെ അയാൾ കുതിച്ചു പാഞ്ഞു. ആ വഴി കടന്നു പോകുന്നത് “പോണ്ടെ ഡി അൽമ“ ടണൽ ഭാഗത്തേയ്ക്കാണ്. ടണലിൽ കൂടി 30 മൈൽ വേഗതയിൽ മാത്രമേ പോകാവൂ എന്നാണു നിയമം. കുതിച്ചു പോയാൽ തനിയ്ക്കവരുടെ ഒപ്പം എത്താനാവും. ഏതാനും കിലോമീറ്റർ കഴിഞ്ഞതോടെ മുന്നിലായി സ്പീഡിൽ പോകുന്ന മെർസിഡസ് കാർ അയാൾ കണ്ടു. അതു ടണലിലേയ്ക്കു പ്രവേശിയ്ക്കുകയാണ്.

പെട്ടെന്ന് ടണലിനുള്ളിൽ എന്തോ ഒന്നു മിന്നലും വലിയ ശബ്ദവും അയാൾ കേട്ടു. ടണലിൽ വൺവേയാണു. ഇരു വശത്തെയും പാതകളിൽ കൂടി വാഹനങ്ങൾ പോകുന്നു. മധ്യഭാഗത്തായി നിരയായി കോൺക്രീറ്റ് തൂണുകൾ. ടണലിലേക്ക് രാറ്റിന്റെ ബൈക്ക് എത്തി. പതിമൂന്നാമത്തെ തൂണിൽ ഇടിച്ച് തകർന്നുകിടക്കുന്ന മെർസിഡസ് കാറാണു അയാൾ കണ്ടത്..! അല്പം അകലത്തായി അയാൾബൈക്ക് നിർത്തി. തൊട്ടു മുമ്പിലുണ്ടായിരുന്ന കാറിൽ ഏതാനും പാപ്പരാസികൾ ഉണ്ടായിരുന്നു. അവരും വെളിയിലിറങ്ങി.

നടുക്കത്തിന്റെ മരവിപ്പിലായിരുന്നു എല്ലാവരും. തകർന്നു കിടക്കുന്ന കാറിൽ നിന്നും ഞരക്കം കേൾക്കാം.. ചുടുചോര റോഡിൽ പരന്നുകൊണ്ടിരിയ്ക്കുന്നു. കാറിന്റെ ഭാഗങ്ങൾ അവിടവിടെയായി ചിതറിക്കിടക്കുന്നു.ഇരു വശത്തെയും റോഡിൽ വാഹനങ്ങൾ പൊയ്കൊണ്ടേയിരിയ്ക്കുന്നു. അപ്പോൾ ആ കാറിനുള്ളിൽ നിന്നും മൊബൈൽ ഫോൺ റിങ്ങ് ചെയ്തു. അല്പസമയത്തിനകം അതു നിലയ്ക്കുകയും ചെയ്തു.

മനസ്സാന്നിധ്യം വീണ്ടെടുത്ത രാറ്റ് കാറിനടുത്തേയ്ക്കു ചെന്നു. പ്രഥമ ശുശ്രൂഷ ചെയ്യുന്നതിൽ അയാൾ പരിശീലനം നേടിയിട്ടുണ്ട്. ആരെങ്കിലും ജീവനോടെയുണ്ടെങ്കിൽ രക്ഷപെടുത്തണം. ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ഹെൻട്രി പോൾ തൽക്ഷണം മരിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന ബോഡി ഗാർഡിനു പരിക്കുകളുണ്ടായിരുന്നെങ്കിലും മാരകമായിരുന്നില്ല. പക്ഷേ അയാൾ ബോധ രഹിതനായിരുന്നു. സീറ്റ് ബൽട്ട് ഇട്ടിരുന്നതാണു അയാളുടെ ജീവൻ രക്ഷിച്ചത്. പിൻസീറ്റിൽ, ഹെൻട്രിക്കു പിന്നിലായിരുന്ന ദോദിയുടെ ശരീരം ഛിന്നഭിന്നമായിരുന്നു. തൽക്ഷണം മരിച്ചിരുന്നു. കാറിൽ നിന്നു കേട്ട ഞരക്കം ഡയാനയുടേതായിരുന്നു. തലക്കും മുഖത്തും ശരീരത്തിലും പരിക്കേറ്റ അവർ രക്തത്തിൽ കുളിച്ചാണു കിടന്നിരുന്നത്. രാറ്റ് ഡയാനയുടെ പൾസ് നോക്കി. ജീവനുണ്ട്.. ഞരക്കത്തോടെ ആ മുഖം ഒന്നു ചലിച്ചു.. രാറ്റ് തിരിഞ്ഞു നോക്കുമ്പോൾ മറ്റു പാപ്പരാസികൾ ഫോട്ടോയെടുക്കുന്നു തിരക്കിലായിരുന്നു..
“ആരെങ്കിലും ആംബുലൻസ് വിളിയ്ക്കൂ..“ അയാൾ അലറി.

ഈ സമയം മറ്റൊരു കാർ അവിടെ വന്നു നിർത്തി. എമർജൻസി ഡോക്ടർ ഫ്രെഡറിക്ക് മെല്ലീസ് ആയിരുന്നു അത്. ജോലി ശേഷം തിരികെ പോകുന്ന വഴി ഒരു ആക്സിഡന്റ് കണ്ട് അവിടെ നിർത്തിയതാണു.ഓടിയെത്തിയ അദ്ദേഹം അപകടത്തിൽ പെട്ടവരെ പരിശോധിച്ചു. ഉടൻ തന്നെ സഹായത്തിനായി എമർജൻസി സർവീസിൽ വിവരമറിയിച്ചു. മിനിട്ടുകൾക്കകം രണ്ടു പൊലീസ് ഓഫീസർമാർ അപകട സ്ഥലത്തെത്തി. അവരെത്തുമ്പോൾ കാണുന്നത് ചുറ്റും നിന്നു ഫോട്ടോയെടുത്തുകൊണ്ടിരിയ്ക്കുന്ന പാപ്പരാസിക്കൂട്ടത്തെയാണ്. അവർ നിയന്ത്രിയ്ക്കാൻ ശ്രമിച്ചെങ്കിലും പാപ്പരാസികൾ വഴങ്ങിയില്ല. തങ്ങൾ സ്വന്തംജോലിയാണു ചെയ്യുന്നതെന്നാണ് അവർ പറഞ്ഞത്. നിസ്സഹായരായ പൊലീസുകാർ കൂടുതൽ ഫോഴ്സ് എത്താൻ മെസേജയച്ചു.

ഏതാനും മിനിട്ടുകൾക്കുള്ളിൽ ഫയർ എഞ്ചിനും അംബുലൻസും കൂടുതൽ പൊലീസും എത്തി. എട്ടു പാപ്പരാസികളെ അറസ്റ്റുചെയ്ത് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേയ്ക്കയച്ചു. അപകടം നടന്ന് ഒരു മണിക്കൂറോളം ഡയാന അവിടെ തന്നെ കിടന്നു. അവർക്ക് ഹൃദയാഘാതം ഉണ്ടായതിനാൽ അപ്പോൾ ആംബുലൻസിൽ കയറ്റാൻ പാടില്ലായിരുന്നത്രേ. രാത്രി 1.25 ആയി ഡയാനയെ കയറ്റിയ ആംബുലൻസ് ആശുപത്രിയിലേയ്ക്കു നീങ്ങുമ്പോൾ. വളരെ സാവകാശമാണു അതു നീങ്ങിയത്. അടുത്തായി അഞ്ചോളം ആശുപത്രികൾ ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് സൗകര്യമില്ല എന്ന കാരണത്താൽ അരമണിക്കൂറോളം ഓടി പിറ്റീ സാല്പെട്രിയർ ഹോസ്പിലിലേയ്ക്കാണു പോയത്. ആശുപത്രിയിലെത്തുന്നതിനു മുൻപായി 10 മിനുട്ട് ഒരിടത്ത് നിർത്തിയിട്ട്, ഡയാനയ്ക്ക് അഡ്രിനാലിൻ ഇഞ്ചെക്ഷൻ നൽകി.

2.06 മണി ആയി ആശുപത്രിയിലെത്തുമ്പോൾ. അവിടെ വിദഗ്ധ ഡോക്ടർമാർ ആവരെ പരിശോധിച്ചു. ഡയാനയുടെ ഹൃദയധമനി തകർന്നിരുന്നു. രക്ഷപെടാനുള്ള സാധ്യത വിരളം. വെളുപ്പിനെ 4.00 മണിയ്ക്ക് ഡയാന രാജകുമാരി മരണത്തെ പുൽകി. ബ്രിട്ടനും, ലോകമെങ്ങും ഞെട്ടലോടെയാണു ആ മരണ വാർത്ത കേട്ടത്. ലോകമെങ്ങും പ്രശസ്തയായ്യിരുന്നു അവർ.

രാവിലെ 8.00മണിയ്ക്ക് ഹെൻട്രി പോളിന്റെ ബോഡി ഓട്ടോപ്സിയ്ക്കായി ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മെഡിക്കോ ലീഗലിൽ എത്തിച്ചു. പ്രൊഫസർ ഡൊമിനിക് ലെക്കോംറ്റെയാണു പോസ്റ്റ് മോർട്ടംചെയ്തത്. പിറ്റേന്ന്, സെപ്തംബർ 1നു രക്തപരിശോധന റിപ്പോർട്ട് ലഭ്യമായി. പോൾ അമിതമായി മദ്യപിച്ചിരുന്നു എന്ന് ആ ടെസ്റ്റുകൾ വെളിവാക്കി. വാഹനമോടിയ്ക്കാവുന്ന പരിധിയുടെ മൂന്നിരട്ടിയോളം അയാൾ അകത്താക്കിയിരുന്നു. അതിലുപരിയായി, അയാളുടെ രക്തത്തിൽ 20.7% കാർബൺ മോണോക്സൈഡിന്റെ അംശവും കണ്ടെത്തി. “പന്നി കുടിയ്ക്കുന്ന പോലെ“ മദ്യപിച്ചിരുന്നു അയാൾ എന്നാണു പത്രങ്ങൾ എഴുതിയത്.

ജഡ്ജിമാരായ ഹെർവെ സ്റ്റീഫൻ, മേരി ക്രിസ്റ്റീൻ ഡേവിഡൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ ഫ്രഞ്ച് സർക്കാർ നിയോഗിച്ചു. അവർ സംഭവസ്ഥലം പരിശോധിച്ചു. തുടർന്ന് അറസ്റ്റിലായ പാപ്പരാസികളെ ചോദ്യം ചെയ്തു. പാപ്പരാസികളിൽ നിന്നു രക്ഷപെടാൻ അതിവേഗതയിലാണു പോൾ കാറോടിച്ചത്. അമിത മദ്യപാനം മൂലം അയാൾക്ക് നിയന്ത്രണം ലഭിച്ചില്ല. അങ്ങനെ കാർ കോൺക്രീറ്റ് തൂണിലിടിച്ച് തകരുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ അതായിരുന്നു.

സെപ്തംബർ 5 നു, മുഹമ്മദ് അൽ ഫയാദിന്റെ വക്താവ് മൈക്കിൾ കോൾ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി. ഹെൻട്രി പോൾ അമിതമായി മദ്യപിച്ചിരുന്നു എന്ന കണ്ടെത്തലിനെ അദ്ദേഹം തള്ളിക്കളഞ്ഞു. തെളിവായി, അപകടം നടന്ന ദിവസം ഹോട്ടലിലെ CCTV ദൃശ്യങ്ങൾ പത്രസമ്മേളനത്തിൽ കാണിച്ചു. അതിൽ ഹെൻട്രി പോൾ സാധാരണപോലെ തന്നെ പെരുമാറുന്നതാണു കണ്ടത്. മെഡിക്കൽ ടെസ്റ്റിൽ കണ്ടെത്തിയ പ്രകാരം മദ്യപിച്ചിരുന്നെങ്കിൽ ചലനങ്ങളിൽ അസ്വാഭാവികത ഉണ്ടായേനെ. തന്നെയുമല്ല, രക്തത്തിൽ 20% കാർബൺ മോണോക്സൈഡ് ഉണ്ടായാൽ അയാൾക്ക് നേരെ നിൽക്കാൻ പോലുമാവില്ല. പൊലീസിന്റെ നിഗമനങ്ങൾ അവിശ്വനീയമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്നേ ദിവസം തന്നെ “ദ ടൈംസ്“ പത്രത്തിൽ, അപകടം നടന്ന സമയം അതു വഴി കടന്നു പോയ ഒരു ഒരു ദൃക്സ്സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുണ്ട് താൻ ഒരു മിന്നൽ പ്രകാശം കണ്ടു എന്നായിരുന്നു അത്. ഈ രണ്ട് സംഭവങ്ങളും കൂടി ചേർന്നപ്പോൾ, ഡയാനയുടെ മരണത്തെ പറ്റി ചില സംശയങ്ങൾ ഉയർന്നു തുടങ്ങി.

അടുത്ത ദിവസം, എംബാം ചെയ്ത ഡയാനയുടെ ഭൗതികശരീരം ബ്രിട്ടനിലെത്തിച്ച് വെസ്റ്റ് മിനിസ്റ്റർ ആബിയിൽ സംസ്കരിച്ചു. ബ്രിട്ടൺ കണ്ടതിൽ വച്ചേറ്റവും വലിയ വിലാപയാത്രയായിരുന്നു ഡയാനയെ അനുഗമിച്ചത്. തെരുവുകളിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാർ പോലും പൊട്ടിക്കരഞ്ഞു. ഡയാനയുടെ ചിത്രങ്ങൾക്കു മുൻപിൽ പൂക്കളും മെഴുകുതിരി ദീപങ്ങളും അർപ്പിയ്ക്കപ്പെട്ടു. ജനങ്ങളുടെ ഹൃദയത്തിലെ രാജകുമാരിയായിരുന്നു അവർ.

സെപ്തംബർ 10 നു, ദോദിയുടെ പിതാവ് മുഹമ്മദ് അൽ ഫയാദ്, ഹെൻട്രിയുടെ രക്തപരിശോധന വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡയാനയോടൊപ്പം മരിച്ച തന്റെ മകനെ എല്ലാവരും അവഗണിയ്ക്കുകയാണെന്ന് അയാൾ ആവലാതിപ്പെട്ടു. വീണ്ടും ബ്ലഡ് ടെസ്റ്റ് നടത്താൻ ഫ്രഞ്ച് അധികൃതർ തീരുമാനിച്ചു. അന്വേഷണ മേധാവി സ്റ്റീഫന്റെ സാനിധ്യത്തിലായിരുന്നു പരിശോധന. കൂടാതെ പരിശോധന നടപടിക്രമങ്ങൾ മുഴുവൻ വീഡിയോയിൽ പകർത്തുകയും ചെയ്തു.

പുതിയ പരിശോധനയിലും ഹെൻട്രി പോൾ അമിതമായി മദ്യപിച്ചിരുന്നു എന്നാണു കണ്ടത്. കൂടാതെ വിഷാദ രോഗത്തിനുള്ള ചില മരുന്നുകളുടെ അംശങ്ങളും രക്തത്തിൽ കണ്ടെത്തി. എന്നാൽ കാർബൺ മോണോക്സൈഡിന്റെ അളവ് 12.8% ആണെന്നാണു കണ്ടെത്തിയത്.

വിവാദങ്ങൾ തുടരവെ, സെപ്തംബർ 18 നു രണ്ട് ദൃക്സാക്ഷികൾ പൊലീസിനെ സമീപിച്ച് ചില മൊഴികൾ നൽകി. ജോർജസ്, സബിൻ എന്നിവരായിരുന്നു അത്. അപകടം കഴിഞ്ഞയുടനെ അവർ ടണലിന്റെ എതിർ ദിശയിൽ നിന്നും ഉള്ളിലേയ്ക്കു പ്രവേശിയ്ക്കുകയായിരുന്നു. ഒരു വെള്ള ഫിയറ്റ് ഊനോ കാർ ടണലിൽ നിന്നും തെന്നിത്തെറിച്ചു വരുന്നുണ്ടായിരുന്നൂ. അതു അവരുടെ കാറിൽ ഇടിയ്ക്കേണ്ടതായിരുന്നു, അതിനു മുൻപേ വെട്ടിച്ചതിനാലാണു രക്ഷപെട്ടത്. അതിന്റെ ബോഡി അല്പം ചളുങ്ങിയും ഉരഞ്ഞുമിരുന്നു. ഡ്രൈവർ റിയർ വ്യൂ മിറ റിലൂടെ പുറകിലുള്ള എന്തോ ശ്രദ്ധിയ്ക്കുന്നതു പോലെ തോന്നി. കാറിനു പിന്നിൽ ഒരു പട്ടിയുമുണ്ടായിരുന്നു. നമ്പർ ശരിയ്ക്കും ശ്രദ്ധിയ്ക്കാനായില്ല. എങ്കിലും ഒരൂഹമുണ്ട്. അവർ പറഞ്ഞ നമ്പർ പ്ലേറ്റ് പ്രകാരം, പടിഞ്ഞാറൻ പാരീസിന്റെ പ്രാന്തത്തിലെവിടെയോ രജിസ്റ്റർ ചെയ്തതാവണം ആ കാർ. പൊലീസ് അതേപ്പറ്റി അന്വേഷണമാരംഭിച്ചു.

അപകടത്തിൽ പെട്ട മെർസിഡസ് കാർ പൊലീസ് ഫോറെൻസിക് ലാബിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നടന്ന ടെസ്റ്റുകൾ പ്രകാരം, ഒരു വെള്ള ഫിയറ്റ് ഊനോ കാർ മെർസിഡസിൽ ഇടിയ്ക്കുകയോ ഉരയുകയോ ചെയ്തിട്ടുണ്ട്. 1983 നും 1987 നും ഇടയ്ക്ക് നിർമ്മിച്ച കാർ ആയിരിയ്ക്കണം അത്. ഊനോയൂടെ പെയിന്റിന്റെ അംശം മെർസിഡസിൽ ഉണ്ടായ്യിരുന്നു. അതിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണു പൊലീസ് ഈ നിഗമനത്തിൽ എത്തിയത്. കൂടാതെ, അപകട സ്ഥലത്തു നിന്നുംകിട്ടിയ അവശിഷ്ടങ്ങളുടെ കൂട്ടത്തിൽ ഫിയറ്റ് ഊനോയുടെ ഒരു ടെയിൽ ലാമ്പുമുണ്ടായിരുന്നു.

അപകടത്തിൽ നിന്നും ജീവനോടെ രക്ഷപെട്ട ബോഡിഗാർഡ്, റീസ് ജോൺസ് ഒക്ടോബർ-3 നു ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. കൂടുതൽ വിവരങ്ങൾ അറിയാനായി ഫ്രഞ്ച് പൊലീസ് അയാളുടെ മൊഴിയെടുത്തു. എന്നാൽ അപകടത്തെ തുടർന്നുള്ള ക്ഷതത്താൽ തനിയ്ക്ക് മറവി ബാധിച്ചതിനാൽ ഒരു കാര്യവും ഓർക്കാൻ കഴിയുന്നില്ലെന്ന് അയാൾ പറഞ്ഞു.

ലീ വാൻ താൻ എന്നൊരു വിയറ്റ്നമീസ് സെക്യൂരിറ്റി ഗാർഡിനെ ഫ്രഞ്ച് പൊലീസ് കണ്ടെത്തി. അയാൾക്ക് ഒരു വെള്ള ഫിയറ്റ് ഊനോയും കുറച്ച് പട്ടികളുമുണ്ടായിരുന്നു. മെർസിഡസിൽ നിന്നും കണ്ടെത്തിയ സാമ്പിളുകൾ അയാളുടെ കാറിനു യോജിയ്ക്കുന്നതുമായിരുന്നു. എന്നാൽ കൂടുതൽ പരിശോധനയിൽ ആ കാർ ഏതെങ്കിലും അപകടത്തിൽ പെട്ടതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. അയാളെ പൊലീസ് ഒഴിവാക്കി.

മകനെ നഷ്ടമായ, മുഹമ്മദ് അൽ ഫയദ് വെറുതെയിരിയ്ക്കാൻ ഒരുക്കമായിരുന്നില്ല. തന്റെ മകനും ഡയാനയും വിവാഹം കഴിയ്ക്കാൻ തീരുമാനിച്ചിരുന്നുവെന്നും, അതിനായുള്ള എൻഗേജ്മെന്റ് മോതിരം അവർ വാങ്ങിയിരുന്നുവെന്നും അയാൾ പറഞ്ഞു. ഒരു അറബ് മുസ്ലീമിനെ ഡയാന വിവാഹം ചെയ്യുന്നതിനോട് എതിർപ്പുള്ളവരാണ് ഈ അപകടത്തിനു പിന്നിൽ. അയാൾ ഉറപ്പിച്ചു പറഞ്ഞു. ഇത് യാദൃശ്ചികമായുണ്ടായ ഒരു അപകടമല്ല, കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്. ഇതിനുള്ള തെളിവുകൾ ശേഖരിയ്ക്കാൻ താൻ ചില സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ചതായി അൽ ഫയാദ് പ്രഖ്യാപിച്ചു.

1998 ഫെബ്രുവരിയിൽ, ഫയാദിന്റെ ഡിറ്റക്ടീവുകൾ ആ അജ്ഞാത ഫിയറ്റ് ഊനോ കണ്ടെത്തി. പാപ്പരാസി ഫോട്ടോഗ്രാഫർ ജെയിംസ് അൻഡാൻസന്റെ കാർ ആയിരുന്നു അത്. എന്തായാലും ഫ്രഞ്ച് പോലീസ് ആ വഴിയ്ക്ക് കൂടുതൽ അന്വേഷണം കൊണ്ടു പോയില്ല. അൽ ഫയാദിന്റെ വക്താവ് മൈക്കൽ കോൾ, ബോഡി ഗാർഡുകളായിരുന്ന റീസ് ജോൺസൺ, വിങ് ഫീൽഡ് എന്നിവർ ഓരോരുത്തരായി തങ്ങളുടെ ജോലികൾ രാജിവെച്ചു. ബ്രിട്ടീഷുകാരായിരൂന്നു മൂവരും.

മാധ്യമങ്ങളിൽ വിവാദങ്ങൾ കത്തിപ്പടർന്നുകൊണ്ടിരുന്നു. മരണപ്പെട്ടിട്ടും ഡയാനയും അവരുടെ സ്വകാര്യ വിഷയങ്ങളും നിരന്തരം ചർച്ചയാകുന്നതിൽ ബ്രിട്ടീഷ് രാജകുടുംബം ഖിന്നരായിരുന്നു. തങ്ങളുടെ അമ്മയെ വെറുതെ വിടണമെന്ന് മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും മാദ്ധ്യമങ്ങളോടും മുഹമ്മദ് അൽ ഫയാദിനോടും അപേക്ഷിച്ചു. അതോടെ, ഫയാദ് തന്റെ അന്വേഷണങ്ങൾ അവസാനിപ്പിയ്ക്കുന്നതായി പ്രഖ്യാപിച്ചു.

1999 ഫെബ്രുവരി 19 നു, ഫ്രഞ്ച് അന്വേഷണ ടീം തലവൻ സ്റ്റീഫൻ, 6800 പേജുള്ള തന്റെ റിപ്പോർട്ട് പ്രോസിക്യൂട്ടർ മൗദ് കൊയാർഡിനു സമർപ്പിച്ചു. സ്റ്റീഫന്റെ അന്വേഷണം സത്യസന്ധമല്ല എന്നൊരു പരാതി അൽ ഫയാദ് കോടതിയിൽ സമർപ്പിച്ചെങ്കിലും തള്ളിക്കളയപ്പെട്ടു. 1999 സെപ്തംബറിൽ സ്റ്റീഫന്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിയ്ക്കപ്പെട്ടു. ഹെൻട്രി പോൾ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചതു കൊണ്ടുണ്ടായ അപകടമാണിതെന്നായിരുന്നു രത്നച്ചുരുക്കം. ഹെൻട്രി പോളോ ഡയാനയോ ദോദിയോ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ബോഡി ഗാർഡ് റീസ് ജോൺസ് മാത്രമായിരുന്നു ബെൽറ്റ് ധരിച്ചിരുന്നത്. അതുകൊണ്ട് അയാൾ രക്ഷപെടുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട പാപ്പരാസി ഫോട്ടോഗ്രാഫർമാർ അവരുടെ ജോലി ചെയ്യുക മാത്രമാണുണ്ടായത്. അവർ ഈ കേസിൽ കുറ്റക്കാരല്ല.

ഇതേ സമയം തന്നെ, ബ്രിട്ടനിലും സമാന്തരമായൊരു അന്വേഷണം നടക്കുന്നുണ്ടായിരുന്നു. റോയൽ കൊറോണർ ബെർഗസിന്റെ കോടതിയിലായിരുന്നു ആ കേസ് നടന്നു കൊണ്ടിരുന്നത്. അപകടത്തിൽ പെട്ട മെർസിഡസ് ലണ്ടനിലേയ്ക്ക് കൊണ്ടു വന്നു ഫോരെൻസിക് ടെസ്റ്റുകൾ നടത്തി. ഫ്രഞ്ച് പൊലീസിന്റേതിനു സമാനമായ കണ്ടെത്തലൂകളാണു അവരും നടത്തിയത്.

മാധ്യമങ്ങൾ ഉയർത്തിയ ചോദ്യങ്ങൾക്ക് അന്വേഷണ സംഘത്തിനു കൃത്യമായ ഉത്തരങ്ങളുണ്ടായിരുന്നു. ഡയാനയുടെ ഡ്രൈവർ മദ്യപിച്ചിരുന്നോ? രണ്ടു തവണ നടത്തിയ രക്തപരിശോധനയിലും ഡ്രൈവർ ഹെൻട്രി പോൾ അമിതമായി മദ്യപിച്ചതായാണു കണ്ടെത്തിയത്. കൂടാതെ ചില ആന്റി ഡിപ്രസന്റ് മരുന്നുകളും അയാൾ ഉപയോഗിച്ചിരുന്നു. അമിതവേഗത്തിലായിരുന്നോ ഡ്രൈവർ കാർ ഓടിച്ചിരുന്നത്?

അപകടം നടന്ന ടണലിൽ ഫോരെൻസിക് വിദഗ്ധർ ലേസർ ടെസ്റ്റുകൾ നടത്തിയിരുന്നു. റോഡിലുണ്ടായ സ്കിഡ് മാർക്കുകൾ അനലൈസ് ചെയ്ത് അവർ കാറിന്റെ വേഗത കണ്ടെത്തി. 120 മൈൽ വേഗത്തിലാണു അതു പാഞ്ഞിരുന്നത്. തൊട്ടുമുന്നിൽ ഉണ്ടായിരുന്ന ഊനോ കാറിനെ വെട്ടിയ്ക്കാനുള്ള ശ്രമത്തിൽ ഹെൻട്രി പോളിനു നിയന്ത്രണം നഷ്ടമായി. ഊനോയിലുരസിയ മെർസിഡസ് 13 നമ്പർ കോൺക്രീറ്റ് തൂണിൽ ഇടിച്ചു തകർന്നു. സീറ്റ് ബെൽറ്റ് ധരിയ്ക്കാതിരുന്ന ഡയാനയും ദോദിയും ഡ്രൈവറും മരണപ്പെടുകയും ചെയ്തു.
ടണലിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നിലും ഈ അപകട ദൃശ്യം പതിഞ്ഞിട്ടില്ല. എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പാരീസ് ട്രാഫിക് അധികൃതർക്കു മാത്രമേ അറിയൂ.

എന്തുകൊണ്ടാണുഡയാനയെ ആശുപത്രിയിലെത്തിയ്ക്കാൻ ഏറെ വൈകിയത്? എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവർ രക്ഷപെടില്ലായിരുന്നോ? അപകട ശേഷം ഡയാനയുടെ നില വളരെ ഗുരുതരമായിരുന്നു. ഹൃദയാഘാതം ഉണ്ടായതിനാൽ കിടക്കുന്ന നിലയിൽ നിന്നും എടുക്കാനാവുമായിരുന്നില്ല. മരുന്നുകൾ നൽകി ഹൃദയാഘാതത്തെ നിയന്ത്രിച്ച ശേഷം മാത്രമാണു അവരെ ആംബുലൻസിൽ കയറ്റിയത്. ആ അവസ്ഥയിൽ അതിവേഗം പോകാൻ കഴിയില്ലായിരുന്നു. ഏതു സമയവും വീണ്ടും ഹൃദയാഘാതം സംഭവിക്കാം. പോകുന്ന വഴിയിൽ പല ആശുപത്രികളും ഉണ്ടായിരുന്നെങ്കിലും അവിടെയൊന്നും ഹൃദയചികിൽസ ലഭ്യമായിരുന്നില്ല. പതിനഞ്ചു കിലോമീറ്റർ അകലെയുള്ള സ്പെഷ്യാലിറ്റി ആശുപത്രിയിൽ മാത്രമാണു അതിനുള്ള സൗകര്യമുണ്ടായിരുന്നത്.

ബ്രിട്ടനിലെ കേസ് വിചാരണ നീണ്ടു പോയി. 2008 ഏപ്രിൽ മാസത്തിൽ അന്തിമ വിധി പുറത്തു വന്നു. ഡ്രൈവറുടെ പിഴവു കൊണ്ടുണ്ടായ UNLAWFULL KILLING ആണു ഡയാനയുടെയും ദോദിയുടെയും കാര്യത്തിൽ സംഭവിച്ചതെന്നായിരുന്നു വിധി.

1961 ജൂലൈയിലാണു ഡയാന ഫ്രാൻസിസ് സ്പെൻസർ ജനിച്ചത്. ബ്രിട്ടനിലെ സാൻഡ്രിംഗാമിലുള്ള സ്പെൻസർ കുടുംബത്തിലായിരുന്നു ജനനം. ബ്രിട്ടീഷ് രാജവംശവുമായി ദീർഘകാലത്തെ ബന്ധമുണ്ട് സ്പെൻസർ കുടുംബത്തിന്. പിതാവ് ജോൺ സ്പെൻസറും അമ്മ ഫ്രൻസിസ് റൊഷെയും, ഡയാനയുടെ ബാല്യത്തിൽ തന്നെ വേർപിരിഞ്ഞു. ഒരു മൂത്ത സഹോദരിയും ഇളയ സഹോദരനുമാണ് ഡയാനയ്ക്കുണ്ടായിരുന്നത്. കുട്ടികളുടെ സംരക്ഷണാർത്ഥം ആയമാരെ സ്പെൻസർ നിയമിച്ചിരുന്നു. പലരും സ്പെൻസറിന്റെ ഇഷ്ടഭാജനങ്ങളായിരുന്നു. അതു കൊണ്ടു തന്നെ കുട്ടികൾ ഇവരെ വെറുക്കുകയും ചെയ്തു. ഏതാണ്ടൊരു അനാഥബാല്യമായിരുന്നു അവരുടേത്. പാർക്ക് ഹൗസ് എന്ന കൊട്ടാരത്തിലായിരുന്നു അവരുടെ താമസം.

ബ്രിട്ടീഷ് രാജകുടുംബത്തിലെ കുട്ടികൾ അവധിക്കാലം ചിലവഴിയ്ക്കാൻ സാൻഡ്രിംഗാമിൽ വരാറുണ്ട്. അക്കൂട്ടത്തിൽ ചാൾസുമുണ്ടാകും. പാർക്ക് ഹൗസിന്റെ സമീപത്തു തന്നെയായിരുന്നു രാജകുട്ടുംബത്തിലെ കുട്ടികളും താമസിച്ചിരുന്നത്. സ്പെൻസർ കുട്ടികളും അവരോടൊത്തു കളിയ്ക്കാൻ പോകും. ഡയാനയുടെ സഹോദരിയായിരുന്ന സാറയും ചാൾസും വളരെ അടുപ്പമായിരുന്നു.

ഒരു ദിവസം സാറയോടൊപ്പം ചാൾസും പാർക്ക് ഹൗസിലെത്തി. ഡയാനയ്ക്കന്നു 19 വയസ്സു പ്രായം. വീട്ടിലെത്തിയ ചാൾസിനെ ഡയാനയോട് താല്പര്യം തോന്നി. ഒറ്റയ്ക്കായപ്പോൾ അവൾക്കൊരു ചുംബനം നൽകാനും മറന്നില്ല.
അധികം വൈകാതെ ഡയാന സ്കോട്ട് ലാൻഡിലുള്ള രാജകീയ അവധിക്കാല വസതിയിലെയ്ക്ക് ഒരു വിരുന്നിനു ക്ഷണിയ്ക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയും അവിടെ സന്നിഹിതയായിരുന്നു. വലിയ കണ്ണുകളുള്ള അതിസുന്ദരിയായ ഡയാനയെ രാജ്ഞിയ്ക്കും ഇഷ്ടമായി.

1981 ഫെബ്രുവരിയിൽ ചാൾസിന്റെയും ഡയാനയുടെയും വിവാഹനിശ്ചയം നടന്നു. ഒരു കിൻഡർ ഗാർഡൻ സ്കൂളിൽ അധ്യാപികയായിരുന്ന ഡയാന ജോലി ഉപേക്ഷിച്ചു. 1981 ജൂലൈ 29 നു അവരുടെ വിവാഹം അത്യാർഭാട പൂർവം നടന്നു. ലോകമൊട്ടാകെ കോടിക്കണക്കിനാളുകളാണു തൽസമയം അതു വീക്ഷിച്ചത്. വിവാഹത്തോടെ ഡയാന, പ്രിൻസസ് ഒഫ് വെയിൽസ് എന്ന് ഔദ്യോഗികമായി അറിയപ്പെട്ടു. കെൻസിങ്ടൻ പാലസിലാണു ദമ്പതികൾ താമസിച്ചത്. അടുത്ത വർഷം ജൂണിൽ മൂത്ത പുത്രൻ വില്യം ജനിച്ചു. രണ്ടു വർഷത്തിനു ശേഷം രണ്ടാമത്തെ പുത്രൻ ഹാരിയും ജനിച്ചു.

പുറമേയ്ക്കു ശാന്തമായിരുന്നെങ്കിലും അത്ര സുഖകരമായിരുന്നില്ല ചാൾസിന്റെയും ഡയാനയുടെയും ദാമ്പത്യ ബന്ധം. അവർ തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. അതിലുമുപരിയായി ചാൾസിന്റെ രീതികളോട് പൊരുത്തപ്പെട്ടു പോകാൻ ഡയാനയ്ക്കു സാധിച്ചില്ല. ചാൾസിന്റെ ജീവിതത്തിൽ വേറെയും സ്ത്രീകളുണ്ടായിരുന്നു. അദ്ദേഹത്ഥിന്റെ പൂർവകാമുകിയായിരുന്ന കാമീല്ല പാർക്കർ ബൗൾസുമായുള്ള ബന്ധം തുടരുന്നുണ്ടായിരുന്നു.

രണ്ടാമത്തെ പുത്രൻ ഹാരി ജനിയ്ക്കുന്നതിനു മുൻപേ പൊട്ടിത്തെറികൾ ആരംഭിച്ചിരുന്നു. ചാൾസിന്റെ ജീവിതത്തിൽ കാമീല്ല ഉണ്ടെന്നു മനസ്സിലായതോടെ ഡയാന മാനസ്സികമായി തകർന്നു.ആത്മഹത്യാ ശ്രമങ്ങൾ നടന്നതായി കൊട്ടാരരഹസ്യങ്ങൾ ചോർന്നു. ഇതിനിനിടെ ഡയാനയും തന്റെ പൂർവ കാമുകനുമായി ബന്ധം ആരംഭിച്ചു എന്നു പറയപ്പെടുന്നു. ഒരു മിലിട്ടറി ഓഫീസറായിരുന്ന ജെയിംസ് ഹെവിറ്റ് ആയിരുന്നു കാമുകൻ.

താൻ രണ്ടാമതും ഗർഭിണിയായ കാര്യം ആദ്യമൊന്നും ഡയാന ചാൾസിനെ അറിയിച്ചില്ല. (അവരുടെ ലൈംഗീക ജീവിതം അപൂർവമായിരുന്നു എന്നു പിന്നീട് ഡയാന ഒരു ടെലിവിഷൻ ഇന്റർ വ്യൂവിൽ തുറന്നു പറഞ്ഞിട്ടുണ്ട്). രണ്ടാമത്തെ പുത്രനു ജെയിംസ് ഹെവിറ്റിന്റെ ഛായ ആണുണ്ടായിരുന്നത്. ഹാരിയുടെ പിതാവ് ചാൾസല്ല എന്ന് ഇന്നും അകത്തളങ്ങളിൽ സംസാരമുണ്ട്. ചാൾസും ഡയാനയും മാനസികമായി വളരെ അകന്നു. താങ്കളൂടെ വിവാഹ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു ഡയാനയുടെ മറുപടി ഇങ്ങനെയായിരുന്നു. “ചെറിയ പ്രശ്നമുണ്ട്. ഞങ്ങളുടെ ബന്ധത്തിൽ ആളൂകൾ കൂടുതലുണ്ട്, മൊത്തം മൂന്നു പേർ.“

തന്റെ പരാതികളുമായി ഡയാന അമ്മ മഹാറാണിയെ സമീപിച്ചെങ്കിലും, രാജ്ഞി മകന്റെ പക്ഷത്തായിരുന്നു. ഇതു അമ്മായി അമ്മയും മരുമകളും തമ്മിലുള്ള ബന്ധം വഷളാക്കി. വളരെ രൂക്ഷമായ ഭാഷയിലുള്ള ചിലകത്തുകൾ ഡയാന രാജ്ഞിയ്ക്കയച്ചു. ചാൾസ് ഡയാനയെ പൂർണമായും അവഗണിച്ചു. അകമേ പ്രശ്നങ്ങൾ നീറിപ്പുകയുമ്പോഴും പുറമേ അവർ നല്ല ദമ്പതികളായി അഭിനയിയ്ക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എങ്കിലും കൊട്ടാര രഹസ്യങ്ങൾ മഞ്ഞപ്പത്രങ്ങൾ വഴി പരസ്യമായിരുന്നതിനാൽ ക്യാമറകളുടെ സവിശേഷ ശ്രദ്ധ അവരിൽ പതിഞ്ഞു കൊണ്ടേയിരുന്നു. പലപ്പോഴൂം അവർ പരസ്പരം ശ്രദ്ധിയ്ക്കുന്നു പോലുമുണ്ടായിരുന്നില്ല.

കൊട്ടാരത്തിനു വെളിയിൽ ഡയാന മറ്റൊരാളായിരുന്നു. എല്ലാവരോടും പുഞ്ചിയോടെ വിനയത്തോടെ ഇടപഴകിയ അവളെ ജനങ്ങൾക്കെല്ലാം വലിയ കാര്യമായിരുന്നു. രാജപദവിയുടെ യാതൊരു ജാഡയുമില്ലാതെയായിരുന്നു അവളുടെ പെരുമാറ്റം. എന്നാൽ ചാൾസാകട്ടെ നേർവിപരീതമായിരുന്നു. രാജമഹിമവിട്ട് ഡയാന പെരുമാറുന്നതിൽ രാജകുടുംബത്തിനു ഈർഷ്യ ഉണ്ടായിരൂന്നു.

വിവാഹം കഴിഞ്ഞ് 5 വർഷമായതോടെ ചാൾസും ഡയാനയും ഏറെക്കുറെ വേർപിരിഞ്ഞായി താമസം. ചാൾസ് കാമില്ലയെ ഒപ്പം കൂട്ടി. ഡയാന ആകട്ടെ, പുറം ലോകത്തേയ്ക്കിറങ്ങാനുംതീരുമാനിച്ചു. രാജകുടുംബത്തിൽ പതിവുള്ള ഒരു കാര്യമല്ല ഇത്. ഒരു ദിവസം രാജ്ഞിയുടെ ഭർത്താവ്, ചാൾസിന്റെ പിതാവ് ഫിലിപ്പ് രാജകുമാരൻ ഡയാനയെ വിളിപ്പിച്ചു. “നീ ഇതേ പോലെ പോകാനാണു ഉദ്ദേശമെങ്കിൽ നിന്റെ രാജകുമാരി പദവി ഞങ്ങൾ തിരിച്ചെടുക്കും മോളേ.“ അദ്ദേഹം പറഞ്ഞു. “എന്റെ പദവി നിങ്ങളൂടെതിനേക്കാൾ വളരെ പഴക്കമുള്ളതാണു ഫിലിപ്പ്.“ എടുത്തടിച്ച പോലെ ഡയാന പറഞ്ഞു.

ചാരിറ്റി പ്രവർത്തനങ്ങളുമായി ഡയാന ലോകമെങ്ങും സഞ്ചരിച്ചു. ആഫ്രിക്കയിൽ എയിഡ്സ് ബാധിതരെ സന്ദർശിച്ചു. അവരെ ആലിംഗനം ചെയ്യാൻ പോലും അവർ മടി കാണിച്ചില്ല. വെറും പ്രദർശനത്തിനപ്പുറം ആത്മാർത്ഥത തുളുമ്പുന്നതായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. ലോകത്ത് എവിടെ എത്തിയാലും അവിടെയെല്ലാം ജനലക്ഷങ്ങളെ ആകർഷിയ്ക്കാൻ ഡയാനയ്ക്കു സാധിച്ചു. രാഷ്ട്രത്തലവന്മാർ പോലും അവരുടെ ആരാധകരായി. ഇങ്ങനെയൊക്കെ ആണെങ്കിലും ഡയാനയുടെ ഹൃദയം സ്നേഹത്തിനുവേണ്ടി ദാഹിച്ചു കൊണ്ടിരുന്നു. തനിയ്ക്കു ചുറ്റുമുള്ള ആരിലും അവൾക്കു വിശ്വാസമുണ്ടായില്ല.

പാകിസ്ഥാന്റെ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ ബ്രിട്ടീഷുകാരിയായ ജെമീമ ഗോൾഡ് സ്മിത്തിനെയാണു വിവാഹം ചെയ്തിരുന്നത്. ജമീമ ഡയാനയുടെ സുഹൃത്തായിരുന്നു. ഇമ്രാന്റെ ബന്ധത്തിലുള്ള ഹസന്നദ് ഖാൻ എന്നൊരു ഹാർട്ട് സ്പെഷ്യലിസ്റ്റ് ബ്രിട്ടീഷ് പൗരത്വം നേടി ലണ്ടനിൽ താമസിയ്ക്കുന്നുണ്ട്. ജമീമയുമായുള്ള പരിചയത്തിലൂടെ ഡയാന ഹസന്നദുമായി പരിചയപ്പെട്ടു. സാധാരണ ഗതിയിൽ ആകർഷിയ്ക്കത്തക്കതായി യാതൊന്നുമില്ലാതിരുന്നിട്ടും ഡയാന അയാളിൽ അനുരക്തയായി. അവരുടെ ബന്ധം പ്രണയമായി വളർന്നു.
ഇതിനിടെ ഇമ്രാൻ ഖാന്റെ ക്ഷണം സ്വീകരിച്ച് ഡയാന പാകിസ്ഥാനിലെത്തി. ഇമ്രാൻ തുടങ്ങുന്ന ഒരു ക്യാൻസർ ആശുപത്രിയുടെ ഫണ്ട് ശേഖരണമാണ് ഔദ്യോഗികമായി പറഞ്ഞ കാരണമെങ്കിലും, യഥാർത്ഥ ഉദ്ദേശം ഹസന്നദിന്റെ ബന്ധുക്കളെ കാണുകയായിരുന്നു. അതീവ രഹസ്യമായി ഡയാന അയാളുടെ മാതാപിതാക്കളെ സന്ദർശിച്ചു.

ഡയാനയുമായുള്ള തന്റെ ബന്ധം പുറത്തറിയുന്നതിൽ ഹസന്നദിനു വിമുഖതയുണ്ടായിരുന്നു. രാജകുടുംബത്തിൽ പെട്ട ബ്രിട്ടീഷ് യുവതിയെ- അതും ലോകമൊട്ടാകെ അറിയപ്പെടുന്ന- പാകിസ്ഥാനി മുസ്ലീമായ താൻ പ്രണയിയ്ക്കുന്നത്, ബ്രിട്ടീഷുകാരും രാജകുടുംബവും ഏതു നിലയ്ക്കാവും സ്വീകരിയ്ക്കുക എന്നതായിരുന്നു അയാളുടെ പ്രശ്നം. പുറമേയ്ക്ക് അവർ സുഹൃത്തുക്കൾ മാത്രമായിരുന്നു. പക്ഷെ, ലണ്ടനിലെ പാർക്കുകളിൽ അവർ രഹസ്യമായി കണ്ടു മുട്ടി. തങ്ങളുടെ ബന്ധം പരസ്യമാക്കുവാൻ ഡയാന താല്പര്യപ്പെട്ടു. എന്നാൽ ഖാൻ അതിനോടു വിയോജിച്ചു. കാര്യങ്ങൾ എല്ലാമൊന്നു നേരെ ആകുന്നതു വരെ കാത്തിരിയ്ക്കാം എന്നായിരുന്നു അയാളുടെ അഭിപ്രായം.

ഡയാനയുടെ യാത്രകളും ഈ ബന്ധവുമെല്ലാം രാജകുടുംബം സസൂക്ഷ്മം വീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ഹസന്നദിനു ചില സൂചനകൾ ലഭിച്ചതു കൊണ്ടാവാം അയാൾ പിൻവലിഞ്ഞു നിന്നത്. ഡയാന-ചാൾസ് ബന്ധം അതിന്റെ അന്ത്യത്തോടടുക്കുകയായിരുന്നു. എത്രയും വേഗം വിവാഹമോചനം നേടുവാൻ രാജ്ഞി ചാൾസിനോട് ആവശ്യപ്പെട്ടു.

1996 ജൂലൈ മാസം അവർ ഔദ്യോഗികമായി വിവാഹമോചനം നേടി. നഷ്ടപരിഹാരമായി 1.70 കോടി പൗണ്ട് ഡയാനയ്ക്കു ലഭിച്ചു. കൂടാതെ ജീവനാംശമായി 4 ലക്ഷം പൗണ്ട് വർഷം തോറും ലഭിയ്ക്കും. വിവാഹമോചന ഉടമ്പടി പ്രകാരം, ഡയാനയുടെ HER ROYAL HIGHNESS പദവി തിരിച്ചെടുക്കപ്പെട്ടു. എന്നാൽ “പ്രിൻസസ് ഓഫ് വെയിൽസ് എന്ന പദവി തുടർന്നും ഉപയ്യോഗിയ്ക്കാം, കാരണം വരും കാല ബ്രിട്ടീഷ് രാജാവിന്റെ അമ്മയാണല്ലോ അവർ. ഈ വാർത്തയറിഞ്ഞ ബാലനായ വില്യം രാജകുമാരൻ അമ്മയെ ആശ്വസിപ്പിച്ചു. “വിഷമിയ്ക്കേണ്ട അമ്മേ, ഒരു ദിവസം അമ്മയ്ക്ക് നഷ്ടപ്പെട്ട ഈ രാജ്ഞിപദവി ഞാൻ തിരിച്ചു നൽകും.“

1929 ൽ ഈജിപ്തിലെ അലക്സാണ്ട്രിയയിലാണു മുഹമ്മദ് ആൽ ഫയാദ് ജനിയ്ക്കുന്നത്. മൂന്നു സഹോദരന്മാരുണ്ടായിരുന്നു മുഹമ്മദിനു. കുപ്രസിദ്ധ അന്താരാഷ്ട്ര ആയുധവ്യാപാരി അഡ്നാൻ ഖഷോഗിയുടെ സഹോദരി സമീറയെ ആണു മുഹമ്മദ് വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മകനാണു ദോദി അൽ ഫയാദ്.
മുഹമ്മദും സഹോദരങ്ങളും ചേർന്ന് ഈജിപ്തിൽ ഒരു ഷിപ്പിംഗ് കമ്പനി ആരംഭിച്ചു. തുടർന്ന് അതിന്റെ ഹെഡ് ഓഫീസ് ഇറ്റലിയിലേയ്ക്കു മാറ്റി. മറ്റൊരു ഓഫീസ് ലണ്ടനിലും ആരംഭിച്ചു. ലോകത്തെ പല ഏകാധിപധികളുമായും ആയുധ വ്യാപാരത്തിലൂടെ അഡ്നാൻ ഖഷോഗി ഉണ്ടാക്കിയ ബന്ധങ്ങൾ വഴി മുഹമ്മദും ബിസിനസ് ബന്ധങ്ങൾ ഉണ്ടാക്കി. സമ്പത്ത് ധാരാളമായി കുമിഞ്ഞു കൂടി. ഈ ഘട്ടത്തിൽ മുഹമ്മദ് തന്റെ താവളം ലണ്ടനിലേയ്ക്കു മാറ്റി.

ബ്രിട്ടനിലെ വലിയൊരു ഷോപ്പിങ്ങ് ശൃംഖലയാണു ഹൗസ് ഓഫ് ഫ്രേസറിന്റെ ഉടമസ്ഥതയിലുള്ള ഹാരോഡ്സ്. അതിന്റെ മുപ്പതു ശതമാനം ഓഹരികൾ മുഹമ്മദൽഫയാദും സഹോദരങ്ങളും ചേർന്ന് വാങ്ങി. അധികം വൈകാതെ ബാക്കിയുള്ള എഴുപതു ശതമാനം കൂടീ വാങ്ങിയതോടെ ഹാരോഡ്സ് പൂർണമായും അവരുടെ ഉടമസ്ഥതയിലായി. എന്നാൽ ഈ ഇടപാടുമായി ബന്ധപ്പെട്ട് ഹൗസ് ഓഫ് ഫ്രേസറും മുഹമ്മദ് അൽ ഫയാദുമായി തർക്കങ്ങൾ ഉണ്ടായി. മുഹമ്മദിന്റെ പൂർവ പശ്ചാത്തലം തങ്ങളിൽ നിന്നും മറച്ചു വെച്ചു എന്നവർ ആരോപിച്ചു. കേസും തുടർന്ന് മുഹമ്മദിന്റെ അറസ്റ്റുമുണ്ടായി. എന്നാൽ പണം വാരിയെറിഞ്ഞ് മുഹമ്മദ് കേസിൽ നിന്നെല്ലാം ഊരിപ്പോന്നു.

ഇതിനിടെ ബ്രിട്ടീഷ് പൗരത്വം ലഭിയ്ക്കാൻ മുഹമ്മദ് പലവട്ടം ശ്രമിച്ചെങ്കിലും അനുവദിയ്ക്കപ്പെട്ടില്ല. തുടർന്ന് പാരീസിലെ പ്രശസ്തമായ റിറ്റ്സ് ഹോട്ടൾ വിലയ്ക്കു വാങ്ങിയ മുഹമ്മദ് ആസ്ഥാനം അങ്ങോട്ടു മാറ്റി. 1994 ൽ മുഹമ്മദ് അൽ ഫയാദ് ബ്രിട്ടനിൽ വലിയൊരു വിവാദത്തിനു തീകൊളുത്തി. തന്നോട് പണം വാങ്ങി, തനിയ്ക്കു വേണ്ടി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച MP മാരുടെ പേരുകൾ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അത്. പ്രതിപക്ഷത്തെയും ഭരണ പക്ഷത്തെയും അംഗങ്ങളുണ്ടായിരുന്നു അതിൽ. മുഹമ്മദിന്റെ പല വിശ്വസ്ഥരും ബ്രിട്ടീഷുകാരായിരുന്നു. അയാളുടെ വക്താവ് മുൻ BBC ഉദ്യോഗസ്ഥനായിരുന്ന മൈക്കൾ കോൾ ആയിരുന്നു. ബോഡി ഗാർഡുകൾ മുൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായിരുന്നു. തനിയ്ക്കു പൗരത്വം നിഷേധിച്ച ബ്രിട്ടനിൽ എങ്ങനെയും കയറിപ്പറ്റാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു.

ഈ ഘട്ടത്തിലാണു ഡയാനയുടെയും ചാൾസിന്റെയും വിവാഹമോചനം നടക്കുന്നത്. ലോകശ്രദ്ധയിലുള്ള ഡയാനയിൽ അയാളുടെ കണ്ണു പതിഞ്ഞു. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നല്ലൊരു കരു ആയിരിയ്ക്കും ഡയാന എന്ന് അയാൾ കണക്കു കൂട്ടി. അധികം വൈകാതെ ഡയാനയെയും കുട്ടികളെയും ഒരു അവധിക്കാലം ആഘോഷിയ്ക്കാൻ അയാൾ ഫ്രാൻസിലേയ്ക്കൂ ക്ഷണിച്ചു. മുൻ കാലത്ത്, ചാൾസിനോടൊപ്പം അൽ ഫയാദിന്റെ ചില പരിപാടികളിൽ പങ്കെടുത്ത പരിചയമുണ്ട് ഡയാനയ്ക്ക്. അവർ ആ ക്ഷണം സ്വീകരിച്ചു.

ഡയാനയ്ക്കായി, 200 അടിയോളം നീളമുള്ള ഒരു പടുകൂറ്റൻ യാട്ട് അയാൾ വിലയ്ക്കു വാങ്ങി. യാട്ടിൽ മുഹമ്മദിന്റെ പുത്രൻ ദോദിയുമുണ്ടായിരുന്നു. ആ അവധിക്കാലത്ത് ഡയാനയും ദോദിയും അടുപ്പമായി. മുഹമ്മദ് അൽ ഫയാദ് ആ ബന്ധം തീവ്രമാക്കാൻ എല്ലാവിധ ഒത്താശകളും ചെയ്തു. ദോദിയുമായുള്ള യാട്ട് യാത്രകൾ വീണ്ടുമൂണ്ടായി. ഇതറിഞ്ഞ പാപ്പരാസികൾ, ബോട്ടുകളിൽ അവരെ പിന്തുടർന്നു. ഡയാനയുടെ ബിക്കിനി വേഷങ്ങൾ ആവോളം പകർത്തി. അതിലൊന്നിൽ, ഡയാനയുടെ വയറിന്റെ തടിപ്പ് വ്യക്തമായിരുന്നു. അവർ ഗർഭിണിയായിരുന്നു. ! ഈ വാർത്ത മുഹമ്മദ്ദിനെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിൽ തന്റെ പിൻ തലമുറ മുളപൊട്ടിയിരിയ്ക്കുന്നു….! ഭാവിയിലെ ബ്രിട്ടീഷ് രാജാവിന്റെ അർദ്ധ സഹോദരൻ തന്റെ പൗത്രൻ..! മുഹമ്മദ് അൽ ഫയാദ് ഗൂഡമായി ചിരിച്ചു..

ഡയാന തന്നിൽ നിന്നും അകലുന്നത്, ഹസന്നദ് ഖാൻ അറിയുന്നുണ്ടായിരുന്നു. അയാളിലെ കാമുക ഹൃദയം വേദനിച്ചു. ദോദിയോടൊത്തുള്ള യാത്രയ്ക്കു ശേഷം അവർ ഒരിയ്ക്കൽ കൂടി കണ്ടു മുട്ടി. അന്നു പക്ഷേ അവൾ കൂടുതലൊന്നും സംസാരിച്ചില്ല. തന്റെ മൊബൈൽ ഫോണിൽ നോക്കിയിരുന്നു. അവളുടെ മനസ്സിൽ താനില്ല എന്ന് ഹസന്നദ് വേദനയോടെ മനസ്സിലാക്കി..

ബ്രിട്ടീഷ് സീക്രട്ട് ഇന്റലിജൻസ് സർവീസുകളാണ് MI5 ഉം MI6 ഉം. രാജ്യത്തിനകത്തു നിന്നും നേരിടുന്ന ഭീഷണികളെ കൈകാര്യം ചെയ്യുകയാണു ആദ്യത്തെ ഏജൻസിയുടെ കടമ എങ്കിൽ രാജ്യത്തിനൂവെളിയിലുള്ള ഭീഷണികളെ കൈകാര്യം ചെയ്യുകയാണ് രണ്ടാമത്തെ ഏജൻസിയുടെ കടമ. രണ്ടു കൂട്ടരും പരസ്പരം സഹകരിച്ചാണു പ്രവർത്തിയ്ക്കുക. ചാരന്മാരെയും എതിരാളികളെയും നിശബ്ദരാക്കുവാൻ പ്രത്യേക കില്ലർ ടീമുകളുണ്ട് രണ്ട് ഏജൻസികൾക്കും. ബ്രിട്ടീഷ് രാജകുടുംബത്തോട് അചഞ്ചലമായ പ്രതിബന്ധതയാണ് പൊലീസിനും സീക്രട്ട് സർവീസുകൾക്കുമുള്ളത്. രാജകീയമായ അന്തസ്സ് ഉയർത്തിപ്പിടിയ്ക്കാൻ ഏതറ്റം വരെയും അവർ പോകാൻ തയ്യാറാണ്.

1996 ലെ ഒരു ദിവസം, MI6 ചീഫ് ബക്കിംഗാം പാലസിലേയ്ക്കു ക്ഷണിയ്ക്കപ്പെട്ടു. അവിടെ, രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനുമായി ഒരു രഹസ്യകൂടിക്കാഴ്ച നടന്നു. ഡയാന രാജകുമാരിയുടെ പ്രവർത്തികൾ രാജകുടുംബത്തിനുണ്ടാക്കുന്ന അപമാനങ്ങളെപ്പറ്റിയായിരുന്നു ആ ചർച്ച. വിവാഹമോചിതയെങ്കിലും, ഭാവി രാജാവിന്റെ അമ്മയായ അവർ ചെയ്യുന്ന കാര്യങ്ങളുടെയൊക്കെ ദോഷം ആത്യന്തികമായി രാജകുടുംബത്തെയാണു ബാധിയ്ക്കുന്നത്. ദോദിയുമായുള്ള ഡയാനയുടെ ബന്ധം പൊറുക്കാവുന്നതിനപ്പുറമാണ്. ബ്രിട്ടൻ നിരസിച്ച ഒരു വ്യക്തിയുടെ മകനിൽ നിന്നും അവൾ ഗർഭം ധരിച്ചിരിയ്ക്കുന്നു..! ബ്രിട്ടീഷ് രാജാവിനു ഒരു അറബ് മുസ്ലീം അർധ സഹോദരൻ ഉണ്ടാവുക! രാജകുടുംബത്തെ അപമാനിയ്ക്കുക എന്ന ഒറ്റ ഉദ്ദേശത്താലാണു അവൾ ഈ പ്രവർത്തികൾ ചെയ്യുന്നത്. ഈ പ്രശ്നം അതീവ രഹസ്യമായി പരിഹരിയ്ക്കണം. ഫിലിപ്പ് രാജകുമാരൻ ആവശ്യപ്പെട്ടു. എന്താണു അദ്ദേഹം ഉദ്ദേശിയ്ക്കുന്നതെന്ന് MI6 ചീഫിനു മനസിലായി.

ഡയാനയെപ്പോലെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ഒരു വ്യക്തിയെ സംശയലേശമില്ലാതെ നിശബ്ദയാക്കുക അത്ര എളുപ്പമല്ല. കൃത്യമായ പ്ലാനിങ്ങോടെ മാത്രമേ അതു നടത്താനാവൂ. MI6 ആസ്ഥാനത്ത് അതീവ രഹസ്യമായി ചില കൂടിക്കാഴ്ചകൾ നടന്നു. ഒടുവിൽ ഓപ്പറേഷൻ തീരുമാനിയ്ക്കപ്പെട്ടു. ഡയാനയുടെ കാമുകൻ, പാരീസിലെ റിറ്റ്സ് ഹോട്ടലുടമയുടെ മകനായതിനാൽ അവർ നിരന്തരം അവിടെ എത്തുമെന്നുറപ്പ്. ഹോട്ടലിൽ നിന്നും കാമുകൻ ദോദി അൽ ഫയാദിന്റെ അപ്പാർട്ട്മെന്റിലേയ്ക്കു പോകുന്നത് അൽമാ ടണൽ വഴിയാണ്. ടണലിൽ ഒരു ആക്സിഡന്റ്. അതായിരുന്നു പ്ലാൻ.

ദോദിയുടെ ബോഡിഗാർഡ്, ട്രെവർ റീസ് ജോൺസ്, MI6 ന്റെ രഹസ്യ ഏജന്റാണ്. മുഹമ്മദിനെയും ദോദിയെയും നിരീക്ഷിയ്ക്കുകയാണൂ അയാളുടെ ജോലി. ഇപ്പോൾ ഡയാനയെ നിരീക്ഷിയ്ക്കുക കൂടി അയാളുടെ ചുമതലയായി.
അപകടം എങ്ങനെയാവണം എന്നതിനു കൃത്യമായൊരു പ്ലാൻ തയ്യാറാക്കി. ഡയാനയും ദോദിയും, സാർഡിനിയയിൽ നിന്നും ഓഗസ്റ്റ് 30 നു പാരിസിലെത്തും. അവിടെ റിറ്റ്സ് ഹോട്ടലിൽ താമസിച്ച ശേഷം ദോദിയുടെ അപാർട്ട്മെന്റിലേയ്ക്ക് അവർ പോകും. ഇത്രയും വിവരങ്ങൾ റീസ് ജോൺസിൽ നിന്നും MI6ൽ എത്തിയിട്ടുണ്ട്. അപ്പാർട്ട്മെന്റിലേയ്ക്കുള്ള യാത്ര പരമാവധി വൈകിയ്ക്കണം. അതിനു ഹെൻട്രി പോളിനെ പ്രേരിപ്പിയ്ക്കേണ്ടത് റീസ് ജോൺസിന്റെ ചുമതലയാണ്. അർധരാത്രിയാകുമ്പോൾ ടണലിൽ ട്രാഫിക് നന്നേ കുറവായിരിയ്ക്കും. ടണലിനുള്ളിൽ വെച്ച് ഡയാനയുടെ കാറിനു മുന്നിൽ മറ്റൊരു കാർ ഉപയോഗിച്ച് തടസ്സമുണ്ടാക്കും. അതിനായി ഒരാളെയും MI6 കണ്ടെത്തി. പാപ്പരാസിയായ ജെയിംസ് അൻഡാൻസൻ. ആവശ്യത്തിനു പണം കിട്ടിയ അയാൾ അക്കാര്യം ഏറ്റു.

അപകടത്തിൽ മരണം ഉറപ്പാക്കണമെങ്കിൽ യാത്രികർ സീറ്റ് ബെൽട്ട് ധരിയ്ക്കാൻ പാടില്ല. ദൊദിയുടെ മെർസിഡസ് കാറിന്റെ പ്രവർത്തനം കമ്പ്യൂട്ടർ ചിപ്പിനാൽ നിയന്ത്രിതമാണ്. സാധാരണ ഗതിയിൽ അപകടസാധ്യത തീരെയില്ല. ഇതിനെ മറികടക്കാൻ അതിന്റെ ചിപ്പിനെ മാറ്റിവെയ്ക്കണം. ഓപ്പറേഷന്റെ വിജയകരമായ നടത്തിപ്പിനു MI6 ന്റെയും MI5ന്റെയും ഏഴു പേരുടെ ഒരു സ്ക്വാഡ് രൂപീകരിയ്ക്കപ്പെട്ടു. അതോടൊപ്പം ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അമേരിയ്ക്കൻ CIAയുടെയും സഹകരണം കൂടി അവർ ഉറപ്പാക്കി.

ഓഗസ്റ്റ് 27 നു, ദൊദിയുടെ മെർസിഡസ് കാർ ആരോ തട്ടിയെടുത്തു. ഏതാനും മണിക്കൂറുകൾക്കകം അത് ഹോട്ടലിൽ തിരികെ എത്തുകയും ചെയ്തു. അതിനു യാതൊരു വിധ കേടുപാടുകളും സംഭവിച്ചിരുന്നില്ല, യാതൊന്നും നഷ്ടപ്പെട്ടതുമില്ല. എന്നാൽ അവരറിയാതെ ഒന്നു സംഭവിച്ചിരുന്നു, കാർ തട്ടിയെടുത്ത MI6, അതിന്റെ ആധുനികമായ കമ്പ്യൂട്ടർ ചിപ്പ് മാറ്റിയ ശേഷം, പഴയൊരെണ്ണം വെച്ചു പിടിപ്പിച്ചു. അതിനെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ചു നിയന്ത്രിയ്ക്കാനും സാധിയ്ക്കുമായിരുന്നു. മെർസിഡസ് കാറിന്റെ സീറ്റ് ബെൽട്ട് പോലും കമ്പ്യൂട്ടർ നിയന്ത്രിതമാണ്. അത് ധരിയ്ക്കാതിരുന്നാൽ നിരന്തരം അലാറം മുഴങ്ങും.

ഓഗസ്റ്റ് 30. രാത്രി 12.15 ഡയാനയും ദോദിയും ഡയാനയും, ഹോട്ടലിലേയ്ക്ക് അപാർട്ട്മെന്റിലേയ്ക്കു തിരിയ്ക്ക്കുന്നതായി ട്രെവർ റീസ് ജോൺസിന്റെ മെസേജ്, അൻഡാൻസണു ലഭിച്ചു. പാപ്പരാസികൾക്കിടയിൽ നിന്നിരുന്ന അയാൾ പുറത്തിറങ്ങി. അല്പം മാറി പാർക്ക് ചെയ്തിരുന്ന ഫിയറ്റ് ഊനോയിൽ കയറി, ടണൽ ഭാഗത്തേയ്ക്ക് മെല്ലെ ഓടിച്ചു പോയി. ഡയാനയും ദോദിയും പുറകുവശത്തെ ഗേറ്റിൽ കൂടിയാണു വരുന്നതെന്ന് വിവരം ലഭിച്ച രണ്ടു പാപ്പരാസി വേഷക്കാർ തങ്ങളുടെ ബൈക്ക് സ്റ്റാർട്ടാക്കി പുറത്തേയ്ക്കു പോയി.

സമയം12.20. ഡയാനയും ദോദിയും മെർസിഡസിനുള്ളിലേയ്ക്കു കയറി. സീറ്റു ബെൽട്ട് വലിച്ചിടാൻ ശ്രമിച്ചെങ്കിലും അത് പ്രവർത്തിയ്ക്കുന്നുണ്ടായിരുന്നില്ല. ട്രെവർ റീസിന്റെ ബെൽട്ട് മാത്രമേ പ്രവർത്തിച്ചുള്ളു. പാപ്പരാസികളിൽ നിന്നു രക്ഷപെടാനുള്ള തിടുക്കത്തിൽ ബെൽറ്റ് ശരിയാക്കാനൊന്നും അവർ മെനക്കെട്ടില്ല. അടുത്തെവിടെയോ നിന്നുള്ള റിമോട്ട് കണ്ട്രോൾ വഴിയാണു ബെൽട്ടിനെ ഡിസേബിൾ ആക്കിയത്. കാർ മുന്നോട്ട് പാഞ്ഞു. താൻ ഉദ്ദേശിയ്ക്കുന്നതിലുമേറെ വേഗത കാറിനു സംഭവിയ്ക്കുന്നുണ്ടോ എന്ന് ഹെൻട്രി സംശയിച്ചു. ടണലിനോട് സമീപിച്ചപ്പോൾ ഒരു കറുത്ത ബൈക്ക് അവരുടെ മുന്നിൽ കയറി. അതിൽ ഹെൽമറ്റ് വെച്ച രണ്ടു പേർ ഉണ്ടായിരുന്നു.

ടണലിൽ പ്രവേശിച്ചതും മുന്നിലുണ്ടായിരുന്ന ഫിയറ്റ് ഊനോ പെട്ടെന്ന് വെട്ടിച്ചു. അതുകണ്ട ഹെൻട്രിയും വെട്ടിച്ചു. ഇതേ സമയം ബൈക്കിൽ പുറകിലിരുന്ന ആൾ അതിശക്തമായ ഒരു ലേസർ ലൈറ്റ് ഹെൻട്രിയുടെ മുഖത്തിനു നേരെ തെളിച്ചു. ആ പ്രകാശത്തിൽ അയാൾ ഏതാനും നിമിഷത്തേയ്ക്ക് അന്ധനായിപ്പോയി. ഊനോയിൽ തട്ടി നിയന്ത്രണം വിട്ട മെർസിഡസ് അതി ശക്തിയായി കോൺക്രീറ്റ് തൂണിൽ ഇടിച്ചു തകർന്നു. മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് പിന്നോട്ടെടുത്തു. പുറകിലിരുന്ന ആൾ ഓടിവന്നു കാറിനുള്ളിലെയ്ക്കു നോക്കി. തുടർന്ന് മറ്റേ ആളെ കൈ വിലങ്ങനെ വീശിക്കാണിച്ചു. “ഫിനിഷ്‌ഡ് !“

അതേ സമയം ലണ്ടനിൽ, ഹസന്നദ് ഖാൻ തന്റെ ഫോണിൽ നിന്നും ഡയാനയെ വിളിച്ചു. ആഗസ്റ്റ് 31 നു എപ്പോഴാണു അവൾ ലണ്ടനിലെത്തുന്നതെന്ന് അറിയുവാനായിരുന്നു അത്. അവൾ തന്നിൽ നിന്നും അകലുന്നത് അയാളെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. ദോദിയുമായി അവൾക്കുണ്ടെന്നു പറയപ്പെടുന്നത് ചിലപ്പോൾ വെറും സൗഹൃദമായേക്കാം. മറു തലയ്ക്കൽ നിന്നും നിന്നും പ്രതികരണമില്ലാതായപ്പോൾ നിരാശയോടെ അയാൾ ഫോൺ വെച്ചു.

ആ ദിവസം പാരീസിൽ 24 അപകടങ്ങളുണ്ടായി. അതിലൊന്ന് ഒരു ആത്മഹത്യാശ്രമമായിരുന്നു. അമിതമായി മദ്യപിച്ച്, മയക്കു മരുന്നുകൾ കഴിച്ച ഒരാൾ തന്റെ കാറിനുള്ളിൽ പുകനിറച്ച് വാഹനമിടിപ്പിച്ച് മരണപ്പെട്ടു. ഹെന്റ്രി പോളിന്റെ രക്തസാമ്പിളിനു പകരം ഈ സാമ്പിൾ മാറ്റിവെയ്ക്കപ്പെട്ടു. റിറ്റ്സ് ഹോട്ടലിനും ടണലീനു മിടയിൽ 12 നിരീക്ഷണ ക്യാമറകളുണ്ട്. അന്നേ ദിവസം രാത്രി 11.00 മണിയ്ക്കു ശേഷം ഇവയൊന്നും പ്രവർത്തിച്ചില്ല..! അതു കൊണ്ട് തന്നെ അപകടത്തിന്റെ ദൃശ്യം ഒരിടത്തും പതിഞ്ഞില്ല. ഡയാനയുടെ മരണം ഉറപ്പാക്കാനാണത്രേ, ഒരു മണിക്കൂറോളം അപകടസ്ഥലത്തു തന്നെ കിടക്കേണ്ടി വന്നത്. വിലയേറിയ സമയമാണ് അങ്ങനെ നഷ്ടപ്പെടുത്തിയത്.

ആശുപത്രിയിൽ വെച്ച് മരണപ്പെട്ട ഡയാനയുടെ ശരീരം ഫ്രീസറിൽ വെക്കുകയുണ്ടായില്ല. പകരം ഡ്രൈ ഐസ് പുതപ്പിച്ച് ഒരു മുറിയിൽ കിടത്തുകയാണുണ്ടായത്. ബ്രിട്ടനിലേയ്ക്ക് കൊണ്ടു പോകും മുൻപ് എംബാം ഉറപ്പിയ്ക്കാനായിരുന്നു ഇത്. എംബാം ചെയ്യുക എന്നുവെച്ചാൽ ശരീരത്തിലെ ആന്തര അവയവങ്ങളും രക്തവും പൂർണമായി നീക്കിക്കളയുക എന്നതാണ്. ഡയാന ഗർഭിണി ആയിരുന്നു എന്നു പുറം ലോകം അറിയാതിരിയ്ക്കാനുള്ള സൂക്ഷമായ തന്ത്രമായിരുന്നു അത്.

ഓപ്പറേഷൻ വിജയകരമായി പൂർത്തിയായി. ബ്രിട്ടനിലെ പത്രങ്ങളെ ഫലപ്രദമായി നിശബ്ദരാക്കുവാൻ അധികാരികൾക്കു സാധിച്ചു. പാപ്പരാസി ജെയിംസ് അൻഡാൻസൻ, രണ്ടു വർഷത്തിനു ശേഷം, പാരീസിൽ നിന്നും അകലെ ഒരിടത്ത് തന്റെ ഫിയറ്റ് ഊനോയിൽ മരിച്ചു കിടക്കുന്ന നിലയിൽ കാണപ്പെട്ടു. ആത്മഹത്യയെന്നു ഔദ്യോഗിക ഭാഷ്യം. 1999 ൽ ഉണ്ടായ ഒരു തീപിടുത്തത്തിൽ, അപകടസ്ഥലത്തു നിന്നും ശേഖരിയ്ക്കപ്പെട്ട വിലപ്പെട്ട തെളിവുകൾ കത്തി നശിച്ചു.

2017 ജൂൺ. 80 കാരനായ ജോൺ ഹോപ് കിൻസ് ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കയക്കപ്പെട്ടു. ഏതാനും ആഴ്ചകൾ കൂടി മാത്രമേ അദ്ദേഹത്തിനു ആയുസ്സുള്ളു. ഇനിയുള്ള ദിവസങ്ങൾ വീട്ടിൽ ചിലവഴിയ്ക്കട്ടെ എന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. വീട്ടിലെത്തിയ ഹോപ്കിൻസ് സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തൽ നടത്തി.

“ ഡയാന രാജകുമാരിയെ വധിച്ചത് ഞാനാണ്..! 30 വർഷം MI5 ഏജന്റായിരുന്നു ഞാൻ. ഏഴു പേരടങ്ങിയ ഒരു ഹിറ്റ് ടീമിലെ അംഗമായിരുന്നു ഞാൻ. മൊത്തം 37 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾ, തീവ്രവാദികൾ, ആക്ടിവിസ്റ്റുകൾ എന്നിവരെല്ലാം അതിൽ ഉൾപ്പെടുന്നു. അതിൽ ഏക വനിത ഡയാന മാത്രമായിരുന്നു. ജനങ്ങളുടെ രാജകുമാരി ആയിരുന്നു അവർ. ഒരു സ്ത്രീയെ വധിയ്ക്കുന്നത് വളരെ പ്രയാസകരമായിരുന്നു. പക്ഷേ രാജകുടുംബത്തിന്റെ ശാസന ശിരസ്സാവഹിയ്ക്കാൻ ഞങ്ങൾ കടപ്പെട്ടവരാണ്. ഫിലിപ്പ് രാജകുമാരനാണ് ഈ കൊലയുടെ സൂത്രധാരൻ. അയാളെ ഏതെങ്കിലും ഏതെങ്കിലും മനശാസ്ത്ര വിദഗ്ധൻ പരിശോധിച്ചാൽ മനസ്സിലാകും അയാളൊരു ക്രൂരനായ സൈക്കോപാത്ത് ആണെന്ന്..! ഏതാനും ആഴ്ചകൾ മാത്രം ആയുസ്സു ബാക്കിയുള്ള എനിയ്ക്ക് ഇക്കാര്യത്തിൽ കള്ളം പറയേണ്ട കാര്യമില്ല…“

മരണപ്പെട്ട് 20 വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഡയാന ജനലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിയ്ക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply