ദീർഘദൂര സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾ ഭക്ഷണത്തിനായി ചില ഹോട്ടലുകളിൽ നിർത്തുന്നത് കണ്ടിട്ടില്ലേ? പ്രത്യേകിച്ച് ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന രാത്രി സർവ്വീസുകൾ. ഇത്തരത്തിൽ ബസ്സുകൾ നിർത്തുന്നത് ജീവനക്കാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ആയിരുന്നു. ഇത്തരം യാത്രകൾക്കിടയിൽ ഇടയിൽ നിലവാരം കുറഞ്ഞ ഹോട്ടലുകളിൽ നിന്ന് കത്തി വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ട അനുഭവം മിക്കയാളുകളും സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത് സാധാരണയായിരുന്നു. എന്നാൽ ഈ അവസ്ഥക്ക് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്ആർടിസി.
ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ കണ്ടക്ടർക്കും ഡ്രൈവർക്കും ഈ ഹോട്ടലുകൾ കൈമടക്കും ഫ്രീ സ്പെഷൽ ഭക്ഷണവും നൽകുന്നതും പുതുമയല്ല. എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോട്ടലുകൾക്കു മുന്നിൽ മാത്രം ബസ് നിർത്തി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കുന്ന ആ പരിപാടി ഇനി നടക്കില്ല. ദീർഘദൂര യാത്രകളിൽ ഒറ്റപ്പെട്ട ഹോട്ടലുകൾക്കു മുന്നിൽ ബസ് നിർത്തുകയും യാത്രക്കാർ ഇവിടെ മാത്രം കയറി കിട്ടുന്ന ഭക്ഷണം കൊള്ളവില നൽകി കഴിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്ന രീതി ഉടൻ അവസാനിക്കും. വൃത്തിയുള്ളതും നിലവാരമുള്ളതുമായ തെരഞ്ഞെടുത്ത ഹോട്ടലുകളുമായി കരാറിലേർപ്പെടാൻ കെഎസ്ആർടിസി തീരുമാനിച്ചിരിക്കുകയാണ്. കെഎസ്ആർടിസി മാനേജിങ് ഡയറക്റ്റർ ടോമിൻ ജെ തച്ചങ്കരിയുടേതാണ് ആശയം. പാർക്കിംഗ്, ടോയ്ലറ്റ് സൗകര്യത്തോടെ മിതമായ നിരക്കിലും മെച്ചപ്പെട്ട അളവിലും യാത്രക്കാർക്കു ഭക്ഷണം നൽകാൻ തയാറാകുന്ന ഹോട്ടലുകളുമായാണു കരാറുണ്ടാക്കുക. യാത്രക്കാർക്കു പരാതിയുണ്ടായാൽ കരാർ റദ്ദാക്കും.
ഏകദേശം 2,200 സൂപ്പർ ഫാസ്റ്റ് ബസ്സുകൾ സംസ്ഥാനത്ത് ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട് എന്നാണ്. ‘ഹോട്ടലിന് സമീപം ബസ് നിർത്തുന്നതിന് കുറഞ്ഞത് 300 രൂപ വച്ച് ഓരോ ഹോട്ടലിൽ നിന്നും കിട്ടുകയാണെങ്കിൽ നമുക്ക് ദിവസേന 6.6 ലക്ഷം രൂപ വച്ച് ലഭിക്കും. ഇതു പോലെയുള്ള പദ്ധതികൾ തീരുമാനിച്ചതു പോലെ തന്നെ നടപ്പിലാവുകയാണെങ്കിൽ പ്രയാസപ്പെടുന്ന കെഎസ്ആർടിസിക്ക് അതൊരു വലിയ ആശ്വാസമായിരിക്കും’ – തച്ചങ്കരി പറഞ്ഞു.
‘ഹോട്ടലുകൾ കോർപ്പറേഷനുമായി രജിസ്റ്റർ ചെയ്യേണ്ടി വരും എന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഓരോ സ്ഥലത്ത് കൂടിയും കടന്നു പോകുന്ന ബസ്സുകളുടെ റൂട്ടുകളും സമയവും കൃത്യമായി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം തെളിഞ്ഞാൽ ടെണ്ടറുകൾ ക്ഷണിക്കാന് തുടങ്ങും’ – തച്ചങ്കരി പറഞ്ഞു. ഒരു മാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടെ ചില കെഎസ്ആർടിസി ബസ്സിലെ ജീവനക്കാർക്ക് ഹോട്ടലുകളുമായുള്ള ‘അവിശുദ്ധ കമ്മിഷൻ ബന്ധങ്ങൾ’ ക്കും പൂട്ട് വീണേക്കും. ഈ പദ്ധതി നടപ്പിലാകുന്നതോടെ ചില ജീവനക്കാർക്ക് എംഡിയോട് അമർഷം തോന്നുവാനും ഇടയുണ്ട്. ഇത്തരത്തിലുള്ള ഒരു സൂപ്പർ എംഡിയെയായിരുന്നു കെഎസ്ആർടിസി ഇതുവരെ തേടിക്കൊണ്ടിരുന്നത്. എന്തായാലും യാത്രക്കാർക്ക് ഇനി നല്ല ഭക്ഷണം കഴിച്ചുകൊണ്ട് യാത്ര തുടരാം.
കടപ്പാട്-മെട്രോ വാർത്ത , ദീപിക.