വിവരണം – വിശാഖ് രവി.
തലക്കെട്ടു കണ്ടപ്പോൾ തീർത്ഥാടനം ആണെന്ന് നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും. എന്നാൽ സംഗതി അതല്ല ഇത് ഞാൻ ജോലി തേടി പോയ കഥയാണ്. ( ഇംഗ്ലീഷിൽ പറഞ്ഞാൽ ജോബ് ഹണ്ടിങ് പച്ച മലയാളത്തിൽ പറഞ്ഞാൽ ജോലി തെണ്ടൽ). എന്തിനോടെങ്കിലുമുള്ള അടങ്ങാത്ത ആഗ്രഹത്തെ ഞാന് പ്രണയം എന്നു വിളിക്കുന്നു. അങ്ങനെയെങ്കിൽ ഞാനും പ്രണയിക്കുന്നു, യാത്രകളെ. യത്രകള് എന്നും എനിക്ക് ആവേശവും ആഘോഷവുമാണ്, അതിപ്പോ സുഹൃത്തുക്കൾക്കൊപ്പമായാലും ഒറ്റക്കായാലും. ഒരുപാടു യാത്രകൾ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും ഒടുവിൽ പോയത് ഡെല്ഹിയിലേക്കാണു. ഒരിക്കലും അതൊരു വിനോദ യാത്ര അല്ല കേട്ടോ, പുതിയൊരു ജോലി അന്വേഷിച്ചുള്ള ഒരു യാത്ര. കഴിഞ ജനുവരി പകുതിയോടു കൂടി ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും രാജിവെച്ച് പുറത്തിറങ്ങി ( ധീരമായ തീരുമാനം ഹ ഹ ). കൂട്ടിലടച്ച കിളിയെ തുറന്നു വിട്ടാലുള്ള അവസ്ഥയായിരുന്നു എനിക്ക്.
പക്ഷെ വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയൊരു ജോലിയുടെ ആവശ്യം ഏറി വന്നു. അങ്ങനെ എന്തുചെയ്യണം എന്ന ആലോചനയിൽ മുഴുകി നില്ക്കുമ്ബ്ബോള് ദാ വരുന്നു ഡൽഹിയിൽ നിന്നും ഒരു കാൾ, നീയിങ്ങു ഡൽഹിക്കു വണ്ടി കേറൂ നമുക്കിവിടെ അന്വേഷിക്കാം എന്നും പറഞ്ഞു എന്റെ സുഹൃത്ത് ആനന്ദ്. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ ഡൽഹിക്കു (ഡൽഹിക്കു പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഒറ്റക്കാണ് പോകുന്നതെങ്കിൽ യാതൊരു കാരണവശാലും AC ടിക്കറ്റ് എടുക്കരുത്, ബോറടിച്ച ചത്ത് പോകും). അങ്ങനെ രണ്ടു ദിവസത്തെ ട്രെയിൻ യാത്രകൊടുവിൽ ഡൽഹി എത്തി. ടീവിയിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഡെല്ഹിയെകുറിച്ച ഒരൈഡിയയും ഇല്ല. യാത്ര ക്ഷീണം ഒരു ദിവസം ഉറങ്ങി തീർത്തു. പിന്നെ രണ്ടുമൂന്നു ദിവസത്തേക്ക് ആനന്ദ് എന്നെ താമസിക്കുന്ന സ്ഥലവും പരിസരവും ഒക്കെ ചുറ്റി നടന്നു കാണിച്ചു. അതിനിടയിൽ ഒരു ഇന്റർവ്യൂതും അറ്റൻഡ് ചെയ്തു.
അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച അനതിനു അവധി കിട്ടി. അന്ന് പുറത്തൊക്കെ ഇറങ്ങി ചുറ്റി നടന്നു വൈകിട്ട് റൂമിൽ എത്തിയപ്പോൾ അനാദിന്റെ വക ഒരു ചോദ്യം വെറുതെ റൂമിൽ കേറി ഇരിക്കാതെ ഒരു ട്രിപ്പ് പോയാലോ. ശനി, ഞായർ എന്തായാലും ഒരു പരിപാടിയും ഇല്ലല്ലോ. ഇത് കേൾക്കേണ്ട താമസം ഞാൻ സമ്മതം മൂളി. രാത്രി ഏകദേശം ഒരു പന്ത്രണ്ടു മാണിയോട് ഓരോ ജോഡി ഡ്രെസ്സും എടുത്തു ഞങ്ങൾ ഇറങ്ങി. നേരെ പോയത് റെയിൽവേ സ്റ്റേഷനിലോട്ട്. എങ്ങോട്ടു പോകണം എന്നതായി പിന്നീടുള്ള ചിന്ത. അതിനും ആനന്ദ് തന്നെ പോംവഴി കണ്ടെത്തി ആദ്യം വരുന്ന വണ്ടി എങ്ങോട്ടാണോ അങ്ങൊട് തന്നെ പോകാം. അങ്ങനെ ട്രെയിൻ ഡീറ്റെയിൽസ് അറിയാൻ ഇൻക്വിറയിൽ ചെന്നപ്പോഴാണ് അറിയുന്നത് ട്രെയിൻ വന്നാൽ പറയാം വന്നു എന്ന്. ട്രാക്കിൽ എന്ധോ പ്രശ്നം. ഇനി എന്ന ചെയ്യും കർത്താവെ. ട്രിപ്പെന്നും പറഞ്ഞു ഇറങ്ങിത്തിരിക്കുകയും ചെയ്തല്ലോ. മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല.
യൂബർ ബുക്ക് ചെയ്തു, എങ്ങോട്ടാ ബസ് സ്റാൻഡിലോട്. അവിടെ ചെന്നപ്പോ ദാ കിടക്കുന്നു രാജസ്ഥാൻ ജയ്പൂർ പോകുന്ന സർക്കാർ വക ബസ്. ഒന്നും നോക്കിയില്ല രണ്ടും കൂടെ അതിലോട്ടു വലിഞ്ഞു കയറി. എന്നിട് ഉറക്കെ വിളിച്ചു പറഞ്ഞു ജയ്പുർക്കു രണ്ടു ടിക്കറ്റ്. കണ്ടക്ടർ 540 രൂപയുടെ ടിക്കറ്റ് കീറി തന്നു (സോറി പ്രിന്റ് ചെയ്തു തന്നു). നീണ്ട അഞ്ചു മണിക്കൂർ യാത്ര. വർത്തമാനം പറഞ്ഞു ഉറങ്ങിയും മൊബൈലിൽ കുത്തികളിച്ചും കുറെ സമയം കളഞ്ഞു. ഏകദേശം പകുതിയായപ്പോൾ ബസ് നിർത്തി തന്നു ചായ കുടിക്കാനും ഫ്രഷ് ആവാനും മറ്റുമായി. അവിടെ യാത്രക്കാരെല്ലാവരും ഇറങ്ങി അവരവരുടെ കാര്യങ്ങൾ തീർത്തു. ഞങ്ങൾ ഓരോ ചായയും സമോസയും ഒക്കെ അടിച്ചു കേറ്റി. വീണ്ടും യാത്ര തുടർന്ന്. ഏകദേശം പതിനൊന്നരയോട് കൂടി ഞങ്ങൾ ജയ്പൂർ എത്തി. അപ്പഴേക്കും മൊബൈൽ ചാര്ജല്ലാം കഴിഞ്ഞിരുന്നു. ഞങ്ങൾ നിന്ന് പരുങ്ങുന്നത് കണ്ടിട്ടാവണം ഒരുത്തൻ പുറകെ കൂടി. പുള്ളി സ്വയം പരിചയപ്പെടുത്തി പേര് ആതിഖ് ഓട്ടോ ഡ്രൈവർ ആണ്. കുറെ വിസിറ്റിംഗ് കാർഡുകളും എടുത്തു കാണിച്ചു. സംഭവം ഒന്നും ഇല്ല. പുള്ളി ഒരു ഗൈഡ് ആണ്. എത്ര വേണ്ടാന്ന് പറഞ്ഞിട്ടും വിടാതെ പുറകെ തന്നെ.
അവസാനം ഒഴിവാക്കാൻ വേണ്ടി ഞങ്ങൾ ഇപ്പൊ ഇങ്ങോട്ടും പോകുന്നില്ല എന്നും മൊബൈൽ ചാർജ് ആകിട്ടെ ഇനി എന്നതും ഉള്ളു എന്നും പറഞ്ഞു. അത് പറഞ്ഞതും പണി പാളി പുള്ളി തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിതന്നു. ഇന്നത്തെ കാലത്തു ഏറ്റവും വല്യ ഉപകാരം. മൊബൈൽ ചാർജില്ലാത്ത അവസ്ഥ ആലോചിച്ചു നോക്കിയാൽ അറിയും അയാൾ ചെയ്തത് എത്ര വലിയ ഉപകാരം ആണെന്ന്. എന്തായാലും പുള്ളിടെ കൂടെ തന്നെ കൂടി. ഇനിയെന്തു, നല്ല വിശപ്പുണ്ട് ആത്തിക്കിനോട് തന്നെ ചോദിച്ചു നല്ല ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് പോകാം എന്ന്. പുള്ളി തന്നെ ഒരു ധാബയിൽ കൊണ്ടുപോയി ദോഷം പറയരുതല്ലോ നല്ല ഭക്ഷണം ആയിരുന്നു. കേരളത്തിൽ പല ധാബകളിൽ നിന്നും ഭക്ഷണം കഴിച്ചട്ടുണ്ട് പക്ഷെ അവിടൊന്നും കിട്ടാത്ത ഒരു പ്രത്യേക തരാം രുചി ഉണ്ടാർന്നു ഭക്ഷണത്തിനു. ഉറക്കം ശെരിയാകാത്തതുകൊണ്ടും വയറു കുത്തിനിറച്ചതുകൊണ്ടും വല്ലാത്ത ക്ഷീണം. ഗൈഡ് അല്ലെ ഉള്ളത് ആവശ്യം അറിയിച്ചു. പുള്ളി തന്നെ ഒരു ഹോട്ടലിൽ റൂം എടുത്തു തന്നു. നല്ല വലിയ റൂം ഒരു ദിവസത്തെ വാടക മുന്നൂറു രൂപ. കൊള്ളാം, എന്ന പിന്നെ ഇവിടെ തന്നെ കൂടാം. ആത്തിക്കിനോട് പിറ്റേ ദിവസം രാവിലെ തന്നെ വരൻ പറഞ്ഞു കൊണ്ട് ഇന്നത്തെ ഓട്ടത്തിന്റെ ചാർജ് എത്രയായി എന്ന് ചോദിച്ചു. എല്ലാം കൂടി നാളെ തന്നാൽ മതിയെന്നും പറഞ്ഞു അയാൾ പോയി. രാവിലെ എട്ടു മണിക് ഒരുങ്ങിയിരിക്കാൻ ഓര്മപെടുത്തുകയും ചെയ്തു. ശേഷം ഞങ്ങൾ നല്ലവണ്ണം കിടന്നുറങ്ങി.
ഉറക്കം ഒക്കെ കഴിഞ്ഞ വൈകുന്നേരം പുറത്തേക്കിറങ്ങി. ഞെട്ടിപ്പോയി ഞങ്ങൾ, കാരണം വേറൊന്നും അല്ല ഉച്ചക്ക് കണ്ട ജയ്പ്പൂർ അല്ല വൈകിട്ടു ഞങ്ങൾ കണ്ടത്. ആകെ മാറിപ്പോയിരിക്കുന്നു, വഴിയരികിൽ മുട്ടി മുട്ടി കച്ചവടക്കാർ. മുട്ടുസൂചി ഇട്ടാൽ താഴെ വീഴാത്ത അത്രയും ജനങ്ങൾ. കുറെ നടന്നു, നമ്മുടെ എറണാകുളം ബ്രോഡ്വെയുടെ ഒരു പത്തിരട്ടി വലുപ്പം കാണും. വിശപ്പ് നമ്മുടെ കൂടെപ്പിറപ്പായതുകൊണ്ട് ആദ്യം തന്നെ നല്ല ഹോട്ടൽ കണ്ടെത്തി വയറു നിറച്ചു. പിന്നെ കുറെ നടന്നു. എത്ര കണ്ടാലും മടുപ്പു തോന്നിക്കാത്ത കാഴ്ചകൾ എങ്ങും ഇപ്പോഴും ശബ്ദവചം ആളുകളും. വിവിധ തരാം കച്ചവട സാധനങ്ങൾ. ഇതിന്റെയൊക്കെ വില കേട്ടപ്പോൾ കുറെ വാങ്ങി ലുലു മാളിൽ കൊണ്ടുപോയി വിറ്റാലോ എന്ന് വരെ ചിന്തിച്ചു പോയി. ഒരിക്കലും പ്രദീക്ഷിക്കാത്ത വില. ഞങ്ങൾ കുറെ ലേഡീസ് ബാഗുകൾ വാങ്ങി. വിലകേട്ടാൽ ഞെട്ടും ഇരുന്നൂറു രൂപയ്ക്കു മുകളിൽ ഒന്നും കിട്ടാനില്ല. അപ്പൊ നിങ്ങൾ വിചാരിക്കും ലോക്കൽ സാധനം ആണെന്ന്. എവിടുന്നു നല്ല ക്വാളിറ്റി ഉള്ളവ. ഇവിടെ കേരളത്തിൽ പല കിട്ടുന്ന അതെ ക്വാളിറ്റി (കേരളത്തിലെ വില പറയണ്ടാല്ലോലെ). പിന്നെ കുറെ ഡ്രെസ്സും വാങ്ങിച്ചു.
അപ്പോഴേക്കും ഏകദേശം ഒരു ഒൻപതു മണി കഴിഞ്ഞിട്ടുണ്ടാകും, മാർക്കറ്റ് സാധാരണ നിലയിലേക്കെത്തി. വഴിവാണിഭക്കാർ എല്ലാം കെട്ടിവെക്കാൻ തിടങ്ങിയിരിക്കുന്നതു. പത്തു മണിക്ക് മുന്നേ തന്നെ എല്ലാം ശുഭം. ഹോട്ടലുകൾ അപ്പോഴും സജീവം ആണ്. ജയ്പൂർ വന്നിട്ട് നോൺ കഴിച്ചില്ലെങ്കിൽ മോശം അല്ലെ. വീണ്ടും ഒരു ഹോട്ടൽ കണ്ടെത്തി. പുറമെ തന്നെ കോഴിയെ നിർത്തിയും കിടത്തിയും ഒക്കെ പൊരിക്കുന്നുണ്ട്. പിന്നെ ഒന്ന് നോക്കിയില്ല കേറി മെനുവിൽ കണ്ട എന്തോകെയോ ഓർഡർ ചെയ്തു. കുറ്റം പറയരുതല്ലോ നല്ല രുചി. അത് മുഴുവൻ വെട്ടിവിഴുങ്ങി നേരെ റൂമിലേക്ക്. കുറെ നേരം സൊറ പറഞ്ഞിരുന്ന ശേഷം കിടന്നുറങ്ങി. അങ്ങനെ ഒരു ദിവസം കളഞ്ഞു.
രാവിലെ കൃത്യ സമയത്തു തന്നെ ആതിഖ് എത്തി. അങ്ങനെ ജയ്പൂർ രണ്ടാം ദിനം ആരംഭിച്ചു. ആതിഖ് ഞങ്ങളെ നേരെ കൊണ്ടുപോയത് രാജ് മന്ദിർ എന്ന സിനിമ ഹാളിലേക്കാണ്. അകത്തു കയറാൻ പറ്റിയില്ല കാരണം ഞങ്ങൾ വളരെ നേരത്തെ ആയിരുന്നു. സത്യം പറഞ്ഞാൽ പട്ടയുന്ന അറ്റെം കണ്ടു തീർക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് അത്രയും നേരത്തെ ഇറങ്ങിത്തിരിച്ചത്. പുറത്തു നിന്നും കുറച്ചു ഫോട്ടോസ് എടുത്തശേഷം അവിടുന്ന് നേരെ കനക വൃന്ദാവനിലേക്കാണ് പോയത്. അതിമനോഹരമായ ഒരു ഉദ്യാനം. ശെരിക്കും പറഞ്ഞാൽ ത്രിശൂർ സർക്കിൾ കണ്ടിട്ടില്ലേ അത് തന്നെ സാദനം പക്ഷെ ആ സിരകളിലിനു നടക്കും ചുറ്റും ഒക്കെ അവർ ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു. അവിടെ ഞങ്ങൾ ഫോട്ടോഗ്രാഫി ചെറുതായിട്ടൊന്നു പരീക്ഷിച്ചു. പണ്ടേ മികച്ച ഫോട്ടോഗ്രാഫർ ആയതുകൊണ്ട് വളരെ നല്ല ഫോട്ടോസ് കിട്ടി. അങ്ങനെ വീണ്ടും യാത്ര തുടർന്നു. ഇടക്ക് പുള്ളി ചില കടകൾക്കു മുന്നിൽ നിർത്തും എന്നിട് ഞങ്ങളോട് ചുമ്മാ കേറി കാണാൻ പറയും ഒന്നും വാങ്ങണമെന്നില്ല ഒരു പത്തു മിനിറ്റ് കഴിയുമ്പോ ഇറങ്ങി പോന്നോളാനും പറയും. സംഗതി ഇത്രേ ഉള്ളു മാസാവസാനം കടക്കാർ ഇവർക്ക് വല്ലതും കൊടുക്കും. അതിനു വേണ്ടിയുള്ള പരിപാടിയാണ്. പുള്ളി ഉള്ള കാര്യം തുറന്നു പറഞ്ഞു.
ലോക്കൽ കടകൾ ഒന്നും അല്ല കേട്ടോ അവിടുത്തെ പേരെടുത്ത കടകൾ തന്നെ. ആവശ്യക്കാർക്ക് വാങ്ങിക്കുകയും ആവാം. അവർ കഴിവതും വാങ്ങിപ്പിക്കാൻ ശ്രമിക്കും. അതെന്നതാ എന്നല്ലേ പറഞ്ഞു തരാം. ഭാരതത്തിൽ പലയിടത്തും ഉണ്ട് ഇപ്പറഞ്ഞ സാധനം. മുഴുവനായും മാർബിളിൽ പണിതീർത്ത അമ്പലങ്ങൾ ആണ്. അതിനകത്തു കയറുമ്പോൾ വല്ലാത്ത ഒരു കുളിർമ അനുഭവപ്പെടും. മാർബിൾ അല്ലെ മൊത്തം. അങ്ങനെ ചുമ്മാ കേറിചെല്ലാൻ പറ്റില്ല അനുവദിച്ച സമയക്രമം ഉണ്ട്. രാവിലെ ആറു മുതൽ പന്ത്രണ്ടു വരെ പിന്നെ വൈകിട് മൂന്ന് മുതൽ രാത്രി ഒൻപതു വരെ. പിന്നെ ഫോട്ടോഗ്രാഫി നിഷിദ്ധം ആണ് കേട്ടോ അമ്പലത്തുനിന്നകത്തു. ഒരുപാടു കണ്ടു തീർക്കാൻ ഉള്ളത് കൊണ്ട് അധികസമയം കളയാതെ അവിടുന്നും ഇറങ്ങി. നേരെ ഒരു പെട്ടിക്കടയിൽ കയറി ഓരോ കാലിച്ചായ കുടിച്ചു. എന്നിട്ട് ആൽബർട്ട് ഹാൾ മ്യൂസിയത്തിലേക് പോയി. ഇവിടെ കയറണമെങ്കിൽ ചാർജ് ഉണ്ട് കേട്ടോ, ഭാരതീയർക് ഇരുപതു രൂപ വിദേശിയർക്കു നൂറ്റിയന്പത് രൂപ.
അതൊരു ലോകം തന്നെയായിരുന്നു, പഴമ വിളിച്ചോതുന്ന ഒരു കൊട്ടാരം. നിറയെ പ്രാചിന യുദ്ധോപകരണങ്ങളും നാണയങ്ങളും രാജക്കന്മാർ ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും ചരിത്ര പുസ്തകങ്ങളും ഒക്കെ നിറഞ്ഞ ഒരു ലോകം. കുറെ നടന്നു കാണാൻ ഉണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല, ചരിത്രവിദ്യാര്ഥികള്ക്കും ഛത്രിട്രന്വേഷകർക്കും ഇഷ്ടപെടുന്ന ഒരിടം അങ്ങനെ കണ്ടാൽ മതി. അല്ലെങ്കിലും മ്യൂസിയം എന്ന് പറഞ്ഞാൽ തന്നെ ചരിത്രം ആണല്ലോ. ഐറ്റെം അയപ്പളേക്കും വിശപ്പ് അങ്ങ് മൂര്ധന്യതയിൽ എത്തിയിയിരുന്നു. അതിക്കിനോട് ഏതെങ്കിലും നല്ല ഹോട്ടലിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. അങ്ങനെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും ഒരുമിച്ചകത്താക്കി. ഇതിനിടയിൽ ആതിഖ് പലയിടത്തും നിർത്തുന്നുണ്ട്, നമ്മുടെ മറ്റേ കമ്മീഷൻ പരിപാടിയെ. ബോറടിച്ചു തുടങ്ങിയോ ഇനി കുറച്ചുകൂടിയെ ഉള്ളു മുറുക്കെ പിടിച്ചിരുന്നോ. അവിടന്നു നേരെ ഞങ്ങൾ പോയത് ഹവാ മഹലിലേക്കാണ്. അതായത് കാറ്റിന്റെ കൊട്ടാരം. വല്ലാത്ത ഒരു പ്രൗഡി തോന്നിക്കുന്ന ഒരു കൊട്ടാരം, ദാരാളം കിളിവാതിലുകൾ ചെറു ഗോവണിപ്പടികളും ഒക്കെയുള്ള കൊട്ടാരം. പത്തു രൂപയാണ് ടിക്കറ്റ് നിരക്ക് വിദേശികൾക്കു അൻപതും.
പേര് സൂചിപ്പിക്കും പോലെ തന്നെ നല്ല കാറ്റാണിവിടെ. അതിന്റെ ഏറ്റവും മുകളിൽ നിന്നും നോക്കിയാൽ ജയ്പൂർ നഗരത്തിന്റെ ഒട്ടുമുക്കാൽ ഭാഗവും കാണാൻ സാധിക്കും. ഒരുപാടു സഞ്ചാരികൾ വന്നു പോകുന്ന ഒരു സ്ഥാലം ആണിത്. അവിടെനിന്നും പെട്ടാണ് തന്നെ ചാടി അടുത്ത സ്റ്റാലത്തേക്കു വെച്ച് പിടിച്ചു. ചെന്നെത്തിയത് ജന്തർ മന്ദിർ. സംഭവം ഒന്നും ഇല്ല. വാനനിരീക്ഷണം അത്ര തന്നെ, പ്രത്യേകത എന്തെന്നാൽ ടെലെസ്കോപ്പോ മറ്റു ആധുനിക ഉപകരണങ്ങളോ ഒന്നും തന്നെ ഇല്ല. നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്ന വിദ്യകൾ ആണ് ഇവിടെ ഉള്ളത്. പല വലുപ്പത്തിലും ചരിവിലും ഒക്കെ ഉള്ള ശില്പങ്ങൾ പോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. ഇതുപയോഗിച്ചായിരുന്നു പണ്ടുള്ളവർ വാണ നിരീക്ഷണവും. പ്രവചനങ്ങളും ഒക്കെ നടത്തിയിരുന്നത്. അവിടെ അധിക നേരം നിന്നില്ല കാരണം അതൊക്കെ കണ്ടിട്ട് ഒന്നും തന്നെ മനസിലാകുന്നില്ല എന്നത് തന്നെ. അവിടുന്ന് നേരെ ആംബർ ഫോർട്ടിലേക്കാണ് പോയത്. അതൊരു ഭയങ്കരൻ യാത്ര ആയിരുന്നു വലിയൊരു മലമുകളിൽ ഉള്ള ഒരു ഫോർട്ട് അഥവാ കോട്ട. അവിടെ നിന്ന് നോക്കിയാൽ കാണാവുന്നിടത്തോളം ഭാഗം കോട്ടയുടെതാണ്. ഇവിടെയും അകത്തു കയറണമെങ്കിൽ ചാർജ് ഉണ്ട്, ഭാരതീയർക്ക് അൻപതും വിദേശിയർക്കു നൂറ്റിഅമ്പത്തും. ഇവിടുത്ത പ്രത്യേകത ആന സവാരിയാണ്. അടിവാരത്തിൽ നിന്നും മുഗൾ വരെ ആനപ്പുറത്തു കയറി വരം, കൂടാതെ ഓപ്പൺ കാറുകളും ഉണ്ട്. കാശു കൊടുത്താൽ മതി.
ഇത്രയും കണ്ടപ്പോളേക്കും ഏകദേശം വൈകുന്നേരം ആയി, ഇനി മടക്ക യാത്രയിൽ ജൽ മഹൽ കൂടി കാണണം. ഇപ്പറഞ്ഞ സാദനം വലിയൊരു കൊട്ടാരം ആണ് പക്ഷെ അത് വെള്ളത്തിനടിയിൽ മുജിനിൽക്കുകയാണ്. ഏതാണ്ട് രണ്ടു നിലയോളം വെള്ളത്തിനടിയിൽ ആണ്, അത് കണ്ടു നിൽകുമ്പോൾ ആണ് ആതിഖ് പറയുന്നത് നേരത്തെ ഇവിടെ ബോട്ടിനു കൊട്ടാരത്തിനടുത്തേക് കൊണ്ടുപോകുമായിരുന്നു ഇപ്പൊ അത് നിർത്തലാക്കി എന്ന്. ദൂരേന്നു കാണുമ്പോൾ അത്ര ഭംഗിയൊന്നും ഇല്ല ചിലപ്പോൾ രാത്രി അത് മാറുമായിരിക്കും. തിരിച്ചു ഡൽഹിക്കു വരേണ്ടതിനാൽ അതികം നിൽക്കാനും പറ്റില്ലായിരുന്നു. അവിടുന്ന് നേരെ ജയ്പൂർ ബസ് സ്റ്റാൻഡിലേക്ക്. അവിടുന്ന് ഓരോ ചായയും കുടിച്ചു. അതിക്കിനോട് ചാർജ് എത്രയായി എന്ന് ചോദിച്ചപ്പോൾ നിങ്ങൾ തന്നാൽ മതി എന്നായി പുള്ളി. ഞങ്ങൾ ഒരു ആയിരം രൂപാഎടുത്തു കൊടുത്തു, മുഖം അത്ര അങ്ങ് തെളിഞ്ഞില്ല അപ്പൊ ഒരു നൂറു രൂപയും കൂടി കൊടുത്തു. സന്ദോഷം. ഇനി വരുമ്പോൾ വിളിക്കണം എന്ന്എം പറഞ്ഞു കോൺടാക്ട് നമ്പറും തന്നു. നമ്മുടെ നാട്ടിൽ ആയിരുന്നേൽ രണ്ടു ദിവസത്തെ ആ ഓട്ടത്തിന് ഒരു രണ്ടായിരം എങ്കിലും കുറഞ്ഞത് വാങ്ങുമായിരുന്നു. എന്തോ ആവട്ടെ. നേരെ ഡെല്ഹിക്കുള്ളബസിൽ കേറി ഉറക്കം ആരംഭിച്ചു. അങ്ങനെ രണ്ടു ദിവസത്തെ ജയ്പൂർ യാത്ര അവസാനിച്ചു.