ഇടമലയാര്‍ യാത്രയില്‍ അപ്രതീക്ഷിതമായി പുലിയെ കണ്ടപ്പോള്‍…

അയ്യോ പുലി വരുന്നേ പുലി….ചില യാത്രകളിലെ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും പലപ്പോഴും സഫലീകരിക്കാതെ പോകാറുണ്ട്, എന്നാൽ ഒരിക്കലും വിചാരിക്കാത്ത സന്തോഷങ്ങൾ, അനുഭവങ്ങൾ വന്ന് ചേരാറുമുണ്ട്. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ചയിലെ ഭൂതത്താൻകെട്ട് ഇടമലയാർ യാത്ര ഞങ്ങൾക്ക്. അതുപോലെ കിട്ടിയ, മറക്കാൻ കഴിയാത്ത ഒരു സുദിനമായിരുന്നു. അവധി ദിനം ആല്ലാതിരുന്നിട്ട്‌ കൂടി രാവിലെ വാട്ട്സ്ആപ്പിൽ വന്ന അനു മുഹമ്മദിന്റെ “ഇന്ന് ഇടമലയാർ പോയാലോ ” എന്ന മെസ്സേജാണ് എന്നെ വിളിച്ചുണർത്തിയത്.

അന്ന് ഭൂതത്താൻകെട്ട് വരെ പോകേണ്ട കാര്യം കൂടി ഉണ്ടായിരുന്നത് കൊണ്ട് പിന്നെ മറു വാക്കിന് പ്രസക്തി ഇല്ലല്ലോ. എന്നിട്ടും സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയപ്പോഴാണ് അനുവിന്റെ സ്കൂട്ടറിൽ പുറപ്പെടാനായത്, കോതമംഗലത്ത് വെച്ച് ഹരിദാസിനെ കണ്ടു, അവനും കൂട്ടുക്കാരനും കൂടെ വരാൻ താത്പര്യം, അങ്ങനെ ഞങ്ങൾ നാലാൾ, രണ്ട് സ്കൂട്ടറിൽ ഭൂതത്താൻകെട്ട് എത്തി എന്റെ വരവിന്റെ ഉദ്ദേശ്യവും തീർത്ത്, രണ്ടരയോടെ വിശപ്പിന്റെ കാഠിന്യം വടാട്ടുപ്പാറയിലെ നമ്മുടെ ഇക്കാടെ ഹോട്ടലിൽ എത്തിച്ചു.

ഭക്ഷണം കഴിച്ച് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഷെമീറിന്റെ ഫോൺ വന്നു, ഞങൾ ഇടമലയാർ വഴിയിലുണ്ട് അവിടെ ആനകളുടെ മഹാസമ്മേളനം നടക്കുകയാണ് എന്നും പറഞ്ഞു, പിന്നെ പറയണോ വിട്ടു, വണ്ടി ചക്കിമേട് വഴി ലക്ഷ്യത്തിലേക്ക്, അവിടെ ഷെമീറിനൊപ്പം അജിയും ഉണ്ടായിരുന്നു, അവരും സ്കൂട്ടറിൽ തന്നെ, പിന്നെ വേറെ മൂന്നാല് പേരും. ശരിയാണ് ആനകളുടെ മഹാസമ്മേളനം തന്നെയാണ് എന്നാണ് തോന്നിയത്. നാൽപതിൽ കൂടുതൽ ആനകൾ റോഡിന് താഴെ നിന്ന് മേയുന്നു. പിടിയും കൊമ്പനും കുഞ്ഞുങ്ങളും നിറഞ്ഞ ഒരു വലിയ കൂട്ടുകുടുംബം. ആദ്യമായിട്ടാണ് ഇത്രയും വലിയ ആനക്കൂട്ടത്തെ കാട്ടിൽ വച്ച് കാണാനായത്, അതും നമ്മുടെ ഇടമലയാർ പാതയിൽ. ഇതിനിടയിൽ റഫീസ് ബൈക്കിലും, ശ്രീനി കാറിലും സ്ഥലതെത്തി. ഇതിനിടയിൽ സഹ്യപുത്രന്മാരുടെ ശൃംഗാരവും രൗദ്രവും സ്നേഹവും വാൽസല്യവും ബുദ്ധിയും ശക്തിയും എല്ലാം ആ മൂന്നര മണിക്കൂറിൽ ഞങ്ങൾക്കു മുന്നിൽ അവർ തമ്മിൽ അവതരിപ്പിച്ചു എന്ന് വേണം പറയാൻ.

ആറരയോടെ അതിൽ ഒരുകൂട്ടം ആനകൾ റോഡിൽ കയറി എതിർഭാഗത്തേക്ക് പോയി, ഇരുട്ട് വീഴാനും തുടങ്ങി അതോടെ ഞങൾ നാലുപേർ ഒഴിച്ച് മറ്റെല്ലാവരും തിരിച്ച് ഭൂതത്താൻകെട്ട് ഭാഗത്തേക്ക് പോയി. ഞങ്ങളുടെ മനസ്സിൽ ബാക്കിയുള്ള ആനകൾ കൂടി റോഡ് ക്രോസ് ചെയ്യുന്നത് കാണുക എന്ന ഉദ്ദേശമായിരുന്നു, എന്നാൽ പതിനഞ്ച് മിനിറ്റോളം നിന്നിട്ടും അവന്മാരുടെ ഭാഗത്ത് നിന്നും ഒരു സഹകരണവും കണ്ടില്ല, പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട്, ആറെമുക്കാലോടെ ഞങൾ തിരിച്ചു, അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത് അനുവിന്റെ വണ്ടിക്ക് ബ്രൈറ്റ് ലൈറ്റ് ഇല്ല , ഡിം മാത്രം. അതുകൊണ്ട് ഹരിയുടെ വണ്ടിക്ക് തൊട്ടുപിറകെയായിരുന്നു യാത്ര.

നിരന്ന പാറയുടെ ഭാഗം കഴിഞ്ഞതും അവന്റെ വണ്ടിക്ക് അല്പം സ്പീഡ് കൂടി, എന്തുകൊണ്ട് എന്നാണെന്ന് അറിയില്ല, എന്റെ നാക്കിൽ നിന്നും അപ്പോ വന്നത് ” എടാ അടുത്ത വളവിൽ പുലിയുള്ളതാ, പതുക്കെ പോടാ” എന്ന് പറഞ്ഞ് സെക്കൻഡുകൾക്ക് ഉള്ളിൽ അടുത്ത വളവ് തിരിഞ്ഞതും റോഡിന് വലത് വശത്ത് നിന്നും ക്രോസ് ചെയ്യുന്നു അവൻ, ഞങ്ങളുടെ വണ്ടിയുടെ വെളിച്ചം കണ്ടതും തിരിച്ച് വലത് വശത്തേക്ക് തന്നെ തിരിച്ച് ഓടി, ഇൗ സമയം ഞങൾ അവനുമായി വെറും ഒരു മീറ്റർ മാത്രം അകലത്തിൽ. ഹരി വണ്ടി ബ്രൈക്ക്‌ ചെയ്തു, തൊട്ടു പിറകെ വന്ന ഞങ്ങളും ബ്രൈക്ക്‌ ചെയ്തങ്കിലും ഹരിയുടെ വണ്ടിയുടെ പിറകിലെ ബ്രൈക്ക് ലൈറ്റ്, നമ്പർ പ്ലൈറ്റ് എല്ലാം തകർത്തിരുന്നു, കൂടെ അനുവിന്റെ വണ്ടിയുടെ ഫ്രണ്ട് ഭാഗവും പൊളിഞ്ഞു. ഭാഗ്യത്തിന് വേഗത കുറവായതുകൊണ്ട് വാണ്ടികൾ മറിഞ്ഞില്ല. ലവൻ ഓടി മറഞ്ഞത് ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന പോലെ…

ഉടനെ അവിടെ നിന്നും വണ്ടിയെടുത്ത് പോന്നു, പോരുന്ന വഴിയിൽ എല്ലാവരുടെയും മനസ്സിൽ പേടി ആയിരുന്നില്ല മറിച്ച് എന്തെന്നില്ലാത്ത സന്തോഷം, അത് ഒരു ആഘോഷമാക്കി വടാട്ടുപ്പാറക്ക് തിരിയുന്ന ഭാഗത്തെ സോളാർ വെട്ടത്തിന് കിഴെ വണ്ടികൾ ഒതുക്കി. തിരിച്ച് പോയ കൂട്ടുക്കാരെ എല്ലാം വിളിച്ച് അറിയിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയത് റഫീസിനെ മാത്രം, അവൻ ഭൂതത്താൻകെട്ടിൽ ഉണ്ടായിരുന്നു.

അപ്പോഴാണ് എറണാകുളത്ത് നിന്നും ഇടമലയാർ കാണാൻ വന്ന രണ്ട് പേര് പജേരോയിൽ ആ വഴി വരുന്നത്, അവരോട് കാര്യം ധരിപ്പിച്ചു. അവർ പോയതിന് ശേഷം തുണ്ടം വനം വകുപ്പ് ഓഫീസിൽ കയറി കര്യങ്ങൾ പറഞ്ഞ് ഇറങ്ങിയപ്പോഴേക്കും പജേരോ തിരിച്ച് എത്തിയിരുന്നു, ഞങ്ങളെയും അവരുടെ കൂടെകൂട്ടാൻ തിരിച്ച് വന്നതായിരുന്നു അവർ, അവരും അവനെ കണ്ടു, പുള്ളിക്കാരൻ റോഡിലൂടെ നടന്നു വരികയായിരുന്നു എന്ന് പറഞ്ഞു. പിന്നെ ഒന്നിച്ചായിരുന്നു തിരിച്ച് ആ വഴിക്കുള്ള യാത്ര.

ശരിയാണ് ദാ വരുന്നു അവൻ ഒരു കൂസലുമില്ലാതെ റോഡിന് നടുവിലൂടെ, പക്ഷെ വെളിച്ചം കാണുമ്പോൾ അരികിലെ കുറ്റി കാട്ടിൽ കയറി നമ്മളെ തന്നെ നോക്കി നിൽക്കും , വണ്ടി പോയതിന് ശേഷം വീണ്ടും റോഡിലൂടെ നടക്കാൻ തുടങ്ങും. പാജേരോ കുറച്ച് നേരം വെളിച്ചം ഓഫ് ചെയ്ത് കിടന്നിട്ട് വീണ്ടും തിരിച്ച് അവനെ ഫോളോ ചെയ്യും അങ്ങനെ ഏഴ് പ്രാവശ്യം കൂടി അവനെ കണ്ടൂ, അതിൽ ഒരു പ്രാവശ്യം അവൻ റോഡിൽ നിന്നും അല്പം ഉയർന്ന തിട്ടയിൽ കയറി നിന്ന് നേർക്ക് നേരെ നോക്കി നിന്നു, എന്നിട്ട്‌ ഒരു മുരൾച്ചയും. അത് ഒരു കാഴ്ച തന്നെ ആയിരുന്നു. പക്ഷെ ആരുടെ മൊബൈലിലും വേണ്ട വിധം ബാറ്ററി ചാർജ് ഇല്ലായിരുന്നതുകൊണ്ട് ഫ്ലാഷ് ഇട്ട് ആ ചിത്രം എടുക്കാൻ കഴിഞ്ഞില്ല. കിട്ടിയതെല്ലാം വണ്ടിയുടെ വെളിച്ചത്തിൽ എടുത്ത വീഡിയോകൾ മാത്രം.

ഇതിനിടയിൽ റഫീസും തിരിച്ച് ഞങ്ങളോടൊപ്പം ചേർന്നിരുന്നു. അങ്ങനെ അവൻ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം നടന്ന് നടന്ന് വടാട്ടുപ്പാറക്ക് തിരിയുന്ന ഭാഗം വരെ വന്നിട്ട് കാടിനകത്തേക്ക് പോയി പിന്നെ കൂറെ സമയം വണ്ടി ഒതുക്കി കിടന്നെങ്കിലും അവൻ തിരിച്ച് വന്നില്ല. അപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു, തിരിച്ച് പോരുന്നതിനു മുൻപായി ഇൗ അനുഭവങ്ങളുടെയും സന്തോഷത്തിന്റെയും ഓർമക്കായി ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്ത് വീണ്ടും കാണാമെന്ന് പറഞ്ഞു പിരിഞ്ഞു… ക്ഷമിക്കുക പജേറോ കൂട്ടുക്കാരുടെ പേര് പറയാൻ വിട്ടുപോയി സുവിത്ത് & ഷഹിൻഷാ, ഇൗ അവസരത്തിൽ ഞങ്ങളുടെ നന്ദി കൂടെ അറിയിക്കുന്നു.

പുലിയെ കാണാൻ വേണ്ടി പലയിടത്തും പ്രതീക്ഷയോടെ യാത്രകൾ പോയിട്ടുണ്ട് പക്ഷെ അതെല്ലാം വെറുതെയായിട്ടേ ഉള്ളൂ, ഇത് ഇപ്പൊ എന്താണ് പറയുക. വർഷങ്ങൾ ആയി ഇൗ ഭാഗത്തെ കാട് കാണാൻ തുടങ്ങിയിട്ട് പക്ഷെ ഇത്പോലെ ഒരു അനുഭവം, കാഴ്ച അദ്യമായിട്ടാണ്. അത് കൊണ്ട് പോകുന്നവർ വളരെ ശ്രദ്ധയോടെ മാത്രം പോവുക.

വിവരണം – Mujeeb Anthru.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply