എന്‍റെ പൊന്നനുജന്‍ കടല്‍ കാണാന്‍ പോയ കഥ..!!

എന്‍റെ പൊന്നനുജന്‍റെ (Muhammad Fasil Vp ) കുത്തികുറിക്കലാണ് ഇത്. ഇത് കേവലം ഒരു യാത്രാ<കുറിപ്പല്ല! അവൻ അവന്റെ വലിയ ലോകം കീഴടക്കുകയാണ് ഈ സഞ്ചാരത്തിലൂടെ.

രാവിലെ ഏകദേശം ആറരയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.ഉമ്മയോട് മാത്രം സത്യം പറഞ്ഞു,ബാക്കില്ലൊരോട് പറയാൻ മാത്രം ധൈര്യം ഇല്ലായ്‌ക എന്ന് വേണേൽ പറയാം.ഇറങ്ങിക്കഴിഞ്ഞ് പിന്നെ എല്ലാം അറിഞ്ഞാലും കുഴപ്പമില്ല. അത്രയും നേരത്തെ ഞാൻ ആദ്യമായാണ് വണ്ടിയെടുത്ത് പുറത്ത് പോകുന്നത്.വെട്ടം വീണ് തുടങ്ങുന്ന ആ നേരത്ത് പുറത്ത് കണ്ടതിനാൽ പലർക്കും’യേട്ക്കാ രാവിലെന്നെ’എന്ന ചോദ്യം.പരിചയാക്കാരോട് പച്ചക്ക് നല്ല അന്തസ്സോടെ പല നുണകളും വച്ച് കാച്ചി.

എന്നാലും അയ്യപ്പേട്ടനോട് നുണ പറഞ്ഞത് ശരിയായില്ലെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.നാഷ്ണൽ ഹൈവേയിൽ വാഹനങ്ങളുടെ തിരക്ക് കുറവ് രാവിലെ യാത്ര പൊളിക്കുമെന്ന ബൾബ് കത്തിച്ചു.ഞാൻ ഇറങ്ങാൻ വൈകിയെന്ന തോന്നൽ കുറച്ച് വേദന ഉണ്ടാക്കി.അങ്ങനെ ചെറിയൊരു തണുപ്പിൽ മെല്ലെ മെല്ലെ മ്മടെ വണ്ടി കുതിച്ചോണ്ടിരിക്കുമ്പോഴാൺ ഒരു ചെങ്ങായ്നെ കണ്ടത്,റാഫി.ഓനോട് എന്തോ സത്യം പറയാൻ തോന്നി. “പരപ്പനങ്ങാടീക്കാ…..” “അവിടെന്താ?” “കടല് കാണാൻ!!!!!” എസ്.അതിന് തന്നെയാണ്.കുറച്ച് നാളായി കാണുന്ന സ്വപ്നം.ഒറ്റക്ക് ഒന്ന് കടല് കാണാൻ പോകണം…..അതിനുള്ള പുറപ്പാടാണിത്. അങ്ങനെ അവൻ പോയി.

ആലിഞ്ചുവട് എത്തുന്നതിന് മുൻപ് ഒരു ചെറിയ പോക്കറ്റ് റോഡ്,എളുപ്പമാകും എന്ന് കരുതി കയറിയതാണ്.പക്ഷെ അത് കുറച്ച് ദൂരം കൂടിയോന്നൊരു സംശയം.സ്കൂളിൽ നിന്ന് വരുമ്പോ ഇടക്ക് അതുവഴി വരാറുണ്ടെങ്കിലും അത്ര ശ്രദ്ധിക്കാറില്ല. റോഡ് അടിച്ച് വാരുന്ന ഇത്താത്തമാരും മദ്രസേൽ പോകുന്ന കുട്ടികളും കട തുറക്കാനെത്തുന്ന കാക്കമാരും ചേട്ടന്മാരും എല്ലാം എന്നെക്കണ്ട് ധൃതങ്കപുളകിതമാകുന്നത് ഞാൻ കണ്ടു.അതിൽ ഞാനും അൽപ്പം പുളകിതനായി.

അങ്ങനെ അലിഞ്ചുവട്-പുത്തിരിക്കൽ റോഡിലേക്ക് കടന്നു പിന്നെ എന്റെ യാത്ര.അമ്പലവും പള്ളിയും പുല്ലും പുഴയും ദോശചുടുന്ന ശബ്ദങ്ങളും കുക്കറുകളുടെ കൂവലും രാവിലത്തെ ചൂട്പേപ്പർ വായനയിൽ പ്രണയം പങ്കിടുന്ന ചെറുപ്പക്കാരായ വല്ലിപ്പമാരും വല്ലിമ്മമാരും മുത്തശ്ശന്മാരും മുത്തശ്ശിമാരും.അങ്ങനെ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച യാത്ര.വഴിയിൽ പലരെയും കണ്ടു.പലതും പറഞ്ഞു.അങ്ങനെ നീങ്ങികൊണ്ടിരിക്കാണ്….എങ്ങും നിർത്തുന്നില്ല എന്നതാണ് വേറൊരു ഇത്.

ഒരു 7.45 ഒക്കെ ആയപ്പോ പുത്തിരിക്കൽ എത്തി….പിന്നെയും താണ്ടാൻ കുറച്ച്കൂടെ ഉണ്ടായിരുന്നു വഴി.കുറച്ച്കൂടെ തിരക്കുള്ള റോഡിൽ എത്തി.എന്നാലും വല്യ കുഴപ്പം ഇല്ലാതെ നീങ്ങാൻ പറ്റി.കുറച്ച് ജനത്തിരക്കും ഉണ്ടായിരുന്നു.ചുറ്റും പലയാളുകളും നോക്കുന്നുണ്ടായിരുന്നു.ചിലരുടെ കണ്ണുകളിൽ സഹതാപമാണ്.ചിലരുടെ കണ്ണിൽ ഈ ജനത്തിരക്കുള്ള വീഥിയിൽ എന്തിനാ ഈ വെളുപ്പാംകാലത്ത്.മറ്റുചിലർ ‛മറ്റേതിനാകും,കായിക്കേ, പാവം’. ബാക്കി എന്തും സഹിക്കാം.പക്ഷെ അവസാനം പറഞ്ഞപോലുള്ള നോട്ടമുണ്ടല്ലോ അത് സഹിക്കാൻ കുറച്ച് പാടാണ്…

ഓവർ ബ്രിഡ്ജ് കേറി തുടങ്ങുമ്പോഴാണ് നഈമിക്ക വരുന്നത്.കടല് കാണാൻ പോകാന്ന് പറഞ്ഞപ്പോ മൂപ്പര് ഒന്ന് ചിരിച്ചു.ഹൃദയം തുറന്ന ചിരി.അത്പോലുള്ള ചിരികൾ ലോകത്ത് വളരെ വിരളമായത് കൊണ്ടാകാം ലോകം ഗതി പിടിക്കാത്തത്.അതാകാം മനുഷ്യൻ മനുഷ്യനെ കൊല്ലുന്നത്.അതാകാം ന്യൂന പക്ഷത്തെ തീവ്രവാദികളാക്കി മുദ്രകുത്തി ചുട്ടുകൊല്ലുന്നതും.

അങ്ങനെ നീങ്ങിത്തുടങ്ങിയപ്പോ സൈക്കളിൽ പത്രം വിറ്റ് വരുന്ന ഒരു പത്താം ക്‌ളാസ്കാരനെ പരിചയപ്പെട്ടു.പേര് മറന്നു. പാലത്തിലെ ഇടക്കുള്ള ചാട്ടം ഡ്രൈവ് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാക്കി.ചീറിപ്പായുന്ന ബസൊന്നും അതുവഴി വന്നേക്കരുതേയെന്ന് ഒരു ആത്മഗതം ചെയ്തു. വന്നില്ല ഭാഗ്യം. പാലം കടന്നു.ശേഷം റോഡും.അങ്ങനെ പരപ്പനങ്ങാടി എത്തി. കുറച്ച് മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞു.പിന്നെ ഒന്നും നോക്കിയില്ല.അവിടെ ഒരു ബന്ധുവീട് ഉണ്ട്.അവിടെപ്പോയി കസിൻസിനെയും കൂട്ടി കടല് കാണാൻ പോയി!

കടലിനോടിങ്ങനെ അടുക്കുമ്പോ വല്ലാത്തൊരു മുഹബ്ബത്ത്..ഇത്രേം ദൂരം വന്നത്കൊണ്ടാന്നറീല,എന്തോ ഒരിത്.ഇങ്ങനെ നീണ്ട് നിവർന്ന് കിടക്കുമ്പോ ഒന്ന് പ്രേമിക്കാൻ തോന്നാ… തിര കുറവാണ്.കുറച്ച് മീൻ പിടുത്താക്കർ.ചില ഭാഗങ്ങളിൽ വല വിരിച്ച് കാണുന്നുണ്ട്.കുറച്ച് കുട്ടികൾ കടലിൽ നീന്തുന്നു.അവര് നീന്തുന്നത് കണ്ട് അനിയന്മാരിങ്ങനെ മുട്ടി നില്ക്കാണ്,ചാടട്ടെ ചാടട്ടെ എന്നും ചോദിച്ച്.അവസാനം അവര് പറഞ്ഞു ഞങ്ങൾ ചാടുന്നില്ല,ഒന്ന് കാലിട്ടും വരാം. അതിന് സമ്മതിച്ച് കൊടുക്കാതെ നിർവാഹമില്ല.സമ്മതം മൂളേണ്ട താമസം ഒരൊറ്റ ഓട്ടമായിരുന്നു…..

കടപ്പുറത്ത് കാറ്റ് കൊള്ളുന്നതിനിടയി ഒരുപാട് ചേട്ടൻസിനെ കണ്ടു.അവർക്ക് ചോദിക്കാനുള്ളത് എന്റെ ‘ടെട്രാ ഇ എക്സ്നെ’ കുറിച്ചായിരുന്നു.ഇങ്ങനെയുള്ള ഒരു വീൽചയർ അവർ ആദ്യമായി കാണുകയായിരിക്കും.അപ്പൊ അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഒരുപാട് ചോദ്യങ്ങൾ….

ഇവനെപ്പറ്റി ചോദിക്കുന്നോരോടൊക്കെ ഇവനെ പരിചയപ്പെടുത്തികൊടുക്കാൻ എനിക്ക് വലിയ ഇഷ്ട്ടമാണ്. ആ കടപ്പുറക്കാർക്ക് എന്തോ ഒരു പ്രത്യേകത ഞാൻ കാണുന്നുണ്ട്.നല്ല സ്നേഹമുള്ള മനുഷ്യന്മാർ.വെളിമുക്കിൽ നിന്ന് വന്നു എന്ന് പറഞ്ഞപ്പോ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അവരിൽ കാണുന്നെ ഇല്ല.

പുറത്തേക്കിറങ്ങുമ്പോ മനസ്സിന് കുറച്ച് സന്തോഷം കിട്ടുമല്ലോന്ന് അവർ എനിക്ക് പറഞ്ഞ് തരാൻ തുടങ്ങി.അത്രയും മതിയായിരുന്നു എനിക്കവരുടെ ഹൃദയമളക്കാൻ.

അങ്ങനെ കടലും കണ്ട് തിരിച്ച് അനിയൻസിന്റെ(കസിൻസിന്റെ)വീട്ടിൽ കയറി.അവിടെ കുറച്ച് സമയം ചിലവയിക്കൽ നിർബന്ധമായിരുന്നു .കാരണം,വീൽചയറിലെ ചാർജ് പരിമിതമായിക്കഴിഞ്ഞിരുന്നു.അങ്ങനെ അവിടെ കയറി.ചാറ്ജ് ചെയ്യാനിട്ടു.പ്രാതലും ഉച്ചഭക്ഷണവുമൊക്കെ അവിടുന്നയിരുന്നു.

മൂന്ന് മണിക്ക് തിരിച്ചിറങ്ങാനാ കരുതിയെ.ഒന്നൂടെ വെയിൽ ആറിക്കോട്ടെയെന്നുവച്ച് മൂന്നര ആകാൻ കാത്തിരുന്നു.ആ കാത്തിരിക്കലിനിടയിൽ വെയിലിന്റെ നിറം മാറി.ചെറുതായിട്ട് ഇടിയും മുഴങ്ങി.പിന്നെ ഒര് ഓട്ടമായിരുന്നു.കത്തിച്ച് വിടണം എന്നൊക്കെ മനസ്സിലുണ്ടായിരുന്നു.അതിന് മ്മടെ വണ്ടിക്കൊരു സ്പീഡ് ലിമിറ്റ് ണ്ട്. അതിനപ്പുറത്തേക്ക് പോകില്ല.മാനം കണ്ടിട്ട് എനിക്ക് പേടി തോന്നി.
മഴ വന്നാൽ!!!

ആ പേടിയിൽ അങ്ങനെ നിർത്താതെ വിട്ടുകൊണ്ടിരുന്നു.വീട്ടിലേക്ക് ഇനി ഒൻപത് കിലോമീറ്റർ.ഏകദേശം ഒരു മണിക്കൂർ.ജോയ് സ്റ്റിക്കിൽ കവറിടാൻ വേണ്ടി നിർത്തിയപ്പോ മഴക്കാർ എന്റെ മുന്നിൽ മൂടി നിൽക്കുന്നു.മഴ പെയ്യാരുതേ എന്ന് ആശിച്ചു പോയി കുറച്ച് നേരത്തേക്ക്.പിന്നെ അത് എന്റെ സ്വാർത്ഥതയാണെന്ന് തോന്നിപ്പോയി.ചില നേരത്ത് മഴക്ക് വേണ്ടി കൊതിക്കും.അപ്പൊ ദൈവത്തിനോട് പറയും ദൈവമേ മഴ തരണേ…പിന്നെ നമ്മൾ പുറത്തായിരിക്കുമ്പോ,അല്ലെങ്കിൽ മഴ നനയും നമുക്ക് നമുക്ക് നഷ്ടമുണ്ടാകും എന്നാകുമ്പോ മഴ വേണ്ട!!

സേഫ് സോണിൽ ആയിരിക്കുമ്പോ മാത്രം മഴ ആഗ്രഹിക്കുന്ന സ്വാർത്ഥനായ എന്നെപ്പറ്റി ഞാൻ തന്നെ ഓർത്തുപോയി.ഇടിമുഴങ്ങുന്നുണ്ട്…. മഴ ചാറുന്നുണ്ടായിരുന്നു,ചെറുതായിട്ട്. അത് കൊള്ളുകയല്ലാതെ നിർവാഹമില്ല.അങ്ങനെ ഒരു വിധം അതിർത്തി പ്രദേശത്ത് എത്തി.ഇനിയുമുണ്ട് 5 കിലോമീറ്റർ.അരമണിക്കൂറോളം സമയവും.കുന്നത്ത്പറമ്പ് എത്തിയപ്പോ മഴയത്ത് കുടുങ്ങിപ്പോകും എന്നുറപ്പായി…

അപ്പോഴാണ് ദൈവധൂതനെ പോലെ ഒരു സുഹൃത്തിനെ കണ്ടുത്. വണ്ടി ഒരു കടയിൽ കയറ്റിയിട്ടു.അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് അവൻ ഫെയ്സിന്റെ വണ്ടിയും കൊണ്ട് വന്നു.വീൽചെയർ എടുത്ത് പൊക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.കാരണം നല്ല വെയ്റ്റാണ്.എന്തായാലും നേരെ റയീസ്ക്കാന്റെ വീട്ടിലെത്തി.അവിടെ നിന്നായിരുന്നു എല്ലാത്തിന്റേം തുടക്കം.ശേഷം നേരെ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ കയറുമ്പോ സമയം 6.30.

പന്ത്രണ്ട് മണിക്കൂറായി പുറത്തായിരുന്നു.സ്വതന്ത്രമായി,എന്റേതായ ലോകത്ത് പറന്ന് നടക്കായിരുന്നു. വെളിമുക്കിൽ നിന്ന് 10 കിലോമീറ്റർ മാത്രം ദൂരത്തിലുള്ള പരപ്പനങ്ങാടി പോവുക എന്നത് ഒരു വലിയ യാത്രയോ അനുഭവമോ അല്ല സാധാരണഗതിയിൽ. പക്ഷെ ഈ യാത്ര ഇലക്ട്രിക് വീൽചെയറിൽ ആയിരുന്നു എന്നതിനാൽ മാത്രം പ്രസക്തമാണ്.

By – സമദ് അബ്ദുൽ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply