17 മണിക്കൂർ നീണ്ടു നിന്ന ഒരു പെരുമഴ റൈഡ് & ട്രെക്കിംഗ്..

മനോഹരമായ ഈ  യാത്രാവിവരണം എഴുതി തയ്യാറാക്കിയത് – ജുനു ചുള്ളക്കാട്ടിൽ.

പതിനേഴ്_മണികൂർ നീണ്ടു നിന്ന ഒരു പെരുമഴ റൈഡ്&ട്രക്കിന്റെ ഓർമ്മ കുറിപ്പ്. സർവ്വ ജീവജാലങ്ങളും ഉറക്കിനെ പുൽകുന്ന പാതിരാ മുതൽ പ്രഭാതം വരെയുള്ള നിശ്ശബ്ദ നിമിഷങ്ങളിൽ മഴ മാത്രം ഉണർന്നിരിക്കുന്നു…! കോരി ചൊരിയുന്ന മഴയുടെ കൂടെ പുലർച്ചെ മൂന്ന് മണിക്കാണ് മഞ്ചേരിയിൽ നിന്നും വയനാട്ടിലെ ഉയരം കൂടിയ ചെമ്പ്ര കൊടുമുടിയെ ലക്ഷ്യമാക്കി ബജാജ് അവെഞ്ചറിൽ യാത്രക്ക് തിരിതെളിക്കുന്നത്. വിജനമായ റോഡിൽ മഴ പലവിധ താളത്തിൽ പെയ്തൊഴിയുന്നു. മഞ്ചേരി- അരീക്കോട് – മുക്കം വരെ മഴ വെള്ളം നിറഞ്ഞ വഴിയിലെ ഓരോ കുഴിയും ഇറങ്ങി കയറിയാണ് യാത്ര, പലയിടങ്ങളിലും ഓഫ്റോഡ് പ്രതീതി. ചിലയിടങ്ങളിൽ റോഡുകളിലെ വൃത്താകൃതിയിലുള്ള ആഴമേറിയ കുഴികളുടെ ചതിയിൽ വീണ് ഷോകാപ്സറിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിയിടിക്കുന്നു.

മുക്കം – ഓമശ്ശേരി – താമരശ്ശേരി വരെയുള്ള വഴിദൂരം വലിയ കേടുപാടുകൾ ഒന്നും തന്നെയില്ലാത്തത് കൊണ്ട് വിരിഞ്ഞിരുന്നുള്ള രാജകീയ റൈഡ്…! മഴക്കല്പം ആക്കവുമുണ്ട്. മഴമാറിയ തക്കം സൂര്യൻ വെട്ടം വിതറിയെങ്കിലും വയനാടൻ മല നിരകളിലെ കനത്ത കോട, താമരശ്ശേരി ചുരത്തിലിപ്പോഴും പ്രഭാകിരണം പതിഞ്ഞിട്ടില്ല. ഞാനും എന്റെ സഹയാത്രികരും നനഞ്ഞ ദേഹത്തേക്ക്, കുളിര് വഹിച്ചു വരുന്ന വയനാടൻ കാറ്റിനെ വക വെക്കാതെ ഓരോ മുടിപിൻ വളവുകളും പുറകിലേക്ക് വകഞ്ഞ് മുന്നോട്ട് കുതിച്ചു.

രാവിലെ ഏഴുമണിക്ക് ചെമ്പ്രമല ട്രക്കിങ്ങിനുള്ള ടിക്കറ്റ് കൊടുത്തു തുടങ്ങും, പത്രണ്ടു മണി വരെ നീളുമെങ്കിലും ഒരു ദിവസം ഇരുപത് ബാച്ചിനാണ് പുതിയ നിയമ പരിഷ്ക്കരണങ്ങളനുസരിച്ഛ് പാസ്സ് കൊടുക്കുകയുള്ളൂ എന്നതിനാൽ ചുരം കയറി ക്ഷീണിച്ച ഞങ്ങളുടെ ബൈക്കുകൾക്ക് അല്പം പോലും വിശ്രമം കൊടുക്കാതെ ലക്കിടിയും താണ്ടി ചൂണ്ടയിൽ നിന്ന് പെട്രോൾ ഒഴിച്ഛ് സമാധാനിപ്പിച്ചു.

കണ്ണും തിരുമ്മി വന്ന പമ്പ് ജീവനക്കാരനോട് പമ്പിന്റെ എതിർ ദിശയിൽ മഞ്ഞിനാൽ മൂടി നിൽക്കുന്ന പച്ചപരവതാനി വിരിച്ച പർവ്വത നിരകളെ ചൂണ്ടി ചോദിച്ചു. അതല്ലെ ചെമ്പ്ര…? അതെയെന്ന ഉത്തരത്തിന് ഞാൻ വീണ്ടുമൊരു ചോദ്യം. എത്ര ദൂരമുണ്ടിനി…? ദേ ആ കാണുന്ന ഊട്ടി റോഡിൽ കയറി ഏകദേശം പത്തു കിലോമീറ്റർ കഴിഞ്ഞാൽ മേപ്പാടി. അവിടെ നിന്ന് വലത് തിരിഞ്ഞു പോവണം. എന്ന ഉത്തരത്തിന് ശേഷം അവന്റെ മറു ചോദ്യം. രണ്ട് മൂന്ന് ദിവസമായി തോരാത്ത മഴയാണ് ഈ സമയത്ത് നിങ്ങൾ മല കയറാൻ പോവുകയാണോ?

അതിനുള്ള ഉത്തരം പറഞ്ഞത് എന്നെ പോലെ തന്നെ മഴകോട്ട് പോലും ധരിക്കാത്ത എന്റെ സുഹൃത്തായിരുന്നു. “മല കയറുമ്പോൾ കൂട്ടിന് മഴയല്ലെ വേണ്ടത്…” നല്ല കലക്കൻ മറുപടി. എനിക്കിഷ്ടമായി ആ ഉത്തരം. ഇനിയും പോവാനുണ്ടെന്ന ബോധ്യത്തോടെ വയനാടൻ ഗ്രാമ വീതിയിലൂടെ മുന്നോട് ഗമിച്ചു. മേപ്പാടി ടൗൺ എത്തുന്നതിന് മുൻപ് പ്രഭാത ഭക്ഷണത്തിനായി വീണ്ടും വണ്ടിയൊതുക്കി. വയറും വായും കൊതിച്ചത് പൊറോട്ടയും ബീഫുമായിരുന്നുവെങ്കിലും ഇറങ്ങിയ ഹോട്ടലിൽ അതില്ലായിരുന്നു, സമയം അവശ്യത്തിൽ കവിഞ്ഞ് ഇല്ലാത്തത് കൊണ്ട് ഉള്ള പുട്ടും കടലയും ദോശയുമായി വയറു നിറച്ചു. ഒരു പത്തു രൂപ ബോട്ടിൽ വെള്ളവും ബാഗിലാക്കി ഹോട്ടൽ ഉടമയോട് വഴിയാരാഞ്ഞു… നേരെ പോയാൽ വലത്തു ഭാഗത് മേപ്പാടി മുസ്ലിം പള്ളി അത് കഴിഞ്ഞുള്ള നാല് കടമുറികളോട് ചാരിയ വലത്തോട്ടുള്ള റോഡിൽ ഏഴു കിലോമീറ്റർ പോയാൽ മതി എന്ന ഒരു പൂർണ്ണമായ ഉത്തരം ഗൂഗിൾ മാപ്പിന് വയനാടൻ തണുപ്പിൽ മൂടിപുതച്ചുറങ്ങുന്നതിൽ തടസ്സം വന്നില്ല…!

വളഞ്ഞും തിരിഞ്ഞും പോവുന്ന വീതികുറഞ്ഞ പഞ്ചായത്ത് റോഡിലൂടെ ബുള്ളറ്റ് സ്റ്റാന്റെർഡും തൻഡർബെർഡും ഡിയോയും ദൃതിയിൽ ഓടി കൊണ്ടേയിരുന്നു… എട്ടെ പതിനെഞ്ചോടെ ചെമ്പ്ര വി.എസ്.എസ് ഇക്കോ ടൂറിസം സെന്ററിലെത്തി. ഒൻപതാമത്തെ ബാച്ഛ് ആയിരുന്നു ഞങ്ങളുടേത്, ഈ നേരത്തിനകം എൺപതോളം പേർ മലകയറിയതറിഞ്ഞപ്പോൾ ഞങ്ങളുടേത് ഭ്രാന്തിന്റെ തലമൂത്ത വേർഷൻ അല്ലെന്നോർത്ത് ഊറി ചിരിച്ചുപോയി…

ഒരു ബാച്ചിന് 750 രൂപയാണ് ടിക്കറ്റ് നിരക്ക് ഒരു ബാച്ചിൽ 10 പേരെ വരെ ഉൾകൊള്ളിക്കാം, ക്യാമറ ഒന്നിന് 40 രൂപയും പാസ്റ്റിക് ബോട്ടിലിന് ഒന്നിന് 50 രൂപയും – (1) ,മേപ്പാടിയിൽ നിന്ന് ജീപ്പ് സൗകര്യത്തിന് 800 രൂപയുമാണ് ചാർജ് വരുന്നത്. 1- ( ബോട്ടിലിൽ സ്റ്റിക്കർ ഒട്ടിച്ഛ് തരും അത് കളയാതെ മടങ്ങുമ്പോൾ കാണിച്ഛ് കൊടുത്താൽ 50 രൂപ മടക്കി തരുന്നതാണ് ). എട്ട് പേർക്ക് 750 രൂപയും രണ്ട് ക്യാമറ 80 രൂപയും നാല് ബോട്ടിലിന് 200 രൂപയും പേ ചെയ്ത് ഓഫീസിൽ പേരും വാഹന നമ്പറും മൊബൈൽ നമ്പറും അടങ്ങുന്ന രജിസ്റ്ററിൽ ഒപ്പ് വെച്ചിറങ്ങി.

ഇവിടുന്നങ്ങോട്ട് രണ്ട് കിലോമീറ്റർ കൂടെ നമ്മുടെ വാഹനം കടത്തിവിടുമെങ്കിലും റോഡിന്റെ സ്ഥിതി വളരെ പരിതാപരകമാണ്, എങ്കിലും ബൈക്കുകൾക്ക് വലിയ ബുദ്ധിമുട്ടിലാതെ പോവാം, പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം ബാഗിൽ കരുതി, പ്രകൃതിയൊരുക്കിയ പ്രണയസരസിനെ – (2) മനസ്സിൽ ധ്യാനിച്ഛ് നടത്തം തുടങ്ങി.

2 – ( ചെമ്പ്രയുടെ താഴ്വാരത്തുള്ള ലൗ ചിഹ്നം ആകൃതിയിലുള്ള തടാകം. ) ആദ്യ എൻട്രിയിൽ തന്നെ പാകിസ്ഥാൻ അതിർത്തി കടക്കുകയാണോ എന്ന് തോന്നിപ്പോവുന്ന രീതിയിലുള്ള ചെക്കിങ്‌, ടിക്കറ്റിൽ അടിച്ചതിൽ അധികം ഒരു സാധനവും അക്കത്തേക്ക് കടത്തിവിട്ടില്ല. പുകയില ഉല്പന്നങ്ങളും തീപ്പെട്ടിയും തുടങ്ങി ഒരു വിധ ലഹരി വസ്തുക്കളും പ്ലാസ്റ്റിക്ക് ഉല്പനങ്ങളും ഇവിടെ വരെ കൊണ്ട് വരാനെ സാധിക്കൂ. ആയത് കൊണ്ട് ആ വക ദുശ്ശീലങ്ങൾ ഉള്ളവർക്ക് പറ്റിയ ഒരിടമല്ല ചെമ്പ്ര പീക്ക് എന്ന് മനസ്സിലാക്കുക. അര കിലോമിറ്റർ തേയില തോപ്പിന്റെ ഇടയിലൂടെയുള്ള മൺ പാതയിലൂടെ നടക്കുമ്പോൾ മറ്റൊരു വനപാലകൻകൂടെ ടിക്കറ്റും മറ്റും പരിശോധിച്ഛ് മുന്നോട്ട് വഴികാട്ടി.

3- ഞായർ പോലെയുള്ള തിരക്കുള്ള ദിവസങ്ങളിൽ 500 മീറ്റർ ദൈർഗ്യത്തിൽ ഗൈഡുമാർ നിൽക്കുകയാണ് പതിവ്, നമ്മുടെ കൂടെ പോരുകയില്ല. ഇവിടുന്നങ്ങോട്ട് കുടചൂടി നിൽക്കുന്ന മരങ്ങളും പാട്ട് പാടി സമയം തീർക്കുന്ന പറവകളുമായി നല്ല ചന്തമുള്ള കയറ്റമില്ലാ കാടാണ്. ഇവിടെയാണ് നാലു മണി വരെ പ്രവർത്തിക്കുന്ന വ്യൂ പോയിന്റ് അവിടെ വരെ വരാൻ 20 രൂപ ടിക്കറ്റ് ലഭിക്കും. നടത്തത്തിന്റെ ഗതിയിവിടെമാറുന്നു, ശരിക്കുമുള്ള ട്രക്കിങ് ഇവിടെ തുടങ്ങുന്നു എന്ന ബോർഡ് കണ്ടു, പുറകിൽ നടന്ന അത് പോലെയുള്ള കാട് ആണെങ്കിൽകൂടെ കൂട്ടിനുള്ള കയറ്റം നെഞ്ചിടിപ്പ് കൂട്ടി കൊണ്ടിരുന്നു… ഓരോ ചവിട്ടടിയിലും മുട്ടുകാൽ നെഞ്ചത് തട്ടുന്നുണ്ടോയെന്ന സംശയം ഇല്ലാതില്ല..

നിന്നും ഇരുന്നും തമാശകൾ പറഞ്ഞും സാവധാനത്തിൽ നടന്ന് കയറി പുല്മേടിൽ എത്തിയതും ചുറ്റിയടിച്ഛ് നടക്കുന്ന മഴയുടെ കണികകൾ ഒളിപ്പിച്ഛ് വെച്ച നേർത്ത കാറ്റിന് ശമിപ്പിക്കാനുള്ളതെ ഉണ്ടായിരുന്നുള്ളു കിതപ്പും നെഞ്ചിടിപ്പും. പുല്മേട്ടിലൂടെ മേഞ്ഞു നടക്കുന്ന കോടമഞ്ഞും വിരിഞ്ഞു നിൽക്കുന്ന ചെറു പൂക്കളും കണ്ണിന്ന് കൗതുകം തരുന്നത് കൊണ്ട് മുന്നോട്ടുള്ള നടത്തത്തിന്റെ വേഗത കൂട്ടുകയാണ് സത്യത്തിലുണ്ടായത്. മുന്നെ നടന്ന പലരും നടന്ന് ക്ഷീണിച്ച്, ചെറു പാറകളിൽ വിശ്രമത്തിലാണ്.

രണ്ട് മലകൾക്കിടയിലൂടെ മുകളിലേക്ക് ലക്ഷ്യം വെച്ഛ് നടന്നെത്തിയപ്പോൾ ഏകദേശം ഒന്നര കിലോമീറ്റർ പുറകിലാക്കിയിരുന്നു, ഇനിയങ്ങോട്ട് അര കിലോമീറ്റർ കൂടെ. അങ്ങകലെ മല മടക്കുകൾക്ക് അപ്പുറം കാരപ്പുഴ ഡാമിലെ വെള്ളവും ചെറു തുരുത്തുകളും കോട മാറിയപ്പോൾ തെളിഞ്ഞു വന്നിരിക്കുന്നു. ബോണസായി കിട്ടിയ നല്ല കാഴ്ചകളിലൊന്നാണിത്. ചെറിയ നീളത്തിലുള്ള ഒരു തടാകം ഇവിടെയുമുണ്ട്. ആലോചിച്ചു നിൽക്കാതെ വീണ്ടും നടത്തം തുടങ്ങി.

ഒടുവിൽ ഞങ്ങൾ എത്തിയിരിക്കുന്നു… അതെ…! ഏറെ നാളായി കാണണമെന്ന് ഹൃദയം കൊതിച്ചിരുന്ന ഹൃദയ തടാകത്തിന്റെ കൈപാടകലെ… ചെമ്പ്ര ഇവിടെ കഴിയുകയല്ല. മറിച്ഛ് ഹൃദയ തടാകം സ്ഥിതി ചെയുന്നതിവിടെയാണ്.  ചെമ്പ്രയുടെ ഏഴു മലനിരകളിൽ രണ്ടാം മലയിലാണ് എത്തിയിരിക്കുന്നത്. ഇവിടുന്ന് അങ്ങോട്ട് ഇനി അഞ്ചെണ്ണം കൂടെയുണ്ട്.. പക്ഷെ…! കഴിഞ്ഞ നാല് വർഷങ്ങൾക്കിപ്പുറം ഇവിടുന്നങ്ങോട്ട് പോവാനുള്ള അനുമതി സഞ്ചാരികൾക്കില്ല… വിടാതിരിക്കാനുള്ള കാരണങ്ങൾ ഒരുപിടിയുണ്ട്. പ്രധാന കാരണം അത്യപൂർവ്വമായി കണ്ടുവരുന്ന laughing thrush എന്ന ചിലപ്പൻ പക്ഷിയുടെ സാന്നിധ്യമാണ്.  ഇവ മനുഷ്യരിൽ നിന്നും അകന്ന് ജീവിക്കാൻ താല്പര്യപെടുന്നത് കൊണ്ട് വംശനാശ ഭീക്ഷണി നേരിടുന്ന അവയെ സംരക്ഷിക്കൽ നമ്മുടെ കടമയാണെന്ന് അവിടെയുണ്ടായിരുന്ന വനപാലകനിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി. കൂടാതെ മാവോ സാന്നിധ്യവും സഞ്ചാരികൾക്ക് വിനയായി.

പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീല കുറുഞ്ഞിയും ഇവിടെയുണ്ട്, കഴിഞ്ഞ സീസണിൽ ഇവിടെ വിരിഞ്ഞ കുറുനഞ്ഞിയുടെ മനോഹാരിത പുറംലോകം അറിഞ്ഞിട്ടില്ലന്നാണ് അറിയാൻ കഴിഞ്ഞത്, ആനയും ചെന്നായയും കാട്ടിയും തുടങ്ങി വിവിധ തരം മാൻ വർഗ്ഗങ്ങളും ഈ പുല്മേടിന്റെ അവകാശികളാണ്. കഴിഞ്ഞ വർഷമുണ്ടായ വൻ തീ പിടുത്തത്തിൽ കത്തിയമർന്ന ചെമ്പ്രക്ക് ഇത് ഒരു പുനർജന്മമാണ്. ആറു മാസമാണ് അത് കാരണം ചെമ്പ്ര അടഞ്ഞു കിടന്നത്. സ്വഭാവികമായി ഉണ്ടാവുന്ന കാട്ടു തീ അല്ല തീ പിടുത്തത്തിന് പുറകിലെന്ന് കൂടെയറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി.

നിമിഷനേരംകൊണ്ടുമാറി വരുന്ന കാലാവസ്ഥ മാറ്റങ്ങൾ ശരിക്കും ത്രില്ലിംഗ് ആയിരുന്നു. കോട മൂടുമ്പോൾ മഴ പൊഴിയും, മഴയെ കൊണ്ട് കാറ്റ് പറന്നു പോവുന്ന ആ ഒരു കാഴ്ച്ച വർണ്ണനാദീതമാണ്… ഇതെല്ലാം സംവിദാനിച്ഛ് വെച്ചിട്ടാണ് ദൈവം വിശുദ്ധ ഖുർആനിലൂടെ ചോദിക്കുന്നത്, ഭൂമിയിലെ ദൃഷ്ട്ടാന്തങ്ങൾ നിങ്ങൾ കാണുന്നില്ലെ…? ഒരുപാട് സമയം അവിടെ ചിലവഴിച്ചു, പല ബാച്ചും വന്ന് മടങ്ങി, ഒരു കുട പോലും കരുതാതെ മഞ്ഞും മഴയും വെയിലും കാറ്റുമേറ്റ് ഒരു പാട് നേരം അവിടെ നിന്നു, വ്യൂ പോയറ്റുകളിൽ നിന്നാൽ മേപ്പടിയും ചുണ്ടയും തുടങ്ങിയ അങ്ങാടികൾ ചെറു പൊട്ടുപോലെ കാണുന്നുണ്ട്… എല്ലാം കണ്ട് മടങ്ങാൻ മനസ്സ് അനുവദിക്കുന്നില്ലങ്കിലും മടങ്ങിയെ മതിയാവു എന്നുള്ളത് കൊണ്ട് മലയിറങ്ങാൻ തുടങ്ങി…

കയറിയ പടികളെല്ലാം ശ്രദ്ധിച്ചും സൂക്ഷിച്ചും ഇറങ്ങി, എപ്പോഴോ കടിച്ചു വയറു വീർപ്പിച്ചു പോയ അട്ടയുടെ വികൃതിയുടെ ബാക്കി കാലിൽ ഇപ്പോഴുമുണ്ട്. ഒരു മണിയോടെ ടിക്കറ്റ് കൗണ്ടറിൽ എത്തി ബോട്ടിലിന്റെ പൈസയും വാങ്ങി മേപ്പാടി അങ്ങാടിയിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുമ്പോൾ കൃത്യം രണ്ട് മണി. ഇനിയെങ്ങോട്ട് പോവും എന്ന ചോദ്യത്തിൽ നിന്ന് തൊള്ളായിരം എസ്റ്റേറ്റ് എന്ന ഉത്തരം അതിവേഗമെത്തി, വഴി ചോദിച്ഛ് വണ്ടിയിറക്കി.

തൊള്ളായിരത്തിലേക്കുള്ള കയറ്റം തുടങ്ങുമ്പോൾ തന്നെ മഴ കനത്തുപെയ്തു തുടങ്ങി, ഇടുങ്ങിയ റോട്ടിലൂടെ വെള്ളത്തിന്റെ കൂടെ കല്ലുകളും ഒഴുകി വരുന്നു, എങ്കിലും ഉള്ളിലെ സാഹസികൻ മുന്നോട്ട് തന്നെ കുതിച്ചുപാഞ്ഞു, മഴ ഒട്ടും പുറകിലേക്ക് പോകുന്നില്ലെന്ന വാശിയിൽ ഉറച്ഛ് നിൽക്കുന്നത് കൊണ്ട് റോഡ് അവസാനിക്കുന്നതിന് ഒരു കിലോമിറ്റർ മുൻപ് നിന്ന് തിരിച്ചു മടങ്ങി, കോരി ചൊരിയുന്ന പേമാരിയിൽ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന വൻ വൃക്ഷങ്ങളുടെ ഇടയിലൂടെയുള്ള രണ്ട് വരി പാതയിലൂടെ ഓഫ്‌റോഡ് റൈഡ്..! ജീവിതത്തിൽ ഒരിക്കലും മറക്കില്ല, അതിലുപരി ആ ഇടതൂർന്ന കാടിന്റെ മണം എന്നെ വല്ലാതെ മത്പിടിപ്പിക്കുന്നു. അരുവിയിലെ മല വെള്ളപ്പാച്ചിലിനു ചുവപ്പ് നിറം കലർന്നപ്പോൾ മനസ്സ് മന്ദ്രിച്ചു ” ജുനു നമുക്ക് മടങ്ങാം” പിന്നീട് അവിടെ നിന്നില്ല, പതുക്കെ തൊള്ളായിരവുമിറങ്ങി.

മേപ്പാടി – ചുണ്ട – വരെ നോർമൽ മഴയായിരുന്നുവെങ്കിൽ ചുണ്ട – ലക്കിടി മഴയുടെ മാരകവേർഷൻ ആയിരുന്നു, അത്തരത്തിൽ ഒരു മഴ ജന്മത്തിൽ കണ്ടിട്ടും കൊണ്ടിട്ടുമില്ല. അതിവേഗം ചുരമിറങ്ങണമെന്ന തീരുമാനമാണ് അത്തരത്തിലുള്ള ഒരു മഴ കൊള്ളാൻ പ്രേരിപ്പിച്ചത്. ചുരമാണെങ്കിലോ മുക്കാൽ ഭാഗവും ബ്ലോക്ക്…! അവിടെയെല്ലാം അവെഞ്ചർ കരുത്ത് തെളിയിച്ചു കൊണ്ടിരിക്കുന്നു, വലിയ ലോറികൾക്കും കാറുകൾക്കുമിടയിലൂടെ അവൻ ഊർന്നിറങ്ങികൊണ്ടേയിരുന്നു. ശരീരവും മനസ്സും കുതിർന്ന പതിനേഴ്‌ മണിക്കൂർ നീണ്ട മഴയാത്രക്ക് തിരശീല വീഴുകയാണ്…!

രാത്രി ഒമ്പതോടെ വീട്ടിൽ എത്തി വാട്ട്സ്ആപ്പ് തുറന്നപ്പോൾ..! “സംസ്ഥാനത്തു കനത്ത മഴ നാളെ വിദ്യാലയങ്ങൾക്ക് അവധി,” ” താമരശ്ശേരി ചുരത്തിൽ മരം കടപുഴകി രാവിലെ എട്ട് മണി വരെ ഗതാഗത നിയന്ത്രണം “, ” മലയോര ഗ്രാമങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യത ” തുടങ്ങിയ ജാഗ്രത സന്ദേശങ്ങളുടെ നീണ്ട നിര….!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply