തലസ്ഥാനത്തെ 200 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളിലും ജി.പി.എസ് സംവിധാനം കൊണ്ടുവരുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയിലേയും നഗരത്തിലേയും ബസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. കെല്‍ട്രോണിനാണ് ഇതിന്റെ പൂര്‍ണ ചുമതല.
ഇന്റലിജന്റ് ട്രാക്കിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന പേരിലുള്ള ഈ സംവിധാനം രണ്ടാം ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ 6000 ബസുകളിലും ഏര്‍പ്പെടുത്തും. ഭൂമിയിലെ ഒരു വസ്തുവിന്റെ സ്ഥാനം, ചലനം എന്നിവ ഉപഗ്രഹത്തിന്റെ സഹായത്താല്‍ വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ജി.പി.എസ്. ഇതിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ സ്ഥാനം, വേഗത എന്നിവ കൃത്യമായി അറിയാനാകും. കേന്ദ്രീകൃത സംവിധാനത്തിലൂടെ ബസുകളുടെ സര്‍വീസുകള്‍ ആവശ്യാനുസരണം ക്രമീകരിക്കാനും കഴിയും.
ട്രെയിനുകളുടെ സ്ഥാനവും വേഗതയും നിശ്ചിത സ്ഥലത്ത് എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്ന സമയവുമെല്ലാം കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നതുപോലെ ഇനി കെ.എസ്.ആര്‍.ടി.സി ബസുകളുടെ വിവരങ്ങളും ഇത്തരത്തില്‍ അറിയാനാകും. മാത്രമല്ല റിസര്‍വ് ചെയ്ത ബസിന്റെ വിശദാംശങ്ങള്‍ കൃത്യമായ ഇടവേളകളില്‍ യാത്രക്കാരനു എസ്.എം.എസിലൂടെ ലഭിക്കും. ബസ് സ്റ്റോപ്പിലേക്ക് എത്തുന്നതിനു തൊട്ടു മുമ്പ് യാത്രക്കാരന്റെ മൊബൈലിലേക്ക് ജി.പി.എസിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ എത്തുന്നത് മറ്റൊരു സവിശേഷതയാണ്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനും ജി.പി.എസും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ സീറ്റുകളുടെ ഒഴിവ് കണക്കാക്കി ഓടിക്കൊണ്ടിരിക്കുന്ന ബസില്‍പോലും ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.
കെല്‍ട്രോണില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത സെര്‍വര്‍ സംവിധാനത്തിലൂടെയാണ് കെ.എസ്.ആര്‍.ടി.സി ബസുകളിലെ ജി.പി.എസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമാനമായ സംവിധാനം 2009ല്‍ പൂനെയിലെ ബസുകളില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ചിരുന്നു. സംസ്ഥാനത്തെ പൊലിസ് വാഹനങ്ങളിലും കെല്‍ട്രോണിന്റെ ഈ സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്.
News: Suprabhatham