സുഗന്ധവ്യഞ്ജന സൗരഭ്യങ്ങൾക്കിടയിലൂടെ ഒരു ഷോപ്പിംഗ് വോക്ക്..
വിവരണം – Majeed Tirur.
ഇരുഭാഗത്തും ചെറുതും നിറങ്ങളിൽ മുങ്ങിക്കുളിച്ച തുമായ കടകൾക്കിടയിലൂടെ, വളരെ ഇടുങ്ങിയ വഴികളിലൂടെ മുന്നോട്ട് നീങ്ങുക. . സുഗന്ധമുള്ള പൂക്കളും ചെടികളും, സാമ്പ്രാണി തിരികളുടെ സുഗന്ധവും, പുകയുന്ന കുന്തിരിക്കത്തിന്റെ ഗന്ധവും നിങ്ങളെ അറബിക്കഥകളിൽ വായിച്ചെടുത്ത ആ തെരുവിലെത്തിക്കും. ഏലം, കുങ്കുമം, കറുവപ്പട്ട, ജാതിക്ക, തേങ്ങ , ഏഷ്യൻ ഭക്ഷണരീതികളിൽ ഉപയോഗിക്കുന്ന മറ്റു സുഗന്ധദ്രവ്യങ്ങൾ, ഉണക്കിയ റോസാപ്പൂക്കൾ, പല പരമ്പരാഗത ഔഷധ ഉൽപ്പന്നങ്ങളും എല്ലാം ഇവിടെ കാണാം. വർണ്ണ ശബളമായ, നിറങ്ങൾകൊണ്ട് കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ ഒരു മികച്ച കലാകാരനെപ്പോലെ ഓരോ കച്ചവടക്കാരനും നിങ്ങളിലേക്ക് ഇറങ്ങിവരും . മെഗാ മാളുകൾ വരുന്നതിനും മുൻപ്, മെട്രോയുടെ വരവിനും മുൻപ്, പഴയകാല ദുബൈയുടെ വാണിജ്യ ഹൃദയമായ ദെയ്റ (ദേര) യിലെ ഓൾഡ് മാർക്കറ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഈ സുഗന്ധ വ്യഞ്ജനങ്ങളോടൊപ്പവും വ്യത്യസ്തങ്ങളായ നിരവധി മധുരപലഹാരങ്ങൾ, നട്ട്സ് , ഉണക്കിയ പഴങ്ങൾ എന്നിവയും ലഭ്യമാണ്. കുന്തിരിക്കം പുകക്കുന്ന പാത്രങ്ങൾ , ഹുക്ക വലിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, മൈലാഞ്ചി പൊടികളും പാത്രങ്ങളും, മണൽ ആർട്ട് ബോട്ടിലുകൾ, ഹെന്ന കിറ്റുകൾ, അറേബ്യൻ ശരറാന്തലുകളും മൺവിളക്കുകളും, കൌതുകമുള്ള കരകൗശലവസ്തുക്കൾ അങ്ങനെ എല്ലാം ഇവിടെയുണ്ട് . ദേരയിലെ ബനിയസ്സ്ട്രീറ്റിലേക്ക് നീങ്ങിയാൽ പ്രധാന ആകർഷണങ്ങളിൽ ഒന്ന് ദെയ്റ സ്പൈസ് സൂക്കും മറ്റൊന്ന് ദെയ്റ ഗോൾഡ് സൂക്കും ആണ്. ദുബായിലെത്തുന്ന ഏതൊരു വ്യക്തിയും കാണാതിരിക്കാനാകില്ല ഈ പഴയ മാർക്കറ്റുകൾ . മെട്രോ വഴി കടന്ന് വരുമ്പോൾ അൽറാസ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി 5 മിനിട് നടന്നാൽ ഗോൾഡ് സൂക്കിലും ഓൾഡ് മാർക്കറ്റിലും എത്താം.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് സൂക്കുകളിൽ ഒന്ന് എന്ന വിശേഷണമുള്ള ദുബായ് ദേര ഗോൾഡ് സൂക്കിലേക്ക് നീങ്ങുന്നതോടെ വ്യത്യസ്തമായ ക്യാരറ്റുകളിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ,വ്യത്യസ്തമായ വലുപ്പത്തിലും ആകര്ഷണീയവുമായ രത്നങ്ങളുടെയും സ്വർണ്ണാഭരണങ്ങളുടെ സ്റ്റാളുകളുടെയും നീണ്ട വരികൾ തന്നെ നമുക്കിവിടെ കാണാനാകും. ഓരോ കടയിലെയും ഉൽപ്പന്നങ്ങളുടെ മിഴിവുറ്റ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള 400 ഓളം കടകൾ ഗോൾഡ് സൂക്കിലുണ്ടെന്നാണ് കണക്ക്. ഗിന്നസ് ബുക്കിൽ ഇടം നേടിയ ഏറ്റവും വലിയ മോതിരം മുതൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാനാകും.
ദുബൈ ക്രീക്കിലെ ദേരയുടെ തീരത്തുള്ള പോർട്ട് സെയ്ദ് ഒരു ചെറിയ തുറമുഖമാണ്. ദുബായ് ക്രീക്കിന്റെ പടിഞ്ഞാറ് വശത്തായി ബർ ദുബായ് സ്ഥിതി ചെയ്യുന്നു. ബർ ദുബായ്ക്കും ദേരയ്ക്കും ഇടയിലുള്ള ക്രീക്ക് മുറിച്ച് കടക്കാനുള്ളൊരു വഴി അബ്ര എന്ന് വിളിക്കപ്പെടുന്ന ഒരു പ്രാദേശിക കടവ് ആണ്. ഒരു ദിർഹം മാത്രമാണ് കടത്തുകൂലി . നടക്കുവാൻ നിങ്ങൾക്ക് മടിയൊന്നുമില്ലെങ്കിൽ ഇതിനോട് ചേർന്ന് നിൽക്കുന്ന ദേര മത്സ്യ മാർക്കറ്റും വെജിറ്റബിൾ മാർക്കറ്റും നിങ്ങൾക്ക് വ്യത്യസ്താനുഭവങ്ങൾ തരും..തീർച്ച ചരിത്രപരമായി ദുബായ് യുടെ വാണിജ്യകേന്ദ്രമാണ് ദെയ്റ എങ്കിലും ഇന്ന് ഷെയ്ഖ് സായിദ് റോഡും അനുബന്ധ വികസനങ്ങളിലും പെട്ട് നിറം മങ്ങി പോകുന്നു എന്നാണു വ്യാപാരികൾ പറയുന്നത്.