വിവരണം – അബു വി.കെ.
നീലഗിരിയുടെ മടിത്തട്ടിൽ പച്ച പുതച്ച ചായ-ച്ചെടികളാലും കുന്നിൻ ചെരുവുകളിൽ തല ഉയർത്തി നിന്ന് കാറ്റിനേയും കോടയേയും മഞ്ഞിനേയും തഴുകിത്തലോടി മരവിച്ച് നിൽക്കുന്ന കാറ്റാടി മരങ്ങളാൽ പ്രകൃതി മനോഹാരിത തീർത്ത ഗ്രാമങ്ങളിലൊന്ന്. ആകാശ ചെരുവുകളിലെ സായന്തനങ്ങളിൽ നീല നിറങ്ങളിൽ മുങ്ങിയ കോട പുകച്ചുരുളിൽ ശിരസുയർത്തി നിൽക്കുന്ന പശ്ചിമഘട്ട മലയിലെ നീലഗിരിക്കുന്നിൽ ഒത്തിരി ഗ്രാമങ്ങളുണ്ട്…. നീലാകാശം കണക്കെ പച്ചപ്പട്ടെടുത്ത നീലഗിരിയുടെ ഗ്രാമങ്ങളിൽ പെട്ട ഒരു കൊച്ചു ഗ്രാമം അതാണ് ഒവാലി.
ഒവാലി എപ്പോഴും ഏതു സീസണിലും കാണാൻ നല്ല പ്രകൃതി ഭംഗിയുള്ള ഒരിടമായിട്ടാണ് തോന്നിയിട്ടുള്ളത്.
അവിടുത്തെ ഭാഷ മലയാളവും തമിഴും ആണെങ്കിൽ പോലും വിദ്യഭ്യാസ സമ്പ്രദായത്തിലും ഇതര ഭാഷകളിൽ ഏതെങ്കിലോമൊന്നു തിരഞ്ഞെടുക്കാൻ തമിഴ്നാട് സർക്കാർ അനുവദിക്കുന്നുണ്ട്. സ്നേഹ സമ്പന്നമായ ഒരു പറ്റം ജനങ്ങൾ സൗഹാർദ്ദ പരമായി ജീവിക്കുന്ന ഒരു കൊച്ചു ഗ്രാമം.
ഗൂഡല്ലൂരിൽ നിന്നും ഏകദേശം 26 കിലോമീറ്റർ ദൂരമുള്ള ഒവാലിയിലേക്കുള്ള യാത്ര കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്നതിനിടയിലൂടെ വീതികുറഞ്ഞ പാതയുണ്ട് , ഇതിലൂടെ തമിഴ്നാടിന്റെ എൻ ടി സി ബസ്സും, ജീപ്പുകളും കുതിച്ചു പായുന്ന രാജകീയ പാത… എന്തോ ഇതിലൂടെ സഞ്ചരിക്കുമ്പോൾ തന്നെ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട്.
ആ ഗ്രാമത്തെക്കുറിച്ച് വർണിക്കാൻ ഒരുപാടുണ്ട് അവിടെങ്ങളിലെ മലമ്പാതയേയും ഹരിത ഭംഗിയേയും ഞാനെത്ര കണ്ട് വർണിച്ചാലും ശെരി അവിടുത്തെ കുളിരിനേയും ശുദ്ധ വായുവിനെയും ഫലവർഗങ്ങളെയും കുറിച്ചുള്ള വർണ്ണനകൾ എനിക്ക് ഒരിക്കലും എഴുതി മുഴുവിപ്പിക്കാൻ കഴിയില്ല.. അത്രമേൽ ഭംഗിയാർന്നൊരിടം, ഒവാലി എന്ന ആ ഗ്രാമം എന്നെ വീണ്ടും മാടി വിളിക്കുന്നുണ്ട്….. അവിടുത്തെ ഒരോ പാതകളും മലഞ്ചെരുവുകളും പുതിയൊരു യാത്രാനുഭവങ്ങൾ നുകരുവാൻ വേണ്ടി. ഒരു പാട് തവണ യാത്ര ചെതിട്ടുള്ള ഒരു കൊച്ചു ഗ്രാമം അവിടേക്കുള്ള ഒരോ യാത്രയ്ക്കും ഒരോരോ കഥകൾ പറയാനുണ്ട്.
ഒരോ വളവ് തിരിവുകളിലും ഒളിപ്പിച്ചു വെച്ച ഭംഗിയുടെയും ഭയാനതകളുടെയും മാന്ത്രിക ചിപ്പികളുണ്ട്.. ചില സമയങ്ങളിൽ അവ ഓരോന്നും പൊട്ടി വിടരാറുണ്ട്. ഒരിക്കൽ പോയ യാത്രയുടെ അനുഭൂതിയാവില്ല തൊട്ടടുത്ത യാത്രയിൽ ലഭിക്കുന്നത് അതാണിവിടേക്ക് വീണ്ടും വീണ്ടുമെന്നെ ആകർഷിക്കുന്നത്, വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങൾ കൊണ്ടും പുതിയ സൗഹാർദങ്ങളാലും നാളിതുവരെയുള്ള ഒവാലിയിലെ യാത്രകൾ എനിക്കു സമ്മാനിച്ചിട്ടുണ്ട്… കഴിഞ്ഞ തവണത്തെ ഒവാലിയിലേക്കുള്ള യാത്രാനുഭവം ഇവിടെ പങ്കുവെക്കട്ടെ അപ്പൊൾ അറിയാം.. ഒവാലിക്ക് എത്ര സൗധര്യമുണ്ടെന്ന്.
നാടുകാണി ചുരം വഴി ഒരു കൊച്ചു യാത്ര – ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ മലപ്പുറം ജില്ലയുടെ ഒരേ ഒരു ചുരമായ നാടുകാണി ചുരം കടന്ന് വേണം തമിഴ്നാട്ടിലെ ഗുഡല്ലൂർ എന്ന പട്ടണത്തിലെത്തിച്ചേർന്നിട്ടു അവിടുന്ന് ഒവാലി യിലേക്ക് ഇതായിരുന്നു എന്റെ സഞ്ചാര പാതകൾ. നാടുകാണിച്ചുരം സത്യം പറഞ്ഞാൽ ഒരു വിഷ്വൽ സൗന്ദര്യമാണ്, കേരളത്തിന്റെ പകുതി ഭാഗവും ബാക്കി തമിഴ്നാടുമായി അതിരിടുന്ന ചുരം. ഈ ചുരം റൂട്ടിലൂടെ പോകുമ്പോൾ വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത് കാടിന്റെ സൗന്ദര്യം അതൊന്നു വേറെതന്നെയാണ്…. അത് ആസ്വാദിക്കണമെങ്കിൽ ഒരിക്കലെങ്കിലും ഇതു വഴി യാത്ര ചെയ്യണം. കൊച്ചു അരുവികളും മലനിരകളും അതിലൂടെയുള്ള യാത്ര ആനന്ദകരം തന്നെ !. കാടിന്റെ സൗന്ദര്യവും തണുത്ത ഇളം കാറ്റും തൊട്ട്- തലോടി പോകുന്ന ഫീലുണ്ടല്ലോ എത്ര വർണ്ണിച്ചാലും മതിയാവില്ല.. അനുഭവിച്ചറിയണം ഇതൊക്കെയും !
തീർച്ചയായും പ്രകൃതി സഞ്ചാരികൾക്ക് ഇത് വഴിയുള്ളു യാത്ര വേറിട്ടൊരു അനുഭവം തെന്നെയായിരിക്കും.
അങ്ങോട്ടേയ്ക്കുള്ള അധിക യാത്രയും ചെറു കാറുകൾ കൊണ്ടാണ് പോകാറുള്ളത് എന്നാ ഇത്തവണത്തെ യാത്ര ബൈക്കിലായിരുന്നു, ഒരു ചേഞ്ചിന് വേണ്ടി മൂന്ന് ബൈക്ക് ജുനുവും സൽമാനും ജുനൈസും പിന്നെ ഞാനും അജിയും സുനീറും മൊത്തം ആറുപേരുള്ള ഒരു റൈഡ് അതായിരുന്നു ആ യാത്ര. നീലഗിരിയെ തഴുകുന്ന ഒരോ മഞ്ഞിനും ഞങ്ങളെ ആനന്ദപൂരിതമാക്കൻ സാധിക്കുന്നുണ്ട് ആ കോടമഞ്ഞിലൂടെ കാഴ്ചകൾ മറക്കുന്ന ഒരോ വഴിത്താരകളും വകഞ്ഞുമാറ്റി ഞങ്ങളുടെ ബൈക്ക് കുതിക്കുകയാണ്…
ഗുഡല്ലൂരിൽ നിന്നും ഒരു റോഡ് ബന്ദിപ്പൂർ നെഞ്ചങ്കോട് വഴി മൈസൂരിലേക്കും മറ്റൊരു വഴി പാടന്തറ ദേവർശോല വഴി ബത്തേരിയിലേക്കും വേറൊരു വഴി ഊട്ടിയിലേക്കും പോകുന്നുണ്ട്. ഊട്ടി റോഡിലൂടെ കുറച്ചു ദൂരം പിന്നിട്ട് ഒരു ചെറിയ വളവിൽ നിന്നും ഇടത്തോട്ട് ഊട്ടിയിലേക്കും നേരെ പോകുന്ന റോഡിലൂടെ വേണം ഒവാലി എത്താൻ, എല്ലമല ചൂണ്ടി ആറാട്ട് പാറ ഭാഗങ്ങളിലേക്കും പോകുന്ന റൂട്ടിലൂടെ സഞ്ചരിച്ചു വേണം അവിടെ എത്തിപെടാൻ, ചൂണ്ടി കവലയിൽ നിന്നും വലത്തോട്ട് പോകുന്നത് ആറാട്ട് പാറ റോഡ് അതിലെ പോകാതെ നേരെ പോകുന്ന റോഡിൽ വെച്ചു പിടിച്ചാൽ സീ ഫോറം, എല്ലമല എന്നീ ഗ്രാമങ്ങളിലേക്ക് പോകുന്ന റൂട്ടിലൂടെ സഞ്ചരിച്ചാൽ ബാരം, മേലേ ചൂണ്ടി, താഴേചൂണ്ടി, ബാ റോഡ്, ഗ്ലമ്മൻസ്, എന്നീ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തിട്ടു വേണം ഒവാലി നിലകൊള്ളുന്ന സ്ഥലത്തെത്താൻ.
പതിവ് പോലെ നേരെത്തെ എത്താറുള്ള ഞങ്ങൾ ഇക്കുറി ഇത്തിരി നേരം വൈകിയിട്ടുണ്ടായിരുന്നു, ഗുഡല്ലൂർ പിന്നിട്ടപ്പഴേക്കും നേരം നല്ലോണം ഇരുട്ടിത്തുടങ്ങിയിരുന്നു…അങ്ങോട്ടുള്ള അധിക യാത്രയും ചെറു കാറുകൾ കൊണ്ടാണ് പോകാറുള്ളത് എന്നാ ഇത്തവണത്തെ യാത്ര ബൈക്കിലല്ലെ. ഗൂഡല്ലൂർ നിന്നും ഒവാലി പോകുന്ന വഴിയിലെ ഒരോ വളവുകളും ഞങ്ങളെ പേടിപ്പെടുത്താൻ തുടങ്ങി ഇവിടുത്തെ ഒരോ കാര്യങ്ങളും നല്ല വണ്ണം അറിയാവുന്നത് കൊണ്ടാന് അല്പ്പം പേടിയും കൂടുന്നത് , നല്ലോണം ഇരുട്ട് വീഴാൻ തുടങ്ങി പൊതുവെ ആനയും പുലിയും ഇറങ്ങുന്ന വഴികൾ ആണ് ഇതൊക്കെ ഞങ്ങളുടെ ആ യാത്രയുടെ ഏതാനും ദിവസങ്ങൾ മുൻപ് ഏലക്കാട്ടിൽ വെച്ച് പുലി ഒരാളെ കടിച്ചു കൊന്നിട്ടുണ്ടായിരുന്നു… രാത്രിൽ അതു വഴി ബൈക്കിൽ അധികമാരും സഞ്ചരിക്കാറില്ല നിരന്തരമായ ആന ശല്ല്യം തന്നെ അതിന് കാരണം…. ഒരോ ദിവസവും ഓരോരുത്തരെ ആന തട്ടിയെന്ന വർത്ത ഞങ്ങൾ അറിയാറുണ്ട് ഇന്നിനി ഗുഡല്ലൂർ തങ്ങാനൊക്കത്തില്ല എങ്ങനെയിങ്ങിലും എല്ലമലൈ എത്തണം അവിടെയാണ് ഞങ്ങളുടെ കൊച്ചു സ്വർഗം ഉള്ളത് അവിടെ ഞങ്ങൾക്ക് ആറു പേർക്കും താങ്ങാനുള ഒരു കൊച്ചു വീടുണ്ട്…. യാത്ര പോകാൻ പുറപ്പെടുമ്പോൾ തന്നെ വിളിച്ചു പറഞ്ഞിരുന്നു…. ഇരുട്ടാവും മുൻപ് അവിടെ എത്തിക്കൊള്ളാനാണ് നിർദ്ദേശം …
എന്ത് ചെയ്യാനാ കറങ്ങി തിരിഞ്ഞു വന്നപ്പഴേക്കും നേരം ഇരുട്ടിയില്ലേ, അര മണിക്കൂർ കൂടെ യാത്ര ചെയ്യണം ആ അരമണിക്കൂറാണ് ഇനിയങ്ങോട്ടുള്ള സീൻ. പേടിച്ചരണ്ടാണ് അങ്ങോട്ട് നാലുപേരും ബൈക്കിൽ പതിയെ പോയിക്കൊണ്ടിരിക്കുന്നത്.. ചൂണ്ടി കഴിഞ്ഞാൽ പിന്നെ ഏലത്തോട്ടം ഉള്ള ഏരിയ ഉണ്ട് അവിടുന്നങ്ങോട്ട് ഏതു നിമിഷവും ആന ഇറങ്ങുന്ന സ്ഥലങ്ങളാണ്… ഒടുവിൽ ഞങ്ങൾ നാല് പേരും പേടിച്ചത് തന്നെ സംഭവിച്ചു !!
ഒരു വലിയ വളവ് നിവർന്നു ചെന്നത് നേരെ ആനയുടെ മുന്നിലേക്ക്.. അന്താളിച്ചു പോയ നിമിഷം…. 🙄🙄
ജുനൈദ് പെട്ടൊന്ന് ബൈക്ക് തിരിച്ചു പുറകിലുള്ള അജിയും സുനീറും വണ്ടി തിരിച്ചപ്പഴേക്കും ഏറ്റവും പുറകിലുണ്ടായിരുന്ന എനിക്കും സൽമാനും ബൈക്ക് തിരിക്കാനുള്ള സമയവും കിട്ടിയില്ല അപ്പോഴേക്കും ആന ഞങ്ങൾക്ക് അരികിലെത്തി. പിന്നെ ഒന്നും നോക്കീല വണ്ടി ഇട്ടു ജീവനും കൊണ്ട് തിരിഞ്ഞോടി.
ഓടുന്ന ഓട്ടത്തിൽ ചെരിപ്പും തെറിച്ചു പോയി അവസാനം ഓട്ടം നിറുത്തിയത് ലൈറ്റ് കണ്ട തൊട്ടടുത്തുള്ള പാഡിയിലെത്തിയപ്പഴാ. ആ പാഡിയിലെ ഒരോ കതകും ഞാനും അവനും മുട്ടിവിളിച്ചു .. ഒരാളും കതക് തുറക്കുന്നില്ല …. തുറന്നു തന്നില്ല.. ഇങ്ങനെയുമുണ്ടോ മനുഷ്യർ..?. അല്ല അവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല ആ ഈടെയായ് നേരം ഇരുട്ടികഴിഞ്ഞാൽ കതകടച്ചു വീട്ടിനുള്ളിലിരിക്കാരാണ് പതിവ് .. സാക്ഷാൽ ഞങ്ങളെന്നല്ല കടവുൾ തന്നെ വന്ന് മുട്ടിയാലും ശെരി.. ഏന്…ഹേ…. അവർ തുറക്കൂല. അനുഭവം ഗുരു. ആനയെ പേടിച്ചിട്ടാണെ.
ഭാഗ്യത്തിന് കുറച്ചു മീറ്റർ ങ്ങങ്ങളെ പിന്തുടർന്ന ആന തിരിച്ചു കാപ്പി തോട്ടത്തിലേക്ക് തന്നെ പതിയെ നീങ്ങി… എന്തുചെയ്യും എന്ന് ഒരു ഐഡിയുമില്ല ആരും അതു വഴി വരുന്നുമില്ല… പേടിച്ചു തണത്ത് വിറച്ചിരിക്കുന്ന സമയത്ത് തിരിച്ചു പോയ ജുനൈദ് തിരികെ വണ്ടിയുമായി എത്തി..അവനെത്തിയപ്പോൾ അല്പം ആശ്വാസമായ്, കുറച്ച് കഴിഞ്ഞപ്പോൾ അജിയും സുനിയും എത്തി. ഒരു നിമിഷം തിരിച്ചു പോയാലോ എന്നുവരെ ആലോചിച്ചു പക്ഷേ തിരിച്ചു പോയാലും ആനയുടെ മുമ്പിൽ പെടാൻ ചാൻസ് ഉണ്ട്..
അങ്ങനെ അരമണിക്കൂറിനു ശേഷം അതു വഴി ഒരു ജീപ്പ് വന്നു ഞങ്ങൾ നാലുപേരും ആ ജീപ്പ് തടഞ്ഞു നിർത്തി ഉണ്ടായ സംഭവം ഡ്രൈവറോട് പറഞ്ഞു ആൾ തമിഴനായിരുന്നു അപ്പൊ പുള്ളി പറയാ രണ്ട് നാൾ മുന്നാടി ഒരാളെ യാന ഇന്ത ഇടത്തിൽ കൊലപണ്ണിർക്ക് കൊഞ്ചം നാളാ നൈറ്റ് യാരുമേ ഇതു വലി പോവർതില്ലൈ .. യാന തൊള്ള റൊമ്പ ചാസ്തിയാർക്ക്… ഇതൊക്കെ കേട്ടപ്പോ പേടി പിന്നെ കൂടി…. 🙄🙄 ഒന്ന് സെയ് നീങ്ക വണ്ടിയെടുത്തു എൻ പിണ്ണാടിയെ വാ നാനും അങ്കെ താ പോറായ്… ഡേയ്… തമ്പി പാഥ് നിക്കാമെ അടുത്ത യാന വാരത്ക്കുള്ളേ സീക്രം വന്ത് വണ്ടിൽ ഏറ്…. നാൻ ഡ്രോപ്പ് പൺട്രേ.. അപ്പൊ ബൈക്ക്?. അതെല്ലാം എടുത്ത്ക്കളാ…. അണ്ണന്റെ ഈ ഡയലോഗ് കേട്ടപ്പോളാ അല്പ്പം ശ്വാസം നേരെ വീണത്.
ഞാനും സൽമാനും ജീപ്പിൽ കയറി ജുനു ബൈക്ക് ജീപ്പിന്റെ പിറകിലും വെച്ചു പിടിച്ചു കുറച്ച് മുന്പോട്ട് പോയപ്പോൾ… ദെ…. ആന ഇറങ്ങിയ വളവിൽ തന്നെ ഞങ്ങടെ ബൈക്ക് കിടപ്പുണ്ട് ഭാഗ്യത്തിന് ആന ബൈക്കിൽ കലിപ്പൊന്നും തീർത്തില്ല അതോണ്ട് പയ്യെ ബൈക്ക് ഒക്കെ പൊക്കി നിറുത്തി സ്റ്റാർട്ട് ചെയ്തു പിന്നെ ഞങ്ങളുടെ രണ്ട് ബൈക്കും ജീപ്പിനെ ഫോളോചെയ്തു.. ഡ്രൈവർ ഒരോ വളവിലും ജീപ്പിന്റ ശക്തമായ ഹോൺ മുഴക്കിക്കൊണ്ടാണ് ഞങ്ങളെ ലക്ഷ്യം സ്ഥാനത്ത് അവർ എത്തിച്ചു തന്നത്. മറക്കില്ല ഒരിക്കലും ആ രാത്രി. അവരോടു നന്ദി പറഞ്ഞു ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലെത്തിയപ്പോൾ ഒമ്പത് മണി കഴിഞ്ഞു കാണും.
കാലത്തെ കുളിക്ക് വേണ്ടി മുണ്ടും സോപ്പും വാങ്ങിച്ചോണ്ട് ഫാക്ടറിക്കടുത്തെ പുഴയിലെ ചെയ്ത്താൻ കുണ്ടിലേക്ക് ഒരു പോക്കാ പേരു പോലെ തന്നെ അപകടം പിടിച്ചതും എന്നാ ശ്രദ്ധയോടെ കുളിക്കാൻ പറ്റിയ ഒരു സ്ഥലവുമാണ് ഇത് .. ഒരു ചെറിയ പുഴയിൽ രൂപം കൊണ്ട വലിയ ഗർത്തം അതാണ് ചെയ്ത്താൻ കുണ്ട് സൂര്യൻ ഉച്ചിയിലെത്തിയാലും ഈ കുണ്ടിന്റെ പാതി വെളിച്ചം മാത്രമേ വരാറോള്ളൂ ഒരു ഭാഗം നേരിട്ട് സൂര്യ രശ്മി പതിക്കാത്ത ഇടം അതാണിതിന്റെ പ്രത്യേകത . ഈ ചെയ്ത്താൻ കുണ്ടിലേക്ക് ഒഴുകി വരുന്ന ചെറിയ വെള്ളച്ചാട്ടം ഭീമമായ പാറയിൽ കുരിത്ത ചെയ്ത്താൻ കുണ്ടിലെ വെള്ളത്തിന്റെ തണുപ്പ് പിന്നെ പറയാനില്ല…ചില സമയങ്ങളിൽ മരവിച്ചു പോകും… ഇതിലെ കുളി അതാണിവിടുത്തെ ഹൈലൈറ്… കാലത്തിറങ്ങിയാൽ ഉച്ചവരേക്കും ചെയ്ത്താൻ കുണ്ടിലെ നീരാട്ട് കഴിഞ്ഞേ കയറിപ്പോരാറൊള്ളു അവിടുന്ന് തറവാട്ടിലെത്തുമ്പോൾ ഉച്ചക്ക് ഉള്ളത് റെഡിയായി കാണും അടിപൊളി ബീഫ് വരട്ടിയതും കാട്ടു നെല്ലിക്ക ഉപ്പിലിട്ടതും കൂട്ടി കിടുക്കാച്ചി ഫുഡും കുശാലായി തട്ടിയിട്ട് ആ ഏരിയകളിലൊക്കെ ഒരു കറക്കമുണ്ട് കുറേ ചെറിയ ചെറിയ വ്യൂ പോയിന്റുകൾ.
സീഫോറത്തിനടുത്ത് പതിറ്റാണ്ടുമുമ്പ് പ്രവർത്തനം നിലച്ചു തുരുമ്പിച്ചു പോയിക്കൊണ്ടിരിക്കുന്ന ഒരു വലിയ തേയില ഫാക്ടറി ഉണ്ട്. എറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചന്ദന മലയിലെ അമ്പലം, ഇവിടെ നിന്നും എല്ലമലയുടെ എല്ലാ ഭാഗങ്ങളും അതി മനോഹരമായി കാണാൻ കഴിയുന്നു…എന്നത് എടുത്തു പറയേണ്ടത് തന്നെയാ
എല്ലമലയിലെത്തുന്നതോടെ നമ്മുടെ തനി നാട്ടിൻ പുറങ്ങളിൽ കാണുന്ന ചായക്കടകളും പെട്ടി പീടികയും കാണാം. പ്രകൃതി ഭംഗിയെ പോലെത്തന്നെ സ്നേഹം നിറഞ്ഞു നൽകുന്ന ജനങ്ങൾ, ഇവരിൽ ആഡംമ്പരങ്ങളോ പൊങ്ങച്ചമോ കാണാൻ കഴിയുന്നില്ല അവിടെങ്ങളിലെല്ലാം വൈകുന്നേരം വരേക്കും ആ പ്രകൃതിയോടിണങ്ങി ശുദ്ധവായുവും ശ്വസിച് ഒരിരിപ്പുണ്ട്…. ഇതിനൊക്കെയാണ് പ്രകൃതിയുടെ മടിത്തട്ടിൽ ഒരൽപ്പനേരം എന്നൊക്കെ പറയുന്നത്… !
നേരം ഇരുട്ടും മുൻപ് ഗൂഡല്ലൂർ ടൗൺ ലക്ഷ്യമാക്കും അവിടുന്നങ്ങോട്ട് വഴിക്കടവ് നിലമ്പുർ മഞ്ചേരി കോട്ടക്കൽ വഴി രാത്രി പത്ത് പതിനൊന്ന് ആകുമ്പോഴേക്കും വീടെത്തിയിരിക്കും. 400 /500 രൂപയുണ്ടെങ്കിൽ ഒരു ദിവസം പ്രകൃതിയിലെ ഗ്രാമങ്ങളിലേക്ക് ഒരു അടിപൊളി യാത്ര…
വളാഞ്ചേരി ടു മലപ്പുറം 25km, മലപ്പുറം ടു വഴിക്കടവ് 60 km, വഴിക്കടവ് ടു ഗുഡല്ലൂർ 30 km, ഗുഡല്ലൂർ ടു ഒവാലി 15 km. കോഴിക്കോട് ഭാഗത്ത് നിന്നും 115 km ദൂരവും സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നും 55 km ദൂരവും ഒവാലി യിൽ നിന്നും ഊട്ടിയിലേക്ക് 64 കിലോമീറ്ററും ഒവാലിയിൽ നിന്നും മൈസൂരിലേക്ക് 230 കിലോമീറ്ററും ഉണ്ട് .
കേരളത്തിൽ നിന്നും പോകുന്ന വണ്ടികൾക്ക് ഗുഡല്ലൂർ കഴിഞ്ഞാലുള്ള ചെക്ക് പോയിന്റിൽ കർശന പരിശോധന ഉണ്ടായിരിക്കും. കേരള-തമിഴ്നാട് അതിർത്തി വെച്ചിക്കാടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ്. 24×7 തുറന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ എന്നിവയുണ്ട്. കെ.എസ്.ആർ.ടി.സി, , ടിഎൻഎസ്ടിസി ബസുകൾ ഈ റൂട്ടിലൂടെ ഓടുന്നുണ്ട്. മലപ്പുറം ഡിപ്പോയിൽ നിന്നുo പെരിന്തൽമണ്ണയിൽ നിന്നും ഗൂഡല്ലൂർ വരേ നേരിട്ട് ബസ് സർവീസ് ഉണ്ട്.