വിവരണം – പ്രശാന്ത് കൃഷ്ണ.
പതിവുപോലെ ഒരു അവധിദിനം വീണു കിട്ടിയപ്പോൾ ഒരു യാത്ര പോകാതിരിക്കാൻ മനസ്
അനുവദിച്ചില്ല. അങ്ങനെ നമ്മുടെ ഗ്രൂപ്പിലെ എല്ലാവരും എങ്ങോട്ടുപോകാം എന്നുള്ള ആലോചനയിലായി … അങ്ങനെ ഓരോ സ്ഥലങ്ങൾ ആലോചനയിൽ വന്നു. എങ്കിലും അവസാനം ചെന്ന് നിന്നത് നമ്മുടെ വളരെ അടുത്ത് തന്നെയുള്ള ഒരു സ്ഥലത്താണ്. തിരുവനതപുരം ജില്ലയിലെ വിതുരയ്ക്കടുത്തുള്ള #വാഴ്വാന്തോൾ വെള്ളച്ചാട്ടം .
തിരുവനന്തപുരത്തു നിന്നും ഏകദേശം 50 km സഞ്ചരിച്ചാൽ വാഴ്വാന്തോൾ വെള്ളച്ചാട്ടത്തിലെത്താം. വിതുര KSRTC ബസ് സ്റ്റാൻഡിൽ നിന്നും അല്പം കൂടി മുന്നോട്ടുപോകുമ്പോൾ വലതു വശത്തേയ്ക്കു ബോണക്കാട് പോകുന്ന റോഡുണ്ട്. അത് വഴി കുറച്ചു ദൂരം സഞ്ചരിച്ചാൽ ജേഴ്സിഫാമിലെത്തും. അല്പം കൂടി മുന്നോട്ടുപോകുമ്പോൾ വനം വകുപ്പിന്റെ ചെക്പോസ്റ് കാണാം. വാഴ്വാന്തോൾ വെള്ളച്ചാട്ടം കാണുവാനും ട്രെക്കിങ്ങ് നടത്താനുമായി വനം വകുപ്പിന്റെ പാക്കേജ് നിലവിലുണ്ട് . 1000 രൂപയാണ് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ് ഫീസ്. 10 പേർ അടങ്ങുന്ന ഒരു സംഘത്തിന് ഒരു ഗൈഡിന്റെ സേവനവും ലഭ്യമാകും. ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപായി ചെക്പോസ്റ്റിനടുത്തുള്ള ഫോറെസ്റ് ഓഫീസിൽ നിന്ന് പാസ് വാങ്ങണം.
രാവിലെ തന്നെ ഞങ്ങൾ വാഴ്വാന്തോൾ ലക്ഷ്യമാക്കി യാത്രതുടങ്ങി. മൂന്നു ബൈക്കുകളിലായി ഞാൻ മനു, അഖിൽ, അനന്ദു കൂടെ പുതിയ അതിഥിയായി ശ്രീരാഗും. ഞങ്ങൾ ചെക്പോസ്റ്റിൽ നിന്ന് പാസും എടുത്ത് കൂടെ ഒരു ഗൈഡിനെയും കൂട്ടി ട്രെക്കിങ് ആരംഭിച്ചു. ചെക്പോസ്റ്റിൽ നിന്നും 800 മീറ്റർ വരെ വാഹനങ്ങൾ പോകും അവിടെ പാർക്ക് ചെയ്ത ശേഷം 2 km കാട്ടിനുള്ളിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിലെത്താൻ. ഗൈഡ് ആയി വന്ന ആൾ മുന്നിലും അദ്ദേഹത്തിന് പുറകിൽ വരിവരിയായി ഞങ്ങളും നടത്തം തുടങ്ങി. ഇടയ്ക്കു ഞങ്ങളുടെ ഓരോ സംശയങ്ങൾക്ക് വളരെ വ്യക്തമായി മറുപടികൾ നൽകിയും, തന്റെ അനുഭവങ്ങൾ വിവരിച്ചും അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ആന, കാട്ടുപോത്തു തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടം എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞുതന്നു. ഇടയ്ക്കിടയ്ക്ക് കണ്ട ആനപ്പിണ്ടങ്ങൾ ഞങ്ങൾക്ക് അത് ബോധപ്പെടുത്തി. ഞങ്ങൾ നടക്കുന്ന വഴിയരികിൽ കൂടിയാണ് വെള്ളച്ചാട്ടത്തിൽ നിന്നുള്ള അരുവി ഒഴുകുന്നത് അതിന്റെ മനോഹര ശബ്ദവും കാട്ടരുവിയുടെ സൗന്ദര്യവും ആസ്വദിച്ചു ഞങ്ങൾ നടന്നു.
നിരപ്പായ പ്രേദേശങ്ങൾ കഴിഞ്ഞു ഇനിയുള്ള യാത്ര പാറക്കെട്ടുകളും പിന്നെ ചെറിയ നീർച്ചാലുകളും കുത്തനെയുള്ള കയറ്റവും ഒക്കെയാണ്. പാറക്കെട്ടുകൾ കയറി മുകളിലെത്തുമ്പോൾ ഒരു വലിയ പാറയിൽ ഗുഹപോലുള്ള സ്ഥലമുണ്ട് ഇടയ്ക്കു മഴപെയ്തപ്പോൾ ഞങ്ങൾ അവിടെ കയറിനിന്നു. വളെരെ മനോഹരമാണ് അത്. വീണ്ടും നടത്തം തുടർന്ന്. അട്ടകളെ പേടിച്ചാണ് യാത്ര ഇടയ്ക്കു ഞങ്ങൾ അവ കടിച്ചിട്ടുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു. അവസാനം കാട്ടിലൂടെയുള്ള ആ യാത്ര ഞങ്ങളെ ലക്ഷ്യസ്ഥാനത്തു എത്തിച്ചു.
ആദിവാസി വാമൊഴി ഭാഷയിലാണ് ‘വാഴ്വാന്തോല്’ എന്ന പേര്. വായുഭഗവാന്റെ പേരാണത്രെ ഇത്. ആദിവാസി വാമൊഴി വഴക്കത്തില്‍ വായു ഭഗവാന് വാഴ്വനും തോലനും (തമാശക്കാരനും) ആയപ്പോള്‍ ‘വാഴ്വാന്തോല്’ എന്ന പേരുണ്ടായി. അങ്ങിനെ വായു ദേവന്റെ പേരിലും ഭൂമിയില്‍ ഒരു വെള്ളച്ചാട്ടം.
കാട്ടിനുള്ളിൽ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയം . മനോഹരമായ വെള്ളച്ചാട്ടം. പാറകൾ നല്ല വഴുക്കലായതിനാൽ വെള്ളച്ചാട്ടത്തിനടുത്തേയ്ക്കു പോകരുതെന്ന് നിർദേശമുണ്ട്. ഞങ്ങൾ അത് അനുസരിച്ചു. വനം വകുപ്പിന്റെയും ഗൈഡുകളുടെയും ഇങ്ങനെയുള്ള സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ പലരും അപകടങ്ങൾ ക്ഷേണിച്ചു വരുത്താറുണ്ട് . കൂടാതെ അതുമൂലം പ്രകൃതി ഒരുക്കിയ ഒരുപാട് കാഴ്ചകൾ മറ്റുള്ളവർക്ക് അന്യമാകുന്നു .കഴിവതും അവർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക. വെള്ളചാട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു കുറെ ഫോട്ടോസും എടുത്ത് ഞങ്ങൾ തിരികെ നടന്നു. പ്രകൃതി ഒരുക്കിയ മനോഹരമായ ഈ വെള്ളച്ചാട്ടം ഒരിക്കലെങ്കിലും ഓരോ യാത്രികനും കണ്ടിരിക്കേണ്ടതാണ്.