വിവരണം – വിപിന്‍ കുമാര്‍.
നിലവില്‍ ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് ഗ്രാന്റ് അണക്കെട്ട് (Grand anicut) എന്നറിയപ്പെടുന്ന കല്ലണ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ കാവേരി നദിക്കു കുറുകെയാണ് കല്ലണ നിര്‍മ്മിച്ചിരിക്കുന്നത്. സി ഇ രണ്ടാം നൂറ്റാണ്ടില്‍ ചോളരാജാവായിരുന്ന കരികാലചോളന്റെ ഭരണകാലത്താണ് ഇത് നിര്‍മ്മിച്ചത്. തിരുച്ചിറപ്പള്ളിക്കടുത്ത് ഉഴൈയൂര്‍ ആയിരുന്നു കരികാലന്റെ രാജധാനി.
കാവേരിയുടെ അഴിപ്രദേശങ്ങളിലെ കൃഷിയിടങ്ങളുടെ ജലസേചനത്തിനും വെള്ളപൊക്ക നിയന്ത്രണത്തിനും വേണ്ടിയാണ് കല്ലണ പണിതുയര്‍ത്തിയത്. സെക്കന്റിൽ രണ്ടുലക്ഷം ഘനയടി വെള്ളം കുതിച്ചൊഴുകുന്ന കാവേരി നദിയിൽ 2000 കൊല്ലം മുമ്പു തീർത്ത കല്ലണയുടെ നിർമാണവൈദഗ്ധ്യം നമ്മെ വിസ്മയിപ്പിക്കുന്നു. ശക്തമായ അടിത്തറയും രൂപഘടനയുമുള്ള കല്ലണ നൂറ്റാണ്ടുകള്‍ക്കു ശേഷവും ഭദ്രമായ അവസ്ഥയിലാണ്. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട ജലസേചന പദ്ധതികളില്‍ ഒന്നായി ഇന്നുമിത് തുടരുന്നു.
ഡാമിന്റെ നിര്‍മാണത്തിനായി കൂടുതലായും ‘കല്ല്’ ഉപയോഗിച്ചിരിക്കുന്നതിനാലാണ് കല്ലണ എന്ന പേര് ലഭിച്ചത്. 329 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുള്ള കല്ലണക്ക് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീരംഗം ദ്വീപിന് സമീപത്ത് കൂടി കടന്നുപോകുമ്പോള്‍ വടക്കുവശത്തേക്കുള്ള കൊല്ലിടം എന്നറിയപ്പെടുന്ന ഭാഗം പൂംപുഹാര്‍ വഴി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നു.
കാവേരി നദിക്കു കുറുകെ കരിങ്കല്‍ പാളികള്‍കൊണ്ട് 329 മീറ്റര്‍ (1079 അടി) നീളവും 20 മീറ്റര്‍ (69 അടി) വീതിയും 5.4 മീറ്റര്‍ (18 അടി) പൊക്കവും ഉള്ള കണ്ണറകളായാണ് അണക്കെട്ട് പണിതിരിക്കുന്നത്. കല്ലണ കാവേരിനദിയെ നാലു കൈവഴികളായി തിരിക്കുന്നു: കൊള്ളിടം ആറ്, വെണ്ണാറ്, പുതു ആറ്, കാവേരി. പ്രാചീനകാലത്ത് ഏകദേശം 69,000 ഏക്കര്‍ (28,000 ഹെക്ടര്‍) വിസ്തൃതിയുള്ള പ്രദേശം നനയ്ക്കാന്‍ ഡാം ഉപകരിച്ചിരുന്നു. 20 നൂറ്റാണ്ട് ആദ്യത്തോടെ ഇത് ഏകദേശം ഒരു ദശലക്ഷം ഏക്കറായി (400,000 ഹെക്ടര്‍) വര്‍ദ്ധിച്ചു.
19-ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി. 1804ല്‍ മിലിട്ടറി എന്‍ ജിനീയര് ക്യാപ്റ്റന്‍ കാഡ്വെല്ലിനെ കാവേരി അഴീമുഖത്തെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പഠനത്തിനഅയി ചുമതലപ്പെടുത്തി. പഠനത്തില്‍ നല്ലൊരു ഭാഗം ജലം കൊള്ളിടം ആറ് വഴി നഷ്ടപ്പെടുന്നതായി കണ്ടെത്തി. കാഡ്വെല്ലിന്റെ നിര്‍ദേശപ്രകാരം അണക്കെട്ടിന്റെ ഉയരം 27 ഇഞ്ച് (69 സെന്റിമീറ്റര്‍) ഉയര്‍ത്തി അതിന്റെ സംഭരണശേഷി കൂട്ടി. പിന്നീട് മേജര്‍ സിം നദിക്കു കുറുകെ പ്രണാളികള്‍ പണിത് കൊള്ളിഡാം ആറ്റിലേക്ക് ഒഴുക്കു കൂട്ടി എക്കലടിയുന്ന പ്രശ്നം പരിഹരിച്ചു. സര് ആര്‍തര്‍ കോട്ടണ്‍ രൂപകല്പന ചെയ്ത് 1902ല്‍ പൂര്‍ത്തീകരിച്ച കൊള്ളിഡാം ആറിനു കുറുകെയുള്ള ലോവര്‍ അണക്കെട്ട് (അണക്കര ഡാം) കല്ലണയുടെ തനിപ്പകര്‍പ്പാണ്. ചോളഭരണകാലത്തെ എന്‍ജിനീയറിങ് വൈദഗ്ദ്യത്തിന്റെ ഉല്‍ക്കൃഷ്ട ഉദാഹരണമായ കല്ലണ പിന്‍തലമുറകള്‍ക്ക് പ്രചോദകമായി നിലകൊള്ളുന്നു.
എങ്ങനെ അവിടെ എത്തും? തിരുച്ചിറപ്പള്ളി ആണ് അടുത്തുള്ള വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ഡാം പരിസരത്തേക്ക് 13 കിലോമീറ്റര്‍ ദൂരമുണ്ട്. ലാല്‍ഗുഡി റയില്‍വേ ജംങ്ഷന് ആണ് സമീപത്തുള്ള റയില്‍വേ സ്റ്റേഷന്. അവിടെ നിന്ന് 4 കിലോമീറ്റര്‍ ദൂരമുണ്ട്.