വിവരണം – ശ്രീകാന്ത് സന്തോഷ്.
“ഡാ മ്മ്ക്കും ഒന്നു ഗോവക്ക് പോണ്ട്രാ?? ” “പിന്നെ വേണ്ടേ…. നീ ഒരു ഡേറ്റ് നോക്കിട്ടു ട്രെയിൻ ടിക്കറ്റ് അങ്ങട് ബുക്ക് ചെയ്യ് മച്ചാനെ” അങ്ങനെ ഞങ്ങൾ മൂന്നു പേര് കൂടി ഒരു ദിവസം രാവിലെ 6 മണിക്ക് തൃശ്ശൂരിൽ നിന്ന് ഗോവക്ക് പുറപ്പെട്ടു. ചങ്ങായിമാർ 2 പേരും കൊച്ചിക്കാരാണ്. ഗോവയിലേക്ക് ഞങ്ങൾ മൂന്നു പേരുടെയും ആദ്യ യാത്രയാണ്. മനസ്സിൽ ആകെ ഉള്ളത് ബീച്ചും മദാമ്മയും പിന്നെ അമീർ ഖാന്റെ ‘ദിൽ ചാഹ്താ ഹേ ‘ എന്ന സിനിമയിലെ ആ കോട്ടയും മാത്രം. ട്രെയിനിൽ കയറി എല്ലാം പ്ലാൻ ചെയ്യാമെന്ന് വിചാരിച്ചു.സഹായത്തിനായി ഞാൻ എന്റെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചു. അവൻ മഹാരാഷ്ട്രക്കാരനാണ്. ചുരുക്കം 7 തവണ എങ്കിലും ഗോവ കണ്ടിട്ടുണ്ട്.
“ഇപ്പോൾ നിങ്ങൾ ബീച്ചിലേക്ക് പോയിട്ട് ഒരു കാര്യവും ഇല്ല…. ബീച്ചിന്റെ ഭംഗി കാണണമെങ്കിൽ നിങ്ങൾ മൺസൂൺ കഴിഞ്ഞു തന്നെ പോണം… നിങ്ങൾ നേത്രാവലി വൈൽഡ്ലൈഫ് സാൻച്ചറിയിലേക്ക് പൊക്കോ… . അവിടെ 2 വെള്ളച്ചാട്ടം ഉണ്ട്.. “എന്ന് അവൻ പറഞ്ഞു.
ആഹാ…കൊച്ചിക്കാർ എത്ര ബീച് കണ്ടതാ,നമ്മുക്ക് നേത്രാവലിക്ക് തന്നെ പോകാം എന്ന് ചങ്ങാതിമാർ പറഞ്ഞു. ട്രെക്കിങ്ങും വെള്ളച്ചാട്ടവും പണ്ടേ നമ്മുക്ക് ഹരമായിരുന്നു.അങ്ങനെ അവന്റെ നിർദേശപ്രകാരം ഞങ്ങൾ ക്യാനകൊണ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.പിന്നെ പാലോലെം ബീച്ചിൽ ഒരു റൂം ബുക്ക് ചെയ്തു.റെയിൽവേ സ്റ്റേഷനിൽ നിന്നും 2km ദൂരം മാത്രമേ ഉള്ളു പാലോലെം ബീച്ചിലേക്ക്. ഞങ്ങൾ നടന്നു.വഴിയോര കാഴ്ചകൾ ആസ്വദിച്ച് പതുക്കെ റൂമിലെത്തി.ബീച്ചിനോട് ചേർന്ന് ഒരു അടിപൊളി കോട്ടേജ്.(900/- ആണ് ഒരു കോട്ടേജിനു.4 പേർക്ക് വരെ സുഖമായി കിടക്കാം).അടുത്ത ദിവസത്തേക്ക് ഉള്ള വണ്ടി റെന്റിനു അവിടെ തന്നെ കീട്ടുമെന്നു പറഞ്ഞു.(ഒരു ദിവസത്തേക്ക് ഒരു maestroക്ക് 300/-).രാത്രി ബീച്ചിൽ കറങ്ങി അത്താഴവും കഴിച്ചു നേത്രാവലി സ്വപ്നം കണ്ടു കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റു നേരെ നേത്രാവലിക്ക് വിട്ടു. പാലോലെമിൽ നിന്നും 35km ദൂരെയാണ് നേത്രാവലി.യാത്രയാണെങ്കിൽ ഗോവയിലെ സുന്ദര ഗ്രാമങ്ങളിലൂടെയാണ്. റൈഡ് പോകാൻ പറ്റിയ റോഡും. 10km താണ്ടി കഴിഞ്ഞപ്പോളേക്കും ഗോവയുടെ മനോഹാരിത ഞങ്ങൾക്ക് മുമ്പിൽ അവതരിച്ചു. കേരളത്തിനോട് സാമ്യം ഉള്ള ഭൂപ്രകൃതിയാണ് ഗോവക്ക്.ശ്രദ്ദയിൽപ്പെട്ട മറ്റൊരു കാര്യം,ഇവിടെ മലിനീകരണം തീരെയില്ല.
ഞങ്ങൾ ഇടക്ക്-ഇടക്ക് വണ്ടി നിർത്തി പ്രകൃതി ഭംഗി ആസ്വദിച്ചു.മനോഹരമായ മല നിരകൾക്ക് ഇരട്ടി ഭംഗിയേകുന്ന താഴ്വാരം,അവിടെ തട്ടുകൃഷി ചെയ്തിരിക്കുന്നു. ഞങ്ങൾ 9 മണിയായപ്പോൾ നേത്രവലിയിലെ അവസാന ചെക്ക് പോസ്റ്റിൽ എത്തി.അവിടെയാണ് എൻട്രി ഫീ കൊടുക്കേണ്ടത്.(എൻട്രി ഫീ ഒരാൾക്ക് 20/-, വണ്ടിക്ക് 25/-,ക്യാമറ 30/- ).ഇവിടെ കാണുവാൻ 2 വെള്ളച്ചാട്ടമാണ് ഉള്ളത്. സവേരിയും മൈനാപ്പിയും.രണ്ടും രണ്ടു ദിശയിലാണ്. ചെക്പോസ്റ്റിൽ നിന്ന് സവേരിയിലേക്ക് 4kmഉം മൈനാപിയിലേക്ക് 7kmഉം ആണ്.
ആദ്യം ഞങ്ങൾ സവേരി വെള്ളച്ചാട്ടത്തിലേക്കാണ് പോയത് . 3 km സ്വന്തം വണ്ടിയിൽ പോയിട്ട് ബാക്കി ദൂരം നടക്കണം. പോകും വഴി റോഡിന്റെ രണ്ടു വശത്തും തേക്ക്മരങ്ങളാണ്. മനോഹരമായ ആ റോഡിലൂടെ 3km താണ്ടി കഴിഞ്ഞപ്പോൾ വണ്ടിയൊതുക്കി നടക്കുവാൻ തുടങ്ങി.അധികം ആരും വരാത്ത സ്ഥലമായതുകൊണ്ട് കാടിന്റെ നിശബ്ദത ഞങ്ങൾ ആസ്വദിച്ചു. ട്രെക്കിങ്ങ് പാതയിലൂടെ നടന്നു പോകുമ്പോൾ ദൂരെ ഒരു വേഴാമ്പൽ ഇരിക്കുന്നു. എന്തോ ഭക്ഷിക്കുകയാണ്.എന്റെ ക്യാമറയിൽ ആ ദൃശ്യം പിടിക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.10 മിനിറ്റ് നടന്നപ്പോഴേക്കും വെള്ളച്ചാട്ടത്തിലേക്ക് എത്തി. വെള്ളച്ചാട്ടത്തിന്റെ ഭംഗി കൺകുളിർക്കെ ഞങ്ങൾ നോക്കി നിന്നു.അതിൽ നിന്നും വരുന്ന വെള്ളമാണെങ്കിൽ കണ്ണീർവെള്ളം(crystal clear water). പിന്നെ ഒന്നും നോക്കിയില്ല. വസ്ത്രം അഴിച്ചു വെച്ച് നേരെ വെള്ളത്തിൽ ഇറങ്ങി. നല്ല തണുത്ത വെള്ളം. ഇനിയും ഒരു വെള്ളച്ചാട്ടം കണ്ടിട്ട് മടങ്ങുവാൻ ഉള്ളതിനാൽ അധികം സമയം അവിടെ ചിലവഴിക്കാതെ അടുത്ത വെള്ളച്ചാട്ടം ലക്ഷ്യമിട്ടു.
7 കിലോമീറ്ററോളം ഓഫ്-റോഡാണ്.പറ്റുന്ന അത്രേം ദൂരം വണ്ടിയിൽ പോകാം.ബാക്കി നടക്കണo.കൊടും കാടാണ്. കാടിന്റെ ഹൃദയം കീറി മുറിച്ചു ഒരു മണിട്ടവഴിയും. വണ്ടിയും കൊണ്ട് ഇനി മുന്നോട്ടു പോകാൻ കഴിയില്ല എന്ന കണ്ടിഷൻ ആയപ്പോൾ വണ്ടിയൊതുക്കി നടക്കാൻ തുടങ്ങി. മഴ പെയ്തു കഴിഞ്ഞ സമയമാണ്, അതിനാൽ പോകും വഴി വഴുകലുണ്ടായിരുന്നു. പോകുന്ന വഴിയിൽ കുറെ മരങ്ങൾ മറിഞ്ഞു കിടക്കുന്നുണ്ടായിരന്നു. ഒഴുക്കുളള ഒന്നു രണ്ടു ചെറിയ അരുവികൾ കൂടെ നടക്കുമ്പോൾ ചെറിയ മീനുകൾ വന്നു ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു..
കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ ഒരു അടിപൊളി വെള്ളച്ചാട്ടം.ഇതുപോലെ സുന്ദരമായ ഒരു വെള്ളച്ചാട്ടം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. വെള്ളച്ചാട്ടം കണ്ടപ്പോൾ ഏതോ ഒരു വിദേശ രാജ്യത്തെ വെള്ളച്ചാട്ടം കണ്ട ഫീൽ ആയിരുന്നു. സാവേരിയേക്കാൾ മനോഹരമാണ് മൈനാപി.ഇവിടെയും ക്രിസ്റ്റൽ ക്ലിയർ വാട്ടർ തന്നെ. ഒരു മനുഷ്യൻ പോലുമില്ല.പിന്നെ ഒന്നുo നോക്കിയില്ല അവിടെയും ഒരു കുളി നടത്തി.കുറച്ചു നേരം ഞാൻ ആ വെള്ളച്ചാട്ടത്തിനരികിൽ പോയി മുകളിലേക്ക് ഇങ്ങനെ നോക്കി നിന്നു.ആ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഇനിയും ഒത്തിരി വിശേഷങ്ങള് പറയാനുണ്ട്. അത് പിന്നെ…