ഒരു മൾട്ടിപ്ലക്സിൽ രണ്ടു മണിക്കൂർ സിനിമക്ക് കൊടുക്കുന്ന കാശുണ്ടെങ്കിൽ ഒരു ദിവസം മുഴുവനും ആന വണ്ടി എന്ന മൾട്ടിപ്ലക്സിൽ ഇരുന്നു ഒരു വനയാത്ര നടത്താം, മാനിനെയും കാട്ടുപോത്തിനെയും ആനകളെയുമൊക്കെ കൺനിറയെ കാണാം. ഒപ്പം, മഞ്ഞപ്പട്ടുവിരിച്ച ഗുണ്ടൽപേട്ടിെല സൂര്യകാന്തിത്തോട്ടങ്ങളുടെ ഭംഗി മതിവരുവോളം ആസ്വദിക്കാം. മാത്രമോ! വൈകുന്നേരത്തോടെ മൈസൂർ കൊട്ടാരം കണ്ട് മടങ്ങുകയുംചെയ്യാം.
ഇങ്ങനെയൊരു യാത്രയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? തൃശൂരിൽനിന്ന് വെറും 238 രൂപക്കാണ് (ചാർജ്ജിൽ മാറ്റങ്ങൾ വന്നേക്കാം) ആനവണ്ടി ഇൗ കാഴ്ചകളൊക്കെ സമ്മാനിക്കുന്നത്. ഇപ്പോൾതന്നെ തയാറായിക്കോളൂ. സൺഡേയിലെ ബോറടിയും മാറ്റാം. സൂര്യകാന്തി കണ്ടില്ല എന്ന വിഷമവും അകറ്റാം.
കർക്കടക വാവു ദിവസം രാവിലെ നാലിന് ആലുവ മണപ്പുറത്ത് പിതൃബലി അർപ്പിച്ചു തിരിച്ചുവരുന്ന വഴിയാണ് പെട്ടെന്ന് മനസ്സിലേക്ക് ഇങ്ങനെ ഒരുചിന്ത കടന്നുവരുന്നത്. കർമത്തിൽ സന്തുഷ്ഠരായ പിതൃക്കളുടെ അനുഗ്രഹം ആകാം.
വേഗം മൊബൈലെടുത്ത് www.aanavandi.com ല് തൃശൂരിൽനിന്നു ഗൂഡല്ലൂർ വഴി മൈസൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിെൻറ ടൈമിങ് നോക്കി. ഏഴു മണിക്ക് തൃശൂരിൽനിന്നു പുറപ്പെടുന്ന ൈമസൂർ ഫാസ്റ്റ് പാസഞ്ചർ 2.45ന് മൈസൂർ എത്തിച്ചേരും. മതി, അതുമതി. അതാകുമ്പോൾ അന്നു രാത്രിതന്നെ തിരിച്ചെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കുകയും ചെയ്യാം. നിർഭാഗ്യമെന്നു പറയട്ടെ, ആലുവയിൽനിന്നും വീട്ടിലെത്തി അന്നത്തേക്കുള്ള ആഹാരവും കാമറയും പാക്ക് ചെയ്ത് ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം രാവിലെ 7.10. അപ്പോഴേക്കും ൈമസൂരു ബസ് പോയിരുന്നു. അന്വേഷിച്ചപ്പോൾ 7.30ന് നാടുകാണി വഴി കൽപറ്റക്ക് പോകുന്ന ടൗൺ ടു ടൗൺ ബസുണ്ട്. യാത്രയുടെ പകുതിദൂരം അതിൽതന്നെ തീർക്കാം. ഇത്തവണ വൈൽഡ് ലൈഫ് േഫാട്ടോഗ്രാഫറുടെ മേലങ്കി അഴിച്ചുവെച്ചിട്ട് ഒരു സാധാരണക്കാരനായിട്ടായിരുന്നു ചുരം കയറിയത്.
നാടുകാണിയിൽനിന്നു ഗൂഡല്ലൂർ ബസിറങ്ങുേമ്പാൾ ഒന്നു തീരുമാനിച്ചുറപ്പിച്ചു. ഇതുവരെ വന്നത് കാലങ്ങൾക്കു മുമ്പേയുള്ള ബി ക്ലാസ് തിയറ്ററിൽ ഇരുന്നിട്ടായിരുന്നു. കാരണം ബസിെൻറ കുറച്ചുപിറകിലായാണ് സീറ്റ് കിട്ടിയത്. മുന്നിെല പല തലകളും കാഴ്ചക്ക് തടസ്സമായിരുന്നു. പ്രത്യേകിച്ച് ക്ലൈമാക്സ് സീനുകൾ വരുമ്പോൾ എല്ലാ തലകളും ഒന്നു പൊങ്ങും. അപ്പൊ ആ, സീനുകൾ ഒക്കെ എത്തിയും വലിഞ്ഞും കാണേണ്ടിവന്നു. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് അടുത്തുവന്ന മൈസൂരുവിലേക്കുള്ള തമിഴ്നാട് സർക്കാറിെൻറ ആനവണ്ടിയിൽ ഏറ്റവും മുന്നിലെ സീറ്റ് പിടിച്ചു. ഗൂഡല്ലൂർ ബസ്സ്റ്റാൻഡ് തന്നെ ഒരു വലിയ കാഴ്ചയാണ്. ടിപ്പുസുൽത്താൻ പണ്ട് കോട്ടകൾ തീർത്തതുപോലെ ബസ് സ്റ്റാൻഡിൻെറ തൊട്ടുപിറകിലായി വൻ മലനിരകൾ കോട്ടതീർത്തിരിക്കുന്നു. മഞ്ഞുമേഘങ്ങൾ കാറ്റിൽ ആ മലനിരകളെ കടന്നുപോകുന്നതു മുതൽ കാഴ്ചകളുടെ മേളം ആരംഭിച്ചു. 99 രൂപ ടിക്കറ്റിന് 110 കിലോമിറ്റർ ആയിരുന്നു മൈസൂരുവിലേക്കുള്ള ദൂരം.
തിളങ്ങുന്ന വെയിലിൽ മരങ്ങൾ തണൽവിരിച്ച വഴിയിലൂടെ തമിഴ്നാടിൻെറ കൊമ്പൻ വീണ്ടും ചുരം കയറിത്തുടങ്ങി. ഒരോ കയറ്റത്തിലും കാറ്റിൻെറ തണുപ്പ് കൂടിക്കൂടി വന്നു. അധികം താമസിയാതെ മുതുമല ടൈഗർ റിസർവിലേക്ക് പ്രവേശിച്ചു. കാറിൽ കാടുകാണാനിറങ്ങുന്ന ഏതു സഞ്ചാരിക്കും ഒരു ടെലിവിഷനിൽ സീരിയൽ കാണുന്ന ഫീൽ ആണെങ്കിൽ ബസിൻെറ മുൻ സീറ്റിൽനിന്നുള്ള കാനനക്കാഴ്ച 70 എം.എം സ്ക്രീനിൽ സൂപ്പർഹിറ്റ് ചിത്രം കാണുന്നതുപോലെയാണ്. അത്രക്ക് വിശാലമാണ് കാഴ്ചകൾ. പ്രകൃതിയുടെ ആ കാഴ്ച ബംഗ്ലാവിൽ ആദ്യം ദർശനം തന്നത് റോഡരികിൽ നിൽക്കുന്ന ഒരു കാട്ടുേപാത്തായിരുന്നു. അപ്പോൾതന്നെ എല്ലാവരിലും ഒരു ലഹരി പൂണ്ടു.
വശ്യസുന്ദരമായ വന്യതയിലൂടെ വണ്ടി മുന്നോട്ടുപോകുമ്പോൾ മനസ്സിൽ അറിയാതെ പ്രണയം തോന്നിയത് ഡ്രൈവർ ചേട്ടൻ പിടിച്ചിരിക്കുന്ന ആന വണ്ടിയുടെ വളയത്തോടാണ്. കുറച്ചുനേരമെങ്കിലും ആ വളയം ഒന്നു പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വല്ലാതെ കൊതി തോന്നി. അത്രക്ക് മൃഗങ്ങളെയും കാടും ഒക്കെ ആസ്വദിച്ചാണ് പുള്ളിക്കാരൻ ആ പച്ച വിരിപ്പിനുള്ളിലൂടെ വണ്ടി കൊണ്ടുപോകുന്നത്. അത് കണ്ടാൽ ആർക്കായാലും നാട്ടിൽ ചെന്നാലുടൻ ഹെവി ഡ്രൈവിങ് ക്ലാസിനുപോകാൻ തോന്നും എന്നതിൽ സംശയമില്ല.
ഗൂഡല്ലൂരിൽനിന്നു പുറപ്പെട്ട വണ്ടി പിന്നെ നിർത്തിയത് തേപ്പ്കാട് എലിഫൻറ് ക്യാമ്പിലായിരുന്നു. കുറച്ചുയാത്രക്കാർ ഇറങ്ങുകയും മറ്റു ചിലർ കയറുകയും ചെയ്തു. വനത്തിനുള്ളിലൂടെയുള്ള പാത ആയതിനാൽ മിക്കപ്പോഴും വന്യജീവികൾ റോഡു മുറിച്ചുകടക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ, ഇടക്കിെട റോഡിൽ ഹമ്പ് തീർത്തിട്ടുണ്ട്. പലതവണ ഇതേവഴിയിലൂടെ കാറിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്രക്ക് മനോഹാരിത അനുഭവിച്ചിട്ടില്ല. ഒരു ആനപ്പുറത്ത് ഇരുന്ന് കാഴ്ചകൾ കാണുന്ന ഫീൽ. ആരോ അറിഞ്ഞുതന്നെയാണ് ഇവന് ആ പേരിട്ടത് ‘ആനവണ്ടി’. വഴിനിറയെ അങ്ങിങ്ങായി പലയിടത്തും മാൻകൂട്ടങ്ങളെ കണ്ടതും ബസിനുള്ളിലെ കുറച്ച് കൊച്ചുകുട്ടികൾക്ക് ആന്വൽ എക്സാം കഴിഞ്ഞ് സ്കൂളടച്ച സന്തോഷമായിരുന്നു.
പെട്ടെന്നാണ് ആ കാഴ്ച കണ്ടത്. എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ട് പാഞ്ഞു. ഹൃദയം പെരുമ്പറ മുഴക്കി. ആവേശത്തിൻെറ ഹൃദയമിടിപ്പുകൾ ചേർത്തുവെച്ച് ഞാനും എൻെറ കണ്ണുകൾ അവിടേക്ക് പായിച്ചു. കണ്ട മാത്രയിൽതന്നെ ആരൊക്കെയോ വിളിച്ചുകൂവുന്നുണ്ടായിരുനു. ‘‘അതാ ആനക്കൂട്ടം’’ പിടിയാനകളാണ്. അവ ആടിയും ഉലഞ്ഞും മണ്ണുവാരി പുറത്തിട്ടുമൊക്കെ നിൽക്കുകയാണ്. ആ കാനനക്കാഴ്ച എല്ലാവരിലും കൂടുതൽ ത്രില്ലേകി. വീണ്ടും കാടിനു നടുവിൽ ഒരു സ്റ്റോപ്പിൽ കൂടി ബസ് നിർത്തിയിരിക്കുന്നു. ‘ബന്തിപ്പൂർ’. ആവശ്യക്കാർക്ക് വേണമെങ്കിൽ ഇവിടെ ഇറങ്ങി ജംഗ്ൾസഫാരി നടത്തിയിട്ട് അടുത്ത ബസിൽ മൈസൂരുവിലേക്ക് യാത്രയാകാം. എന്നെ; സംബന്ധിച്ച് ബസിൽനിന്ന് ഇറങ്ങാതെയുള്ള യാത്ര ആയിരുന്നതിനാൽ വീണ്ടും മുന്നോട്ട്…
പിന്നീട് അങ്ങോട്ട് ചുരം ഇറക്കമായിരുന്നു. അത് അവസാനിക്കുന്നത് ഗുണ്ടൽപേട്ട് എന്ന പൂക്കളുടെ താഴ്വാരത്തിലും. ഹാ, എന്തൊരു ലോകം. ഗുണ്ടൽപേട്ട് ഒരു വശത്ത് കണ്ണെത്താ ദൂരത്തോളം സൂര്യകാന്തികൾ മഞ്ഞപ്പുതപ്പ് ചൂടിയിരിക്കുന്നു. ബസ് രണ്ടിനും ഇടയിലൂടെ തേൻ നുകരാൻ കൊതിക്കുന്ന വണ്ടായി മുന്നോട്ടുപറക്കുന്നു. ബസിനുള്ളിെല കണ്ണുകെളല്ലാം ആ പൂക്കളിൽനിന്നും തേൻ ഉൗറ്റിക്കുടിക്കുന്ന കാഴ്ച വർണനകൾക്കപ്പുറമാണ്. ഒരു തോട്ടത്തിൽനിന്നു അടുത്തതോട്ടത്തിലേക്ക് കണ്ണുകൾ പറിച്ചുനടാൻ ഞാൻ വല്ലാതെ പാടുപെട്ടു. കണ്ണിനുവല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന ആ കാഴ്ചകൾക്ക് ഒടുവിൽ വൈകീട്ട് അേഞ്ചാടെ ൈമസൂരു ബസ്സ്റ്റാൻഡിൽ എത്തിച്ചേർന്നു.
തിരിച്ച് തൃശൂരേക്കുള്ള ബസ് 6.20ന് ആയിരുന്നു. അതിനാൽ, കുറച്ചുനേരം അവിടെ ചുറ്റിക്കറങ്ങി ഒരു ചായയും കുടിച്ച് സ്റ്റാൻഡിൽ തിരിച്ചെത്തിയപ്പോഴേക്കും ബസും എത്തിക്കഴിഞ്ഞിരുന്നു. രാത്രി ഏഴിനുള്ള ബസിലായിരുന്നെങ്കിൽ ൈമസൂർ പാലസ്കൂടി കാണാനുള്ള സമയം കിട്ടുമായിരുന്നു. ബസിൽ ഏറ്റവും മുന്നിലത്തെ സീറ്റിൽതന്നെ സ്ഥാനം ഉറപ്പിച്ചു. കാരണം, പകലിൽ കുളിച്ച് ഇൗറനണിഞ്ഞു നിൽക്കുന്ന സുന്ദരിയാണ് കാടെങ്കിൽ രാത്രിയിൽ പേടിപ്പിക്കുന്ന യക്ഷിയുടെ മുഖമാണ്. അതും രാത്രി ഒമ്പതിനുശേഷം വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത കാട്ടിലൂടെയാണ് സ്പെഷൽ െപർമിറ്റുള്ള ഇൗബസ് കടന്നുപോകുന്നത്.
രാത്രി എേട്ടാടെ ഗുണ്ടൽപേട്ടും പിന്നിട്ട് ആനവണ്ടി ബന്ദിപ്പൂർ കാട്ടിനുള്ളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. എങ്ങും കൂരാക്കൂരിരുട്ടുമാത്രം. എവിടെനിന്നൊക്കെയോ കാടിൻെറ ഭയപ്പെടുത്തുന്ന ശബ്ദവീചികൾ. ഒരു കാര്യം ഉറപ്പ്. അതീവ മനഃശക്തിയുള്ളവനു മാത്രമേ ഇൗ ഘോരവനത്തിലൂടെ സന്ധ്യകഴിഞ്ഞാൽ തനിച്ച് വണ്ടി ഒാടിച്ചുപോകാൻ കഴിയൂ. കുറച്ചുദൂരം പിന്നിട്ടതും പിന്നീട് അവിടേക്ക് ആനകളുടെ മേളം ആയിരുന്നു. ശരിക്കും ജുറാസിക് പാർക്ക് സിനിമയിലെ ദിനോസറുകൾ വരുന്നതുപോലെ ഭയപ്പെടുത്തുന്നതായിരുന്നു ആനകളുടെ നിൽപ്.
ഇൗ അടുത്ത കാലത്ത് കെ.എസ്.ആർ.ടി.സിയെയും ആനകൾ ആക്രമിച്ചുതുടങ്ങി എന്ന് എവിടെയോ വായിച്ച ഒരു ഒാർമ മിന്നൽപോലെ മനസ്സിലേക്ക് കടന്നുവന്നു. ആ മിന്നലിൽനിന്നു തീ ആളിക്കത്താൻ തുടങ്ങിയപ്പോഴാണ് ഡ്രൈവർ ചേട്ടൻ അതിലേക്ക് ഒരു ബക്കറ്റ് വെള്ളം കോരിയൊഴിച്ചത്. ‘‘ഹാ, ഇതെന്താ ഇവന്മാർ പിണക്കത്തിലാണോ?’’; ‘‘ഇവനെന്താ ഇന്ന് ലേറ്റ് ആയോ’’, ലെവൻ നമ്മളെ കാത്തുനിൽക്കുവാണ്, നമ്മൾ പോയിട്ടുവേണം റോഡ് മുറിച്ചുകടക്കാൻ…’’ അദ്ദേഹത്തിന് അവിടെയുള്ള ആനകളെയും അവയുടെ കൃത്യങ്ങളും എല്ലാം കാണാപ്പാഠമായിരുന്നു. വർഷങ്ങളായി ഇതുവഴി കടന്നുപോകുന്നതല്ലേ. അദ്ദേഹത്തിൻെറ ഉള്ളിലെവിടെയോ ഇൗ ആനകളുമായി ഒരു സൗഹൃദമുള്ളതായി തോന്നി.
പക്ഷേ, ഒരു കാര്യം കാടിൻെറ ശരിക്കുള്ള ഭീകരത അറിയണമെങ്കിൽ ഇൗ വഴിയിലൂടെ ഇൗസമയത്ത് ബസിൽ തന്നെ വരണം. വളരെ ത്രില്ലടിപ്പിക്കുന്ന ഒരു തിരിച്ചുവരവ് തന്നെയായിരുന്നു അത്. ഒടുവിൽ പുലർച്ചെ ഒന്നിന് തൃശൂരിൽ ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ തോന്നിയ ഒരു കാര്യമുണ്ട്. സഞ്ചാരം എന്നത് ഒരു വലിയ സാഗരമാണ്. ആ സാഗരത്തിലെ വെറും ഒരു നത്തോലി മാത്രമാണ് ഞാൻ…(ചിത്രങ്ങളെല്ലാം ഒാടുന്ന ബസിൽ ഇരുന്ന് പകർത്തിയതാണ്).
വരികളും ചിത്രങ്ങളും – ശബരി വര്ക്കല.