റോഡിലെ വെള്ളക്കെട്ടിൽ വാഹനം ഇറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

റോഡിലെ വെള്ളക്കെട്ടിൽ വാഹനമിറക്കുമ്പോൾ അതീവ ശ്രദ്ധ വേണം. വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെടും എന്നു മാത്രമല്ല വാഹനത്തിന് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണമായേക്കാം. മഴയിലോടുമ്പോൾ ബ്രേക്കിന്റെ ശക്തി കുറയും. അതുകൊണ്ടു തന്നെ മനസ്സിലാക്കി വേണം ബ്രേക്കിന്റെ കാര്യത്തിൽ ആത്മവിശ്വാസം കാട്ടാൻ.

റോഡിന്റെ മധ്യത്തുള്ളതിനെക്കാൾ വെള്ളം വശങ്ങളിൽ കാണാൻ സാധ്യതയുണ്ട്. ആ ഭാഗം കഴിയുന്നത്ര ഒഴിവാക്കുക. പരിചിത റോഡുകളിൽപ്പോലും പുതിയ ഗട്ടറുകളും ഓടകളിൽനിന്നു കവിഞ്ഞൊഴുകുന്ന വെള്ളവുമൊക്കെ അപകട സാഹചര്യമൊരുക്കാം.

മറ്റ‍ു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് നിങ്ങളും അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും. വെള്ളക്കെട്ട് ഭാഗത്ത് വാഹനം ഓഫായാൽ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. ഗാരേജിന്റെ സഹായം തേടുക, ഇൻഷുറൻസ് കമ്പനിക്കാരെയും വിവരം അറിയിക്കുക.

റോഡിൽ തൊടാതെ വെള്ളത്തിനു മുകളിൽ തെന്നിനീങ്ങുന്ന സ്ഥിതി ഏറെ അപകടകരമാണ്. വളരെ പതുക്കെ മുന്നോട്ടുതന്നെ നീങ്ങണം. സ്റ്റീയറിങ്ങിനും വാഹനത്തിനുപൊതുവെയും പെട്ടെന്നുള്ള ചലനം ഒഴിവാക്കണം. റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഗട്ടറുകൾ, അടപ്പില്ലാത്ത മാൻ ഹോൾ, ഓട എന്നിവ ശ്രദ്ധയിൽ പെടാതെ പോവുകയും ഇതുവഴി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.

മഴ ഏറെ പ്രതികൂലമായി ബാധിക്കുന്നത് മറ്റുവാഹനങ്ങളെക്കാൾ ഇരുചക്രവാഹനങ്ങളെയാണ്. വെള്ളക്കെട്ടിലും മഴയിലും ഏറ്റവുമധികം അപകടങ്ങളിൽപ്പെടുന്നതും ഇരുചക്രവാഹനങ്ങൾ തന്നെ. ഒഴുക്കുള്ള വെള്ളത്തിൽ ബൈക്ക് ഇറക്കുന്നത് വളരെ അപകടകരമാണ്. മഴയിൽ മിനുസംകൂടുന്ന റോഡിൽ ഇരുചക്രവാഹനങ്ങൾ തകിടംമറിയാൻ സാധ്യത കൂടും. ശ്രദ്ധാപൂർവമുള്ള റൈഡിങ്‌ മാത്രമാണ് അപകടമൊഴിവാക്കാനുള്ള മുഖ്യമാർഗം.

സ്ഥിരമായിപ്പോകുന്ന റോഡാണെങ്കിലും വെള്ളക്കെട്ടുകണ്ടാൽ അതിൽ ഇറക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം. കാരണം റോഡിലെ കുഴികൾ കാണാൻ സാധിച്ചെന്ന് വരില്ല. വെള്ളക്കെട്ടിലെ കുഴികൾ വലിയ അപകടം ക്ഷണിച്ചുവരുത്തും. മഴയുള്ളപ്പോൾ നമുക്ക് റോഡിലുള്ള മറ്റുള്ളവരെ കാണുന്നതുപോലെ പ്രധാനമാണ് മറ്റു വാഹനയാത്രക്കാരുടെ ശ്രദ്ധയിൽ നമ്മളും വരേണ്ടത്. കാഴ്ച അവ്യക്തമാക്കുന്ന മഴയിൽ തിളങ്ങുന്ന നിറമുള്ള മഴക്കോട്ടുകൾ ഉപയോഗിക്കുന്നതു നല്ലതാണ്. നിങ്ങളുടെ വാഹനം മറ്റു ഡ്രൈവർമാരുടെ കാഴ്ചയിൽപ്പെടാൻ അത് സഹായിക്കും. ഫ്ലൂറസെന്റ് നിറങ്ങളിലുള്ള സ്റ്റിക്കറുകൾ ഹെൽമെറ്റ്, ജാക്കറ്റ്, ബൈക്ക് എന്നിവയിൽ ഒട്ടിക്കാം. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോഴും ബഹുനിര റോഡുകളിൽ ലൈൻ മാറുമ്പോഴും ഇൻഡിക്കേറ്ററുകൾ നിർബന്ധമായും ഉപയോഗിക്കണം. ഉപയോഗം കഴിഞ്ഞാൽ ഇൻഡിക്കേറ്ററുകൾ യഥാസമയം ഓഫ് ചെയ്യാനും മറക്കരുത്.

ശ്രദ്ധ കൂടുതൽ വേണ്ട സാഹചര്യങ്ങൾ : വെള്ളം കെട്ടിക്കിടക്കുന്ന റോഡിൽ പതിയിരിക്കുന്ന അപകടങ്ങൾ ഏറെയാണ്. മൂടിയില്ലാത്ത മാൻഹോളുകൾ, ടെലിഫോൺ കേബിൾ കുഴികൾ, വൻഗട്ടറുകൾ എന്നിവയൊക്കെ വെള്ളക്കെട്ടിൽ ഒളിഞ്ഞിരിപ്പുണ്ടാകാം. ചെളിനിറഞ്ഞതോ മിനുസമേറിയതോ ആയ പ്രതലത്തിൽ ഫസ്റ്റ് ഗിയറിൽ ബൈക്ക് ഓടിച്ചാൽ ടയർ തെന്നാൻ ഇടയാകും. സെക്കന്റ്, തേർഡ് ഗിയറുകളിൽ ഓടിക്കുകയാണ് വേണ്ടത്. അതുവഴി ടയറുകളിൽ എത്തുന്ന ടോർക് കുറഞ്ഞ് മെച്ചപ്പെട്ട നിയന്ത്രണം സാധ്യമാകും.

റോഡിലുള്ള മാൻഹോളുകൾ, പാർക്കിങ്‌ ഏരിയയിലും മറ്റും കയറാനും ഇറങ്ങാനുമുള്ള മെറ്റൽ പ്ലേറ്റുകൾ, റെയിൽവേ ക്രോസുകൾ എന്നിവയിൽക്കൂടി വാഹനം ഓടിക്കുമ്പോൾ വേഗം കുറയ്ക്കണം. റെയിൽവേ ട്രാക്കിൽ പരമാവധി നേരേതന്നെ വേണം ബൈക്ക് ഓടിച്ചുകയറ്റാൻ. ചരിഞ്ഞുകയറിയാൽ ചക്രം പാളി ബൈക്ക് മറിയാൻ ഇടയാകും. റോഡിന്റെവശങ്ങളിലുള്ള കട്ടിങ്ങുകളും ഏറെ ശ്രദ്ധിക്കണം. താഴ്ചയുള്ള കട്ടിങ്ങിൽ ഇറങ്ങിയാൽ ഉടൻതന്നെ വെട്ടിച്ച് റോഡിലേക്ക് കയറ്റാൻ ശ്രമിക്കരുത്. വേഗംകുറച്ച് നിരപ്പായ അരികിലൂടെ വേണം തിരികെ റോഡിൽ പ്രവേശിക്കാൻ.

മഴക്കാലത്ത് മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗമെടുക്കരുത്. റോഡ് ഗ്രിപ്പ് താരതമ്യേന കുറവായതിനാൽ ബ്രേക്കിങ്‌ അത്ര കാര്യക്ഷമമാകില്ല. പെട്ടെന്ന് ബ്രേക്ക് ചെയ്താൽ തെന്നി നിയന്ത്രണം നഷ്ടമാകും. മുന്നിലുള്ള വാഹനങ്ങളുമായി സാധാരണയിലും ഇരട്ടി അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മഴയിൽ ടയർ ത്രെഡുകൾ റോഡിലെ ജലാംശം തെറിപ്പിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണങ്ങിയഭാഗം റോഡിൽ ഒരു വരപോലെ രൂപപ്പെടും. ഇതിലൂടെ ബൈക്ക് ഓടിച്ചാൽ റോഡിൽ കൂടുതൽ പിടിത്തംകിട്ടും. രാത്രി മഴയിൽ റോഡ് കാഴ്ച തീർത്തും അവ്യക്തമായതിനാൽ മുന്നിൽ പോകുന്ന ഫോർവീലറുകളുടെ പിന്നിലെ വെളിച്ചംനോക്കി പിന്തുടർന്നാൽ എളുപ്പമായിരിക്കും.

മഴ പെയ്യാൻ തുടങ്ങുമ്പോൾ ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഇരിക്കുന്നവർ, പ്രത്യേകിച്ചും സ്ത്രീകൾ കുടനിവർത്തുന്നത് പതിവാണ്. തീർത്തും അപകടകരമാണിത്. വാഹനം ഓടുന്ന അവസ്ഥയിൽ സ്വാഭാവികമായും എതിർദിശയിൽനിന്ന് ശക്തമായ കാറ്റുണ്ടാകും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണം നഷ്ടമാകുമ്പോൾ ബൈക്കിന്റെ നിയന്ത്രണവും നഷ്ടമാകും. പിന്നിൽ ഇരിക്കുന്നയാൾ റോഡിലേക്ക് തെറിച്ചുവീഴാൻ ഇതിടയാക്കും. പലരും തലയിടിച്ചാണ് റോഡിൽ വീഴുന്നത്. പിൻസീറ്റിലിരിക്കുന്നവർക്കു ഹെൽമെറ്റ് നിർബന്ധമല്ലാത്തതിനാൽ അപകടം കൂട്ടും. ബൈക്ക് മറിഞ്ഞ് രണ്ടുപേരും വീഴാനും സാധ്യതയുണ്ട്.

ഒരു കൈയിൽ കുടപിടിച്ചു മറുകൈകൊണ്ട് ബൈക്ക് ഓടിക്കുന്നവരും കുറവല്ല. ശക്തമായ കാറ്റിലും മഴയിലും ബൈക്കിന്റെ ക്ലച്ച് ഉപയോഗിക്കാനും ബ്രേക്ക് ചെയ്യാനും ഒരുകൈകൊണ്ട് സാധിക്കില്ല. അപ്പോഴേക്കും അപകടം സംഭവിച്ചിരിക്കും. പിറകിലിരിക്കുന്നയാൾ മുന്നിലേക്ക് കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാൾക്ക് കാഴ്ച മറയുന്നു. പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. മഴക്കാലത്ത് വെള്ളംനിറഞ്ഞ റോഡുകളിൽ ബൈക്കുകൾക്ക് അപകടസാധ്യതയേറും. ചെറിയവേഗത്തിൽപ്പോലും മുൻചക്രങ്ങൾ പാളിപ്പോകാം.

കടപ്പാട് – മലയാള മനോരമ, മാതൃഭൂമി.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply