ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 10 സ്ഥലങ്ങള്‍

കടപ്പാട് – Nikhil Ramesh, Various Travel Groups, Photos – Respected Owners.

യാത്രകളെ സ്നേഹിക്കാത്തവരായി ആരുമില്ല. കാരണം യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല. യാ‌‌ത്രയെ ഒരു ഹരമായി കണ്ടിരുന്ന ആളുകള്‍ പണ്ടുമുതലെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കാലം വന്നതോടെ യാത്ര ഒരു ആഘോഷമായി മാറുകയായിരുന്നു. യാത്രകള്‍ക്ക് വേണ്ടി നിരവധി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞതോടെ ന്യൂജെന്‍ സഞ്ചാരികള്‍ക്ക് ആവേശമായി. യാത്ര പോകുന്ന സ്ഥലങ്ങളുടെ ചിത്രങ്ങളും വിവര‌ണങ്ങളുമായി അവര്‍ ഗ്രൂപ്പുകളില്‍ സജീ‌വമായി.

സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും സഞ്ചാരികള്‍ അറിഞ്ഞ് തുടങ്ങി. ചില സ്ഥലങ്ങള്‍ അങ്ങ് പ്രശസ്തമാകാന്‍ തുടങ്ങി. അങ്ങനെ ന്യൂജെന്‍ പിള്ളേര്‍ പ്രശസ്തമാക്കിയ കേരളത്തിലെ 10 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

1. മീശപ്പുലിമല : ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു.
മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്… വനത്തിൽ താമസിക്കുന്നതുൾപ്പെടെയാണു KFDCയുടെ പാക്കേജ്..

ബുക്ക് ചെയ്യാൻ ഓൺലൈൻ സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക http://munnar.kfdcecotourism.com/BaseCamp.aspx. കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ :8289821400, 8289821401, 8289821408 ഈ നമ്പറിലേക്ക് ബന്ധപെടുക. മൂന്നാറിൽനിന്നുമാട്ടുപ്പെട്ടി റൂട്ടിൽ 21 കിലോമീറ്റർ അകലെ സൈലന്റ്‌വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുൻപായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളിൽ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റിൽ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ രണ്ടു പേർക്കു 3,500 രൂപയാണ് ഈടാക്കുന്നത്. ഒരു ടെന്റിൽ രണ്ടു പേർക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ഏർപ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും. ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്..

2. ഊഞ്ഞാപ്പാറ കനാൽ – ഫേസ്‌ബുക്ക് പബ്ലിസിറ്റി കൊണ്ട് മാത്രം ഒറ്റ വര്ഷം കൊണ്ട് ഹിറ്റ് ആയ ഒരു വിനോദ സഞ്ചാര കേന്ദ്രം. കോതമംഗലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. വേനൽ കാലത്ത് ശരീരവും മനസും തണുപ്പിക്കാൻ പറ്റിയ ഒരു സ്ഥലം. ഭൂതത്താന്‍കെട്ടു ഡാമില്‍ നിന്നും വെള്ളം കൊണ്ട് പോകുന്ന ഒരു അക്യുഡേറ്റ് ആണ് ഇത് . കഴുത്തോളം മാത്രം വെള്ളം ആയതിനാൽ നീന്തൽ അറിയാത്തവർക്കും ഒരു സ്വിമ്മിങ് പൂളിൽ എന്നപോലെ നടന്നു നീങ്ങാം. പോരാത്തതിന് നല്ല ശുദ്ധമായ വെള്ളവും നല്ല തണുപ്പും. എന്നാൽ ഇവിടേക്ക് സഞ്ചാരികൾ ധാരാളം വന്നു തുടങ്ങിയതോടെ നാട്ടുകാർക്ക് അതൊരു ബുദ്ധിമുട്ടായി മാറി. ഇപ്പോൾ അവിടെ ഇറങ്ങി കുളിക്കുവാൻ പാടുള്ളതല്ല എന്ന ബോർഡ് ആണ് സഞ്ചാരികളെ നോക്കി കൊഞ്ഞനം കുത്തുന്നത്. പൊന്മുട്ടയിടുന്ന താറാവിന്റെ അവസ്ഥയായി ഊഞ്ഞാപ്പാറ കനാലിന്.

3. കേരളകുണ്ട് വെള്ളച്ചാട്ടം – മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെയാണ് മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കേരളകുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. ഫേസ്‌ബുക്കിലെ ട്രാവൽ ഗ്രൂപ്പുകളിലൂടെയാണ് മലപ്പുറംകാർക്ക് മാത്രം അറിയാമായിരുന്ന ഈ സ്ഥലം കേരളം മൊത്തം പ്രശസ്തമായത്. വെള്ളച്ചാട്ടത്തിനു 2 കി.മി. അടുത്തു വരെ ബസ് സർവ്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കിൽ ജീപ്പുകള് ലഭ്യമാണ്.. ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ്പായി പോകുന്നവര്ക്കും ഒരു രണ്ടു കിലോമീറ്റര് നടക്കുന്നതാണ് നല്ലത്.

 

4. ആനക്കുളം – മാങ്കുളം : അടിമാലി മൂന്നാർ റൂട്ടിൽ കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15 -20 കി.മി സഞ്ചരിച്ചാൽ മാങ്കുളമായി അവിടെ നിന്നു ഏകദേശം പത്തിൽ താഴെ കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതിരമണീയമായ ആനക്കുളത്ത് എത്താം. സഹ്യന്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമമാണ് ആനക്കുളം. വെള്ളചാട്ടങ്ങളും ശാന്തമായി ഒഴുകുന്ന പുഴയും..കോടമഞ്ഞും..ആകെക്കൂടി കിടിലൻ അന്തരീക്ഷമായിരിക്കും ഇവിടെ.

5. ഇ‌ല്ലിക്കല്‍ കല്ല് : സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാ‌രികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശി‌ച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്. മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു. ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്. ഇവിടേക്ക് സഞ്ചാരികൾ ക്രമാതീതമായി കടന്നുവരികയും ഒരാൾ മരിക്കുകയും കൂടി ചെയ്തതോടെ അപകടകരമായ മേഖല വേലികെട്ടി തിരിച്ചു.

 

6. 900 കണ്ടി : ആദ്യമേ തന്നെ പറയട്ടെ.. തൊള്ളായിരം കണ്ടി വാക്കാൽ വിവരിക്കുക വളരെ ബുദ്ധിമുട്ടാണ്, അവിടം അനുഭവിച്ചു തന്നെ അറിയണം. ഈ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഒരു തവണ നിങ്ങള്‍ അവിടെ ചെന്നാല്‍ മനസ്സിലാകും. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്. ജീപ്പിനു മാത്രമേ തൊള്ളായിരം കണ്ടിയിലേക്ക് മര്യാദയ്ക്ക് പോയിവരാന്‍ പറ്റുള്ളൂ. ഇതൊക്കെ കേട്ടിട്ട് ബൈക്കിലും മറ്റും പോകാന്‍ പ്ലാന്‍ ഉണ്ടേല്‍ അത് സ്വന്തം റിസ്ക്കില്‍ മാത്രം പോകുക. കാരണം തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അനുമതിയില്ലാതെ കയറുന്നവര്‍ക്ക് ചിലപ്പോള്‍ പണി കിട്ടാന്‍ ചാന്‍സ് ഉണ്ട്.

കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര… അതാണു തൊള്ളായിരം കണ്ടി യാത്രയുടെ പ്രധാന ആകര്‍ഷണം. കാട് എന്നു പറയുമ്പോള്‍ ചുറ്റും തോട്ടങ്ങളാണ്. പക്ഷേ രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം. കിളികളുടെ ശബ്ദം മാത്രമേ ഇവിടെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കൂ. ഏകദേശം ഒരു മണിക്കൂറിനടുത്ത് എടുക്കും തൊള്ളായിരം കണ്ടിയുടെ മുകളില്‍ എത്തിച്ചേരാന്‍. ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരിക്കും തൊള്ളായിരം കണ്ടിയിലേക്കുള്ള ഈ യാത്ര… ശരിക്കും എല്ലാ ടെന്‍ഷനുകളും മാറിപ്പോകുന്ന ഒരു അനുഭവം തരുന്ന തൊള്ളായിരം കണ്ടി ഒരു വയനാടന്‍ അത്ഭുതം തന്നെ… . 900 കണ്ടി പോകാനും അവിടെ താമസിക്കാനും ഡിസ്കവറി വയനാടിനെ വിളിക്കാം 9072299665.

7. ചൊക്രമുടി : ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രിയങ്കരമാക്കിയ‌ത് സോഷ്യല്‍ മീഡിയയിലെ ട്രാവല്‍ ഗ്രൂപ്പുകളാണ്. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഗ്യാപ്പ്‌ റോഡില്‍ നിന്ന്‌ ചെങ്കുത്തായ മലകയറിയാല്‍ ചൊക്രമുടിയുടെ നെറുകയില്‍ എത്താം. ഇടുക്കി ജില്ലയിലെ ‌രാജക്കാട് നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടേക്ക് ഇപ്പോൾ പ്രവേശിക്കാനാവൂ.

 

8. പാലക്കയം തട്ട് : വിനോദസഞ്ചാരികളെ മാടിവിളിക്കുകയാണ് തളിപ്പറമ്പ് – കുടിയാന്മല റൂട്ടില്‍ പുലിക്കുരുമ്പയുടെമുകള്‍ത്തട്ടായ പാലക്കയം തട്ട്. പൈതല്‍മല കഴിഞ്ഞാല്‍ കണ്ണൂരിലെ ഏറ്റവും ഉയരംകൂടിയതാണ് പാലക്കയം തട്ട്. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് – കുടിയാന്മല റൂട്ടില്‍ മണ്ടളം -പുലിക്കുരുമ്പ എന്നീസ്ഥലങ്ങളില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയം തട്ടില്‍ എത്തിച്ചേരാം. പാലക്കയംതട്ട് മലയുടെ മുകള്‍ഭാഗം വരെ വാഹനത്തില്‍ ചെന്നെത്താം.

9. വയലട : കോഴിക്കോട്ടെ ഗവി എന്ന വയലട. ബാലുശ്ശേരിയില്‍ നിന്നും വയലടയിലേക്ക് കെ എസ് ആര്‍ ടി സി ബസ്സാണ് യാത്രക്കുള്ളത്. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്.കക്കയം ഡാമില്‍നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്.

വയലടയെക്കുറിച്ച് ഭൂരിഭാഗം കോഴിക്കോടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അന്യസംസ്ഥാനക്കാര്‍ ഇവിടത്തെക്കുറിച്ച് അറിഞ്ഞ് ധാരാളമായി വയലടയിലേക്ക് എത്തുന്നു, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നിന്നും. വയലടയും അവിടയുള്ള മുള്ളന്‍പാറയും സഞ്ചാരികള്‍ക്ക് ഇത്രയും ഇഷ്ട്‌പ്പെടാന്‍ കാരണം അവിടുത്തെ പ്രകൃതിഭംഗിയും കാലാവസ്ഥയും കൊണ്ട്തന്നെ. ഇവിടേക്ക് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് വരുന്നതാണ് ഏറ്റവും മനോഹരം. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയുമുള്ള മലമ്പാതകള്‍. പാതയുടെ ഇരുവശത്തും കൊക്കകളും മലയിടുക്കുകളും അതിനിടയിലൂടെ ഒലിച്ചിറങ്ങുന്ന കാട്ടരുവികളും കാണാം.

ഊട്ടിയ്ക്കും കൊടൈക്കനാലിനും ഒപ്പമെത്തില്ലെങ്കിലും അവയുടെയൊക്കെ ചെറിയൊരു പതിപ്പാണ് വയലട എന്ന് പറയാം. പ്രകൃതിയുടെ മായക്കാഴ്ചകള്‍ തേടി പോകുന്ന യാത്രികര്‍ക്ക് തീര്‍ച്ചയായും തെരെഞ്ഞെടുക്കാവുന്ന സ്ഥലമാണ് വയലട. എത്തിച്ചേരേണ്ട വിധം : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ നിന്നും 12 കി.മീ അകലെയാണ് വയലട. മൗണ്ട് വയലട വ്യൂ പോയന്‍റ്, ഐലന്‍റ് വ്യൂ മുള്ളന്‍പാറ, കോട്ടക്കുന്ന് വ്യൂ പോയന്‍റ് എന്നീ മുനമ്പുകള്‍ പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ചയൊരുക്കുന്നു. കോഴിക്കോട് നഗരത്തില്‍ നിന്നും ബാലുശ്ശേരിയിലേക്ക് 25 കി.മീ. കൊയിലാണ്ടിയില്‍ നിന്നും 20 കി.മീ. വയലടയിലേക്ക് വളരെ കുറച്ച് ബസുകള്‍ മാത്രമേ ഉള്ളൂ. സ്വന്തം വാനഹത്തില്‍ പോകുന്നതാണ് കൂടുതല്‍ നല്ലത്.

10. കടമക്കുടി : എറണാകുളം നഗരത്തിൽ നിന്നും നിസ്സാര ദൂരത്തിൽ ഒരു കുട്ടനാട്.. ഇങ്ങനെയാണ് ഒറ്റവാക്കിൽ കടമക്കുടിയെ വിശേഷിപ്പിക്കാനാവുക. ഫേസ്‌ബുക്കിലൂടെ പ്രശസ്തമായ സ്ഥലങ്ങളുടെ കൂട്ടത്തിൽ കടമക്കുടിയെയും പെടുത്താവുന്നതാണ്. ആദ്യകാലങ്ങളിൽ പക്ഷിനിരീക്ഷകരായിരുന്നു ഇവിടേക്ക് വന്നിരുന്നത്. ഇപ്പോൾ എല്ലാത്തരം ആളുകളും ഇവിടം സന്ദർശിക്കുന്നുണ്ട്. അടുത്തുള്ള ഷാപ്പിലെ രുചികൾ അറിയുവാനും മീൻപിടിക്കുന്നത് കണ്ടറിയുവാനുമൊക്കെയാണ് കൂടുതലാളുകളും ഇവിടേക്ക് വരുന്നത്.

ഈ പത്തു സ്ഥലങ്ങൾ ഒരു ചെറിയ ലിസ്റ്റ് മാത്രമാണ്. ഇവയെക്കൂടാതെ ധാരാളം സ്ഥലങ്ങൾ സോഷ്യൽ മീഡിയ വഴി ന്യൂ ജനറേഷൻ പിള്ളേർ പ്രസിദ്ധമാക്കിയിട്ടുണ്ട്. ഈ പ്രശസ്തി ചിലപ്പോൾ ആ സ്ഥലങ്ങൾക്ക് ഗുണവും ചിലപ്പോൾ ഊഞ്ഞാപ്പാറ കനാലിൽ സംഭവിച്ചതുപോലെ ദോഷവുമായിത്തീരാറുണ്ട്. സ്ഥലങ്ങൾ കാണുവാൻ പോകുന്നവർ അത് കണ്ട് ആസ്വദിക്കുക. അവിടത്തെ മനോഹരമായ കാഴ്ചകൾ മാത്രം ഒപ്പം കൊണ്ടുവരിക.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply