കഴിഞ്ഞ ദിവസം കൊല്ലത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരെ ഓർത്ത് വാർത്താ സമ്മേളനത്തിനിടെ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി വിങ്ങിപ്പൊട്ടി. അപകടത്തിൽ ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറും മരിച്ചിരുന്നു. ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടത്തിനു കാരണമെന്നാണു നിഗമനം. സംഭവസ്ഥലത്ത് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയും മന്ത്രിയുമെല്ലാം സന്ദർശിക്കുകയുമുണ്ടായി. ഇതിനുശേഷം മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു ഐപിഎസ് ഉഗ്യോഗസ്ഥൻ എന്ന നിലയ്ക്ക് ടോമിൻ തച്ചങ്കരി നേരിട്ടു കാണുകയും ചെയ്തു.
മൃതദേഹങ്ങൾ തലയോട്ടി പുറത്തു കാണാവുന്ന നിലയിലും തലച്ചോറ് പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഈ കാഴ്ച കണ്ടശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഒരു മാസം മുന്‍പ് ഡബിള്‍ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഈ മൂന്ന് ജീവനുകള്‍ രക്ഷപെട്ടേനെയെന്നും തച്ചങ്കരി വിഷമത്തോടെ പറഞ്ഞു. ഈ അപകടത്തിന്റെ പാശ്ചാത്തലത്തിൽ തച്ചങ്കരി ദീർഘദൂര കെഎസ്ആർടിസി സർവീസുകളിൽ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള അറിയിപ്പ് നൽകുകയും ചെയ്തു.
“നാലുവയസുള്ള ഒരു കുഞ്ഞാണ് കണ്ടക്ടര്‍ക്കുള്ളത്. കോഴിക്കോട്ടെ ഉള്‍ഗ്രാമത്തില്‍ സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഇതുപോലെ തന്നെയായിരിക്കും ഡ്രൈവറുടെയും അവസ്ഥ. രാവിലെയാണ് ഇവരുടെ സംസ്കാരം കഴിഞ്ഞത്. ഡ്രൈവറുടേയും തമിഴ്നാട്ടുകാരനായ ലോറി ഡ്രൈവറുടേയും അവസ്ഥ ഇതു തന്നെയായിരിക്കും. താൻ ഉൾപ്പെടെയുള്ള കെഎസ്ആർടിസി മാനേജ്മെന്റ് ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ മൂന്നു ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇനി ഒരു കെ.എസ്.ആര്.ടി.സി ജീവനക്കാരന്റേയും ജീവന് നഷ്ടപ്പെടാന്‍ അനുവദിക്കില്ല. എട്ടുമണിക്കൂറില്‍ കൂടുതല്‍ ഒരാളും ബസോടിക്കേണ്ടതില്ല. ആരെതിര്‍ത്താലും എനിക്ക് കുഴപ്പമില്ല. കെ.എസ്.ആര്.ടി.സിക്ക് നഷ്ടം വന്നാലും പ്രശ്നമില്ല. സര്‍ക്കാരിനോട് ഞാന്‍ മറുപടി പറഞ്ഞോളാം..” ഇതാണ് പറഞ്ഞുകൊണ്ട് തച്ചങ്കരി വിങ്ങിപ്പൊട്ടുകയായിരുന്നു.
എത്ര വലിയ ഐപിഎസ് കാരനാണെങ്കിലും അവർക്കും ഒരു ഹൃദയമുണ്ടെന്നു നമ്മളെ മനസ്സിലാക്കിത്തന്ന ഒരു സംഭവമായിരുന്നു തച്ചങ്കരിയുടെ ഈ കണ്ണീർ. ഈ മൂന്നു മരണങ്ങളുടെയും ഉത്തരവാദിത്തം കെഎസ്ആർടിസി എംഡിയായ തനിക്കും കൂടി ബാധകമാണെന്ന് തച്ചങ്കരി പറഞ്ഞു. ജോലിഭാരം കാരണം മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം മാത്രമാണ് ദീർഘദൂര സർവ്വീസുകളിലെ ജീവനക്കാർക്ക് കിട്ടുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വരാതിരിക്കാൻ കാന്താരി മുളക് കടിക്കലും കണ്ണില്‍ വിക്സ് പുരട്ടലുമൊക്കെയാണു ഡ്രൈവർമാർ ചെയ്യുന്നതെന്നു നേരത്തെ മനോരമ ചാനലുകാർ റിപ്പോർട്ട് ചെയ്തിരുന്നു.
ഇനി സിംഗിൾ ഡ്യൂട്ടി : കെഎസ്ആര്‍ടിസി രാത്രികാല ദീര്‍ഘദൂര സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുന്നു. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമോ, ക്രൂ ചേഞ്ച് സംവിധാനമോ നടപ്പാക്കും. സെപ്തംബര്‍ ഒന്നിനകം മുഴുവന്‍ രാത്രികാല ദീര്‍ഘദൂര സര്‍വീസും സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലേക്ക് മാറ്റും.
ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തില്‍ ബസിലുണ്ടാവുക രണ്ട് ഡ്രൈവര്‍മാരായിരിക്കും. ഇതില്‍ ഒരാള്‍ കണ്ടക്ടറുടെ ചുമതല വഹിക്കും. ഇതിനായുള്ള പരിശീലനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്കി വരുകയാണ്. നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഡ്രൈവറും കണ്ടക്ടറും മാറി തുടര്‍ന്നുള്ള സര്‍വ്വീസിന് പുതിയ ജീവനക്കാര്‍ കയറുന്ന രീതിയാണ് ക്രൂചേഞ്ച്. ജോലികഴിഞ്ഞിറങ്ങുന്നവര്‍ക്ക് തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ വിശ്രമ സങ്കേതങ്ങളും ഇതിനായി തയ്യാറാക്കും.
നിയമം അനുശാസിക്കുന്നത് പ്രകാരം എട്ട് മണിക്കൂറാണ് ജോലി സമയം. ഇതിലധികം ഒരുകാരണവാശാലും ഡ്രൈവര്‍മാര്‍ക്ക് ഡ്യൂട്ടി അനുവദിക്കില്ല. ബസുകളുടെ പുനര്‍വിന്യാസവും ഷെഡ്യൂള്‍ ശരിയായ രീതിയിലാക്കുന്ന നടപടികളും പുരോഗമിച്ചുവരികയാണ്. കഴിഞ്ഞവര്‍ഷം 1712 അപകടമാണ് കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുണ്ടായത്. ഇതില്‍ 202 പേര് മരണപ്പെട്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 749 അപകടമുണ്ടാകുകയും ഇതില്‍ 94 പേര് മരിണപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ അപകടങ്ങള്‍ അധികവും ഉണ്ടായിരിക്കുന്നത് രാത്രികാലങ്ങളില്‍ ആയിരുന്നു.
രാത്രികാല അപകടങ്ങളുടെയും കഴിഞ്ഞ ദിവസം ഇത്തിക്കരപാലത്തിന് സമീപമുണ്ടായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് സിംഗിള്‍ ഡ്യൂട്ടി സംവിധാനം വേഗത്തിലാക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം തീരുമിനിച്ചിരുന്നുവെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.