ഒരു കെഎസ്ആർടിസി കണ്ടക്ടർ തൻ്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു യാത്ര(ഡ്യൂട്ടി)യുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു. ഒന്ന് വായിക്കാം..
“കെഎസ്ആർടിസി ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിനമായിരുന്നു അന്ന്. ശനിയാഴ്ച ‘രാവിലെ 4.40 ന് വണ്ടി കാസർകോഡ് നിന്ന് പുറപ്പെട്ടു.സാമാന്യം നല്ല ആൾ: ട്രെയിനില്ല: കണ്ണൂരെത്തിയപ്പോൾ ഒരു വണ്ടി ബി.ഡി ആയി കിടക്കുന്നു അതിന്റെ ആളെയും എടുത്ത് യാത്ര. ദുരന്തമുഖത്ത് ആളും അർത്ഥവും നഷ്ടപ്പെട്ടവർ പല ദുരന്ത വാർത്തകളും ഫോണിലൂടെ കൈമാറുന്നു. ‘ഉറ്റവരെ കുറിച്ച് വിവരമില്ലത്തവർ വിതുമ്പുന്നു. ആകെ കാണുമ്പോൾ മനസ്സ് സ്വസ്ഥമാകുന്നില്ല.കോഴിക്കോട്ട് നിന്ന് തൃശൂരിലേക്ക് വണ്ടി ഇല്ലാതെ 500 ഓളം പേർ. പരമാവധി പേരെ കയറ്റി ഞങ്ങൾ യാത്ര തുടരവെ മലപ്പുറം ജില്ലയിലെ കുരിയാട് വെച്ച് ടയർ പഞ്ചറായി. മലപ്പുറം ഡിപ്പോയിൽ വിളിച്ച് കാര്യം പറഞ്ഞു: അവർ പറഞ്ഞു. ഞങ്ങളുടെ ഡിപ്പോ തുരുത്തായി മാറി. വരണമെങ്കിൽ 80 കിലോ മീറ്റർ ചുറ്റിവരണം മറ്റ് വണ്ടിയിൽ കയറ്റി വിടാൻ പറഞ്ഞു.
പക്ഷെ വണ്ടികൾ ഓടുന്നില്ല. 2 മണിക്കുർ കാത്തു നിന്നിട്ടു അവരെ കാണുന്നില്ല. അവരുടെ നമ്പർ ഒന്ന് പറയു, ഞാൻ RT0 ആണ് എന്നു ഒരു യാത്രക്കാരൻ പറഞ്ഞു. അദ്ദേഹം ഫോൺ വിളിച്ചു. മറുതലയിൽ DTO ആണ് സംസാരിച്ചത്. കാര്യങ്ങൾ വിശദികരിച്ച് കഴിയുമ്പോൾ വണ്ടി എത്തി. കൊണ്ടുവന്നത് മൊട്ട ടയർ. അത് മാറ്റി പിന്നെയും യാത്ര. ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്നു കാരണം മലിനജലം. അതിനിടയിൽ ഒരു പാസുകാരനെ കണ്ടു MLA സ: വിശ്വൻ. അദ്ദേഹത്തിന് ഇരിക്കുവാനായി ഞാൻ കണ്ടക്ടർ സീറ്റ് ഒഴിഞ്ഞുകൊടുക്കുവാനായി എഴുന്നേറ്റപ്പോൾ അദ്ദേഹം നിരസിച്ചു. കുന്നംകുളത്തിനപ്പുറം റോഡ് വെള്ളo നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു അപ്പോൾ. ഞങ്ങൾ വടക്കാഞ്ചേരി വഴി യാത്ര തുടർന്നു. ഉരുൾപൊട്ടി നാമാവശേഷമായ പാതയിലൂടെ ആയിരുന്നു യാത്ര. തുടർന്ന് വൈകുന്നേരം 6 മണിക്ക് തൃശുരിൽ എത്തി. അപ്പോഴേക്കും ടയർ വീണ്ടും പണിതന്നു. തൃശ്ശൂർ ഡിപ്പോ എൻജിനീയറെ കണ്ട് ടയർ മാറ്റിച്ചു.
7 മണിക്ക് തിരിച്ച് യാത്രയാരംഭിച്ചു. ബസ് full Load ആയിരുന്നു. അതിനിടയിൽ ടിക്കറ്റിന് കാശില്ലാത്ത രണ്ടു പേർ ഉണ്ടായിരുന്നു ബസ്സിൽ. അവർക്കായി സഹയാത്രികരായ കാസർകോട്ടുള്ള കോളജ് വിദ്യാർത്ഥികൾ ബസിൽ നിന്ന് പിരിവെടുത്തു തന്നു. 11 മണിയോടെ കോഴിക്കോട് എത്തിയപ്പോൾ ഭക്ഷണം കിട്ടി. അപ്പോഴും കാസർകോട് വരെ നിന്ന് യാത്ര ചെയ്യാൻ ആൾക്കാർ തയ്യാർ. അതിനിടയിൽ പോക്കറ്റടിയും ബാഗ് നഷ്ടപെടലും ഒക്കെ ബസ്സിൽ നടന്നു. കണ്ണൂരിൽ നിന്ന് എണ്ണയടിച്ച് വീണ്ടും യാത്ര തുടർന്നു. അങ്ങനെ MLA യെയും RTO വിനെയും കോഴിക്കോട് DTO വിനെയും ലക്ഷ്യസ്ഥാനത്ത് എത്തിച്ച എന്റെ വണ്ടി കാസർകോഡ് എത്തുമ്പോൾ പുലർച്ചെ 4.30 ആയിരുന്നു. അപ്പോഴും എന്റെ പ്രിയപ്പെട്ട ഡ്രൈവർ സജീ കുര്യൻ 24 മണിക്കൂർ ൈഡ്രവിങ്ങിന്റെ യാതൊരു പരിഭവമില്ലാതെ ‘സ്നേഹം പങ്കുവെച്ചു പിരിഞ്ഞു പോയി’ സജീകുര്യൻ സർ നിങ്ങളാന്ന് ഇന്നത്തെ എന്റെ ഹിറോ. ഈയൊരു യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ്.