“ഹാജി മസ്താൻ സലാം വെയ്ക്കും വീരൻ പാപ്പൻ ഷാജി പാപ്പാൻ…” ആട് എന്ന സിനിമയിലെ ജയസൂര്യയുടെ ഇൻട്രോ സോംഗ് ഓർമ്മയില്ലേ? ഇതിൽ പറഞ്ഞിരിക്കുന്ന ഈ ഹാജി മസ്താൻ ആരാണ്? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇത്? ബോംബെയിലെ ആദ്യത്തെ സെലിബ്രിറ്റി അധോലോക നായകനാണ് ഹാജി മസ്താൻ. ബോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന രീതിയിലുള്ളതായിരുന്നു ഹാജി മസ്താന്റെ ജീവിതവും. അത് നമുക്കൊന്ന് നോക്കാം.
ആയിരത്തി തൊള്ളായിരത്തി അമ്പതുകൾ..അന്ന് മുംബൈ ആയിട്ടില്ല .. ബോംബൈ …. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ബോംബൈയിലേക് ഒഴുകി എത്തി …അന്നേ സാമ്പത്തിക തലസ്ഥാനം എന്ന പദവി സ്വന്തം … മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ഉൾനാടൻ മേഖലയിലെ യുവാക്കൾ ഈയം പാറ്റകളെ പോലെ ബോംബൈയിലേക് ഒഴുകി എത്തി.. സിനിമ സ്വപ്നങ്ങളും ബിസിനസ് സ്വപ്നങ്ങളും അന്നന്നത്തെ അന്നത്തിനു വേണ്ടിയും മഹാ തെരുവുകളിൽ അവർ അലിഞ്ഞു ചേർന്നു …അവരുടെ കണ്ണുകളിൽ ബോംബൈ എന്നാൽ അവസരങ്ങളുടെ മഹാസമുദ്രം ആയിരുന്നു . ബോംബെയ്ക്ക അന്നും ഇന്ത്യയുടെ മുഖമായിരുന്നു .. നാനാ ജാതി ജനങ്ങൾ.
വന്നവരിൽ പലർക്കും വേണ്ടത്ര വിദ്യാഭ്യാസമോ തൊഴിൽ പരിചയമോ ഉണ്ടായിരുന്നില്ല . കിട്ടിയ ജോലി ചെയ്തും കഷ്ടപ്പെട്ടും പലരും കഴിഞ്ഞു കൂടി. ബോംബൈക്ക് അന്ന് കുറ്റകൃത്യത്തിന്റെ മഹാനഗരം എന്ന സ്ഥാനം ലഭിച്ചിരുന്നില്ല. അധോലോകത്തിന്റെ വേര് മുളച്ചിട്ടും ഉണ്ടായിരുന്നില്ല . പോക്കറ്റടിയും തെരുവുകളിലെ അടി പിടിയും ആയിരുന്നു പ്രധാന പണികൾ. തുറമുഖങ്ങളിൽ കൂലികളുടെ കൈയിൽ നിന്ന് പിരിവു നടത്തിയും ചില ചട്ടമ്പികൾ ഉദയം ചെയ്തു.
അക്കാലങ്ങളിൽ സൗത്ത് ഇന്ത്യയിൽ നിന്നും കുറെയേറെ പേര് ബോംബെയിൽ കുടിയേറി പാർത്തു . പ്രധാനമായും തമിഴ്നാട്ടുകാരും മംഗലാപുരംകാരും . അവർ പൊതുവെ മദ്രാസികൾ എന്ന് അറിയപ്പെട്ടു. തമിഴ്നാട്ടിലെ പന്നൈകുളം നിന്ന് ഹൈദർ മിർസയും തന്റെ കുടുംബത്തിന് ഒപ്പം ബോംബൈയിൽ എത്തിപ്പെട്ടു ഒരു പുതിയ ജീവിതം തേടി. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ എട്ടുവയസുകാരൻ മകനും ഉണ്ടായിരുന്നു . ഒരു പൂച്ചക്കണ്ണൻ മകൻ. അതായിരുന്നു ഹാജി മസ്താൻ.
1- ബോംബെയിലേക്കുള്ള വരവ് : കൂടല്ലൂരിലെ പന്നൈകുളത്ത് നിന്ന് 1934ലാണ് ഹൈദര്‍ മിര്‍സ മകന് മസ്താനുമായി ബോംബെയിലേക്ക് വണ്ടി പിടിക്കുന്നത്. ബോംബെ മഹാനഗരം ഒരു ശരാശരി ഇന്ത്യയ്ക്കാരന്റെ സ്വപ്നമായിരുന്ന കാലം. ആ മഹാനഗരത്തിന്റെ തൊഴിലിടങ്ങളിലേക്ക് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയ ലക്ഷക്കണക്കിന് പേരില്‍ ഒരാളായിരുന്നു ഹൈദര്‍ മിര്‍സ. എട്ടുവയസ്സിന്റെ ഇളപ്പമേയുള്ളൂ മസ്താന്. പല തൊഴിലിടങ്ങളൂടെ നടന്നു പോയ കാലത്തിന് ശേഷം, ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ബംഗാളിപുരയില്‍ ഹൈദര്‍ മിര്‍സ ഒരു സൈക്കിള്‍ മെക്കാനിക് കട തുടങ്ങി. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ജോലി. അഞ്ചു രൂപ ശമ്പളം.
കടയില്‍ നിന്ന് ഗ്രാന്‍ഡ് റോഡ് വഴിയുള്ള റോഡിലൂടെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ തന്നെ കടന്നു പോകുന്ന വലിയ കാറുകളിലേക്ക് കണ്ണോടിച്ചു ആ കൊച്ചുബാലന്. വഴിയരികിലെ ആല്‍ഫ്രഡ്, നോവല്‍റ്റി തിയേറ്ററുകളിലേക്ക് കണ്ണുപായിച്ചു. മലബാര്‍ ഹില്‍ ബംഗ്ലാവുകളില്‍ നിന്ന് ഇറങ്ങി വരുന്ന കാറുകളിലേക്കും ചളിപുരണ്ട തന്റെ കൈകളിലേക്കും പലപ്പോഴും മാറി മാറി നോക്കി അവന്. ഒരിക്കല്‍ ഈ കാറുകളിലെ സുഖശീതളിമയില്‍ ഇരുന്നു യാത്ര ചെയ്യുന്നത് അവന് സ്വപ്നം കണ്ടു.
2- മുംബൈ തുറമുഖത്തെ പോര്‍ട്ടര്‍ : 18-ാം വയസ്സിന്റെ ചോരത്തിളപ്പില്‍ മസ്താന് സൈക്കിള്‍ ഷോപ്പിലെ ജോലിയുപേക്ഷിച്ചു. 1944ല്‍ ബോംബെ തുറമുഖത്തില്‍ അപ്പോഴേക്കും ഒരു ജോലി ശരിയായിരുന്നു. ഈഡന്, ദുബൈ, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് വരുന്ന കണ്ടെയ്നര്‍ കപ്പലുകളില്‍ നിന്ന് ചുമടിറക്കുകയായിരുന്നു തൊഴില്‍. ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന കാലമാണ്. ചരക്കിന് വന്‍ ഇറക്കുമതി തീരുവായാണ് ബ്രിട്ടീഷ് ഭരണകൂടം ചുമത്തിയിരുന്നത്. അതുകൊണ്ടു തന്നെ സാധനങ്ങളുടെ വിലയും കൂടി. വില്‍പ്പന നികുതി കുറച്ചാല്‍ അവയുടെ വില കുറയുമായിരുന്നു.
3 – കംസ്റ്റംസിന്റെ കണ്ണുവെട്ടിക്കുന്നു : കംസ്റ്റംസിലെത്താതെ ചരക്കുകള്‍ പുറത്തേക്കു പോയാല്‍ ഇവ ചെറിയ വിലയ്ക്കു വില്‍ക്കാമെന്ന് മസ്താന് മനസ്സിലാക്കി. അക്കാലത്ത് ഫിലിപ്സിന്റെ റേഡിയോകളും വിദേശവാച്ചുകളുമായിരുന്നു ബോംബെയില്‍ പ്രിയം. കസ്റ്റംസിനെ വെട്ടിച്ച് ഇവ പുറത്തേക്കെത്തിച്ചാല് ലാഭത്തിലൊരു പങ്ക് തരാമെന്ന് ഇന്ത്യന്‍ വില്‍പ്പനക്കാര്‍ ചട്ടം കെട്ടുകയും ചെയ്തു. ബ്രിട്ടീഷുകരോട് ഈ ‘ചതി’ ചെയ്യാമെന്ന് വിശ്വസിച്ച ആളായിരുന്നു മസ്താന്. പതിയെ ബോംബെ തുറമുഖത്ത് മസ്താന് വഴി ഒരു അനധികൃത ചാനല്‍ രൂപപ്പെട്ടു.
4- ശൈഖ് മുഹമ്മദ് അല്‍ ഗാലിബിന്റെ വരവ് ; 15 രൂപയായിരുന്നു മാസശമ്പളം. നികുതി വെട്ടിച്ചു കിട്ടുന്ന കുറച്ചു പണം വേറെയും. ഇക്കാലത്താണ് ശൈഖ് മുഹമ്മദ് അല്‍ ഗാലിബ് എന്ന അറബ് സ്വര്‍ണ വ്യാപാരിയെ മസ്താന് പരിചയപ്പെടുന്നത്. ഊര്‍ജ്വസ്വലതയുള്ള ഒരു യുവാവിനെ പരതുകയായിരുന്നു ഗാലിബും. കള്ളക്കടത്ത് എങ്ങനെ നടത്തണമെന്ന് മസ്താന് ക്ലാസെടുത്തു കൊടുത്തത് ഗാലിബായിരുന്നു. പോര്‍ട്ടറായിരുന്ന മസ്താന്റെ തലേക്കെട്ടില്‍ സ്വര്‍ണബിസ്കറ്റും അടിവസ്ത്രത്തില്‍ വാച്ചും ഒളിച്ചുകടത്താമെന്നായിരുന്നു ക്ലാസ്. മസ്താന് ഇതു ബോധിച്ചു. ചെറിയ കടത്തുകള്‍ മാത്രമുണ്ടായിരുന്ന മുംബൈ തുറമുഖത്ത് ഒരു മാഫിയാ തലവന്‍ രൂപപ്പെടുകയായിരുന്നു. മസ്താന് 15 രൂപ മാസം കിട്ടേണ്ടിടത്ത് 50 രൂപ കിട്ടിത്തുടങ്ങി.
5- ഷേര്‍ഖാനുമായുള്ള ഉരസല്‍ : തുറമുഖത്തിനടുത്തുള്ള പ്രാദേശിക ഗുണ്ടയായിരുന്നു ഷേര്ഖാന് പത്താന്. ഇടയ്ക്ക് തുറമുഖത്തിനുള്ളില്‍ വന്ന് പോര്‍ട്ടര്‍മാരുടെ പക്കല്‍ നിന്ന് പണം ഭീഷണിപ്പെടുത്തി വാങ്ങുന്ന ‘വിനോദം’ പത്താനുണ്ടായിരുന്നു. അന്ന് തൊഴിലാളികള്‍ക്ക് യൂണിനയൊന്നുമില്ലാത്ത കാലമാണ്. പത്താനെതിരെ മസ്താന് തൊഴിലാളികളുടെ കൂട്ടായ്മയുണ്ടാക്കി. പതിവായി വെള്ളിയാഴ്ച ഗുണ്ടാ പിരിവിനെത്തുന്ന ഷാര്ഖാന്റെ സംഘത്തെ മസ്താനും സംഘവും കായികമായി നേരിട്ടു. ആള്‍ബലത്തില്‍ കുറവായിരുന്നു ഷേര്‍ഖാനും സംഘവും ജീവനും കൊണ്ട് രക്ഷപ്പെട്ടു. മസ്താന് പതിയെ തൊഴിലാളികള്‍ക്കിടയില്‍ ഹീറോ ആകുകയായിരുന്നു. ഇതോടെ ശൈഖ് മുഹമ്മദ് അല്‍ ഗാലിബ് തന്റെ ലാഭത്തിന്റെ പത്തു ശതമാനം മസ്താനു നല്കാന് ആരംഭിച്ചു. എന്നാല്‍ അധികം വൈകാതെ ഗാലിബ് അറസ്റ്റിലായത് മസ്താനെ തളര്‍ത്തി.
6- മൂന്നു വര്‍ഷം തുറക്കാതെ സ്വര്‍ണ ബിസ്കറ്റിന്റെ പെട്ടി : ഗാലിബ് അറസ്റ്റിലാകുന്ന വേളയില്‍ അദ്ദേഹത്തിനായുള്ള സ്വര്‍ണ ബിസ്കറ്റ് നിറച്ച പെട്ടി കടത്തുകയായിരുന്നു മസ്താന്. അ്ദ്ദേഹം തടവിലായതോടെ, ആ സ്വര്‍ണപ്പെട്ടി സ്വന്തം വീട്ടില്‍ കൊണ്ടു പോയി സൂക്ഷിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ഗാലിബ് ജയില്‍ മോചിതനായപ്പോള്‍ അത് അദ്ദേഹത്തിന് നല്കി വിശ്വാസ്യതയുടെ മാറ്റ് തെളിയിച്ചു മസ്താന്. ഗാലിബ് കള്ളക്കടത്തിടപാട് നിര്‍ത്തിയില്ല. വിശ്വസിക്കാനാവുന്ന ഒരു പങ്കാളിയെ കിട്ടിയതോടെ കച്ചടവം 50-50യായി. ഗാലിബ് ഈഡന്, ദുബൈ, ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെത്തി സ്വര്‍ണം ബോംബെയിലേക്ക് അയക്കും. മസ്താന് അതുവില്ക്കും. 1956ല്‍ മസ്താന് ഗുജറാത്ത്് കള്ളക്കടത്തുകാരനായ സുകുര്‍ നാരായണ്‍ ബാഖിയയുമായി ബന്ധം സ്ഥാപിച്ചു. ദാമന്‍ പോര്ട്ടായിരുന്ന ബാഖിയയുടെ കേന്ദ്രം.
7- കരിംലാലയും വരദരാജന് മുതലിയാറുമെത്തുന്നു : പണം മാത്രമല്ല ശക്തിയെന്ന് തിരിച്ചറിഞ്ഞ മസ്താന് നഗരത്തിലെ ഒന്നാം കിട റൗഡികളായ കരീംലാലയുമായും വരദരാജ മുതലിയാറുമായും ബന്ധം സ്ഥാപിച്ചു. മദ്രാസിയായി മുതലിയാറുമായുള്ള ബന്ധം മസ്താന്റെ തലവര മാറ്റിമറിച്ചു. നിഷ്ഠുരമായ ആക്രമണങ്ങള്‍ക്ക് പേരു കേട്ട മാഫിയാ തലവനായിരുന്നു മുതലിയാര്‍. കൈയില്‍ ധാരാളം പണമെത്തിയതോടെ, വലിയ കാറുകള്‍ സ്വപ്നം കണ്ടു നടന്നിരുന്ന ആ സൈക്കള് മെക്കാനിക്ക് ബോംബെയിലെ മലബാര്‍ ഹില്‍സില്‍ വലിയൊരു വീടുവാങ്ങി.
8- അടുപ്പക്കാരായ ബച്ചനും സഞ്ജയ്ഗാന്ധിയും : ദീവാര്‍ എന്ന ബച്ചന് സിനിമ ഹാജി മസ്താനെ കുറിച്ചായിരുന്നു. തന്റെ റോള്‍ ഭംഗിയാക്കാന്‍ കഥാപാത്രത്തിന്റെ മാന്നറിസങ്ങള്‍ മനസ്സിലാക്കാനും ബച്ചന് മസ്താന്റെ അടുത്തെത്തിയിരുന്നതായി പറയപ്പെടുന്നു. ബോളിവുഡിലെ പല പടങ്ങള്‍ക്കും മസ്താന് പണം മുടക്കി. ദിലീപ്കുമാര്, രാജ് കപൂര്‍, ധര്‍മേന്ദ്ര്, ഫിറോസ് ഖാന്, സഞ്ജീവ് കുമാര്‍ തുടങ്ങിയ അക്കാലത്തെ പ്രമുഖ നടന്മാരുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു. രാഷ്ട്രീയക്കാരുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ബോംബെയില്‍ വരുമ്പോള്‍ സഞ്ജയ് ഗാന്്ധി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
9- ഒരു ബുള്ളറ്റു പോലും തൊടുക്കാത്ത കള്ളക്കടത്തുകാരന് : ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ കരീം ലാലയെപ്പോലെയോ ഒരാളെപ്പോലും ഹാജി മസ്താന് വകവരുത്തിയിട്ടില്ല. ഒരു ബുള്ളറ്റു പോലും തൊടുത്തിട്ടില്ല. ബുദ്ധി കൊണ്ടായിരുന്നു മസ്താന്റെ ബിസിനസ്. തന്നെ വിശ്വസിച്ചവര്‍ക്ക് ചങ്കു പറിച്ചു കൊടുക്കുന്ന സ്വഭാവം. മസ്താന്റെ ദത്തു പുത്രന് സുന്ദര്‍ശേഖര്‍ ഒരു സംഭവം വിവരിക്കുന്നതിങ്ങനെ; ‘ പിതാവിന്റെ സഹായത്തോടെ ഒരാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. പിതാവ് രക്ഷപ്പെട്ടപ്പോള്‍ ഇയാള്‍ കസ്റ്റംസ് പിടിയിലായി. മൂന്നു വര്‍ഷം കോടതി അയാളെ ജയിലിലടച്ചു. അയാള്‍ ജയില്‍ മോചിതനായ ശേഷം എല്ലാ സ്വര്‍ണവും അയാള്‍ക്ക് തിരിച്ചു കൊടുക്കുകയായിരുന്നു മസ്താന്’
10- അടിയന്തരാവസ്ഥയുടെ വരവ് : അടിയന്തരാവസ്ഥയില്‍ മസ്താന് അറസ്റ്റിലായി. ജയില്‍ മോചിനായ ഉടന്‍ ഷാജഹാന് ബീഗത്തെ കല്യാണം കഴിച്ചു. അവര്‍ക്ക് മൂന്നു കുട്ടികളുണ്ടായി. ജനതാ പാര്‍ട്ടി നേതാവ് ജയ്പ്രകാശ് നാരയണിന്റെ സ്വാധീനത്തില്‍ കള്ളക്കടത്ത് ഉപേക്ഷിച്ചു. ഹജ്ജിന് പോയി, ഭക്തനായ മുസ്്ലിമായി തിരിച്ചുവന്നു. പിന്നീട് സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ദളിത് നേതാവ് ജോഗേന്ദ്ര കവാഡെയുടെ കൂടെ ദളിത് മുസ്്ലിം സുരക്ഷാ മഹാസംഘ് എന്ന രാഷ്ട്രീയ കക്ഷി രൂപീകരിച്ചു. 1994 മെയ് ഒമ്പതിന് ഹാജി എന്നും സുല്‍ത്താന്‍ എന്നും ആളുകള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന മസ്താന് അന്തരിച്ചു.
കടപ്പാട് : ഡോന്‍ഗ്രി ടു ദുബൈ: സിക്സ് ഡികേഡ്സ് ഓഫ് ദ മുംബൈ മാഫിയ- ഹുസൈന് സൈദി, http://www.nowit.in, ഗിരീഷ് കുമാർ (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).