വരികൾ: ജിജോ എസ് ക്രിസ്റ്റഫർ
ഓരോ ചിത്രങ്ങൾക്കും ഒരായിരം കഥകൾ പറയുവാൻ ഉണ്ട്… അത്തരം ഒരു ചിത്രത്തിലെ നായികയെ തേടി മൂന്നാറിലേക്ക്… “കുറിഞ്ഞിയെത്തേടി… ഒരു മൂന്നാർ കിനാവ്.” കുറിഞ്ഞിയെ തേടി ഉള്ള യാത്ര കുറേകാലത്തെ സ്വപ്നം ആയിരുന്നു. പ്രളയം തകർത്ത മൂന്നാറിലെ കുറിഞ്ഞിയ തേടി ഉള്ള യാത്ര… 18ന് പോകണം എന്ന് തീരുമാനത്തിന് ഹർത്താൽ വില്ലനായി. അതിനാൽ 19ന് പുറപ്പെടാൻ ഞങ്ങൾ തീരുമാനിച്ചു.
കൊല്ലം ജില്ലയിൽ നിന്ന് എങ്ങോട്ട് പോകേണമെങ്കിലും ആദ്യം നോക്കുക എല്ലായിടത്തേക്കും KSRTC സൗകര്യം ഉള്ള നമ്മുടെ KL 24 കൊട്ടാരക്കര നിന്നും ആണ്. പതിവ് യാത്രകൾ പോലെ ആളുകളുടെ എണ്ണം മാറിമറിഞ്ഞു അവസാനം 4 പേരായാണ് ഞങ്ങൾ കൊട്ടാരക്കര നിന്നും യാത്ര തുടങ്ങിയത്. 7:15ന് പുറപ്പെടേണ്ട വണ്ടിയെത്തേടി 6 മണിക്ക് തന്നെ ഞങ്ങൾ സ്റ്റാൻഡിൽ എത്തി. പറഞ്ഞതുപോലെ കൃത്യം 7 മണിക്ക് തന്നെ ആനവണ്ടി എത്തി, ആദ്യമേ ഞങ്ങളുടെ സീറ്റുകൾ കണ്ടെത്തി ബാഗുകൾ ഒതുക്കി യാത്രക്ക് ഉള്ള ആദ്യ കടമ്പ കടന്നു. ബസ് എടുക്കുമ്പോൾ തന്നെ അത്യാവശ്യം തിരക്ക് ഉണ്ടായതിനാൽ ബുക്ക് ചെയ്തു യാത്ര തുടങ്ങിയത് നല്ല തീരുമാനയി.
വെളുപ്പിനെ വീട്ടിൽ നിന്നും ഇറങ്ങിയ ക്ഷീണം തീർക്കാൻ ഞങ്ങൾ ഉറക്കത്തിലേക്ക് ഇടക്കുന്നരുമ്പോൾക്കും പല മുഖങ്ങൾ മാറി വരുന്നത് തിരിച്ചറിഞ്ഞിരുന്നു. തിരുവല്ല-കോട്ടയം ഭാഗങ്ങളിലെ തിരക്ക് ഒഴിച്ചാൽ സുഖയാത്ര ആയിരുന്നു. ഉച്ചക്ക് അടിമാലിയിൽ നിന്നും ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ. കേരളത്തിലെ സഞ്ചാരികളുടെ പറുദീസ ആയ മൂന്നാറിലേക്ക്…
അടിമാലിയിൽ നിന്നും തന്നെ പ്രളയത്തിന്റെ അവശേഷിപ്പുകൾ കാണാമായിരുന്നു. മിക്കയിടത്തും മണ്ണിടിച്ചിൽ.റോഡ് പണി പുരോഗമിക്കുന്നു. എതിരെ വലിയ വാഹനങ്ങൾ വന്നാൽ ഞങ്ങളുടെ ആനവണ്ടി ബുദ്ധിമുട്ടുന്ന കാഴ്ച. 2:15ന് മൂന്നാർ എത്തിക്കാം എന്നു ഏറ്റ ആനവണ്ടി മൂന്നാർ ടൌൺ എത്തിയപ്പോൾ 3:30 ആയി. ഞങ്ങളുടെ ആദ്യ ലൊക്കേഷനും താമസവും മറയൂർ ആയതിനാൽ കാത്തിരുന്നു. 1 മണിക്കൂർ കൊണ്ട് മൂന്നാർ നിന്നും മറയൂർ എത്തേണ്ട വണ്ടി മറയൂർ എത്തിയത് 7 മണിക്ക് മൂന്നാർ നിന്നും രാജമലയിലേക്ക് ഉള്ള ബ്ലോക് ആയിരുന്നു കാരണം. മൂന്നാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാർക്കിങ് ആണെന്ന് തോന്നിപ്പോകും. രാജമലയിലേക്ക് വരുന്ന വാഹനങ്ങളുടെ നീണ്ട നിര ഒരു വശത്തുകൂടി മാത്രം കഷ്ടിച്ചു വാഹനങ്ങൾക്ക് പോകാൻ പറ്റുന്ന അവസ്ഥ തീർത്തിരിക്കുന്നു. ഇരവികുളത്തെ ടിക്കറ്റിനായി ഉള്ള നീണ്ട നിര കണ്ടപ്പോൾ തന്നെ അവിടെ നീലക്കുറിഞ്ഞികാണാൻ പറ്റില്ല എന്ന് ഉറപ്പിച്ചു.
കൃത്യം 7 മണിക്ക് മറയൂർ എത്തി. ചെന്നിറങ്ങിയതും നിർത്താതെ ഉള്ള മഴ തുടങ്ങി. ഞങ്ങളെ വരവേൽക്കാൻ പ്രകൃതി ഒരുങ്ങിയതാണോ അതോ പ്രകൃതിക്ക് ഞങ്ങളുടെ വരവ് ഇഷ്ടപ്പെടാത്തതോ.. രണ്ടാമത്തതായാണ് ഞങ്ങൾക്ക് തോന്നിയത് കാരണം ആദ്യ ദിവസം എത്തി മറയൂർ കറങ്ങാൻ ഉള്ള ഞങ്ങളുടെ പ്രതീക്ഷകളാണ് തകർന്നത്. മൂന്നാർ എത്തിയതും ഞങ്ങൾ ഷൈനിചേച്ചിയെ വിളിച്ചു. കൊല്ലത്ത് ജോലി ചെയ്യുന്ന മറയൂർകാരിയാണ് ചേച്ചി. നീലക്കുറിഞ്ഞി കാണാൻ ഞങ്ങൾ കൊളുക്കുമല പ്ലാൻ ചെയ്തപ്പോൾ ഇങ്ങുപോരെ മറയൂർ കാണാം നീലക്കുറിഞ്ഞി എന്നു ചേച്ചിയും. പിന്നെ ഒന്നും ഞങ്ങൾ നോക്കിയില്ല.
ചേച്ചി കൊല്ലത്ത് ആണെങ്കിലും എല്ലാം അവിടെ ഏല്പിച്ചിരുന്നു. അവിടെ ഒരു ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജഗദീഷ് എന്ന മൂന്നാർകാരൻ ഞങ്ങളെ കാത്തിരുന്നു. ഞങ്ങൾ മറയൂർ എത്തി എന്നറിയിച്ചപ്പോൾ തന്നെ ചേച്ചി ജഗദീഷ്ചേട്ടനെ വിളിച്ചറിയിച്ചു പുള്ളി വണ്ടിയുമായി വന്നു ഞങ്ങളെ വരവേറ്റു. മറയൂർ ഉള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി വീട്ടിൽ എത്തി. അത്യാവശ്യം എല്ലാവിധ സൗകര്യങ്ങൾ ഉള്ള വീട് ചേച്ചി ഞങ്ങൾക്ക് ആയി വൃത്തിയാക്കി ഇട്ടിരുന്നു. ആൾ താമസം ഇല്ല എന്ന് ഒരിക്കലും തോനിക്കില്ല.
ഞങ്ങൾ അവിടെ ഉള്ള ഒരു ജീപ്പിനെ വിളിച്ചു പിറ്റേന്ന് ഉള്ള കാര്യങ്ങൾ തിരക്കി ജീപ്പിൻ 3500 കൊടുക്കണം അതു കൂടാതെ അയാൾ രാജമല ടിക്കറ്റ് എടുത്തു തരാം ആൾ ഒന്നിന് 400 രൂപ . വേറെ നിവർത്തി ഇല്ലാത്തതിനാൽ ഞങ്ങൾ സമ്മതിച്ചു. അപ്പോഴേക്കും ജഗദീഷ് ഏട്ടൻ എത്തി ഏതായാലും പൂജഅവധി ആണ് പുള്ളിയുടെ വർക്ക്ഷോപ് ഇല്ല. അദ്ദേഹം ഞങ്ങളോടൊപ്പം വരാം എന്ന് പറഞ്ഞു. ഉടൻ തന്നെ ഞങ്ങൾ ജീപ്പ് വിളിച്ചു ക്യാൻസൽ ചെയ്തു. പിറ്റേന്നു രാവിലെ 7 മണിക്ക് ഇറങ്ങാം എന്ന് ഉറപ്പിച്ചു ഞങ്ങൾ ഉറക്കത്തിലേക്ക് വീണു.
കൃത്യം 5 മണിക്ക് ഞങ്ങൾ എഴുന്നേറ്റ് എല്ലാരും റെഡി ആയി. ഞങ്ങളുടെ സ്വന്തം പാചകത്തിൽ രാവിലത്തെ ആഹാരം തയ്യാർ. 6മണിയോടെ മറയൂർ ഒന്നു ചുറ്റികാണാൻ ഇറങ്ങി ഞങ്ങൾ താമസിച്ചതിനു നേരെ എതിർ വശത്തു മുനിയറ ഉണ്ട് എന്നറിഞ്ഞു ആ മല കയറി ഒറ്റ പാറയിൽ നിൽക്കുന്ന ആ മല കയറിയത്തിന്റെ ക്ഷീണം മുകളിലെ സൂര്യനെ കണ്ടപ്പോൾ തീർന്നു. മൂന്നാറിലെ സൂര്യോദയം ഒരിക്കൽ എങ്കിലും കാണേണ്ടതാണ്. കൊളുക്കുമലയിലെ സൂര്യോദയത്തിലെ അതേ അനുഭവം ആണ് ഇവിടെയും ഉണ്ടാകുക.മലക്ക് മുകളിലേക്ക് വലിഞ്ഞു കയറി വരുന്ന സൂര്യനെ കാണുമ്പോൾ എത്ര ക്ഷീണം ഉണ്ടേലും മറക്കും. കുറച്ചു നേരം ഇരുന്നിട്ട് ഞങ്ങൾ താഴേക്ക് ഇറങ്ങി.
7 മണിക്ക് തന്നെ ജഗദീഷ്ചേട്ടൻ തയ്യാറായി ഞങ്ങളുടെ ആദ്യ സ്ഥലത്തേക്ക്. തലേന്ന് ഞങ്ങളോടൊപ്പം കൂടിയ ടവേറെ തന്നെ ആയിരുന്നു കൂട്ട്. പോകുന്ന വഴിയിലെ ഓരോ മല നിരയും ചൂണ്ടി ഇവിടം നീലക്കുറിഞ്ഞി പൂത്തു കിട്ടുന്നതാണ് എന്ന അയാൾ പറഞ്ഞപ്പോൾ ഒരു 10 ദിവസം മുന്നേ എങ്കിലും വരാത്തതിൽ ഞങ്ങൾക്ക് വിഷമം തോന്നി. അരമണിക്കൂറിനുള്ളിൽ ലക്കം വെള്ളച്ചാട്ടത്തിൽ, തലേന്ന് അതുവഴി പോയപ്പോൾ തന്നെ ഞങ്ങളുടെ മനം കവർന്ന ലക്കം രാവിലെ അതിസുന്ദരി ആയി കാണപ്പെട്ടു.
ഞങ്ങൾ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. കുറെ വനരന്മാർ മാത്രം ഞങ്ങൾക്ക് കൂട്ട്. തുണി അവർ കൊണ്ട് പോകാതിരിക്കാൻ ഒതുക്കി വച്ചു ഞങ്ങൾ കുളിക്കാൻ ഇറങ്ങി. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ആ സമയത്തു. തണുപ്പമൂലം ശരീരം അനക്കാൻ പറ്റാത്ത അവസ്ഥ. ഒരു പക്ഷെ ഒരു തരം വേദന പോലെയും നമുക്ക് തോന്നാം എന്നാൽ കുറച്ചു കഴിയുമ്പോൾക്കും നമ്മൾ അതുമായി പൊരുത്തപ്പെട്ടിരിക്കും. അവിടെ വന്ന ഒരു സേലംകാരൻ ചേട്ടനെകൊണ്ട് ഞങ്ങളുടെ ഫോട്ടോ എടുത്തു നമ്പർ കൊടുത്തെങ്കിലും അത് ഇതുവരെ കിയറ്റിയില്ല (ഒരു പക്ഷെ ഇത് വായിക്കുന്നെങ്കിൽ അയക്കുക).
അവിടെനിന്നും ഞങ്ങൾ കുറിഞ്ഞിയെ തേടി യാത്ര ആരംഭിച്ചു. ആദ്യം പാമ്പൻമല എസ്റ്റേറ്റിൽ എത്തിയെങ്കിലും അവിടെ പുറത്തുനിന്നും ഉള്ള പ്രവേശനം അനുവദിക്കില്ല എന്നറിഞ്ഞു.തുടർന്ന് ജഗദീഷ് ഏട്ടന്റെ കൂട്ടുകാരന്റെ അടുത്തേക്ക് അവിടെ കയറാൻ ഉള്ള അനുമതി ഒപ്പിച്ചു തരാം പക്ഷെ ഉച്ചകഴിയണം എന്നു പറഞ്ഞു. പോകുന്ന വഴിക്കെല്ലാം പല തരം കുറിഞ്ഞികൾ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു. പോകുന്ന വഴിക്ക് അല്പനേരം നിർത്തി വഴിയരുകിൽ കണ്ട തോട്ടം തൊഴലികളെ സഹായിച്ചു ഞങ്ങൾ തിരിച്ചു. അട്ടയുടെ ആക്രമണം ആദ്യം ഉണ്ടായത് അവിടെ നിന്നുമാണ് എന്നാൽ വണ്ടിയിൽ വച്ച് അതിനെ കണ്ടെത്തിയതിനാൽ അവ അപകടകാരി ആയില്ല.
പിന്നെ, ഞങ്ങൾ നേരെ മാട്ടുപ്പെട്ടി ഡാമിലേക്ക്. ഒരു വർഷം മുന്നേ വന്നപ്പോൾ 3 മണിക്കൂറോളം ബ്ലോക്കിൻ കിടന്നു അവസാനം കാണാതെ പോകേണ്ടി വന്ന അവസ്ഥ ഇത്തവണയും ഉണ്ടാകുമോ എന്ന പേടിയോടെ ആണ് പോയത് എന്നാൽ കുറിഞ്ഞി സീസൺ ആയതിനാലാവാം അവിടേക്ക് അധികം തിരക്ക് ഇല്ലാതെ എത്തിപ്പെടാൻ സാധിച്ചത്. ഡാമിനെ ചുറ്റി കറങ്ങി ഫോട്ടോ എടുത്തു വരുന്ന വഴിക്ക് ഉണ്ടായ ബ്ലോക്ക് ആണ് ഞങ്ങൾക്ക് മുന്നിൽ കാട്ടാനകളെ 3 വട്ടം കാണിച്ചു തന്നത്. ആനയെ കാണാൻ നിരത്തിയ വണ്ടികളുടെ നിര തന്നെ ബ്ലോക്കുകൾ ഉണ്ടാക്കി തുടങ്ങി. ആന സഫാരി നടക്കുന്നിടത്തും കയറി മാട്ടുപ്പെട്ടിയോട് വിട പറഞ്ഞു. തുടർന്ന് ഏതോ എസ്റ്റേറ്റിനുള്ളിലെ പ്രൈവറ്റ്റോഡിലൂടെ ആയിരുന്നു ഞങ്ങളുടെ സഫാരി.
ജഗദീഷ്ചേട്ടന് ആ നാട്ടിൽ മുഴുവൻ പരിചയക്കാർ ആയതിനാൽ കടന്നു പോകാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഓഫ് റോഡുകളിൽ ഒരു മികച്ച ഡ്രൈവറുടെ കരുത്തിൽ ടവേര പാഞ്ഞു. ടാറ്റായുടെ എസ്റ്റേറ്റ് ആണെന്ന് പറയാനും പുള്ളി മറന്നില്ല. പ്രളയത്തിൽ മൂന്നാറിനെയും മറയൂറിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നപ്പോൾ ഈ വഴി ആയിരുന്നു അവർക്ക് ആശ്രയം. വഴിയരുകിൽ നിറയെ മരത്തിൽ പിടിക്കുന്ന കുറിഞ്ഞി കണ്ടു, നമ്മുടെ നാട്ടിലെ കാക്കപ്പൂവിനെ പോലെ ഒരെണ്ണം. നീലക്കുറിഞ്ഞിയെ എങ്ങും കാണാഞ്ഞതിനാൽ ഉള്ളതിന്റെ കൂടെ ഫോട്ടോ എടുത്തു ഞങ്ങൾ നീങ്ങി.
അങ്ങനെ ഞങ്ങൾ എട്ടാം മൈൽ എന്ന സ്ഥലത്തു എത്തി. എല്ലാരും ഉച്ചഭക്ഷണം കാടമുട്ട പുഴുങ്ങിയത് ആക്കി. കപ്പലണ്ടി പോലെ അവ അകത്താക്കാൻ മത്സരം ആയി. തുടർന്ന് ഞങ്ങളോട് ഉച്ചക്ക് ശേഷം എത്താൻ പറഞ്ഞ ആളെ തേടി യാത്ര തിരിച്ചു. മുകളിലേക്ക് കയറി ടവേര കുതിച്ചു കുതിച്ചു പൊങ്ങി കയറി. അതു അല്ലാതെ ആകെ ഞങ്ങൾ അവിടെ കണ്ടത് ജീപ്പും ട്രാക്ടറും മാത്രം. അവിടെ ജഗദീഷ് ചേട്ടന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് അവിടെയാണ് ഞങ്ങളുടെ ട്രാക്കിംഗ് ആരംഭിച്ചത്. പുറത്തുനിന്നും അരെയും കയറ്റാത്ത അവിടം ജഗദീഷ്ചേട്ടന്റെ കൂട്ടുകാരന്റെ ഗസ്റ്റ് ആയാണ് ഞങ്ങൾ എത്തിയത്.
അവിടെ ഉള്ള തലയുടെ വലിയ ആരാധകനായ വിജയ് ആണ് ഞങ്ങൾക്ക് ഒപ്പം വന്നത്. അവിടുത്തെ മുക്കും മൂലയും അവന് അറിയാം എന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത്. 2 മണിയോടെ ഞങ്ങൾ തേയിലതോട്ടങ്ങളിലൂടെ നടന്നു തുടങ്ങി. ഉയരം കൂടുന്തോറും ചായയുടെ സ്വാദ് മാത്രമല്ല. നടക്കാൻ ഉള്ള ബുദ്ധിമുട്ടും കൂടും എന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു. ഇതൊന്നും ഞങ്ങളുടെ വഴികാട്ടി വിജയ്ക്ക് ഓരോ പ്രശ്നമേ ആയില്ല.വഴി ഇല്ലാത്ത സ്ഥലത്തു ഞങ്ങൾ കയറുന്നത് വഴി എന്ന അവസ്ഥ.
കാലുകളിൽ എന്തോ തടയുന്നത് കണ്ടാണ് അട്ടയുടെ ആക്രമണങ്ങൾ തിരിച്ചറിഞ്ഞത്. വേറെ മുൻകരുതൽ ഒന്നും ഇല്ലാത്തതിനാൽ വലിച്ചെടുക്കുക മാത്രമേ നിവർത്തി ഉണ്ടായിരുന്നുള്ളു. എല്ലാവരുടെയും കാലിൽ നിന്നും ചോര ഒലിച്ചു തുടങ്ങി. അട്ടയുടെ കൂട്ട ആക്രമണം ഞങ്ങളെ ഒരു ഇടക്ക് തളർത്തി. ഇടക്ക് ഉള്ള ചെറു അരുവികളും വെള്ളചാട്ടങ്ങളിലും ഇറങ്ങി കാലും കഴുകി അട്ടയും കളഞ്ഞു ഞങ്ങൾ നീങ്ങി. കുത്തനെ ഉള്ള കയറ്റവും തണുപ്പും ഞങ്ങളെ തളർത്തിയിരുന്നു. അപ്പോഴേക്കും ആ മലയുടെ പകുതിയോളം ഞങ്ങൾ കീഴടക്കി. എങ്കിലും വിജയ്യെ ഒരു അട്ട പോലും കടിച്ചില്ല എന്നത് ഞങ്ങൾക്ക് ആശ്ചര്യം ആയി. കിതച്ചും കുതിച്ചും ഞങ്ങൾ മുകളിലേക്ക് പാഞ്ഞു കൊണ്ടിരുന്നു.
ആദ്യ കുറിഞ്ഞി കണ്ടപ്പോൾ തന്നെ ഞങ്ങൾ ഞങ്ങളല്ലാതായി മാറി. കുറിഞ്ഞികാട് എന്നു വേണം വിശേഷിപ്പിക്കാൻ. അടുത്ത വ്യാഴവട്ടക്കാലത്തും ഇതുപോലെ ശേഷിക്കാൻ നോക്കിക്കൊണ്ട് ഞങ്ങൾ സൂക്ഷിച്ചു നീങ്ങി. അട്ടയുടെ അകമ്പടിയോടെ കുറിഞ്ഞിയിലേക്ക്… മുകളിലേക്ക് മരങ്ങൾ ഇല്ല കുറിഞ്ഞി മാത്രം. ആർക്കും വിശ്വസിക്കാൻ ആവാത്തവിധം ഒരിക്കലും പ്രതീഷിക്കാത്ത ഈ അനുഭവത്തിനു നന്ദി പറയേണ്ടിയിരുന്നത് ജഗദീഷ് ചേട്ടനും അന്ന് പൂജ അവധി ആക്കി തന്ന ദൈവത്തിനും ആണ്.
ആ കുറിഞ്ഞികൾക്ക് നടുവിൽ ഏതു ചെയ്യണം എന്ന് പോലും ഞങ്ങൾ മറന്നിരുന്നു. ഫോട്ടോ എടുക്കുക എന്ന ബോധത്തിലേക്ക് വരാൻ പോലും സമയം എടുത്തു. തുടർന്ന് നിരവധി നിർത്താതെ ഉള്ള ക്ലിക്കുകൾ… ഏകദേശം 4: 30ഓടെ മല ഇറങ്ങി തിരിച്ചു മൂന്നാറിലേക്ക്. ഞങ്ങളുടെ വണ്ടിക്ക് ഇനിയും സമയം ഉണ്ട് ഏകദേശം 4 മണിക്കൂറോളം തുടർന്ന് മൂന്നാറിന്റെ മുക്കിലും മൂലയിലും നടന്ന് വിലപേശൽ, നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നവ വാങ്ങി.
അപ്പോഴേക്കും കൊല്ലംകാരായ രണ്ടുപേരെ കൂടി കണ്ടു മുട്ടി ഹെൻഷ, തോമസ് അവർ രാജമലയിൽ കുറിഞ്ഞി കണ്ടു വരുന്ന വരവാണ്. വേലിക്കെട്ടിനുള്ളിൽ കിടക്കുന്ന കുറിഞ്ഞിയെ ആണ് അവിടെ കാണാൻ കഴിയുക എന്നറിഞ്ഞപ്പോൾ ഇരട്ടി സന്തോഷം. തുടർന്ന് ഭക്ഷണം കഴിഞ്ഞു സ്റ്റാണ്ടിലേക്ക് എല്ലാരും ഒരു വണ്ടിയിൽ. മൂന്നാറിൽ നിന്നും 9ന് എടുത്ത ആണ് കൃത്യം 3:10ന് ഞങ്ങളെ തിരികെ KL24 ൽ എത്തിച്ചു പറഞ്ഞതിലും നേരത്തെ അവിടെ വച്ച് യാത്ര പറഞ്ഞു ഞങ്ങൾ തിരിക വീട്ടിലേക്ക്…