വിവരണം – Nithin P Kanjilasseri. (Post Of the Week – Paravakal Group).
ഒരു പാട് നാളത്തെ ഒരാഗ്രഹം സഫലമായി. 8 വർഷങ്ങൾക്ക് മുന്നേ ഒരു കുടജാദ്രി യാത്ര പോയിരുന്നു കുട്ടുകാരോടൊത്ത്. അതൊക്കെ ഒരു കാലം. വീണ്ടും ഒരവസരം വന്നെത്തിയിരിക്കുന്നു. ഇത്തവണത്തെ യാത്രയിൽ 5 പേർ മാത്രമായി ചുരുങ്ങി. കാലം കഴിയും തോറും എല്ലാവരെയും എപ്പോഴും കിട്ടണം എന്നില്ലോ. 2018 ലേ അവസാന യാത്ര ലാസ്റ്റ് സാറ്റർഡായിൽ മുൻകൂട്ടി നിശ്ചയിച്ച പോലെ യാത്ര തുടങ്ങി. കൂടെ വിപിയും കുട്ടാസും ഗണേശനും പിന്നെ നീലേശ്വരത്തെ കസിൻ രാഹുലും( അവനെ അവിടുന്ന് കൂട്ടണം).
സമയം രാത്രി പതിനൊന്നു മണിയോടെ നാടുവിട്ടു. ബൈക്കുകൾ വിപിയുടെ ജോലിസ്ഥലത് സ്റ്റാൻഡ് ഇട്ടു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. കൊച്ചുവേളി ശ്രീ ഗംഗാനഗർ എക്സ്പ്രസിൽ ബൈന്ദുർക്കുള്ള ടിക്കറ്റ് എടുത്തു. ഒരാൾക്ക് 125 രൂപ. 12 മണിയുടെ വണ്ടി സമയം തെറ്റിച്ചു 1 മണിക്ക് എത്തി. അവസാന ജനറൽ കമ്പാർട്മെന്റ്ൽ അള്ളിപ്പിടിച്ചു കയറി. നട്ടപാതിരാക് ഉറക്കം പോയിട്ട് നേരെ നിൽക്കാൻ പറ്റിയാൽ മതിയാരുന്നു എന്നായിരുന്നു വിപിയുടെ മുഖഭാവം. വടകരയും കണ്ണൂരും പിന്നിട്ടപ്പോഴേക്കും തിരക്ക് കൂടിക്കൊണ്ടിരുന്നു. കാസറഗോഡ് നിന്നും രാഹുൽ കയറി. അവനെ ഒരു നോക്കു കണ്ടു.
വേറെ മാർഗ്ഗമില്ലാതെ ട്രെയിനിലെ വഴിയിൽ ഇരുന്നു കിടന്നും ഉറങ്ങി. ട്രെയിൻ ഓടിക്കൊണ്ടിരുന്നു. യാത്രക്കാരിൽ അധികവും യുവാക്കൾ ആണ്. ലക്ഷ്യം ഗോവ തന്നെ. “ന്യൂയർ പൊളിക്കണം” കുട്ടത്തിൽ ഒരുത്തൻ മൊഴിഞ്ഞു. ട്രെയിന് രാവിലെ 7.30 ഓടെ ബൈന്ദുർ മൂകാബിക സ്റ്റേഷനിൽ എത്തി. ട്രെയിൻ മാർഗം വരുന്ന മൂകാബിക സന്ദര്ശിക്കേണ്ടവർ ഇവിടെ ആണ് ഇറങ്ങേണ്ടത്. റയിൽവേയുടെ ശുചിമുറിയിൽ നിന്നും എല്ലാവരും ഫ്രഷ് ആയി. അൽപ്പം വിശ്രമം സിമന്റ് കസേരയിൽ.
പ്രഭാത കിരങ്ങൾ കണ്ണിനെ കുളിരണിയിച്ചു. നല്ല വിശപ്പ്. ഗണേശൻ ഹോട്ടൽ കണ്ടുപിടിച്ചു. എല്ലാവരും വടയും ചായയും അകത്താക്കി. ഹോട്ടലുകാരനോട് കാര്യങ്ങൾ തിരക്കി പുറത്തേക്കിറങ്ങി. നമ്മളെ കണ്ടപ്പോൾ ടാക്സി ഡ്രൈവർമാർ വന്നു. ചിരിച്ചു കൊണ്ട് അവരെ അവഗണിച്ചു. പുതിയ റോഡിലൂടെ ഹൈവേയിലേക് നടന്നു. അല്പം നടക്കാനേ ഉള്ളൂ ജസ്റ്റ് 1 km.. ഹൈവേയിൽ നിന്നും കൊല്ലൂർക്കുള്ള ബസ്സിൽ കയറിപ്പറ്റി. സൈഡ് സീറ്റിൽ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു. കശുമാവിൻ തോട്ടങ്ങൾ ഒരുപാടുണ്ട്. നാട്ടുകാരിൽ അധികവും കൃഷിക്കാർ ആണെന്ന് തോന്നുന്നു. ബൈന്ദുർ to കൊല്ലൂർ ഏകദേശം 30 കിമീ ആണ്.
ബസ്സ് കൊല്ലൂരിൽ എത്തി. ഞങ്ങൾ കേട്ടറിഞ്ഞ സൗപർണികയെത്തേടി നടന്നു. റൂം ശരിയാക്കി തരാം എന്ന് പറഞ്ഞു ഒരു ചേട്ടൻ ഞങ്ങളെ എതിരേറ്റു. ഫ്രഷ് ആവാൻ 500 രൂപ രണ്ടു മണിക്കൂർ ടൈം ഉണ്ടാവും. സൗപര്ണികയെപ്പറ്റി പറഞ്ഞപ്പോൾ കയ്യിൽ മഗ് ഉണ്ടെങ്കിൽ പോയ്കൊള്ളു എന്നായിരുന്നു മറുപടി. മഴ കുറവായതിനാൽ മരണത്തോട് മല്ലിടുകയായിരുന്നു സൗപര്ണിക.
റൂമിൽ കയറി എല്ലാവരും കുളികഴിഞ്ഞു ഫോൺ ചാർജിൽ ഇട്ടു. പിന്നെ ദർശനത്തിനായി ക്ഷേത്രത്തിലേക്കു നടന്നു. മത വിശ്വാസങ്ങളിൽ നിന്നും വിപ്ലവ ചിന്തകളിലേക്ക് ചലിച്ചു പൊയ്ക്കൊണ്ടിരുന്ന ഞങ്ങൾ ക്ഷേത്രത്തിലെ നിര്മിതിയിലുംചുമർ ചിത്രങ്ങളിലും കൊത്തുപണിയിലു ആകാംഷഭരിതർ ആയികൊണ്ടിരുന്നു. ക്ഷേത്രത്തിന്റെ മുൻവശം കിഴക്കോട്ടു തിരിഞ്ഞു നിൽക്കുന്നു. ഏകദേശം 12 അടിയോളം വലുപ്പമുള്ള മതിൽ കെട്ടിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഗോപുരവാതിലുടെ അകത്തു പ്രവേശിച്ചു. ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ ഒരുപാടുണ്ട്. ആദിശങ്കരനുമായുള്ള കഥകൾ ആണ് കേട്ടത്. ശങ്കരൻ കുടജാദ്രിയിൽ തപസ്സു ചെയ്തു ദേവി പ്രത്യക്ഷ പെട്ടപ്പോൾ തന്റെ കൂടേ വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്തു ദേവിയേ പ്രതിഷ്ഠിക്കാൻ അപേക്ഷിച്ചത്രേ. ഈ ആഗ്രഹം സമ്മതിച്ച ദേവി ലക്ഷ്യ സ്ഥാനത് എത്തും വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞു നോക്കിയാൽ താൻ അവിടെ പ്രതിഷ്ഠയാകുമെന്നും വ്യവസ്ഥ വച്ചു. കൊല്ലൂരിൽ എത്തിയപ്പോൾ ദേവി തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിച്ചപ്പോൾ ശങ്കരൻ തിരിഞ്ഞു നോക്കുകയും അപ്പോൾ ദേവി അവിടെ പ്രതിഷ്ഠയായി എന്നാണത്രെ ഐതിഹ്യം..
നടുവിരൽ സ്വർണ മോതിരമുള്ള സ്വയംഭൂലിംഗമാണ് പ്രതിഷ്ഠ. വലതുഭാഗത്തായി വേറെയും രൂപങ്ങൾ ഉള്ളതായിക്കാണം. ദര്ശന ശേഷം പുറത്തിറങ്ങിയപ്പോൾ ഒരു ബോർഡ് നേരിട്ട് ദര്ശനം 100രൂപ എന്താല്ലേ… പുറത്ത് നീണ്ട ക്യു നിവേദ്യത്തിനായും ദർശനത്തിനും. നിവേദ്യമായ ലഡുവും നെയ്യും വാങ്ങി രഥത്തിന്റെ ഭംഗി യും നോക്കി ഇരുന്നു കുറച്ച് നേരം. ഭക്ഷണത്തിനു നീണ്ട വരി തന്നെ. സമയക്കുറവുമൂലം ഞങ്ങൾ പുറത്തേക്കു നടന്നു. ആനയ്ക്ക് പണം കൊടുത്തു അനുഗ്രഹംവാങ്ങുന്ന കാഴ്ചകണ്ടു. കണ്ടപ്പോൾ സങ്കടം തോന്നി. പശുവിനുകൊടുക്കുന്ന ഉണക്കപുല്ലാണ് ആനക്ക് കൊടുത്തിരിക്കുന്നത്. കാലുകൾ വ്രണം പിടിപെട്ടിരിക്കുന്നു.
മുന്നിൽ കണ്ട ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണം കഴിഞ്ഞു. തൈര് ഒഴിച്ച് മറ്റെല്ലാ കറിക്കും ഒരേ രുചി. പണമടച്ച് റൂം വെക്കേറ്റ് ചെയ്തു ബസ്സ്റ്റാന്റിലേക് നടന്നു. ആവശ്യത്തിന് വെള്ളവും ലഘു ഭക്ഷണങ്ങളും കയ്യിൽ കരുതണം. 2.15 ആണ് കാരകാട്ടിയിലേക്കുള്ള അവസാന ബസ്സ്. കൊല്ലൂർ – ഷിമോഗ റൂട്ടിൽ ആണ് കാരകട്ടി. വളഞ്ഞു പുളഞ്ഞു റോഡ് കയറി ബസ്സ് ഓടിക്കൊണ്ടിരുന്നു. കാരകട്ടിയിൽ ഞങ്ങളെ കൂടാതെ വേറെ നാലുപേർ കൂടേ ഇറങ്ങി. ഒരു ഇരുമ്പ് ഗേറ്റിനെ മറികടന് ഞങ്ങൾ കാട്ടിലേക്കു കാൽ വച്ചു. ഞങളുടെ യാത്രയുടെ ഉദ്ദേശം തന്നെ കാട്ടിലൂടെ ഉള്ള ഈ യാത്രയാണ്. കാടിനുള്ളിലെ നിശ്ശബ്ദതയിലൂടെ ഞങ്ങൾ നടന്നു നീങ്ങി.
ഏറെ ദൂരം കഴിഞ്ഞപ്പോൾ ഒരു സംശയം വഴിതെറ്റിയോ മുന്നിൽ പോയ വരുടെ പൊടിപോലും കാണുന്നില്ല. ഉച്ചവെയിൽ കൊള്ളാതെയുള്ള കാനന യാത്രക്ക് വിരാമം. ഉണങ്ങിയ പുൽത്തകിടി നിറഞ്ഞ ഒരു ഒഴിഞ്ഞ ഇടം. പച്ചപ്പ് കിട്ടാത്ത കാഴ്ച കണ്ണിനെ കുളിരേകി ഓർമ്മകൾ പിറകോട്ടു പോയി. പണ്ട് ഞങ്ങൾ വിശ്രമിച്ച അതെ സ്ഥലം. മഴക്കാലം ആയതിനാൽ അന്ന് പുൽമേടുകളും ചോലവനകളും കൂടെ അട്ടകളും ഉള്ള ആ യാത്ര മറക്കാൻ കഴിയില്ല. ഫോട്ടോ എടുപ്പും വിശ്രമശേഷവും നടപ്പ് തുടർന്നു.
ഒരു വളവും തിരിഞ്ഞു മുന്നോട്ടു നടന്നപ്പോൾ മുന്നിൽ ചെക്പോസ്റ്റിൽ ഞങ്ങളെ ഗാർഡ് തടഞ്ഞു. സമയം അതിക്രമിച്ചിരിക്കുന്നു അത്രേ. 3 മണിക്ക് ശേഷം മുകളിലേക്ക് ആരെയും കടത്തിവിടില്ലത്രേ ഉള്ളിൽ നിരാശ… പുതിയ നിയമം ആണത്രേ. അടുത്ത് തന്നെ ആണ് പണ്ട് ഞങൾ വന്നപ്പോൾ കയറിയ തങ്കപ്പേട്ടന്റെ സന്തോഷ് ഹോട്ടൽ. അവിടേക്ക് നടന്നു. കുന്നംകുളംകാരൻ തങ്കപ്പേട്ടൻ വർഷങ്ങൾക്കു മുന്നേ ഇവിടെ എത്തിയ ആളാണ്. പക്ഷെ തങ്കപ്പേട്ടൻ ഇന്നില്ല.. മകൻ സന്തോഷാണ് ഹോട്ടൽ നടത്തുന്നത്. അദ്ദേഹം ഞങ്ങൾക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നു.
രാത്രിയിൽ ഇവിടെ തങ്ങിക്കോളു. രാവിലെ ആറു മണിക്ക് മുകളിലേക്ക് കയറാം എന്ന് പറഞ്ഞു. ഒരാൾക്ക് 250രൂപ ആണ് ഉറങ്ങാൻ ഒരിടത്തിന്. ചിലവ് ഭക്ഷണത്തിന് വേറെ. എനിക്ക് ഓക്കേ ആയിരുന്നെങ്കിലിം കൂടെ ഉള്ളവർക്ക് ആ ചുറ്റുപാടും കാലാവസ്ഥയുഡേ ന്യുനതകളും അംഗീകരിക്കാൻ കഴിഞ്ഞില്ല. തിരികെ ജീപ്പിൽ ഹൈവേയിൽ വിടാം എന്ന് സന്തോഷേട്ടൻ പറഞ്ഞു. മനസ്സിൽ സർവജ്ഞ പീഠവും, ഗണപതി ഗുഹയും, ചിത്രമൂലയും എല്ലാം പതിഞ്ഞു നിരാശയോടെ മടക്കം. ജീപ്പിൽ പൊടിപറത്തി ഓഫ് റോഡ് യാത്ര. 600 രൂപ സന്തൊഷ് ചേട്ടന് വണ്ടിക്കൂലി നൽകി ബസ്റ്റോപ്പിൽ ഇരുന്നു.
കൊല്ലൂരിൽ നിന്നും വീണ്ടും ബൈന്ദുർ.. അവിടുന്ന് മുരുഡേശ്വരത്തേക്ക് തിരിച്ചു. ഇവിടം ഇപ്പൊ സീസൺ ആണ്. വില പേശി റൂം ഒപ്പിച്ചു. വിലപേശാൻ മലയാളികൾ പണ്ടേ വീരന്മാർ ആണല്ലേ… ഭക്ഷണം ശേഷം തെരുവിലൂടെ ഒന്ന് കറങ്ങി നടന്നു. നടന്നു നല്ല നടുവേദന. ഇന്ന് ഒരു പാട് നടന്നതല്ലേ. നല്ല ഉറക്കം അങ്ങ് പാസാക്കി.
രാവിലെ നല്ല തണുപ്പ് പുറത്തേക്കിറങ്ങി പുറത്ത് സ്കൂൾ കുട്ടികളും കുടുംബങ്ങളും അടങ്ങിയ ഒരു പട തന്നെ ഉണ്ട്. എല്ലാവരും പെട്ടന്ന് ഫ്രഷായി റൂം വെക്കേറ്റ് ചെയ്തു. കാണാൻ തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി ചായ കുടിച്ചു. ഒരാൾക്ക് 3 വടയും ചായയും 100രൂപ. അടിപൊളി ബാ പോവാം എന്ന് പറഞ്ഞു ഇറങ്ങി നടന്നു. നാട്ടിൽ 9 രൂപക്ക് കിട്ടുന്ന അൽറാഷിലെ വടയുമായി താരതമ്യം ചെയ്യാൻ പോലും കഴിയൂല.
മുന്നിൽ ഒരു കൂറ്റൻ ഗോപുരം ഞങ്ങളെ അത്ഭുതപ്പെടുത്തി. ചെരുപ്പുകൾ സൂക്ഷിക്കാന് കൊടുത്തു അകത്തേക് പ്രവേശിച്ചു. രണ്ടു ഗജവീരന്മാരുടെ ശില്പങ്ങൾ ഗോപുരവാതിലിന് ഇരുവശത്തായി നിർമിച്ചിരിക്കുന്നു. 18 നിലയുള്ള ഗോപുരത്തിൽ 10 രൂപയുടെ ടിക്കറ്റ് എടുത്തു ഞങൾ ലിഫ്റ്റിൽ കയറി. 18ആം നിലക്ക് മുകളിൽ നിന്നും പുറത്തേക്കു നോക്കുമ്പോൾ കിട്ടുന്ന കാഴ്ച ഒരു കിടു ഫീൽ ആണ്. എല്ലാ ജനലുകൾക്ക് അരികിലും കാഴ്ചക്കാരുടെ തിരക്ക് ഒഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴം ആയി. പടിഞ്ഞാറു ഭാഗത്തെ ജാലകത്തിലൂടെ നോക്കിയാൽ ധ്യാനനിരതനായ മഹാദേവന്റെ വലിയ രൂപം കാണാം. കടലിലേക് തള്ളിനിൽക്കുന്ന മണൽതിട്ടയിൽ സിമന്റിൽ തീർത്ത ഈ മഹാവിസ്മയത്തിന്റെ അത്ഭുത സൃഷ്ടാവിനെ മനസ്സിൽ സ്മരിച്ചു.
ഇടതു ഭാഗത്തെ ജാലകത്തിൽ നിന്നും നോക്കിയാൽ പരന്നു കിടക്കുന്ന കടലും കരയും വള്ളിവെയിൽ കടലിന്റെ ഓളങ്ങളിൽ തിളക്കം ശ്രഷ്ടിച്ചു കൊണ്ടേയിരുന്നു. അഗാധങ്ങളിൽ നീന്തി തുടിക്കുന്ന മീനുകളെ പോലെ വള്ളങ്ങൾ…. കിഴക്കേ ജാലക കാഴ്ച തെരുവിൽ അലയുന്ന ജനങ്ങളും വാഹനങ്ങളും വിദൂരതയിൽ ഉയർന്നു നിൽക്കുന്ന മലകളും. ക്ഷേത്രത്തിൽ ഭക്തരുടെയും സഞ്ചാരികളുടെയും തിരക്ക് വർദ്ധിച്ചു. ശിവനെ കാണാൻ വന്ന അഘോരികളുടെ സന്നിധ്യം ഇവിടെ ഉണ്ടായിരുന്നു. വലിയ ആ ശിവ രൂപത്തിന് ഉള്ളിലായി ഐതിഹ്യങ്ങൾ, കഥകൾ പറയുന്ന ജീവൻ തുടിക്കുന്ന ശില്പങ്ങളും കാണാം, എല്ലാവരും ഫോട്ടോ എടുപ്പിൽ മുഴുകി.
കുറച്ച് നേരം കൂടെ അവിടെ ചിലവഴിച്ചു. പിന്നെ ഓട്ടോ പിടിച്ചു ഹൈവേയിൽ എത്തി. ഓട്ടോ ചേട്ടൻ അധികം പണം വാങ്ങാതെ നല്ലൊരു ആതിഥേയൻ ആയി. കവാടത്തിനടുത്തുള്ള കടയിൽ നിന്നും ഉപ്പുസോഡ കുടിച്ചത് വെയിലത്തൊരു കുളിരായി. പൊരിവെയിലത്തു ബസ്സ് കാത്തിരുന്നു അവസാനം മംഗളൂർക്കുള്ള ബസ്സിൽ കയറി. മുരുഡേശ്വർ to മംഗളൂർ 175 രൂപ ടിക്കറ്റ് എടുത്തു. 12 മണി മുതൽ വൈകിട്ട് 4.30 വരെ ബസ്സിൽ. ഇടക്ക് ഭട്കലും, കുന്ദാപുരത്തും ഭക്ഷണത്തിനായി നിർത്തി. കുന്ദാപുരത്തെ ഉച്ചഭക്ഷണം കൊള്ളാം. പൊന്നിയരി ചോറിന്റെ കൂടേ ചപ്പാത്തിയും. കുശാൽ..
ബസ്സ് ഡ്രൈവർ ആളൊരു കലിപ്പാണല്ലോ. മുന്നിൽ ആര് സ്ലോ ആണേലും മൂപ്പര് ഹോൺ അടിച്ചു വെറുപ്പിക്കും. ksrtc ആണ് അതിന്റെ ഹുങ്ക്… വൈകുന്നേരം മംഗലാപുരത്തെ റെയിൽവേ സ്റ്റേഷനിൽ എത്തി. നാട്ടിലേക്ക് ടിക്കറ്റ് എടുത്തു ഓരോ ചായയും കുടിച്ച് ഞങ്ങൾ കുശലം പറഞ്ഞിരുന്നു. മംഗലാപുരം മാവേലി എക്സ്പ്രസിൽ ജനറൽ കമ്പാർട്മെന്റ്. ഞങ്ങൾ മാത്രം. വണ്ടി നീങ്ങി കൊണ്ടിരിക്കുന്നു. തിരക്ക് കൂടി. രാഹുൽ നീലേശ്വരത്തു ഇറങ്ങി. അടുത്ത യാത്രയിൽ കാണാം എന്നുപറഞ്ഞു ഒരു അഡ്വാൻസ് ഹാപ്പി ന്യൂയർ പറഞ്ഞിറങ്ങി. അങ്ങനെ ഈ കൊല്ലം കഴിയുമ്പോൾ ഒരു യാത്രയുടെ ഓർമ കൂടെ സമ്മാനിച്ചു..