വിവരണം – Kizheppadan.
2019 ജനുവരി 8,9 രണ്ടു ദിവസത്തെ പണിമുടക്കിൽ ആണ് ഇത്തവണത്തെ യാത്ര തരപ്പെട്ടത്.. യാത്ര ഇരുചക്ര വാഹനമായതിനാൽ പണിമുടക്ക് സംഘങ്ങളെ ഭയപ്പെടേണ്ട ആവശ്യം ഉണ്ടായില്ല.. ഉച്ചയോടെ തന്നെ വീട്ടിൽ നിന്നിറങ്ങി. വെയിൽ മാറാൻ നോക്കിയാൽ പിന്നെ ചെക്പോസ്റ് കടക്കുന്നത് അല്പം റിസ്ക് ആണ്. അതിനാൽ വെയിലിനെ വകവെക്കാതെ ചേലക്കര ആലത്തൂർ നെന്മാറ വഴി യാത്ര തുടർന്നു. പെട്രോൾ തലേ ദിവസം തന്നെ നിറച്ചുവെച്ചു. അതുകാരണം യാത്ര മുടങ്ങാൻ പാടില്ലല്ലോ..
പച്ച വിരിച്ച നെൽവയലുകൾക്കിടയിലൂടെ പാലക്കാടൻ കാറ്റേറ്റുള്ള യാത്ര മനോഹരമാണ്. കാവശ്ശേരിയും നെന്മാറയും പിന്നിടുമ്പോൾ മനസ്സിൽ മുൻവർഷങ്ങളിലെ വെടികെട്ടുകൾ അറിയാതെ മിന്നിമാഞ്ഞു. ഇനി അതെല്ലാം ഓർമ്മകൾ മാത്രം. നെന്മാറ നിന്ന് പെട്രോൾ ഒന്നുടെ നിറച്ചാണ് നെല്ലിയാമ്പതിക്ക് നീങ്ങിയത്. റോഡിൽ പൊതുവെ വാഹങ്ങളുടെ തിരക്കില്ലാത്തതിനാൽ ഉദ്ദേശിച്ചതിനെക്കാളും നേരത്തെ നെന്മാറ എത്താൻ കഴിഞ്ഞിരുന്നു. ചെക്പോസ്റ് എത്തുന്നതിനു മുൻപേയുള്ള പോത്തുണ്ടി ഡാമിലും ആളുകൾ തീരെയില്ല.
റൂം ആദ്യമേ ബുക്ക് ചെയ്തതിനാൽ കൂടുതൽ ചോദ്യങ്ങൾ കേൾക്കാതെ വണ്ടി വിവരങ്ങൾ നൽകി ചെക്പോസ്റ് കടന്നു.. അല്ലാത്തപക്ഷം അഞ്ചു മണിക്ക് മുന്നേ തിരിച്ചിറങ്ങണം.. ചെക്പോസ്റ് കടന്നാൽ ആദ്യം കാണുന്നത് ഡാമിന്റെ മറ്റൊരു വ്യൂപോയിന്റ് ആണ്.അവിടെ ഒരു ചെറിയ ചായക്കടയും ഉണ്ട്.. അവിടെ നിന്ന് ചായ കുടിച്ചാണ് പിന്നീട് യാത്ര തുടങ്ങിയത്. വിനോദയാത്ര, ലൗഡ് സ്പീക്കർ തുടങ്ങിയ നിരവധി മലയാള സിനിമകൾ ചിത്രീകരിച്ച സ്ഥലമാണ് പോത്തുണ്ടി ഡാം.. മഹാനടൻ മമ്മുക്ക വരെ അവിടെ നിന്ന് ചായകുടിച്ച കഥകൾ സംസാരത്തിനിടയിൽ ഉമ്മ പറയുകയുണ്ടായി.. പ്രളയ സമയത്തു അവർ നേരിട്ട ദുരിതവും അതിൽ ഉൾപ്പെട്ടിരുന്നു..
നെല്ലിയാമ്പതിയിലേക്കുള്ള യാത്ര ആദ്യമായല്ല പക്ഷെ പ്രളയന്തരം ആദ്യമാണ്. ആനവണ്ടി ഓടി തുടങ്ങിയത് മുതലാണ് ആളനക്കം ഉണ്ടയത് എന്ന് ഉമ്മ പറഞ്ഞിരുന്നു. അവിടെ നിന്ന് അല്പം സഞ്ചരിച്ചാൽ ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ഉണ്ടായ സ്ഥലം കാണാം.. ഇപ്പോഴും റോഡ് ഇല്ല.. പകരം ചാക്ക് കെട്ടുകൾ നിരത്തിവെച്ചുള്ള താൽക്കാലിക വഴി മാത്രമാണ് ഉള്ളത്.. പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ പലയിടത്തും റോഡ് പകുതി ആയി ചുരുങ്ങിയിട്ടുണ്ട്.. മിക്ക സ്ഥലത്തും പൈപ്പ് കെട്ടി വേലി നിർമിച്ചതിനാൽ അപകട സാധ്യത കുറവാണു എന്നിരുന്നാലും സൂക്ഷിക്കുന്നത് നല്ലതാണല്ലോ..
വൈകുന്നേരം ആയതിനാൽ കാറ്റിലെ തണുപ്പിന്റെ തീവ്രത കൂടി വന്നിരുന്നു..എന്നിരുന്നാലും പോകുന്ന വഴിയിലെ കാഴ്ചകൾ ആസ്വദിച്ച് തന്നെയാണ് മുകളിലേക്ക് കയറിയത്. പോകുന്ന വഴിയിലെ രണ്ടു വ്യൂപോയിന്റ് നൽകുന്ന കാഴ്ച്ച മനോഹരമാണ്. സീതർഗുണ്ട് ലക്ഷ്യമാക്കി ആണ് യാത്ര. കാരണം അതിനുള്ളിലൂടെയാണ് താമസ സ്ഥലമായ ഗ്രീൻലാൻഡ് ലേക്കുള്ള വഴി.. എസ്റ്റേറ്റ് കവാടത്തിൽ വിവരങ്ങൾ നൽകി അകത്തേക്ക് കയറി.. കാലത്തു 8 മുതൽ 6 വരെയാണ് വ്യൂപോയിന്റ് കാണാനുള്ള സമയം. ഞങ്ങൾ അവിടെയെത്തിയത് കൃത്യം ആറു മണിക്കും.
വേഗം വണ്ടി പാർക്ക് ചെയ്തു നടന്നു.. നല്ല തിരക്ക് അപ്പോഴും ഉണ്ട്. സന്ധ്യ സമയം ആയതിനാൽ മുൻപ് കണ്ടതിൽ നിന്നും ഒരു വിത്യസ്ത അനുഭവം ആണ് ഇത്തവണ വ്യൂപോയിന്റ് നൽകിയത്.സമയം വൈകിയതിനാൽ അധികം അവിടെ നിൽക്കാതെ റൂം ലക്ഷ്യമാക്കി പോയി. പോകുന്ന വഴിയിൽ ആണ് നെല്ലിയാമ്പതിയുടെ സ്വന്തം മ്ലാവ് റോഡിൽ നിൽക്കുന്നത് കണ്ടത്.. മനുഷ്യരെ ഒട്ടും ഭയമില്ലാത്ത ഈ മ്ലാവ് സന്ദർശകരുടെ പ്രധാന സുഹൃത് ആണ്.. നമ്മുടെ ഇഷ്ടത്തിന് നിന്ന് തരും പുള്ളി.
ചുറ്റും മരങ്ങളും തോട്ടങ്ങളും ആയതിനാൽ ഇരുട്ടിനു തീവ്രത കൂടുതലാണ്..കൂടാതെ പോകുന്ന വഴിയിൽ കണ്ട ആനപ്പിണ്ടം കൂടെയുള്ളവരുടെ ഭയത്തിന്റെ തോത് വർദ്ധിപ്പിച്ചു.. റിസോർട്ടിലേക്കു കയറുമ്പോൾ കണ്ട ആനപ്പിണ്ടം ആ ഭയം ഇരട്ടിയാക്കുകയും ചെയ്തു. റൂം മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ അതികം താമസിയാതെ നമ്മുടെ കോട്ടേജിൽ എത്താൻ കഴിഞ്ഞു.6 60 ഏക്കറിൽ ആണ് ഗ്രീൻലാൻഡ് ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. 1800 രൂപ മൂതൽ ആണ് അവിടത്തെ റൂം താരിഫ്..രാത്രിയിലെ ഓഫ്റോഡ് ജീപ്പ് സഫാരിയാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.. 1000 രൂപ നൽകി ഒരു മണിക്കൂർ ജീപ്പ് സഫാരിയും നടത്തി. കൂടെയുള്ളവരുടെ ഭയവും പ്രാർത്ഥനയും കൊണ്ടാണെന്നു തോന്നുന്നു മ്ലാവ് അല്ലാതെ വേറെ ഒന്നും കാണാൻ കഴിഞ്ഞില്ല..
ഭ്രമരം സിനിമയിലെ പല രംഗങ്ങളും ഈ വഴിയിൽ ആണ് ഷൂട്ട് ചെയ്തത്.അവസാനം ഒരു പാറയിൽ കൊണ്ട് വണ്ടി നിർത്തിയപ്പോൾ താഴെ നക്ഷത്രങ്ങളെ പോലെ മിന്നി തിളങ്ങുന്ന നഗരദൃശ്യം മനോഹര കാഴ്ചയാണ്. കൂടാതെ തുളച്ചു കയറുന്ന തണുപ്പ് കൂടെ ആകുമ്പോഴോ. മൃഗങ്ങളെ കണ്ടില്ലെങ്കിലും ഈ കിടിലൻ അനുഭവം ആണ് ആ രാത്രി യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. രാത്രിയിൽ വന്നുകയറിയതിനാൽ റിസോർട്ട് പരിസരം കാണാൻ കാലത്താണ് ഇറങ്ങിയത്. വലിയ മരങ്ങളും ചെടികളും ഒക്കെ ആയി പച്ചപ്പ് നിറഞാണു എങ്ങും നിൽക്കുന്നത്. കൂടാതെ ഒരു ചെറിയ വ്യൂപോയിന്റ് കൂടെ അവിടെ ഉണ്ട്.
പിന്നെ ഇവിടത്തെ മറ്റൊരു പ്രത്യേകത ഫാംഹൗസ് ആണ്. എമു പാത്ത, പ്രാവ്, ആട്, പഗ്ഗ്, ടർക്കി, കരിംകോഴി, പശു അങ്ങനെ ഒരുപാട് അംഗങ്ങൾ ഉള്ള ഈ ഫാംഹൗസിലെ കാഴ്ച്ചകൾ അടിപൊളിയാണ്. ആടിനെ മേയ്ക്കാൻ കൊണ്ടുപോകുന്ന കുരങ്ങനെ പറ്റി നിങ്ങൾ ചിലപ്പോൾ കേട്ടുകാണും. ആ കാഴ്ച സമ്മാനിക്കുന്നതും ഇവിടം ആണ്. കൂടാതെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇവിടത്തെ ഭക്ഷണം ആണ്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. മൊത്തത്തിൽ ഗ്രീൻലാൻഡ് നല്ലൊരു ചോയ്സ് ആണ് നെല്ലിയാമ്പതി വരുന്ന സഞ്ചാരികൾക്കു. പ്രത്യേകിച്ച് ഫാമിലി.
ഭക്ഷണ ശേഷം തിരിച്ചുള്ള യാത്രയിലും നമ്മുടെ മ്ലാവ് വേറെ യുവാക്കളുടെ ടീമിന്റെ കൂടെ സെൽഫി എടുക്കുന്നത് കണ്ടു. നെല്ലിയാമ്പതി വരുമ്പോൾ ആരെ കണ്ടില്ലെങ്കിലും ഇവൻ നിങ്ങളെ തേടി വരും അതുറപ്പാണ്. മെല്ലെ ചുരമിറങ്ങി വഴിയിൽ നിന്ന് ഉമ്മയുടെ കപ്പയും മീൻകറിയും മീൻ പൊരിച്ചതും കഴിച്ചാണ് മലമ്പുഴ ലക്ഷ്യമാക്കി നീങ്ങിയത്..