ക്യാമ്പ് കണ്ടതും അവിടെ എത്തിയതും കിടന്നതും ഒരുമിച്ചായിരുന്നു . അരമണിക്കൂര്‍ കഴിഞ്ഞു എഴുന്നേറ്റു നോക്കിയപ്പോള്‍ ക്യാമ്പിനു മുകളിലൂടെ കോട മൂടിയ അഗസ്ത്യനെ കണ്ടു . മുഴുവന്‍ ആയി അങ്ങോട്ട് തെളിയുന്നില്ല . നാളെ മെയ് 14 നു ഞാന്‍ അതിന്റെ മുകളില്‍ എത്തും എന്നുള്ള ചിന്ത ഒരു സുഖമായിരുന്നു. കുളിയും ഭക്ഷണവും( ആ ചോറിന്റെയും സാമ്പാറിന്റെഒയും രുചി ..ഹൂ ) കഴിഞ്ഞു ഒരു ഒന്‍പതു മണിക്ക് മുന്‍പ് ആയി പായയില്‍ കിടന്നത് ഓര്‍മ്മയുണ്ട് .
കണ്ണ് തുറന്നപ്പോള്‍ പിറ്റേന്ന് എഴുമണി ആയിരുന്നു . കഴിഞ്ഞ ദിവസം അനുഭവിച്ചത് ഒരു ദുരവസ്ഥ ആയിരുന്നില്ല അപ്പോള്‍. പ്ലാനിംഗ് ഇല്ലായ്മയുടെ അനുഭവം ഭാവിയിലേക്ക് നല്ലതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു . മതിയായ ഉറക്കം ക്ഷീണമെല്ലാം കളഞ്ഞിരുന്നു . പുറത്തു ഇറങ്ങി നോക്കിയപ്പോള്‍ അഗസ്ത്യ പാറ തെളിഞ്ഞു ഇരിപ്പുണ്ട് . പോകേണ്ട മലകള്‍ ഈ സൈഡില്‍ കൂടി കുറച്ചു കാണാം .
ക്യാമ്പില്‍ ഞങള്‍ ആറു പേര്‍ കൂടാതെ ഒരു ഫോറെസ്റ്റ് ഓഫിസറും, രണ്ടു വാച്ചര്‍മാരും ഉണ്ട് .അത് മറ്റു ജീവിതങ്ങള്‍ ആണ് . അരിയും പലചരക്ക് പച്ചക്കറിയും ഒക്കെ മലയിറങ്ങി പോയി കൊണ്ട് വരണം . മയക്കു മരുന്ന് അടിച്ചു കറങ്ങിയ ഒരു തമിഴ് എന്‍ജിനീയര്‍ വിദ്യാര്ഥി യെയും , മലയില്‍ നിന്നും വഴുക്കി വീണ ഒരു മലയാളി റിസര്‍ച്ചറെയും കസേരയില്‍ വച്ച് കെട്ടി കാടും മലയും ഇറങ്ങിയ കഥ അവര്‍ പങ്കു വെച്ചപ്പോള്‍ നമ്മള്‍ കാണാത്ത ജീവിതങ്ങള്‍ എന്ന ചിന്തയിലേക്ക് മനസ്സ് പോയി .ആരെക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ കസേരയില്‍ കെട്ടി ആളുകള്‍ ചുമന്നു തന്നെ കാടിന് പുറത്തു എത്തിക്കണം . ഏകദേശം ഒന്‍പതു മണിയോടെ വ്യക്തമായ പ്ലാനിംഗ്ഓടെ , ഇന്നലത്തെ അനുഭവം കൊണ്ട് ഇനിയുള്ള എന്തും തരണം ചെയ്യാന്‍ പറ്റും എന്ന ചിന്തയോടെ ക്യാമ്പില്‍ നിന്നും അഗസ്ത്യ മലയിലേക്കു യാത്ര ആരംഭിച്ചു . ക്യാമ്പില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അഗസ്ത്യമല ഞങ്ങള്‍ക്ക് നേരെ പുഞ്ചിരിച്ചു കൊണ്ടിരുന്നു .
ഹെവി ആയി കഴിച്ച ബ്രേക്ക് ഫാസ്റ്റും , കാട്ടു ചോലകളില്‍ നിന്നും വെള്ളം പിടിക്കാന്‍ കരുതിയ കുപ്പികളും , ചെറു ഫുഡ് കളും കാലില്‍ നന്നായി തേച്ച ഉപ്പു /ഡെറ്റോള്‍ മിശ്രിതവും യാത്ര സുമുഖമാക്കി . ക്യാമ്പില്‍ നിന്ന് മലയടിവാരം എത്തുന്ന വരെ നിബിഡ വനമാണ് . വമ്പന്‍ മരങ്ങളും , കാട്ടരുവികളും , കാടിന്റെ ഒരു പ്രത്യേക ഹൂങ്കാര ശബ്ദവും കയറ്റങ്ങളെ ഒരു ബുദ്ധിമുട്ട് ആക്കാതെ സുമുഖ ചിന്തകള്‍ ആക്കി തന്നു …
കൊടും കാടും പുല്‍മേടുകളും ഈ യാത്ര ഒരു സത്യമാണോ എന്ന ചിന്ത മാത്രം ആണ് ഉണ്ടാക്കിയത് . ദാഹം തോന്നിയപ്പോള്‍ നീരുറവകളില്‍ നിന്നും വെള്ളം ശേഖരിച്ചു .നിബിഡവനം കഴിഞ്ഞതും മല അടിവാരം ആയി . പിന്നെ പുല്‍മേടുകള്‍ ആയി . ആ കയറ്റം കഴിഞ്ഞതും ക്ഷീണം കുറേശ്ശെ വന്നു തുടങ്ങി . പക്ഷെ കണ്ട കാഴ്ച ഒരു ജീവിത വിജയം പോലെ ആയിരുന്നു . ഒരു പുഴയുടെ ഉത്ഭവം . ഡിങ്ക ഡിങ്ക …
മഴയും വെള്ളവും ഉണ്ടായിരുന്നില്ല എങ്കിലും ആ കാഴ്ച കൃത്യം ആയിരുന്നു . ഫോട്ടോ കണ്ടാല്‍ അത് മനസ്സിലാകും . ആജാനബാഹു ആയ അഗസ്ത്യപാറയില്‍ നിന്നും ഒലിച്ചു വരുന്ന വെള്ളം ഒരു വലിയ കിടങ്ങിലേക്ക് വീണു പിന്നെയും ഒഴുകി മറ്റു ചെറു ചെറു കാട്ടാറുകളും ആയി കൂടി ചേര്ന്ന് നെയ്യാര്‍ പുഴ യായി ഒഴുകുന്ന കാഴ്ച . അത് കണ്ട മാത്രയില്‍ ഊര്‍ജ്ജം ഇരട്ടിച്ചു . ചെറിയ ഫോട്ടോ സെഷന്‍ കഴിഞ്ഞു..
പിന്നെയും നടത്തം തുടങ്ങി . അകലെ കാണുന്ന തരിശായി കാണുന്ന മലയുടെ വഴി . അതില്‍ കാണുന്ന ചെറിയ കറുപ്പുകള്‍. ആ കറുപ്പ് ചെറിയ ചെറിയ കാടുകള്‍ ആണ് . നടന്നു തുടങ്ങിയതും വമ്പന്‍ കയറ്റങ്ങള്‍ തന്നെ ആണ് എന്ന് മനസ്സിലായി .മലയുടെ ഉയരം കൂടും തോറും മരങ്ങളുടെ ഉയരം കുറഞ്ഞു കുറഞ്ഞു വന്നു . . ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഒക്കെ തന്നെ വിദഗ്ധമായി കയറുകള്‍ ഉണ്ട് . അതില്‍ തൂങ്ങിയും പൊങ്കാല പാറയില്‍ വിശ്രമിച്ചും യാത്ര തുടര്‍ന്നു …ക്ഷീണം ഉണ്ടെങ്കിലും ഇന്നലെ ഒരു ലോഡ് ഫാറ്റ് ഉരുകി ഒലിച്ചു പോയ കാരണം മനസ്സിന് ക്ഷീണം തോന്നിയില്ല .
ഇനി അവസാനത്തെ പാറ യിലൂടെ ഉള്ള കയറ്റം ആണ് . രണ്ടു തരം കയറുകള്‍ അവിടെ ഉണ്ടായിരുന്നു . അവസാനം കയറിയത് ഞാനും രാഹുല്‍ തലൈവരും ആയിരുന്നു. അവന്‍ ചിരിച്ചും ഞാന്‍ കരച്ചിലിന്റെ ഭാവത്തിലും പാറ മുകളിലേക്ക് കയറി . ആ ചുള്ളന്റെ ഊര്‍ജ്ജം എന്നെ അസൂയയും ആയി ബന്ധപെടുത്തി.
അവസാന പാറ കയറുന്നതിനു മുന്പേ ചെരുപ്പ് ഉപേക്ഷിക്കണമായിരുന്നു .അങ്ങനെ അവസാനം ഞങ്ങള്‍ അഗസ്ത്യ പാറയുടെ മുകളില്‍ എത്തി.കണ്ട കാഴ്ച അതി മനോഹരമായിരുന്നു .. കോടകള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കും താഴെയാണ് . അങ്ങകലെ തിരുന്നല്‍വേലി നഗരം അല്പ്പം കാണാം . നാലുപാടും കോടയില്‍ കുതിര്‍ന്ന ഒരു പാട് മലകള്‍ കാണാം . രണ്ടു ഡാമുകള്‍ കാണാം. മഞ്ഞുമൂടിതുടങ്ങിയ എഴിലംപോറ്റയും, അഞ്ചുകതിരനും, നെയ്യാർ ഡാമും, പേപ്പര ഡാമും ഒക്കെ വ്യത്യസ്ത അനുഭൂതിയാണ് തന്നത്. പെട്ടന്ന് തന്നെ മഞ്ഞുമൂടിപോയതിനാൽ നല്ല ചിത്രങ്ങൾ എടുക്കാനായില്ല.
ആ ഉയരത്തിൽ തണുത്ത കാറ്റേറ്റിരുന്നപ്പോൾ ലോകം കാല്കീഴിലില്‍ ആണെന്ന അഹന്ത ഉണ്ടാകുമോ എന്ന് തോന്നിപോയി. കോടകള്‍ പെട്ടെന്ന് അഹങ്കാരികള്‍ ആയി . നാലുപാടും കോട വന്നതോടെ മലയില്‍ ഞങ്ങള്‍ ഒറ്റപെട്ട പ്രതീതി ജനിപ്പിച്ചു . അല്പ്പം കഴിഞ്ഞു കോട പോയതോടെ നാല് പാടും കാണുന്ന അനേകം മലകളുടെ സൌന്ദര്യം എല്ലാവരെയും മത്ത് പിടിപ്പിച്ചു . അങ്ങു അകലെ കയറിയ വഴികളും , ഞങ്ങളുടെ ക്യാമ്പും ഒരു നേരിയ പൊട്ടു പോലെ കാണാമായിരുന്നു . മലയില്‍ ഇപ്പോള്‍ അഗസ്ത്യന്റെ പ്രതിമ കാണാം . അടുത്തേക്ക് ചെല്ലുംതോറും തമിഴ് നാടന്‍ അമ്പലങ്ങളുടെ മണം ആണ് കിട്ടിയത് .
കര്‍പ്പൂരവും ഭസ്മവും ചന്ദന തിരികളും കൊണ്ട് വന്ന പാക്കറ്റുകള്‍ അവിടെ കൂടി കിടന്നിരുന്നു . സീസന്‍ കഴിയുമ്പോള്‍ അവിടെ ഇട്ടു തന്നെ അത് കത്തിച്ചു കളയുക ആണ് പതിവ് എന്ന അറിവ് ആരോ പങ്കു വെച്ചു. ഏകദേശം ഒന്നര മണിക്കൂര്‍ അവിടെ ഇരുന്നു പ്രകൃതിയില്‍ ലയിച്ച ശേഷം താഴോട്ടിറങ്ങാം എന്ന തീരുമാനത്തില്‍ എത്തി . ആര്‍ക്കും ഇറങ്ങണം എന്ന താല്പര്യം ഒന്നും ഉണ്ടായിട്ടല്ല …അങ്ങനെ അവിടെ നിന്ന് ഇറങ്ങാന്‍ ആര്ക്കും തോന്നുകയും ഇല്ല . അവസാനം അഗസ്ത്യനോട് യാത്ര പറഞ്ഞു ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി .
മലയിറക്കം അതി രസകരമായിരുന്നു ..കോടയും ചെറു മഴയും മാറി മാറി വന്നു ..അങ്ങകലെ പുല്മേ്ട്ടില്‍ ഇപ്പോള്‍ കുറെ കാട്ടുപോത്തിന്‍ കൂട്ടങ്ങളെ കാണാമായിരുന്നു . യാത്രയില്‍ വേറെ ഒരു മൃഗങ്ങളെയും കാണാന്‍ കഴിഞ്ഞില്ല . പെട്ടെന്ന് തന്നെ ഫോട്ടോ എടുക്കാന്‍ എല്ലാവരും പെട്ടെന്ന് മലയിറങ്ങി . ഞാന്‍ ക്യാമറ എടുത്തിട്ടില്ല . രണ്ടു പേര്‍ ഫോട്ടോ എടുക്കാന്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ വിരണ്ടി ഓടുന്ന ഭീമന്‍ കാട്ടു പോത്തുകളെ കണ്ടു ..കാടിളക്കി അവര്‍ പായുന്ന കാഴ്ച അതി രസകരമായിരുന്നു ..
ഏകദേശം മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഞങള്‍ ക്യാമ്പിലെത്തി . അന്ന് രാത്രിയും അവിടെ താമസിച്ചു . ഇപ്പോളാണ് കൂടെയുള്ളവരുടെ വിശേഷങ്ങള്‍ ഒക്കെ തിരക്കുന്നത് .ഇതില്‍ ഞാനും മനുവും ഒഴിച്ചുള്ളവര്‍ വര്‍ഷങ്ങള്‍ ആയി ട്രക്കിംഗ് ഒരു ലഹരി ആക്കിയവര്‍ ആയിരുന്നു . പിറ്റേ ദിവസം ആറുമണിക്ക് തന്നെ ഇറങ്ങണം എന്ന് പറഞ്ഞിരുന്നു എങ്കിലും ഏകദേശം എട്ടുമണിയോടു കൂടി ഞങള്‍ അതിരുമല ബേസ് ക്യാമ്പില്‍ നിന്നും ഫോറെസ്റ്റ് ക്യാമ്പ് ലക്‌ഷ്യം ആക്കി കാടിറങ്ങി .
എന്തുകൊണ്ട് അഗസ്ത്യമല ഇങ്ങനെ വര്‍ണ്ണിക്കുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് ഇങ്ങനെ പറയാനേ സാധിക്കൂ. . കാട് , നിബിഡവനം , പുല്‍മേട്, കാട്ടാറുകള്‍,മല എന്നിവയുടെ സമ്പൂര്‍ണ്ണ രൂപം മനസ്സില്ലാക്കി നമ്മള്‍ യാത്ര ചെയ്യുന്നുണ്ട് . പുഴകളുടെ ഉത്ഭവം വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട് . രണ്ടു ഡാമുകള്‍ ഒരുമിച്ചു കാണുന്ന സ്ഥലങ്ങള്‍ ഒരു അനുഭൂതിയാണ് ( നെയ്യാര്‍ , പേപ്പാറ ) . റിസര്‍ച്ച്‌ന്‍റെ പ്രാധാന്യങ്ങള്‍ വേറെ . അഗസ്ത്യനെ ഒരു വട്ടം കണ്ടാല്‍ ബാക്കിയുള്ള ട്രക്കിംഗ് ഒന്നും ഒരു അത്ഭുതം ആയി കാണാന്‍ വഴിയില്ല .
മനസ്സിൽ മഞ്ഞുപെയ്തപോലെ. ദീർഘ നാളത്തെ ആഗ്രഹ .സഫലീകരണമായിരുന്നു ഈ യാത്ര. രണ്ടു ദിവസം ഞങ്ങളെ സുരക്ഷിതരായ് കാത്ത പ്രകൃതിക്കും അഗസ്ത്യനും മനസ്സിൽ നന്ദി പറഞ്ഞു.ഇനി മറ്റൊരു ദിവസംഇങ്ങോട്ട് വരാന്‍ കഴിയുമോ എന്നും അറിയില്ല എനിക്ക് മാത്രം ആദ്യ ദിവസം ഭീകരമായിരുന്നു എങ്കിലും യാത്ര തന്ന അനുഭൂതി ഒരിക്കലും മറക്കാന്‍ കഴിയുന്നത് ആയിരുന്നില്ല. ചിലപ്പോഴൊക്കെ ഒരു ഫോറെസ്റ്റ് ഓഫിസര്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോകുകയും ചെയ്തു .
.
മുട്ടിടിച്ചാം ചേരി ഇറങ്ങി പുല്മേട്ടില്‍ എത്തിയപ്പോള്‍ ഒക്കെ മനസ്സ് ധ്യാന മൂഡില്‍ ആയിരുന്നു … മനുഷ്യ പ്രതീക്ഷയെ പ്രകൃതിയും ആയി കൂട്ടിയിണക്കി ഓ എന്‍ വി എഴുതിയ ക്ലാസ്സിക് വരികള്‍ ചുണ്ടില്‍ വന്നു മൂളി പാട്ടായി മാറി . ..എന്നോടൊത്തുണരുന്ന പുലരികളെ …എന്നോടൊത്തു കിനാവ് കണ്ടു ചിരിക്കും ഇരവുകളെ …യാത്ര തുടരുന്നൂ ..ശുഭ യാത്ര നേര്‍ന്നു തരൂ..
.ഏകദേശം മൂന്നു മണിയോടെ ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തി ചേര്‍ന്നു. …എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങള്‍ ബൈക്കില്‍ കയറി . തല്ക്കാലം അഗസ്ത്യാര്‍കൂടത്തിനോട് യാത്ര പറയുന്നു …അല്ല അത് യാത്ര പറച്ചില്‍ അല്ല ..ഒരിക്കല്‍ അഗസ്ത്യമല കയറിയ ആര്‍ക്കും അഗസ്ത്യനോട് യാത്ര പറയാന്‍ സാധിക്കില്ല …നാരായ ബിന്ദുവില്‍ അഗസ്ത്യനെ കാണാന്‍ ഇനിയും സാധിക്കണേ എന്ന പ്രാര്‍ത്ഥനയോടെ തന്നെ ആയിരിക്കും ഓരോ യാത്രികനും ഇവിടം പിരിയുന്നത്.
വരികളും ചിത്രങ്ങളും – Krishna Das K Vava.