വിവരണം – പ്രണവ് സുകൃതം. ( Post of the Week – Paravakal Group).
ഹരിഹർ ഫോർട്ടിലേക്കുള്ള ട്രെയ്ൻ യാത്രയിലാണ് Muneer Shoukath ന്റെ മെസെജ് വരുന്നത്. സംസാരത്തിനിടയിൽ അവനാണ് നാസിക് ത്രിംബകേശ്വർ തന്നെയുള്ള ബ്രഹ്മഗിരി ഹിൽസിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. വയനാട് – കർണാടക സൈഡിലുള്ള ബ്രഹ്മഗിരി ഹിൽസ് കേറിയിട്ടുണ്ടെങ്കിലും ഇത് പുതിയ അറിവാണ്. ഒന്ന് ബ്രൗസ് ചെയ്തപ്പോ തന്നെ സംഭവം കിടു ആണെന്ന് പിടികിട്ടി.
ഹരിഹർ ഫോർട്ട് കയറിയിറങ്ങിയ ത്രില്ലിലാരുന്നു ഞാനും പുണെ ഫ്രണ്ട് സാഗറും. ഒട്ടും ക്ഷീണം തോന്നിയതുമില്ല. റോഡിൽ നിന്ന് കൈകാട്ടി നിർത്തിയ വണ്ടിയിൽ ഒരിഞ്ചു സ്ഥലമില്ല… ന്നാ പിന്നെ മുകളിൽ കേറിക്കോന്ന് ഡ്രൈവർ. ആഹാ അടിപൊളി. വിശാലമായ ഗ്രാമ കാഴച്ച്കളും കൂറ്റൻ പർവതനിരകളും കണ്ടു കൊണ്ടുള്ള യാത്ര വളരെ പ്രിയപ്പെട്ട ഒന്നായി മാറി. ത്രിംബകേശ്വർ എത്തിയതും സാഗർ നാസിക്കിലോട്ട് മടങ്ങി.
സമയം 3 ആകുന്നതേയുള്ളൂ.. എന്റെയുള്ളിൽ ബ്രഹ്മഗിരി മെല്ലെ തലപൊക്കി. എന്തായാലും ഒന്നന്നേഷിക്കാം.. എല്ലാരും അങ്ങകലെ ചൂണ്ടിക്കാണിച്ച് കുറെ കയറാനുണ്ടെന്ന് പറഞ്ഞ്. ഞാനും ആകെ കൺഫൂഷനായി. വേണേൽ ആ റൂട്ടിൽ തന്നെയുള്ള ഗംഗാധർ ഹിൽ കേറിയിറങ്ങിക്കോള്ളാൻ നിർദേശം കിട്ടി. ന്തായാലും പോയി നോക്കാം. നല്ല വെയിലത്ത് ഗൂഗിൾ കാണിച്ച റോഡിലൂടെ 2 km ഓളം നടന്നപ്പോൾത്തന്നെ തളർന്ന് പോയി. സ്റ്റാർട്ടിങ് പോയിന്റ് എത്തിയതും വേഗം അടുത്തുള്ള കടയിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം വാങ്ങി. കാരണം ഇനിയങ്ങോട്ട് സ്റ്റെപ്സ് കയറിത്തുടങ്ങുകയായി.
ഹരിഹർ പോലെ വലിയ റിസ്കൊന്നും ഇവിടില്ല. വളരെ പ്രായമായവർ വരെ കയറുന്നത് കാണാം. പക്ഷെ 700 ലേറെ സ്റ്റെപ്സ് കേറാനുണ്ട്. പോകും വഴി കുത്തി നടക്കാനുള്ള സ്റ്റിക്ക് വിൽക്കാൻ വച്ചിട്ടുണ്ട്. 20 രൂപയുള്ളൂ. എന്തോ ഇത്തിരി ഓവർ കോൺഫിഡൻറായത് കൊണ്ടാകണം ഞാൻ അത് വാങ്ങാനെ നിന്നില്ല (അതിൽ പിന്നീട് ഞാൻ വളരെ ഖേദിക്കുകയും ചെയ്തു). ചെറുതായി ക്ഷീണം തോന്നിയപ്പോളൊക്കെ ഇരുന്നും ഓറഞ്ച് കഴിച്ചും മുന്നോട്ട് നീങ്ങി. പതിയെ പർവത മുകളിലേക്ക്.
ധാരാളം പേർ വിശ്വാസ പരമായും സന്ദർശിക്കുന്ന ഒരിടമാണിത്. മുകളിലെ ശിവ ക്ഷേത്രങ്ങളും ഗോദാവരി നദിയുടെ ഉത്ഭവവും തന്നെ കാരണം. വെയിലിന് ചെറിയ ശമനം കിട്ടിയത് വളരെ ആശ്വാസമായി തോന്നി.. കാടും മുളങ്കൂട്ടങ്ങളും നൽകിയ തണുപ്പും ചെറുതല്ല. സ്റ്റെപ്പ്സ് നടുവിലൂടെ ഒരു കമ്പി വേലി കൊണ്ട് തിരിച്ചിട്ടുണ്ട്. പിടിച്ച് കേറാൻ അതൊരു സഹായമാണ്. കുറച്ച് നിരപ്പായ സ്ഥലത്തെ നടത്തത്തിന് ശേഷം പഴക്കമുള്ള, കല്ലു കൊണ്ടുള്ള മന്ദിരം കാണാനായി…
അധികം വൈകാതെ തന്നെ വഴി രണ്ടായി പിരിയുന്നുമുണ്ട്. നേരെ പോയാൽ ബ്രഹ്മഗിരി , വലത്തോട്ട് ഗംഗാധർ… ഒരു ഗുഹയും ക്ഷേത്രവുമായി ഗംഗാധർ വഴി മലയുടെ ഒരു ചെരിവിലായി അവസാനിക്കുന്നത് കാണാം. ഏതായാലും സമയമില്ല നമ്മക്ക് വല്യ മീനിനെ മതി… നടത്തം നേരെ തന്നെ. ഉയരത്തിലേക്ക് പോകുന്തോറും സ്റ്റപ്പിന്റെ ഉയരവും കൂടുന്നുണ്ടേന്ന് ഒരു സംശയം. ത്രിംബകേശ്വർ പട്ടണവും ചുറ്റുമുള്ള സ്ഥലങ്ങളും ഇപ്പോൾ തന്നെ നന്നായി കാണാം. ശരിയ്ക്ക് പറഞ്ഞാൽ പാറ മുകളിലേക്കാണ് നമ്മൾ കയറി ചെല്ലുന്നത്. മുറിച്ച് വെച്ച കഷ്ണങ്ങൾ പോലെ നിരനിരയായി കാണാം. പാറകളിൽ ഹനുമാന്റെയും മറ്റ് ദേവി ദേവൻമാരുടെയും കൊത്തു പണികളുണ്ട്.
എല്ലാം ആസ്വദിച്ച് മുകളിലേക്ക് കയറുമ്പോളല്ലേ വാനരപ്പട. ഒന്നും രണ്ടുമല്ല. ഒരു പേടിയും മൈൻഡുമില്ലാതെ അവർ ഇക്കണ്ട ആളുകൾക്കിടയിലൂടെ ചാടിയോടി നടക്കുന്നു. ഭക്ഷണ വസ്തുകളാണ് പ്രധാന ലക്ഷ്യം. ഇടയ്ക്ക് നമ്മെ ഒന്ന് തോണ്ടിയും പിടിച്ചുമൊക്കെ നോക്കും. എന്റെ ബാഗിന് മുകളിൽ കയറിയിരിക്കുന്ന അവസ്ഥ വരെയുണ്ടായി. എല്ലാം കഴിഞ്ഞ് ഒരു വിധം സമതല പ്രദേശത്തേക്കെത്തി. ഇവിടന്ന് തന്നെ നല്ല കാഴ്ചകൾ കാണാം.ഒരു ഭാഗം ത്രിംബകേശ്വർ തന്നെ. കേറി ചെല്ലുന്നയിടം വീണ്ടും മലനിരകൾ. ക്ഷേത്രങ്ങളിലേക്ക് തിരക്ക് കൂട്ടുന്നവരെ ഒഴിവാക്കി നടപ്പ് തുടർന്നു.
ഇച്ചിരി ആവേശം കൂടിയപ്പോ വളഞ്ഞു പുളഞ്ഞു പോകുന്ന നടപ്പാത വിട്ട് കുത്തനെ കയറിത്തുടങ്ങി. ഷോക്കടിച്ച പോലെ കാലിനുള്ളിലൂടെ ഒരു വേദന. കാര്യമാക്കിയില്ല. കയറി ചെന്നത് അത്രയും മനോഹര കാഴ്ചയിലേക്കായിരുന്നു. അസ്തമയ സൂര്യന്റെ പ്രഭയിൽ ആ സ്ഥലമാകെ സ്വർണവർണമാരുന്നു. പ്രകൃതി എത്ര സുന്ദരമാണ് !! മഴക്കാലത്തെ പച്ചപ്പിന് മാത്രമല്ല വേനലിനെ ഉണങ്ങിയ മഞ്ഞയ്ക്കും അത്ര തന്നെ ഭംഗി. മാനം മുട്ടി നിൽക്കണ മലനിരകളോട് എന്താണ് എനിക്കിത്ര ഇഷ്ടം..!
കയറി വന്നവരിൽ രണ്ടു പേരൊഴികെ ബാക്കിയാരും മലയുടെ അവസാന ഭാഗത്തേക്ക് നടക്കുന്നില്ല. എന്ത് കഷ്ടമാണ് ഇത്ര ദൂരം വന്നിട്ട് … എല്ലാവരും ഒന്നുകിൽ കയറി വന്ന ഭാഗത്ത് നിന്ന് കാഴ്ചകൾ ആസ്വദിക്കും അല്ലെകിൽ മറു വശത്തെ താഴ്ചയിലേക്കിറങ്ങി ക്ഷേത്ര ദർശനത്തിനായി പോകും. എന്തോ മനസ് സമ്മതിക്കണില്ല ഞാൻ വീണ്ടും നടപ്പ് തുടങ്ങി. ഇച്ചിരി കഷ്ടപ്പെട്ടാണേലും ഞാനെത്തി.
ആ മനോഹര കാഴ്ച കാണാതെ മടങ്ങുന്നവരോട് എനിയ്ക്ക് ഒന്നും പറയാനില്ല.. അങ്ങറ്റത്തായി എന്റെ മുന്നിൽ മുറിച്ച് മാറ്റി വച്ച പോലൊരു മലയുടെ ഭാഗവും ഇടത് ഭാഗത്ത് അകലെയായി വീണ്ടും ധാരാളം മലനിരകളും വലത് ഭാഗത്തേക്ക് പിന്നിട്ട വഴികളും കാണാനായി. ഇഷ്ടപ്പെട്ട ഒന്ന് രണ്ട് പാട്ടും പ്ലേ ചെയ്ത് ദൂരത്തോട്ട് നോക്കിയിരിക്കുമ്പോൾ കിട്ടണ ഒരു സുഖമുണ്ട് സാറെ. എണീറ്റ് തിരിച്ച് നടക്കാൻ തോന്നണില്ലാരുന്നു.
5.30 കഴിഞ്ഞിരിക്കുന്നു. ഞാൻ നടന്ന് കയറി വന്നയിടത്തേക്ക് തന്നെ എത്തി. തിരിച്ചിറങ്ങണോ അതോ ക്ഷേത്രത്തിലേക്ക് പോണോ എന്ന് ചിന്തിച്ച് ഒരടി വെച്ചതെ ഓർമയുള്ളൂ. ഒരു കൊള്ളിയൻ മിന്നിയപോലെ വലത്തെ കാലിനുള്ളിൽ ന്ന് വേദനയങ്ങ് മുകളിലോട്ട് കേറുവാണെ. നിൽക്കാനും വയ്യ നടക്കാനും വയ്യ… കാല് നീട്ടി ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ. സീൻ മാരക കോൺട്ര. ഹാംസ്ട്രിങ്ങാണ്. അതെന്നെ മ്മടെ മസില് പിടുത്തം. ശ്ശെടാ എനിക്കിതിനും മാത്രം മസിലെവിടാന്നാ പിടികിട്ടാത്തത്.
കാല് പതിയെ മടക്കി റെസ്റ്റ് എടുത്ത് നിവർത്തി ഒരു വിധം എണീക്കാനായി. എങ്കിലും നല്ല വേദന. ഇനിയങ്ങോട്ടുള്ള ഇറക്കവും സ്റ്റെപ്സും ആലോചിക്കാനെ വയ്യ. പതിയെ നടന്ന് തുടങ്ങി.. ഇടത്തെ കാലിന് കൂടുതൽ ബലം കൊടുത്ത് ഇറങ്ങുമ്പോൾ സ്റ്റിക്ക് വാങ്ങാത്ത എന്നെ ഞാൻ സ്വയം തെറി പറയുവാരുന്നു. ഇത്തവണ കുറുക്കുവഴി ഒഴിവാക്കി നേരെ തന്നെ നടക്കാനാകാത്തപ്പോഴാ… ശോ ഓടിയിറക്കുന്നവരെ കണ്ടപ്പോ കൊതി തോന്നിപ്പോയി. വീണ്ടും തിരിച്ചടി.. കൂടുതൽ സ്ട്രെയ്ൻ കൊടുത്തത് കൊണ്ടാകണം. ഇടത്തെ കാലും ഠിം… ഇത്തവണ ഞാൻ വീണ് പോയെന്ന് പറയുന്നതാകും ശരി. ഒരു രക്ഷേയുമില്ല.
നേരം ഇരുട്ടാറായിരിക്കുന്നു. ആളുകൾ കൂട്ടത്തോടെ മലയിറങ്ങുകയായി. ഞാൻ ആകെ വണ്ടറടിച്ച് വഴിയിലെ പുല്ലിൽ ഇരിക്കുവാണ്. ഒന്ന് രണ്ട് പേര് കാര്യം അന്വേഷിച്ചു. കുറച്ച് നേരം കൂടെ നിന്നെങ്കിലും ഞാൻ പതിയെ വന്നോളും എന്നും പറഞ്ഞ് അവരെ വിട്ടു. സത്യം പറയാല്ലോ എഴുന്നേൽക്കണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. കഴിയണ്ടെ? ഒരു ബാന്റെജ് പോലും കയ്യിൽ കരുതാതെ വന്ന എന്നെയൊക്കെ…. ഹാ ഇപ്പോ പറഞ്ഞിട്ട് എന്ത് കാര്യം. ബാഗിൽ ഫുഡും വെള്ളവും ഉണ്ട്. കണ്ണെത്തും ദൂരത്ത് തന്നെ ടാർപോളിൻ ഷീറ്റ് കൊണ്ടും മറ്റും ഉണ്ടാക്കിയ കടകളും ഉണ്ട്. അത് കൊണ്ട് രാത്രി ഇവിടെ തങ്ങേണ്ടി വന്നാലും പ്രശ്നമൊന്നുമില്ല. ന്നാലും ബാക്കി പ്ലാൻസ് മൂഞ്ചും. So… പതിയെ നടക്കാതെ തരമില്ല..
രണ്ടും കൽപ്പിച്ച് എഴുന്നേറ്റു. ഓരോ അടി വയ്ക്കുമ്പോളും കാലിന്റെ ബാക്ക് മസിൽസ് & തൈ മസിൽസ് രണ്ടും എന്നെ നക്ഷത്രം എണ്ണിച്ച്.. ഹൂ 3 വർഷത്തെ മലകയറ്റ ജീവിതത്തിൽ ആദ്യ അനുഭവം ആണ് സിവനെ.. വളരെ പതിയെ ആണെങ്കിലും നടന്ന് തുടങ്ങി. ഒരു താളം കണ്ടെത്തിയതോടെ കൂടുതൽ ദുരന്തങ്ങളില്ലാതെ തന്നെ സ്റ്റെപ്സ് ഇറങ്ങി. അവസാനത്തെ സ്റ്റെപ്പും ഇറങ്ങി റോഡിലേക്കെത്തിയപ്പോൾ ഒരാശ്വാസം തോന്നി. ഭാഗ്യം മുകളിലേക്ക് കയറുമ്പോളും കാഴ്ചകൾ ആസ്വദിക്കുമ്പോഴും ഒന്നും ഇത് സംഭവിക്കാത്തത്. കാരണം തുടങ്ങിയ യാത്ര ലക്ഷ്യം കാണാനാകാതെ മടങ്ങുന്നത് എന്നെ ഇതിലേറെ വേദനിപ്പിച്ചേനെ.
ഇരുട്ട് വഴികളിലൂടെ ത്രിംബകേശ്വർ ലക്ഷ്യമാക്കി നടപ്പു തുടർന്നു, ബസ് സ്റ്റാന്റിലെത്തിയതും നാസിക് ബസിന്റെ സീറ്റിലേക്ക് ചാഞ്ഞു. കാര്യമായ ഭക്ഷണമില്ലാത്തതും വേദനയും തുടർച്ചയായി ട്രെക്ക് ചെയ്തതും എന്റെ ശരീരത്തെ ക്ഷീണിതനാക്കിയിരിക്കുന്നു. എങ്കിലും മനസ് ഹാപ്പിയാ. രണ്ട് കിടിലൻ ട്രക്കിങ് കംപ്ലീറ്റ് ചെയ്യാനായി. ധാരാളം സുന്ദര കാഴ്ചകൾ. മറക്കാനാകാത്ത അനുഭവങ്ങൾ.. ഹരിഹർ ഫോർട്ട് ലക്ഷ്യമിടുന്നവർക്ക് കൂടെ പ്ലാൻ ചെയ്യാവുന്നതാണ് ബ്രഹ്മഗിരിയും. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ രണ്ടും ഒരു ദിവസം തന്നെ കംപ്ലീറ്റ് ചെയ്യാനാകും. എന്റെത് തികച്ചും ഒറ്റപ്പെട്ട സംഭവമാണ്. ട്രക്കിങ് താരതമ്യേന എളുപ്പമാണ്.