വിവരണം – മുജീബ് അന്ത്രു (പറവകൾ ഗ്രൂപ്പ്).
എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്നും 13 കിലോമിറ്റർ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന പാലമറ്റം എന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ കൊച്ചു ഗ്രാമത്തിലേയ്ക്ക് എത്തിചേരാൻ പുന്നെക്കാടിൽ നിന്നും ഇഞ്ചത്തോട്ടി വഴിയിലൂടെയാണ് പോകേണ്ടത്. പാലമറ്റം എന്ന ഈ കൊച്ചു ഗ്രാമത്തിനെ പ്രശസ്തിയിലേയ്ക്ക് നയിച്ചത് ബ്രിട്ടീഷുകാരാണ്. അവർ ഏഷ്യയില്‍ ആദ്യമായി റബ്ബര്‍ പ്ലാന്റ് ചെയ്തത് ഇവിടെയാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ചരിത്ര സ്മാരകമായി അവശേഷിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.
റബ്ബര്‍ പ്ലാന്റ് ചെയ്യാൻ വന്ന സായ്യിപ്പും കുടുംബവും താമസിച്ചിരുന്ന പെരിയാറിന്റെ തീരത്തുള്ള പാലമറ്റം ബംഗ്ലാവ്, തൊഴിലാളികൾക്ക് വേതനവും മറ്റും നൽകിയിരുന്ന ഓഫിസും, പഴയ പോസ്റ്റോഫിസും, മറ്റു നിർമിതികളും ഇപ്പോഴും കാണാൻ കഴിയും. സ്വകാര്യ വ്യക്തിയുടെ കൈയ്യിലുള്ള പാലമറ്റം ബംഗ്ലാവ് ഇപ്പോൾ പുനർ നിർമ്മിച്ച് റിസോർട്ടായി പ്രവർത്തിക്കുന്നു. ഇവയെല്ലാം ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമണെങ്കിൽ ഈ കൊച്ചു ഗ്രാമത്തിന്റെ കാർഷിക നന്മയുടെ ചരിത്രം വിളിച്ചോതുന്ന കാളക്കടവ് എക്കോ പോയിന്റ് എന്ന മനോഹരമായ പെരിയാറിന്റെ തീരം ഇന്നും സഞ്ചാരികൾ അറിയാതെ കിടക്കുകയാണ്.
നമ്മുടെ ശബ്ദം രണ്ടും മൂന്നും തവണ പ്രതിധ്വനിച്ച് കേള്‍ക്കാവുന്ന ഇവിടം പെട്ടന്ന് ഏവർക്കും പ്രിയപ്പെട്ടതാവും. ഇവിടെ വന്നാല്‍ ആരുമൊന്ന് കൂകി പോകും. അത് മുതിര്‍ന്നവരായാലും കുട്ടികളായാലും. ഒരിക്കല്‍ പോലും കൂകാത്തവര്‍ പോലും കാളക്കടവിലെത്തിയാല്‍ അറിയാതെ കൂകിപ്പോകും. ഒരു കാലത്ത് കന്നുകാലികളെ മറുകരയിലെ കാട്ടിലേക്ക് മേയ്ക്കാന്‍ വിട്ടിരുന്ന കടവാണ് പില്ക്കാലത്ത് കാളക്കടവായി മാറിയത്. ഇവിടെ നിന്ന് പുഴയ്ക്ക് അക്കരെ കാണുന്നത് ലോക പ്രശസ്തമായ ഡോ. സലിം അലിയുടെ നാമധേയത്തിലുള്ള തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണ്.
മൂന്ന് പുഴയുടെ നാട്ടുകാരായ ഞങ്ങൾ കാളക്കടവിലെത്തുമ്പോൾ ഇവിടുത്തെ കുട്ടികൾ പെരിയാറിൽ ആർത്തുല്ലസിക്കുന്നുണ്ടായിരുന്നു. അവരുടെ കുറച്ച് ചിത്രങ്ങളും പിടിച്ചു. പുഴ കണ്ടാൽ മുവാറ്റുപുഴകാർക്ക് ആ ഓളപരപ്പിനെ തലേടാതെ ഇരിക്കപൊറുതിയുണ്ടാവാറില്ല . അതു കൊണ്ട് ആദ്യം തന്നെ പരിചയത്തിലുള്ള തോണികാരൻ ഷിജുവിനെ വിളിച്ച് രണ്ട് ചെറിയ തോണികൾ സങ്കടിപ്പിച്ച് കാളക്കടവിൽ നിന്നും പെരിയാറിനെ മുറിച്ച് കടന്ന് തട്ടേക്കാട് വന മേഖലയിലൂടെ തോണിയിൽ യാത്ര ആരംഭിച്ചു.
ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ അടച്ചിരിക്കുന്നതുകൊണ്ട് ഈ വനത്തിന്റെ പല ഭാഗത്തും വെള്ളം കയറി കിടക്കുകയാണ്. ഇത് മൂലം ചെറിയ ചെറിയ ലഗൂൺസിന്റെ ഇടയിലൂടെ തോണിയിലേറിയുള്ള യാത്ര നയന മനോഹരമായ ദൃശ്യ വിരുന്നൊരുക്കുന്നു. പല തരത്തിലുള്ള പക്ഷികളും, മലയണ്ണാനും, ചിത്രശലഭങ്ങളും കണ്ടു കൊണ്ടുള്ള യാത്രയിൽ തോണിക്കാരൻ ഷിജുവിനെ ഇവിടെ വച്ച് കഴിഞ്ഞ ആഴ്ച്ച മീൻ പിടിക്കാൻ വന്നപ്പോൾ വെള്ളത്തിൽ കിടന്ന ഒറ്റയാൻ ആക്രമിക്കാനായി എത്തിച്ചതറിഞ്ഞപ്പോൾ, പിന്നീടുള്ള യാത്ര കുറച്ച് പേടിയോടെ ആയിരുന്നു…
ഈ യാത്രയിൽ ലഭിച്ച അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത് അനുഭവിച്ച് തന്നെ അറിയണം. മനോഹരം എന്നെല്ലാം പറഞ്ഞ് കൊച്ചാക്കുന്നില്ല. തോണിയിൽ ചെന്നിറങ്ങിയത് വിശാലമായ പുൽ മൈതാനത്തിലേയ്ക്കാണ്. ചുറ്റും ഇടതൂർന്ന വനവും. കുറച്ച് ദൂരം ഭയത്തോടെ വനത്തിലൂടെ.. ഈ സമയം ആനയുടെ ചിന്നം വിളിയും മരച്ചില്ലകൾ ഒടിയ്ക്കുന്ന ശബ്ദവും ദൂരെ നിന്നും കേൾക്കാമായിരുന്നു. ഇവിടെ വനത്തിന്റെ ഭികരത പക്ഷികളുടെ കള കളാരവത്തിൽ അലിഞ്ഞ് ഇല്ലാതാവുന്നു. വനത്തിനകത്ത് ഏതോ ഒരു സായിപ്പിന്റെ സ്ഥലവും ഏർമാടത്തിന്റെ ഭാഗങ്ങളും ഇപ്പോഴും നിലകൊള്ളുന്നു. കുറച്ച് നേരം ഇവിടെയെല്ലാം ചുറ്റിയടിച്ച്, ഒരു പാറയുടെ മുകളിൽ അൽപ സമയം ചിലവിട്ട് തിരിച്ച് തോണിയിലേറി ഇക്കരെയ്ക്ക്.
അഞ്ഞൂറ് മീറ്ററോളം വീതിയിൽ പെരിയാർ. ആഴത്തിനെ കുറിച്ച് ഓർക്കാതിരിക്കുന്നതാണ് ബുദ്ധി. ഇതിലൂടെ രണ്ട് ചെറിയ തോണിയിൽ ഞങ്ങൾ അഞ്ചുപേരും, ഷിജുവും. നിശബ്ദമായി പ്രകൃതിയെ കുളിരണിയിച്ച് ഒരു നവവധുവിനെ പോലെ സുന്ദരിയായ പെരിയാറിനെ മറികടന്ന് ഞങ്ങൾ കാളക്കടവിലെത്തി.
ചെറിയ ഗ്രാമമാണെങ്കിലും വളരെ നല്ല റിസോർട്ടുകളുടെ താവള ഭൂമിയാണ് പാലമറ്റവും പരിസര പ്രദേശങ്ങളും. കലിസ്പ്പോയുടെ സാഹസിക ക്യാമ്പും, വളരെ നല്ല രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഒരു കിലോമിറ്റർ മാത്രം ദൂരത്തിലാണ് കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂകുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്.