കേരളത്തിനു പുറത്തേക്ക്, അയൽസംസ്ഥാനങ്ങളിലേക്ക് നിരവധി പ്രൈവറ്റ് ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഇവയെ ആപേക്ഷിച്ച് ഇതേ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകളിൽ ചാർജ്ജ് കുറവായിരിക്കും. നിലവിൽ കോയമ്പത്തൂർ, ബെംഗളൂരു, മൈസൂർ, മംഗലാപുരം, കൊല്ലൂർ മൂകാംബിക എന്നിവിടങ്ങളിലേക്കാണ് കെഎസ്ആർടിസി പ്രധാനമായും സൂപ്പർക്ലാസ്സ് ഇന്റർ-സ്റ്റേറ്റ് സർവ്വീസുകൾ നടത്തുന്നത്.
ബെംഗളൂരുവിലേക്കാണ് കെഎസ്ആർടിസി ബസ്സുകൾ കൂടുതലായും സർവ്വീസ് നടത്തുന്നതും പ്രാധാന്യം കൊടുക്കുന്നതും. എന്നാൽ ബെംഗളൂരു പോലെ തന്നെ ധാരാളം മലയാളികൾ ജീവിക്കുന്ന സ്ഥലമാണ് ചെന്നൈ. പക്ഷേ ചെന്നൈയിലേക്ക് ഇതുവരെ കെഎസ്ആർടിസി സർവ്വീസുകൾ ആരംഭിച്ചിട്ടില്ല. ആരംഭിക്കും ആരംഭിക്കും എന്നു പറഞ്ഞിട്ട് നാളുകൾ കുറേയായെങ്കിലും സംഭവം ഇതുവരെ റെഡിയായിട്ടില്ല.
ചെന്നൈയിൽ വെള്ളപ്പൊക്കം വന്നപ്പോൾ അവിടെ പെട്ടുപോയ ആളുകളെ കേരളത്തിൽ നിന്നും കെഎസ്ആർടിസി ബസ്സുകൾ ചെന്നാണ് രക്ഷിച്ചു കൊണ്ടുപോന്നത്. ഇതുകൂടാതെ ശബരിമല സ്പെഷ്യൽ സർവ്വീസുകളും ചെന്നൈയിൽ നിന്നും ഒരിടയ്ക്ക് നടത്തുകയുണ്ടായി. എന്നാൽ സ്ഥിരമായ ഒരു സർവ്വീസ് ആരംഭിക്കുവാൻ ഇപ്പോഴും നടപടികളൊന്നും ആയിട്ടില്ല.
ഏറെ പ്രതീക്ഷകൾ നൽകുകയും കൊട്ടിഘോഷിക്കുകയും ചെയ്തിട്ടും “മലയാളിക്കൊരു ചെന്നൈ യാത്ര – KSRTC യിൽ ” എന്നത് ഇന്ത്യ ഫുട്ബോള് ലോകകപ്പ് നേടുന്നതു പോലെ അനന്തം – അജ്ഞാതം ആയി തുടരുന്നത് എന്തുകൊണ്ടാണെന്നാണ് ആർക്കും മനസ്സിലാകാത്തത്.
കെഎസ്ആർടിസി 18 പുതിയ സ്കാനിയ ബസുകൾ വാങ്ങിയപ്പോൾ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയും ചെന്നൈ സർവീസ് തീർച്ച എന്ന് മന്ത്രിയും അന്നത്തെ MDയും ഒക്കെ ഉറപ്പിച്ച് പറഞ്ഞതുമാണ്. കാലാകാലങ്ങളിൽ മലയാളി KSRTC ൽ നിന്നും ഏറ്റവും അധികം പ്രതീക്ഷിക്കുന്നതും ചെന്നൈ സർവീസുകൾ ആണ്. ഏറ്റവും ഉചിതമായിരുന്ന സമയം നോക്കി ഇതിന് മുൻകൈ എടുത്തിരുന്നെങ്കിൽ, മലയാളിയുടെ ഗതകാല സ്വപ്നത്തിന് ഒരു സാക്ഷാത്കാരവും KSRTC ക്ക് മറ്റൊരു ലാഭകരമായ പ്രീമിയം സർവീസുമാകുമായിരുന്നു ചെന്നൈ.
അശാസ്ത്രീയവും ഗൂഢതാൽപര്യങ്ങളോടെയും 18 സ്കാനിയകളുടേയും റൂട്ടുകൾ നിശ്ചയിക്കപ്പെട്ടപ്പോൾ ചിലരുടെ മാത്രം താൽപര്യം സംരക്ഷിക്കപ്പെട്ടു. കൊട്ടിഘോഷിച്ച ചെന്നൈയും ഹൈദരാബാദും പോണ്ടിച്ചേരിയുമൊക്കെ ദിവാസ്വപ്നങ്ങളായി മാറി. പകരം കോയമ്പത്തൂരും കണ്ണൂരും വരെ വന്നു!!
തമിഴ്നാട് പെർമിറ്റ് ലഭിക്കുന്ന പ്രശ്നമാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം ഇന്നും അജ്ഞാതമായി തുടരുകയാണ്. ഒരിടയ്ക്ക് തിരുവനന്തപുരം – ചെന്നൈ റൂട്ടിൽ സ്കാനിയ സർവ്വീസ് ആരംഭിച്ചപ്പോൾ എല്ലാവരും ഒന്നു സന്തോഷിച്ചിരുന്നതാണ്. എന്നാൽ പിന്നീട് ആ സർവ്വീസ് താൽക്കാലികമാണ് എന്നറിഞ്ഞതോടെ ആ സന്തോഷം കെട്ടടങ്ങുകയായിരുന്നു.
ട്രെയിൻ ലഭ്യമല്ലാത്തപ്പോൾ നിലവിൽ ചെന്നൈ യാത്രകൾക്ക് മലയാളികൾ നല്ല ചാർജ്ജ് മുടക്കി പ്രൈവറ്റ് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. അല്ലെങ്കിൽ തമിഴ്നാടിന്റെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പരുവത്തിൽ ഓടുന്ന അൾട്രാ ഡീലക്സുകളെയും. എന്തിനു നമ്മൾ ഇതൊക്കെ സഹിക്കണം? മലയാളിക്ക് യാത്ര ചെയ്യാൻ മലയാളിയുടെ വണ്ടി തന്നെ വരട്ടെ.. അധികാരികൾ ധാർഷ്ഠ്യവും പിടിവാശികളും ഉപേക്ഷിക്കട്ടെ. മനോഹരമായ യാത്ര മലയാളിക്കും ശോഭനമായ ഭാവി KSRTC ക്കും കൈവരട്ടെ.. പ്രതീക്ഷിക്കാം, നല്ലൊരു തീരുമാനത്തെ…