മദ്യപിച്ചു വാഹനമോടിച്ചിട്ട് പോലീസ് പിടിച്ചാൽ ഫൈനും അടച്ച് പിന്നെയും അതുതന്നെ അവർത്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം ആളുകൾ. എന്നാൽ പോലീസ് പിടിച്ചപ്പോൾ താൻ ചെയ്ത തെറ്റു മനസ്സിലാക്കുകയും ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ പോലീസ് ഉദ്യോഗസ്ഥരുടെ സ്നേഹം നിറഞ്ഞ പിന്തുണയും കൂടി ലഭിച്ചപ്പോൾ എല്ലാ തെറ്റുകളിൽ നിന്നും മോചിതനായി സന്തുഷ്ടമായ ജീവിതം ലഭിച്ച പലരുമുണ്ട് നമ്മുടെ ഇടയിൽ. അത്തരത്തിലൊരു അനുഭവം പങ്കുവെയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ മഹേഷ്. തൻ്റെ ഫേസ്ബുക്ക് വാളിലാണ് പോലീസുകാർക്ക് നന്ദി പറഞ്ഞുകൊണ്ട് മഹേഷ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്നു വായിക്കാം.
“ബഹുമാന്യനായ പേരൂർക്കട പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ K L സമ്പത്ത്. ഈ സാറ് എനിക്ക് വളരെ പരിചിതനാണെങ്കിലും എന്നെ സാറിന് വലിയ പരിചയമൊന്നുമില്ല. എപ്പോൾ കണ്ടാലും സാറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടാവാറുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം. 26 വയസ്സാണ് എനിക്ക് (തുറന്ന് പറയുന്നതിൽ എനിക്ക് ഒരു മാനക്കേടുമില്ല.വയസിന്റെ കാര്യമല്ല എന്റെ സ്വഭാവത്തിന്റെ കാര്യം.).

രണ്ട് മാസം മുൻപ് വഴയില ജംഗ്ഷനിൽ വച്ച് Police കൈകാണിച്ചു ഞാൻ വണ്ടി നിർത്തി. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരു CPO എന്നോട് ചോദിച്ചു “നീ മദ്യപിച്ചിട്ടുണ്ടോ” എന്ന്. ഞാൻ പറഞ്ഞു ഇല്ല എന്ന്. ഞാൻ പറഞ്ഞത് പച്ചക്കള്ളമായിരുന്നെന്ന് എനിക്കും സമ്പത്ത് സാറിനും മറ്റു പോലീസുകാർക്കും അറിയാമായിരുന്നു.അതു കൊണ്ട് തന്നെ എന്നെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സൗമ്യമായ പെരുമാറ്റമായിരുന്നു.
സമ്പത്ത് സാറ് അടുത്തുവന്നു. എന്നിട്ട് പറഞ്ഞു രണ്ട് ജ്യാമ്യക്കാർ വന്നാൽ നിന്നെ ഇപ്പോ വിടാമെന്ന്. Phone ചെയ്യാനുള്ള അനുവാദവും തന്നു. ഉടനെ ഞാൻ എന്റെ രണ്ട് സുഹൃത്തുക്കളെ ജ്യാമ്യത്തിനായി വിളിച്ചു… അവര് രണ്ട് പേര് വന്നു. എനിക്ക് ജാമ്യം കിട്ടി. ഞാൻ പുറത്തിറങ്ങി. വീണ്ടും സമ്പത്ത് സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു “അനിയാ നിനക്ക് 26 വയസ്സ് അല്ലേ ആയുള്ളൂ? ഇനിയും കുറേക്കാലം ജീവിക്കേണ്ടവനല്ലേ? അത് കൊണ്ട് നീ നിനക്ക് സമയം കിട്ടുമ്പോൾ പട്ടം ട്രാഫിക് സ്റ്റേഷനിൽ വ്യാഴാഴ്ച്ചയും ഞായറാഴ്ച്ചയും നടത്തി വരുന്ന ഒരു ബോധവത്ക്കരണ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം” എന്ന്.. ഞാൻ അത് അപ്പോൾ നിരസിച്ചിരുന്നില്ല.
ഇന്നലെ വീണ്ടും സാറിനെ അവിചാരിതമായി കണ്ടു.”നീ ക്ലാസിന് പോയില്ലേ ടേ” എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു ഇല്ല എന്ന്..” മ് നാളെയും ക്ലാസ്സുണ്ട്, നെനക്ക് വേണോങ്കി പോ” ഇതായിരുന്നു മറുപടി. രണ്ടും കല്പിച്ച് ഞാൻ ഇന്ന് ക്ലാസിന് പോയി. അവിടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവസാനം ഞാനൊരു കൂട്ടായ്മയിലും എത്തി. വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ഞാൻ ആ കൂട്ടായ്മയിൽ ചെലവഴിച്ചു. ആ കൂട്ടായ്മയുടെ പേര് ഇതാണ്. Alcoholics Anonymous അഥവാ “മദ്യപാനം അഞ്ജാതമാണ്.”
ഈ പോസ്റ്റിലൂടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ, അജ്ഞാതമായ ജീവിതത്തിൽ നിന്നും എന്നെ കരകയറ്റാനുള്ള വളരെ വലിയ ശ്രമത്തിൽ എന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ചെറുതായിട്ടെങ്കിലും സഹകരിച്ച സമ്പത്ത് സാറിനുള്ള നന്ദിയാണ്. ബഹുമാനത്തിനേക്കാളും ജനങ്ങളുടെ സ്നേഹം മാത്രം കാംഷിക്കുന്ന സമ്പത്ത് Sir ന്…Love you സമ്പത്ത് സർ..
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog