രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് എതിരെ ബ്രൈറ്റ് ഹെഡ്ലൈറ്റും ഇട്ടുകൊണ്ട് വരുന്നവരും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ വാഹനത്തിൽ ഫിറ്റ് ചെയ്തു വരുന്നവരുമൊക്കെ. ഇത് പല അപകടങ്ങൾക്കും കാരണമായി തീർന്നിട്ടുമുണ്ട്. എന്നാലും സന്ധ്യ മയങ്ങിക്കഴിഞ്ഞാൽ ചിലർ ഇത്തരം കലാപരിപാടികളുമായി റോഡിലിറങ്ങും.
ഇത്തരത്തിൽ അമിത പ്രകാശം മിന്നിച്ചുകൊണ്ട് റോഡിലൂടെ വാഹനമോടിക്കുന്നതിനെതിരെ കേരള പോലീസും രംഗത്തെത്തിയിരുന്നു. ‘മറ്റുള്ളവരുടെ ജീവിതത്തിലെ പ്രകാശം കെടുത്താതിരിക്കുക’ എന്ന തലക്കെട്ടോടെ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ഇതിനെക്കുറിച്ചും ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെയുള്ള നടപടികളെക്കുറിച്ചും പോസ്റ്റ് ഇടുകയും ചെയ്തു.
എന്നാൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിലെ വില്ലൻ ഒരു മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വണ്ടി തന്നെയാണ്. കോട്ടയം – കുമളി റോഡിലെ കുട്ടിക്കാനം – മുണ്ടക്കയം ഏരിയയിലാണ് സംഭവം. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പ്രകാശിപ്പിച്ചുകൊണ്ട് കെഎസ്ആർടിസി ബസ്സിനു മുന്നിലൂടെ പോകുകയായിരുന്ന MV വാഹനം മൂലം കുറച്ചൊന്നുമല്ല ആ പാവം ബസ് ഡ്രൈവർ പാടുപെട്ടത്. വാഹനത്തിനു മുകളിൽ ഘടിപ്പിച്ചിരുന്ന ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പ്, മഞ്ഞ, നീല എന്നിങ്ങനെ ഒരു ഡിസ്കോ ബാറിൽ കയറിയപോലെ ആയിരുന്നു ലൈറ്റുകൾ മിന്നിമിന്നി പ്രകാശിച്ചിരുന്നത്.
അമിതമായ ഈ വെളിച്ചം മൂലം ഒപ്പം വരികയായിരുന്ന കെഎസ്ആർടിസി ബസ്സിന്റെ അടക്കമുള്ള ഡ്രൈവർമാർക്ക് റോഡ് പോലും മര്യാദയ്ക്ക് കാണുവാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. “ഒന്നും കാണാൻ കഴിയുന്നില്ല” എന്ന് ബസ് ഡ്രൈവർ അടുത്തിരിക്കുന്നവരോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.
Abhi N Salin എന്ന യാത്രക്കാരൻ പകർത്തിയ ഈ വീഡിയോ സുനിൽ കെ. സുധീർ എന്ന വ്യക്തി ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – “കേരളാ ട്രാഫിക് പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഏറെ ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ. ട്രാഫിക് നിയമങ്ങൾ വളരെ ലളിതമായി നമ്മുടെ യുവതലമുറയിൽ എത്തിക്കാൻ ഈ പേജ് നിർവഹിക്കുന്ന പങ്ക് ചെറുതല്ല. അങ്ങനെ ഇരിക്കെ ഇന്നലെ ആ പേജിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു, മറ്റുള്ള വാഹങ്ങളിൽ വരുന്നവരുടെ കണ്ണടിച്ചു പോകുന്ന തരത്തിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ കത്തിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന്… തീർച്ചയായും വളരെ നല്ല തീരുമാനം, നടപടി കൈക്കൊള്ളേണ്ട കാര്യം തന്നെ..
അങ്ങനെ ഇരിക്കുമ്പോളാണ് കഴിഞ്ഞ ആഴച ഒരു സുഹൃത്ത് അയച്ചു തന്ന ഭീതിജനകമായി പ്രകാശം പരത്തി പോകുന്ന ഒരു വാഹനത്തിന്റെ വീഡിയോ ഓർമയിൽ വന്നത്. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രിയിലെ യാത്ര എത്ര ദുഷ്കരം ആണെന്ന് ആ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാവുന്നതാണ്. അപ്പോളാണ് കണ്ണ് തുറക്കാൻ പോലും പറ്റാതെ ഒരു ബസ് ഓടിച്ചു പോകുന്ന ഒരു ഡ്രൈവർ, ജീവൻ കയ്യിൽ എടുത്ത് പിടിച്ചു യാത്ര ചെയ്ത കുറെ യാത്രക്കാർ.

സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് വില്ലൻ. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തിൽ മൊത്തമായി വിതറിയാണ് ആശാൻ പറക്കുന്നത്. കൊടും വളവുകളിൽ എത്തുമ്പോൾ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേൾക്കാം,”ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണുന്നില്ലെന്ന് പറയു”… തീർച്ചയായും അമിത പ്രകാശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകും. ഇതൊരു പൗരന്റെ എളിയ അഭ്യർത്ഥന മാത്രമായി വായിക്കണം.”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog