മഴക്കാലം വന്നാൽ കാട് കാണാൻ ഭയങ്കര ഭംഗിയാണ്. ആ ഭംഗി തന്നെയാണ് ഈ യാത്രയുടെ ലക്ഷ്യം. ചില യാത്രികർ കാടിന്റെ ഉള്ളിൽ കടന്നു ചെന്നു ആ മനോഹാരിത അനുഭവിക്കുമ്പോൾ നമ്മൾ പുറത്തു നിന്നെങ്കിലും ഒന്ന് നോക്കി കാണണ്ടേ?. അത് കൊണ്ട് ഇടക്ക് ഇങ്ങനെ ഒരു യാത്ര പോകും.
ഓരോ തവണയും കൂടെയുള്ളവർ മാറി മാറി വരും. ഇത്തവണ സ്ഥാപനത്തിലെ സ്റ്റാഫ് ആയിരുന്നു കൂട്ടിനു. നാടുകാണി എന്താവും കരുതി വെച്ചിരിക്കുന്നത് എന്നു യാതൊരു ഉറപ്പുമില്ലാതെ ശനി രാത്രി 12 മണിക്ക് ഞങ്ങൾ പുറപ്പെട്ടു.
മഴ അത്ര സ്‌ട്രോങ് അല്ലാത്തതിനാൽ ചുരം കയറാൻ തുടങ്ങി. രാത്രി വൈകിയും തീറ്റി നിർത്താത്ത ഒരു കൊമ്പൻ ഒഴിച്ചാൽ വേറെ പേടിക്കാൻ മാത്രം ഒന്നും ഉണ്ടായിരുന്നില്ല. 5 മണിക്ക് തോരപ്പള്ളി ചെക്ക് പോസ്റ്റിൽ എത്തി. നിർബന്ധ പ്രാഥമിക ചടങ്ങുകൾക്ക് ശേഷം 6 മണിക്ക് ചെക്ക് പോസ്റ്റ് തുറക്കും വരെ ചെറു മയക്കം.
കാട്ടിലേക്ക് വരവേറ്റത് തന്നെ രണ്ട് കൊമ്പന്മാർ. പിന്നിലുള്ള വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടി മൂലം പടമെടുപ്പ് ഉപേക്ഷിച്ചു. ആദ്യമൊക്കെ പോസ്റ്റ് തുറന്ന ഉടൻ കയറിയാൽ ഒരുപാട് മൃഗങ്ങളെ കാണാമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ആവശ്യവുമില്ലാതെയുള്ള ഹോനടിയും ലോറികളുടെ അമിത വേഗതയും മൃഗങ്ങളെ റോഡിനരികിലേക്ക് വരുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ടാവും. എന്നാലും മാനുകളും കാട്ടുപോത്തും സുലഭം.
കാടാകെ പച്ചയണിഞ്ഞു നിൽക്കുന്നു. മനോഹരം. ഞങ്ങൾ തെപ്പക്കാട് ഫോറസ്റ്റ് റിസപ്ഷൻ സെന്ററിൽ എത്തി ബസ് സഫാരി ബുക് ചെയ്തു. ഞങ്ങളും കൂടെ ഒരു കണ്ണടിക ഫാമിലിയും ഒരു തമിഴ് ഫാമിലിയും. സഫാരിയിലും കാട്ടു പോത്ത് തന്നെ താരം. കൂടെ മാനും മയിലുകളും. ഒരു സ്ഥലത്ത് ധാരാളം പെണ് മയിലുകൾ കൂടി നിൽക്കുന്നു. പക്ഷെ ബസ്സിൽ ഉള്ള ആർക്കും അത് കണ്ടിട്ട് ഒരു വിലയില്ലാത്ത പോലെ. ഒരു പക്ഷെ ആണുങ്ങൾക് മാർക്കറ്റ് വാല്യു കൂടുതലുള്ള ഒരേയൊരു വർഗം മയിലുകളാവാം. ഒരുപാട് തരം പക്ഷികളെയും കണ്ടു.
ഫോട്ടോ എടുക്കാൻ വണ്ടി നിർത്തിക്കാൻ നിന്നില്ല. ദൂരെ ഒരു ആന തല മാത്രം കാണിച്ചു കൊണ്ട് നില്പുണ്ട്. ബസ്സിൽ എല്ലാവരും ബഹളമായി. 45 മിനിറ്റ് സഫാരി പൈസ വസൂൽ. ഇനി 36 ഹെയർ പിൻ വളവുകൾ താണ്ടി മസിനഗുഡിയെന്ന സുന്ദരിയെ സ്പർശിച്ചു ഉദഗമണ്ഡലത്തിലേക്ക്. തെപ്പക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞു അല്പം മുന്നോട്ട് പോയതെ ഒള്ളു. ഒരു ഒന്നൊന്നര ഒറ്റയാൻ. ഞങ്ങൾ കുറച്ച് കൂടെ നേരത്തെ എത്തിയിരുന്നെങ്കിൽ അവന്റെ മുന്നിൽ പെട്ടേനെ.
റോഡിൽ നിന്ന് അല്പം മാറി അവൻ ഞങ്ങളെ കണ്ടപ്പോൾ തിരിഞ്ഞു അൽപ നേരം നേർക്കുനേർ നോക്കിയിരുന്നു. പെട്ടെന്നാണ് ക്യാമറയുടെ കാര്യം ഓർത്തത്. എടുത്തു സെറ്റ് ചെയ്ത എടുത്തപ്പോഴേക്കും അവൻ തല തിരിച്ചു ഉൾ കാട്ടിലേക്ക് നീങ്ങി.. എന്നാലും വലിയ തരക്കേടില്ലാത്ത പടം കിട്ടി.
മസിനഗഡിയിൽ വഴിയരികിൽ പ്രൈവറ്റ് ജീപ്പ് സഫാരിക്കാർ ആളുകളെ പിടിക്കുന്നു. നല്ല മാർക്കറ്റിംഗ് ആണ്.. 700 തുടങ്ങി നിമിഷങ്ങൾക്കകം 500ൽ എത്തി. ഇപ്പൊ പോയി വന്നവർക്ക് മൃഗങ്ങളെ തട്ടി നടക്കാൻ വയ്യായിരുന്നത്രെ.. ഏതായാലും പിടി കൊടുക്കാണ്ടു ഞങ്ങൾ ഊട്ടി ലക്ഷ്യമാക്കി യാത്രയായി. ഏകദേശം 10 മണിയോടെ ഊട്ടി എത്തി. കാറിൽ കിടന്ന് അല്പനേരം മയക്കം. ഒരുപാട് തവണ വന്നതാണ്.
എന്നാലും ഇടക്ക് ഒന്ന് വരാൻ തോന്നും. ചുമ്മാ ഒന്ന് കണ്ടിട്ടു പോവാൻ. നേരെ ബൊട്ടാണിക്കൽ ഗാർഡൻ. അല്പനേരം അവിടെ ചിലവഴിച്ചു തിരിച്ച് പൈക്കാര വഴി ഗൂഢല്ലൂർക്. ഷൂട്ടിംഗ് പോയിന്റിൽ വന്നിറങ്ങി കോടയിറങ്ങിയ ചുരവും തേയില തോട്ടവും താണ്ടി ഗൂഢല്ലൂർക്. 3 മണിക്ക് ഉച്ച ഭക്ഷണം കഴിച്ച വീണ്ടും നാടുകാണി വഴി താഴേക്ക്. കൂട്ടിനു മഴയും കോടയും. നേരത്തെ വീട്ടിലെത്തി ഒരു ദിവസത്തെ ഉറക്കം ഉറങ്ങി തീർത്തു.
എന്റെ ട്രിപ്പുകൾ ഇങ്ങനെയാണ്.. ഒരു ദിവസം. ആ ദിവസം മാക്സിമം ഉപയോഗിക്കുക. 12 മണി മുതൽ. രാത്രി വരെ. ആഴ്ചയിൽ 6 ദിവസം ക്ലിനിക് ഉള്ളതു കൊണ്ട് ഇതൊക്കെ തന്നെ ധാരാളം.. യാത്രകൾ തുടരും…
By: Dr.Faslu Rahman Pulikkapparambil