വിവരണം – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ.
പുതിയ ചിന്തകളും, പുതിയ വഴികളും ജീവിതത്തിന് കൂടുതല്‍ വെളിച്ചമേകട്ടെ എന്ന് ഓരോരുത്തരെയും ആശംസിക്കുന്നു. ലോക് ഡൗണ്‍ ദിനങ്ങളുടെ തിരക്കില്‍ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിനം കടന്നു പോയിരുന്നു. KSRTC ജീവിതത്തില്‍ കഴിഞ്ഞ മാര്‍ച്ച് 19 ആയപ്പോള്‍ 10 വര്‍ഷം തികഞ്ഞു.മാതൃസ്കൂളിലെ കംപ്യൂട്ടര്‍ അധ്യാപകന് ,സ്വകാര്യ ട്യൂഷന് സെന്റര്‍ പ്രിന്‍സിപ്പാള്‍, അക്ഷയ സംരഭകന് തുടങ്ങിയ മേഖലകളില്‍ നിന്നുമാണ് കെ.എസ്സ്.ആര്.ടി.സി കണ്ടക്ടര്‍ ആയി പി.എസ്സ്.സി പരീക്ഷയിലൂടെ ജോലയില്‍ പ്രവേശിച്ചത്. എടത്വ ഡിപ്പോയില്‍ ജോലി ചെയ്യുന്നു.
അക്ഷയ സംരഭകനായി പ്രവര്‍ത്തിച്ചതുപോലും സാമൂഹിക പ്രവര്‍ത്തനവും, ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാക്കാഴം എന്ന ലൊക്കേഷനില്‍ 5 വാര്‍ഡുകളെ ജനങ്ങളെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കുകയും, തുടര്‍ന്ന് മറ്റ് ഇ- സേവനങ്ങള്‍ എത്തിക്കുകയും ആയിരുന്നു ലക്ഷ്യം. സേവനങ്ങളോടൊപ്പം വിദ്യാര്‍ത്ഥികളെ ലഹരിയുടെ കരാള ഹസ്തങ്ങളില്‍ രക്ഷ നേടുവാന്‍ വാര്‍ഡുതല അക്ഷയ ലഹരിവിമുക്ത ക്ളബ്ബുകള്‍ രൂപീകരിച്ചു.
ഈ പ്രവര്‍ത്തനങ്ങളിലൂടെ ആലപ്പുഴ ജില്ലയെ ലഹരി വിമുക്തമാക്കുവാന്‍ രൂപീകരിച്ച `വിമുക്തി’ യുടെ ഭാഗമായി ലഹരിവിമുക്ത സര്‍വ്വേക്കും, തുടര്‍ന്ന് വിമുക്തിയുടെ ജില്ലാതല വോളന്റിയറായും മാറി.ആലപ്പുഴ മുന്‍ ജില്ലാകളക്ടറായി സേവനം അനുഷ്ഠിച്ച ശ്രീ. വേണുഗോപാല്‍ ഐ.എ.എസ്സ്,അന്തരിച്ച പ്രിയപ്പെട്ട ദത്തന് സാര്‍,വിമുക്തിയുടെ കണ്‍വീനര്‍ ഡോ.നിഷ, എന്‍.ഐ.സി ജില്ലാ ഓഫീസര്‍ ശ്രീമതി.പാര്‍വ്വതീ മേഡം ഇവര്‍ നല്‍കിയിരുന പിന്തുണ വാക്കുകള്‍ക്ക് അതീതമായിരുന്നു.
കെ.എസ്സ്.ആര്.ടിസിയില്‍ ജോലിയില്‍ പ്രവേശിച്ചുവെങ്കിലും, ചെയ്തിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. വിമുക്തിയില്‍ നിന്നുളള പിന്തുണയും, അക്ഷയ കോ-ഓര്‍ഡിനേറ്ററും, സുഹൃത്തുമായ ആയിരുന്ന ശ്രീ. അനൂപ് സര്,അക്ഷയയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളായ അക്ഷയ സംരഭകര്‍, അക്ഷയ ജില്ലാ, സംസ്ഥാന ഓഫീസുകളിലെ പ്രിയപ്പെട്ട ജീവനക്കാര്‍ എല്ലാവരുടെയും പിന്തുണ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല.
അക്ഷയയില്‍ നിന്നുമാണ് കെ.എസ്സ്.ആര്.ടി.സി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കെ.എസ്സ്.ആര്.ടി.സി എടത്വ ഡിപ്പോയിലെ നിലവില്‍ യൂണിറ്റ് ഓഫീസര്‍ ആയ ശ്രീ.രമേശ് കുമാര്‍ സര് ഉള്‍പ്പെടെയുളള ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയില്ല. കെ.എസ്സ്.ആര്.ടിസിയിലെ എല്ലാവരും പ്രിയപ്പെട്ടവരാണ് രമേശ് സാറിനെ പോലെ മികച്ച പിന്തുണ നല്കിയ സൗത്ത് സോണല്‍ ഓഫീസറും, എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ.ജി.അനില്‍കുമാര്‍ സര് ജ്യേഷ്ഠ സഹോദരനെ പോലെയാണ്.
ആനവണ്ടി പ്രേമികള്‍ എന്നറിയപ്പെടുന്ന കെ.എസ്സ്.ആര്.ടി.സി സ്നേഹിതര്‍ നല്കി വരുന്ന സ്നേഹവും,പിന്തുണയും ഒരിക്കലും മറക്കാന്‍ കഴിയില്ല.സര്‍വ്വീസില്‍ കയറിയ ആദ്യ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ `ലഹരിക്കെതിരെ ഒരു യാത്ര ‘ എന്ന പേരില്‍ യാത്രികര്‍ക്കുളള ലഹരിവിമുക്ത സന്ദേശ യാത്ര നടത്തി. ഈ യാത്ര KSRTCയും, വിമുക്തിയുമായി ചേര്‍ന്നായിയിരുന്നു.
ഇതുപോലെ ധാരാളം യാത്രകള്‍ അതില്‍ അമ്പലപ്പുഴ ഗവ. കോളേജിലെ എന്‍.എസ്സ്.എസ്സ് യൂണിറ്റും, അസോസിയേറ്റ് പ്രൊഫസറും, NSS പ്രോഗ്രാം ഓഫീസറുമായിരുന്ന ശ്രീ.രമേശ്കുമാര്‍ സാറിന്റെയും, വോളന്റിയേഴ്സിന്റെയും സാറിന്റെ പിന്തുണ മറക്കാന്‍ കഴിയില്ല. NSS യൂണിറ്റുമായി ചേര്‍ന്ന് കുറെയധികം `ലഹരിക്കെതിരെ യാത്ര’ സംഘടിപ്പിച്ചിരുന്നു.
എന്റെ ഓരോ യാത്രയും ലഹരിക്കെതിരെയുളള യാത്രയായി കരുതിയിരുന്നത്. ലഹരിക്കെതിരെയുളള യാത്രകള്‍ നന്മകള് നിറഞ്ഞതാകണമെന്നും ആഗ്രഹിച്ചിരുന്നു. ഇതാണ് കാര്യപ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുവാന്‍ കാരണമായത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സുഹൃത്തുക്കളെയും ചേര്‍ത്ത് `നന്മ മനസ്സുകളുടെ കൂട്ടായ്മ’ രൂപീകരിച്ചു. ആരോരുമില്ലാത്ത രോഗികളെയായിരുന്നു ശ്രദ്ധിച്ചിരിന്നതും, പരിപാലിച്ചിരുന്നതും.
പരിസ്ഥിതിയെ സ്നേഹിച്ചിരുന്നതിനാല്‍ പ്ളാസ്റ്റിക്കിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി. പരിസ്ഥിതിക്ക് ജീവന് നല്കുന്ന മരങ്ങള്‍ക്ക് പ്രധാന്യം നല്കി വൃക്ഷതൈകള്‍ നടേണ്ട പ്രാധാന്യവും പ്രചരിപ്പിച്ചു.
ജോലി സമയത്തും ലഹരിക്കെതിരെയുളള പ്രചാരണം നടത്തുവാന്‍ സമയം കണ്ടെത്തിയിരുന്നു. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളിലെ ഈ വ്യത്യസ്തമായ ഇടപെടല്‍ കഴിഞ്ഞ വര്‍ഷത്തെ എക്സൈസ് വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ മികച്ച സന്നദ്ധ പ്രവര്‍ത്തകനായി തെരെഞ്ഞെടുത്തിരുന്നു. ചെയ്തിട്ടുളള എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുവാന്‍ ഈ അംഗീകാരം ഒരു ഉത്പ്രേരകമാകുമെന്ന് കരുതുന്നു.