ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷൻ രൂപകൽപന ചെയ്ത് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ആധുനിക മൾട്ടി റോൾ കോംബാറ്റ് എയർ ക്രാഫ്റ്റ് ആണ് ഡസോ റഫാൽ. ഇപ്പോൾ ഇന്ത്യ വാങ്ങിയതോടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന റഫാൽ എന്ന ആ ഹീറോയെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്.
1970 കളുടെ മധ്യത്തിൽ ഫ്രഞ്ച് എയർഫോഴ്‌സും നേവിയും അവരുടെ പക്കൽ നിലവിലുണ്ടായിരുന്ന എയർക്രാഫ്റ്റുകൾ മാറ്റുന്നതിനെക്കുറിച്ച് (പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച്) ആലോചിക്കുവാൻ തുടങ്ങി. മറ്റു ചില രാജ്യങ്ങളോടൊത്ത് വിമാനം നിർമ്മിക്കുന്നതിനായുള്ള ചർച്ചകളൊന്നും വിജയത്തിലെത്താതെ വന്നതോടെ സ്വന്തമായി എയർക്രാഫ്റ്റ് നിർമ്മിക്കുവാൻ ഫ്രാൻസ് തീരുമാനിച്ചു.
ഫ്രാൻസിൻ്റെ ഡിഫൻസ് കോൺട്രാക്ടർമാരിൽ ഒരാളായ ഡസോ ഏവിയേഷനാണ് വിമാനം നിർമ്മിക്കുവാനായി നിയോഗിക്കപ്പെട്ടത്. ഏകദേശം 8 വർഷത്തെ പരിശ്രമങ്ങൾക്കു ശേഷം 1986 ൽ ആദ്യത്തെ വിമാനം ആകാശം തൊട്ടു. റഫാൽ എന്നായിരുന്നു ഈ മൾട്ടിറോൾ ഫൈറ്റർ എയർക്രാഫ്റ്റിന് നൽകിയ പേര്. നിലവിൽ റഫാൽ B, റഫാൽ C, റഫാൽ M എന്നീ മൂന്നു വേരിയന്റുകളാണ് ഇന്ന് നിലവിലുള്ളത്.
രണ്ട് എഞ്ചിനുകളുള്ള റഫാൽ ആകാശത്ത് നിന്ന് താഴെ ഭൂമിയിലേക്ക് ആക്രമണം നടത്താനും, ശത്രു വിമാനങ്ങളോട് പോരാടാനും ശേഷിയുള്ള യുദ്ധ വിമാനങ്ങൾ ആണ്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന ഒരു യുദ്ധ വിമാനമാണ് റഫാല്‍.
2007-ൽ ഇന്ത്യൻ സർക്കാർ യുദ്ധവിമാനങ്ങൾക്കായി ആഗോള ടെൻഡർ ക്ഷണിച്ചു. റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, സൂപ്പർ ഹോർനെറ്റ് (ബോയിങ്), എഫ് 16, മിഗ് -35, ഗ്രിപെൻ എന്നിവ ടെൻഡർ സമർപ്പിച്ചു. കുറഞ്ഞ ടെൻഡർ സമർപ്പിച്ച റഫാൽ തിരഞ്ഞെടുക്കാൻ 2012 ൽ ഇന്ത്യ തീരുമാനിച്ചു. എന്നാൽ പിന്നീട് ഈ പദ്ധതി കരാറിലെത്താതെ പോകുകയായിരുന്നു.
2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തിയപ്പോൾ ഈ കരാർ വീണ്ടും ചർച്ചയായി. പിന്നീട് ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ 59000 കോടിയുടെ റഫാൽ യുദ്ധവിമാന കരാർ ഒപ്പു വെയ്ക്കപ്പെടുകയും ചെയ്തു. 36 വിമാനങ്ങൾക്കായിരുന്നു ഈ കരാർ. കരാർ പ്രകാരമുള്ള 36 റഫാൽ വിമാനങ്ങളിൽ 5 എണ്ണം 2020 ജൂലൈ അവസാനത്തോടു കൂടി ഇന്ത്യയ്ക്ക് ലഭിച്ചു.
വ്യോമാക്രമണം നയിക്കല്‍, ശത്രു നിരീക്ഷണം, ആക്രമിക്കുന്ന നിരയ്ക്ക് സുരക്ഷ ഒരുക്കല്‍, ശത്രുവിന്‍റെ ആഴത്തിലുള്ള ലക്ഷ്യങ്ങളും കപ്പലുകളും ആക്രമിക്കൽ, ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടൽ എന്നിവ നിര്‍വഹിക്കാന്‍ റഫാലിനു സാധിക്കും. കാനാർഡ്-ഡെൽറ്റ വിങ്, വിവിധ ആയുധങ്ങൾ ഉൾക്കൊള്ളുന്ന മൾട്ടിറോൾ യുദ്ധവിമാനമാണ് ഇത്. ലഡാക്ക് പോലുള്ള ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫാലിനുണ്ട്.
ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന റഫാൽ വിമാനത്തിന്റെ നീളം 15.27 മീറ്ററും റഫാലിന്റെ വേഗത മണിക്കൂറിൽ 1912 കിലോമീറ്ററുമാണ്. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന ഈ വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. രണ്ട് സ്നെക്മ എം 88 എൻജിനുകളാണ് റഫാലിൽ ഘടിപ്പിച്ചിരിക്കുന്നത്.
റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് എയർഫോഴ്സ്, ഖത്തർ എയർഫോഴ്സ് എന്നിവരാണ്. ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഇന്ത്യൻ എയർഫോഴ്‌സും. എയർ ടു എയർ, എയർ ടു ലാൻഡ്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള, പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച ഒരു യുദ്ധവിമാനമായ റഫാൽ ഇന്ത്യൻ എയർഫോഴ്‌സിന് ഒരു മുതൽകൂട്ടാകുമെന്നതിൽ യാതൊരു സംശയവും വേണ്ട.